പൂക്കളിലൂടെ ഞാന്‍ ദൈവത്തെ അറിയുന്നു...

അഭിമുഖം 2 (തുടര്‍ച്ച) : റസാഖ് കോട്ടക്കല്‍

 ജോഷി ജോസഫിന്‍െറ നിങ്ങള്‍ കാമറ ചെയ്ത ‘One day from a hangman’s life’ എന്ന ഡോക്യുമെന്‍ററി ഫിലിം ബംഗാളില്‍ പ്രദര്‍ശനം നിര്‍ത്തിവെക്കപ്പെടാനുള്ള കാരണങ്ങളെന്തായിരുന്നു?
l വധശിക്ഷ നടപ്പാക്കാന്‍ പോകുന്ന ആരാച്ചാരുടെ ഒരു ദിവസമാണ് ആ ഡോക്യുമെന്‍ററി കാണിക്കുന്നത്. 42 ഡിഗ്രി ചൂടുള്ള മുറിയിലാണ് ചിത്രീകരണം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് നിശ്ചയിച്ച  ചിത്രീകരണസമയം. ഇതിനിടയിലെ ഒരു നിമിഷംപോലും കളയാന്‍ പാടില്ല. ആരാച്ചാരുടെ ചലനങ്ങള്‍, ശ്വാസം, നെഞ്ചിലെ വേദന ഇതെല്ലാം ലോകത്തിലേക്കുള്ള പിന്നത്തെ സാക്ഷ്യപത്രങ്ങളാണ്. അങ്ങനെ ശ്രദ്ധിച്ചാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്.  ബംഗാളിലെ നന്ദന്‍ തിയറ്ററില്‍ ഇത് മൂന്നു ദിവസം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നെ ഇത് നിര്‍ത്തിവെക്കുകയായിരുന്നു.
നിര്‍ത്തിവെക്കാന്‍ അതൊരു ദേശവിരുദ്ധ സ്വഭാവമുള്ള സിനിമയേ അല്ലല്ളോ?
l ബുദ്ധദേവ് ഭട്ടാചാര്യയായിരുന്നു അന്ന് സിനിമ നിരോധിച്ചത്. എന്താണ് കാരണമെന്ന് അയാള്‍ വ്യക്തമാക്കിയിരുന്നില്ല. ഈ ചോദ്യം ഒരുപാട് പത്രക്കാര്‍ നിരന്തരം അയാളോട് ചോദിച്ചുകൊണ്ടിരുന്നിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല. ഈ ഡോക്യുമെന്‍ററി ബുദ്ധദേവിന് കാണണമെന്നും പറഞ്ഞിരുന്നു. കണ്ടയുടനെ ഇനിയുള്ള പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
ഭരണകൂടം അതിന്‍െറ അധികാര സാങ്കേതികത ഉപയോഗിച്ച് 13 സ്റ്റേറ്റിലെ ജനതയെ സൂക്ഷ്മം നിരീക്ഷിക്കുകയും നോട്ടുചെയ്യുകയും ചെയ്യുന്നുവെന്നും ഒരാളും സ്വതന്ത്രനല്ല എന്നും നിങ്ങള്‍ പ്രതികരിക്കുകയുണ്ടായി. എന്തായിരുന്നു ഈ പ്രതികരണത്തിന്‍െറ സാഹചര്യം?
l എന്തിനാണ് നമ്മളിത്തരം വിഷയം ഷൂട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് എന്ന കാര്യം ഭരണകൂടത്തിന് അറിയില്ല. നമ്മള്‍ ഹ്യൂമന്‍ സിറ്റുവേഷന്‍ എന്ന തലത്തിലാണ് ഇത് ചെയ്യുന്നത്. വേറെ ഒരു താല്‍പര്യവുമില്ല. ഭരണകൂടത്തിന് എല്ലാവരെയും സംശയമാണ്. പ്രത്യേകിച്ചും, സ്വതന്ത്രമായി ജോലി ചെയ്യുന്നവരെ. അതിന് കേരള ഭരണകൂടം, ബംഗാള്‍ ഭരണകൂടം എന്ന വ്യത്യാസമൊന്നുമില്ല. ഒക്കെ കോര്‍പറേറ്റ് ജനതയുടെ ഭരണകൂടമാണ്.
കേരളത്തിലും ബംഗാളിലും സിനിമാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരാള്‍ എന്ന നിലക്ക് ഇവിടങ്ങളില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്ന് താരതമ്യംചെയ്തു നോക്കിയാല്‍?
l കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ആള്‍ക്കാരുടെ വോട്ടുനേടാന്‍വേണ്ടി കൊടുക്കേണ്ടി വരുന്നൊരു ചിഹ്നം മാത്രമാണ് കേരളത്തിലും ബംഗാളിലും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ വോട്ടുനേടി ഭരണകൂടം സ്ഥാപിച്ചാല്‍ ഒരുപാട് കോര്‍പറേറ്റ് ആനുകൂല്യങ്ങള്‍ ഇവര്‍ക്കു ലഭിക്കും. കോര്‍പറേറ്റ് ശക്തികളുടെ ഒരു ഇരയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇങ്ങനെയൊക്കെതന്നെയാണ് ലോകത്ത് എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ, മനുഷ്യനുവേണ്ടിയല്ല ഭരണകൂടം എന്ന് ഞാന്‍ ഉറപ്പിച്ചുപറയും.
കുറച്ചുമുമ്പുവരെ ഇടതുപക്ഷവുമായി ആത്മാര്‍ഥതയുള്ള ജനങ്ങള്‍ കേരളത്തിലായിരുന്നു. ജനങ്ങളോട് ആത്മാര്‍ഥതയുള്ള ഗ്രൂപ്പും ഇടതുപക്ഷമായിരുന്നു. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് അവരുടെ പാര്‍ട്ടിയെക്കുറിച്ച് അഭിമാനമുണ്ടായിരുന്നു. സവര്‍ണവര്‍ഗമാണ് ബംഗാളിലെ കമ്യൂണിസത്തിന്‍െറ  ശക്തി. പാവപ്പെട്ടവര്‍ ഏതൊക്കെയോ വഴിക്ക് പുറന്തള്ളപ്പെട്ടിരിക്കുന്നു. ബംഗാളില്‍ കുലീനവര്‍ഗങ്ങളുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെങ്കില്‍ കേരളം അങ്ങനെയായിരുന്നില്ല. കേരളജനതയുടെ ബുദ്ധിശക്തിയും വ്യവഹാരശേഷിയും തിരിച്ചറിവുകളും മികച്ചതായതുകൊണ്ടാവണം മാര്‍ക്സിസ്റ്റ്പാര്‍ട്ടി വളരെ ബുദ്ധിപ്രയോഗിച്ചാണ് കേരളത്തില്‍ വര്‍ക്ക് ചെയ്തത്. ഏത് പാര്‍ട്ടിയായാലും ഒരു ഭരണകൂടത്തില്‍ അവരുടെ പാര്‍ട്ടിയെ തളച്ചിടുന്ന കാലത്തോളം അതില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. ഭരണകൂടം എപ്പോഴും മനുഷ്യവിരുദ്ധമാണ്. എല്ലാ രാജ്യത്തും നടക്കുന്നതും ഇതുതന്നെയാണ്.
വോട്ടു ചെയ്യാറില്ളേ?
l ഇല്ല. ജീവിതത്തില്‍ വോട്ട് ചെയ്തിട്ടില്ല. എനിക്ക് താല്‍പര്യമുള്ള ഒരു സംഘടനയും ഇവിടെയുണ്ടായിട്ടില്ല അതുകൊണ്ടാണ്. ചിഹ്നങ്ങളിലും വ്യവസ്ഥിതിയിലൊന്നും എനിക്ക് വിശ്വാസമില്ല.
 ഒരു ജനാധിപത്യരാജ്യത്തിലെ പ്രബുദ്ധനായ പൗരനാണ് നിങ്ങള്‍. വ്യക്തി എന്ന നിലയില്‍ പൗരസ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നത് വസ്തുതതന്നെ. വോട്ട്, തെരഞ്ഞെടുക്കാനും ഒപ്പംതന്നെ ചിലതിനെ തള്ളികളയാനുമുള്ള ഒരു സാധ്യതവെക്കുന്നില്ളേ പൗരനു മുന്നില്‍?
l ഒരിടത്തെ വിഭവങ്ങളെ കൈകാര്യംചെയ്യാനുള്ള സംഘടനയെ സംരംഭത്തെ തെരഞ്ഞെടുക്കുക എന്നതാണ് വോട്ടര്‍മാരുടെ പണി. ഇതിനകത്ത് എത്ര ആദര്‍ശാത്മകത പുറമെ പുരട്ടിയാലും ഇവര്‍ക്കു ചെയ്യേണ്ടുന്ന ജോലി ഇത്രയേ ഉള്ളൂ- വിഭവങ്ങളെ കൈകാര്യം ചെയ്യുക, അതിനെ സൂക്ഷിക്കുക, അതിനെതിരെ നില്‍ക്കുന്നവരെ ഇല്ലാതാക്കുക.
ഒരു ഭരണകൂടത്തെ ഉണ്ടാക്കുന്ന കക്ഷിയെ തെരഞ്ഞെടുക്കുക എന്നതുതന്നെയാണ് വോട്ടിന്‍െറ അടിസ്ഥാനം. ഭരണത്തിലേക്ക് ഏത് പ്രത്യയശാസ്ത്രയടിസ്ഥാനത്തിലുള്ള രാഷ്ട്രീയക്കാര്‍ എത്തിക്കഴിഞ്ഞാലും ഭരണകൂടങ്ങള്‍ മനുഷ്യത്വവിരുദ്ധമാവുന്നതിന്‍െറ തെളിവുകള്‍ നമുക്ക് കാണാം. മനുഷ്യന്‍െറ സ്വാതന്ത്ര്യത്തെ ഭരണകൂടം കവര്‍ന്നെടുക്കുന്നു. ഏത് പാര്‍ട്ടിവന്നാലും ശരി, ഇരിക്കുന്നത് ഒരേ സ്ഥലത്താണ്. ചെയ്യേണ്ട നിയമങ്ങള്‍ ഒന്നാണ്. ഒരേ ഉദ്യോഗസ്ഥരാണ് ഉള്ളത്. സെക്രട്ടേറിയറ്റില്‍ നിങ്ങള്‍ ഏത് നല്ലവന്‍ ചെന്നാലും ഇതൊക്കെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥവൃന്ദം ഒരേ പാറ്റേണിലുള്ളതാണ്. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അതേസമയം കോര്‍പറേറ്റ് ഏജന്‍സികള്‍ക്ക് അവരുടെ ഏത് കാര്യവും ഇതിനിടയിലൂടെ നടത്തിക്കൊണ്ടുപോവാന്‍ പറ്റും.
അവര്‍ക്ക് ഭൂമി ഖനനം ചെയ്യാം. വെള്ളം വറ്റിക്കാം. എന്തും ചെയ്യാം. ആരു വന്നാലും അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, കോണ്‍ഗ്രസല്ല, ബി.ജെ.പി വന്നാലും. ബി.ജെ.പി ഒരിക്കല്‍ ഇന്ത്യ ഭരിച്ചുപോയതാണല്ളോ. അതുണ്ടാക്കിയ വേദനയും മുറിവും ഇപ്പളും മറന്നിട്ടില്ല. ആദര്‍ശഭരണകൂടം എന്നതായിരുന്നു ബി.ജെ.പിയുടെ തത്ത്വം. ഇന്ത്യന്‍ റൂട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാളും വേരോടുന്നത് ബി.ജെ.പിയാണ്. ഹിന്ദുത്വത്തിന്‍െറ പേരില്‍ അവര്‍ക്ക് പറ്റാത്തത് എങ്ങനെയാണ് നാല് സംസ്ഥാനങ്ങളില്‍ വേരോട്ടമുള്ള പാര്‍ട്ടിക്ക് പറ്റുന്നത്? ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. ഒരു ഹ്യൂമണ്‍ ആക്ടിവിസ്റ്റുമല്ല.
 സമൂഹത്തില്‍ റസാഖ് കോട്ടക്കലിന്‍െറ ‘ഐഡന്‍റിറ്റി’ എന്തായിരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്/പ്രതീക്ഷിക്കുന്നത്?
lമനഃസാക്ഷികൊണ്ട് പക്ഷം ചേരുന്ന ഒരാള്‍ എന്നു മാത്രമേ എനിക്ക് എന്നെക്കുറിച്ച്പറയാന്‍ പറ്റൂ. അത് എവിടെയാണെങ്കിലും. നമ്പൂതിരിസമുദായത്തിന്‍െറ ഇടയില്‍, വളരെ ദരിദ്രരായ ആളുകളൊക്കെയില്ളേ? അവര്‍ സവര്‍ണരാണ് എന്നതുകൊണ്ട് അവര്‍ണര്‍ക്കു കിട്ടുന്ന പലതും അവര്‍ക്ക് നിഷേധിക്കപ്പെടും. റേഷന്‍ കാര്‍ഡും പ്രത്യേക സാമ്പത്തിക പരിഗണനകളും ഒക്കെ. ഇതൊരു ചെറിയ ഉദാഹരണം മാത്രം. ആന്‍റി ഹ്യുമാനിറ്റി  എവിടെയുണ്ടോ ഞാനതിനെ എതിര്‍ക്കാറുണ്ട്. അത് അനുഭവിക്കുന്നവരോട് പക്ഷംചേരാന്‍ ജാതി, മതം, പാര്‍ട്ടി വ്യത്യാസങ്ങളൊന്നും എനിക്കില്ല. ഞാനൊരിക്കലും കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ട ഒരാളല്ല.
സാമ്പ്രാദായികസങ്കല്‍പങ്ങളെ തള്ളിപ്പറഞ്ഞ്, വ്യക്തിയുടെ മാക്സിമം സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുമ്പോള്‍, പൊതുസമൂഹത്തില്‍നിന്നുണ്ടാവുന്ന ഒറ്റപ്പെടുത്തലുകളെ  താങ്കള്‍ നേരിടുന്നുണ്ടോ?
l  മതങ്ങളും വിശ്വാസസംഹിതകളും പരിപാലിക്കുന്ന ദൈവവും ദൈവസ്ഥാപനങ്ങളും എനിക്ക് ചേര്‍ന്നതല്ല എന്ന് പണ്ടേ തോന്നിയിരുന്നു. ഇത്തരം രീതികളെ പൊലിപ്പിക്കേണ്ടതും വ്യവസ്ഥവത്കരിക്കേണ്ടതും എന്‍െറ ആവശ്യമല്ല. ഒരണുവില്‍പോലും ജീവിക്കുകയും അതിനെ വളര്‍ത്തുകയും ചെയ്യുന്ന, പ്രപഞ്ചത്തെ മുഴുവന്‍ പരിപാലിക്കുന്ന ദൈവമുണ്ട്. ആ ദൈവത്തിലാണ് എന്‍െറ മനസ്സ് അര്‍പ്പിച്ചത്. ആ ദൈവം എന്‍െറ അകത്താണ്, പുറത്തല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
 ഒരു കലാകാരന്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രപഞ്ച ദൈവബോധ്യങ്ങള്‍ എന്തൊക്കെയാണ്?
l ഞാന്‍ ദൈവത്തെ തിരിച്ചറിയുന്നത്  പൂക്കളുടെ ചിത്രങ്ങള്‍ എടുക്കുന്നതിലൂടെയാണ്. സാമ്പ്രദായികമായി കാണുന്ന പൂക്കളുടെ ചിത്രമല്ല ഞാനെടുക്കുന്നത്. പൂക്കളുടെ അകത്ത് കാമറയുടെ ലെന്‍സ് കയറ്റിവെച്ച് അതിനകത്തുള്ള പാറ്റേണ്‍സും ക്രാഫ്റ്റും അതിന്‍െറ ആലങ്കാരികതകളും പകര്‍ത്തുമ്പോള്‍ ഞാന്‍ അതിശയിച്ചിട്ടുണ്ട്. കുഞ്ഞു കുഞ്ഞ് പൂക്കളുടെ ആന്തരികതകള്‍ ഇത്ര മനോഹരമാണെങ്കിലും ആരുമത് നിര്‍മിച്ചതല്ല. സ്വയംഭൂവാണെന്ന് വിശ്വസിക്കാനും വയ്യ. അങ്ങനെയാണ് ഞാന്‍, അതുചെയ്യുന്ന ഒരാര്‍ട്ടിസ്റ്റുണ്ടല്ളോ എന്ന് തീരുമാനിക്കുന്നത്. അതിനെ കാണണമെന്നും അറിയണമെന്നും ആഗ്രഹം ഉണ്ടാവുകയും ചെയ്യുന്നിടത്തുനിന്നാണ് എന്‍െറ ദൈവചിന്ത വന്നത്. അതെന്‍െറ സ്വകാര്യതയാണ്. എന്‍െറ പ്രാര്‍ഥനയും ആന്തരികതയും ഐഡിയോളജിയുമെല്ലാം അതുമായി ബന്ധപ്പെട്ടുകിടക്കുകയും ചെയ്യുന്നു.
മുഖ്യധാരാ സമൂഹത്തിന്‍െറ സങ്കല്‍പങ്ങളെ തള്ളിക്കളഞ്ഞ്, തന്‍േറതായ ഒരു വഴിയുണ്ടാക്കണമെന്ന് തിരുമാനിക്കാനുള്ള, നിങ്ങളുടെ കാരണങ്ങള്‍ വിശദീകരിക്കാമോ?
lനമ്മുടെ ജീവിതത്തില്‍, പുലര്‍കാലത്ത് മുറ്റത്തിറങ്ങുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്ന ഒരു മടുപ്പുണ്ട്. എന്നും കാണുന്നത് ഒരേ കാഴ്ചകള്‍തന്നെ. ഒരേ പ്രമേയങ്ങള്‍... സംഭവങ്ങള്‍...സംഭാഷണങ്ങള്‍... പുതിയതായിട്ടൊന്നുമില്ല. ആര്‍ക്കും പുതിയതൊന്നും പറയാനുമില്ല, കേള്‍ക്കാനുമില്ല. ഈ  ഒരു സമയത്തെ എന്‍െറ മനസ്സിനെ സമൂഹത്തിന്‍െറകൂടെ വിട്ടാല്‍ പറ്റൂലാന്ന് ഞാന്‍ നേരത്തേ ശപഥംചെയ്തിരുന്നു. എനിക്കെന്‍േറതായ വഴിവേണം. എന്‍േറതായ രീതികള് വേണം. എനിക്ക് വേണ്ടതൊക്കെ പഠിക്കുകയും തിരിച്ചറിയുകയും വേണം. ഗുരുക്കളെ തേടി നടന്നിട്ടില്ല. ഞാന്‍ എന്നെത്തന്നെ ഗുരുവാക്കി, എന്‍െറ അലസഗമനങ്ങളെതന്നെ ഞാന്‍ എന്‍െറ വഴികാട്ടികളാക്കി മാറ്റി. നല്ല വായനാശീലം അതിനെനിക്ക് ശക്തി തന്നു.
 ഒരുപാട് യാത്രകള്‍ ചെയ്ത ഒരാള്‍ എന്ന നിലക്ക്, ഓരോ യാത്രയിലും നിങ്ങള്‍ തെരഞ്ഞെടുത്ത വഴികളുടെ പ്രത്യേകതകള്‍ എന്തായിരുന്നു?
lയാത്രകള്‍ രണ്ടുതരത്തിലുണ്ട്. ശരീരം അനങ്ങാതെ സ്വന്തം മനസ്സിലൂടെ ഒരുപാട് യാത്രകള്‍ ചെയ്യുന്നുണ്ട്. അല്ലാതെയും യാത്രകളുണ്ട്. എനിക്കുവേണ്ടി നിശ്ചയിക്കപ്പെട്ട വഴികള്‍ ഉണ്ട് എന്ന ധാരണ നേരത്തേതന്നെ എന്‍െറ ഉള്ളില്‍ ഉണ്ടായിരുന്നു. സഞ്ചാരത്തിന്‍െറ അനിശ്ചിതങ്ങളായ കാല്‍വെപ്പുകളുടെ പുതുമയാര്‍ന്ന ഉത്കണ്ഠാ സുഖങ്ങളായിരുന്നു എനിക്ക് വഴികള്‍. അജ്ഞാതമായ വഴിദൂരങ്ങള്‍, അതിന്‍െറ അനിശ്ചിതത്വം, അവധൂതകങ്ങള്‍ എല്ലാം ഓരോ വഴിയും എനിക്കായി നിറച്ചുവെച്ചതുപോലെ...
 ഇതില്‍നിന്നാണോ ‘വഴി’ എന്ന വിഷ്വല്‍ ആര്‍ക്കേവ്സിനെ കുറിച്ച് ആലോചിച്ചുതുടങ്ങുന്നത്?
l അതെ-മരണത്തിലേക്ക് നീളുന്ന സുതാര്യവഴിയാകുന്നു ജീവിതം എന്നൊക്കെ ആലോചിച്ചപ്പോള്‍ തോന്നിയ ആശയമാണ് ‘വഴി’ എന്ന വിഷ്വല്‍ ആര്‍ക്കേവ്സ്. വഴികളെക്കുറിച്ച് മാത്രമൊരു ആര്‍ക്കേവ്സ്. അത് സമാഹരിച്ചപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു, നന്ന്, വളരെ നന്നായി എന്ന്. കൊല്‍ക്കത്തയില്‍നിന്ന് മഹാശ്വേതാ ദേവി വിളിച്ചുപറഞ്ഞു: ‘നിന്‍െറ വഴികള്‍’ എനിക്ക്  കാണണം.
l വഴികളെക്കുറിച്ച് ഞാനാദ്യം ചിന്തിക്കുന്നത് ഇതിന്‍െറ ഒടുക്കം എവിടെയായിരിക്കും എന്നാണ്. നീണ്ട വഴികള്‍. മലയടിവാരത്തുനിന്ന് അപ്രത്യക്ഷമാവുന്ന ഈ വഴികളിലൂടെ നിരന്തരം മനസ്സ് യാത്ര ചെയ്യും. അപ്പോള്‍ അതിന്‍െറ അവസാനത്തെക്കുറിച്ചുള്ള ചിന്ത എന്നെ വിഹ്വലപ്പെടുത്തും. ഭൂമിയുടെ അറ്റത്തുനിന്ന് മറ്റേ അറ്റത്തിന്‍െറ തുമ്പത്ത് എത്തുമ്പോള്‍, ഞാന്‍ സഞ്ചരിക്കുന്ന വാഹനത്തിന് ബ്രേക് കിട്ടിയില്ളെങ്കില്‍ ഞാന്‍ പാതാളശൂന്യതയിലേക്ക് താഴ്ന്ന് പോവുമെന്ന് ഭയന്നിട്ടുണ്ട് കുട്ടിക്കാലത്ത്. ഭൂമി ഗോളമാണെന്ന അറിവ് വളര്‍ന്നപ്പോഴാണ് ഉണ്ടാവുന്നത്. ചെറുപ്പത്തില്‍ അതറിയില്ലല്ളോ. എന്നെ മാടിവിളിച്ച അറ്റമില്ല. കാഴ്ചയും വഴികളും വിദൂരതകളും ആര്‍ക്കേവ്സില്‍ ഉണ്ട്.
 ഫോട്ടോഗ്രഫി സമയത്തിന്‍െറകൂടി കലയായതുകൊണ്ട് ചോദിക്കുകയാണ്. ഇനി ഈ ജീവിതത്തില്‍ പകര്‍ത്താനാവില്ല എന്ന് ഖേദം തോന്നുന്ന ഏതെങ്കിലും നിമിഷം റസാഖ് കോട്ടക്കലിന്‍െറ കാമറക്ക് ഉണ്ടായിട്ടുണ്ടോ?
 l ഫ്രെയിമുകള്‍ അനന്തമാണ്. അതിനകത്ത് ഒരു ഫ്രെയിം നഷ്ടമായാല്‍ അത് നമ്മള്‍ വേറൊരു അവസരത്തില്‍ തിരിച്ചുപിടിക്കും.  നഷ്ടപ്പെട്ട ഫ്രെയിമുകള്‍- അത് പറയുകയാണെങ്കില്‍ പിന്നേം പിന്നേം ഓര്‍ക്കണം. അത് ബുദ്ധിമുട്ടാണ്. വയ്യ. എല്ലാ കാഴ്ചകളെയും ഫോട്ടോഗ്രാഫാക്കി മാറ്റാമെന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. സ്വസ്ഥമായി കിട്ടുന്ന കാഴ്ചകളെ, ലൈറ്റും പറ്റിയ പശ്ചാത്തലവും ഒക്കെകൂടി ഒത്തുവന്നാല്‍ പകര്‍ത്തും. പിന്നെ നമ്മുടെ മൂഡും ശരിയാക്കിയിരിക്കണം. കാമറയില്‍ പതിയുന്ന വെറുമൊരു ദൃശ്യം ബിംബമല്ല ഫോട്ടോഗ്രാഫ്. ഫോട്ടോഗ്രാഫറുടെ അസ്തിത്വത്തിന്‍െറയും ജ്ഞാനത്തിന്‍െറയും വിശ്വാസത്തിന്‍െറയും പരിമിതികളുടെയും എല്ലാ മൂലകങ്ങളും ഒരു ഫോട്ടോഗ്രാഫില്‍ ഒത്തുചേരുന്നു. ഒരു പെയിന്‍ററുടെ ഡ്യൂട്ടി മനസ്സുകൊണ്ടെങ്കിലും നിര്‍വഹിക്കുന്നുണ്ട് ഫോട്ടോഗ്രാഫര്‍.
 ‘ബ്രഷുപോലെ കാമറ ഉപയോഗിക്കുന്ന ആള്‍’ എന്ന് എം.ടി ഒരിക്കല്‍ പറയുകയുണ്ടായല്ളോ റസാഖ് കോട്ടക്കലിനെപ്പറ്റി. ‘കാമറയില്‍ ചെയ്ത പെയിന്‍റിങ്സ്’ എന്ന അടുത്ത എക്സിബിഷന്‍െറ ഒരുക്കങ്ങള്‍ എവിടംവരെയായി?
l ഈ ശ്രേണിയിലെ ഫോട്ടോസൊക്കെ മുന്നേ ചെയ്തുവെച്ചതാണ്. അവയൊക്കെ എക്സിബിഷന്‍ ഫോമിലാക്കി എന്നുമാത്രം. നമ്മുടെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ എവിടെയെങ്കിലും കൊണ്ടുപോയി പ്രദര്‍ശിപ്പിക്കുമെന്നല്ലാതെ, ഞാന്‍ എക്സിബിഷന്‍ പ്രഖ്യാപനങ്ങളൊന്നും നടത്താറില്ല. ഞാനെന്നെ എക്സിബിറ്റ് ചെയ്യുമെന്ന് ഒരിക്കലും തീരുമാനിച്ചതുമല്ല. ഇഷ്ടവുമല്ല. പിന്നെ ഇതൊക്കെ ആളുകള്‍ കാണാതെ പോവുമല്ളോ എന്ന അവസ്ഥവെച്ചാണ് എക്സിബിഷനു സമ്മതിക്കുന്നത്. നമ്മള് കാമറയെക്കാളും ഫോട്ടോഗ്രാഫിനെക്കാളും അതീതമായതും അപ്പുറത്തുള്ളതുമായ ഒരു ജീവിതമാണ് നയിക്കുന്നത്. എന്നില്‍നിന്ന് അവശേഷിപ്പിക്കാവുന്ന ചിഹ്നങ്ങള്‍ എന്ന നിലക്ക് നിങ്ങള്‍ക്കെന്‍െറ ഫോട്ടോഗ്രാഫ്സിനെ കാണാം.
 റേഷന്‍ഷോപ്പില്‍ അരിവാങ്ങാന്‍ ക്യൂ നില്‍ക്കുന്നതുപോലെയാണ് കോട്ടക്കലില്‍ മുമ്പ് നിങ്ങളുടെയടുത്ത് ഫോട്ടോ എടുക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നത് എന്ന് കോട്ടക്കലുകാര്‍ പറയാറുണ്ട്. ഫോട്ടോഗ്രഫിയൊന്നും അത്ര പ്രചാരത്തിലായിട്ടില്ലാത്ത രണ്ട് പതിറ്റാണ്ട് മുമ്പത്തെ ആ കാലത്തും ഇങ്ങനെയൊരു മാജിക് കാട്ടിയതിന്‍െറ ടെക്നിക് എന്താണ്?
lആ മട്ടില്‍ ഒരു പോപ്പുലാരിറ്റി ഇവിടെ കിട്ടിയിരുന്നു. ആള്‍ക്കാര് റേഷന്‍ വാങ്ങാന്‍വെച്ച കാശാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോയില്‍ കൊണ്ടുത്തരുന്നത്. അതുകൊണ്ട്, ഫോട്ടോ എടുക്കാന്‍ വരുന്നയാള്‍ക്ക് ഇഷ്ടമുള്ള ഫോട്ടോകള്‍ എടുത്തുകൊടുക്കണമെന്നായിരുന്നു എന്‍െറ രീതി. ആ മട്ടിലുള്ള ആഭിമുഖ്യവും കടപ്പാടും കാണിച്ചതുകൊണ്ടായിരിക്കണം അവിടത്തുകാര്‍ തിരിച്ചും ആത്മാര്‍ഥമായി ഞങ്ങളോട് പെരുമാറിയത്.  കുറച്ച് കാലങ്ങള്‍ക്കുശേഷം ഞാനന്‍െറ  വഴിയിലൂടെ ദൂരെദൂരേക്ക് പോയി. എങ്കിലും ഞാനിട്ടുകൊടുത്ത ശീലങ്ങളിലൂടെതന്നെയാണ് ‘ക്ളിന്‍റ്’ വളര്‍ന്നത്, ഇന്നും നിലനില്‍ക്കുന്നതും.
 25 വര്‍ഷം മുമ്പ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോയില്‍ എത്തുന്നവരുടെ താല്‍പര്യങ്ങള്‍ ഇന്നത്തേതില്‍നിന്നും വളരെ വ്യത്യസ്തമായിരുന്നോ?
l ഓരോ മനുഷ്യനും അവന്‍െറ മുഖം സുന്ദരമായി കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കണ്ണാടി നോക്കുമ്പോഴാണ് മനുഷ്യന്‍ അവന്‍െറ മുഖപരിമിതി അറിയുന്നത്. ഫോട്ടോഗ്രാഫിനെ ഫോട്ടോ എടുക്കുന്നവരുടെ സങ്കല്‍പത്തിലെത്തിക്കാന്‍ ഞാനന്നേ ശ്രദ്ധിച്ചിരുന്നു. മുഖപ്പാടുകളും കുഴികളും റിംഗിള്‍സും മാറ്റി മുഖച്ഛായമാറാതെ ഫോട്ടോ നല്‍കാന്‍ അക്കാലത്തുതന്നെ ഞങ്ങള്‍ക്കു കഴിഞ്ഞു. അന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു. ഒരാള്‍ക്ക് പത്ത് നെഗറ്റീവില്‍ കൂടുതല്‍ ചെയ്യാന്‍ പറ്റില്ലായിരുന്നു.  ഞാനൊരു പൈസേം ഇല്ലാതെ തുടങ്ങിയ സ്റ്റുഡിയോ ആണ് അത്. രണ്ടുകൊല്ലംകൊണ്ട് സ്റ്റുഡിയോയുടെ എല്ലാ ബാധ്യതകളും ഫോട്ടോ എടുത്തെടുത്ത് നാട്ടുകാര് തന്നെ തീര്‍ത്തുതന്നു.
ബ്ളാക് ആന്‍ഡ് വൈറ്റ് ഫോട്ടോകളുടെ ഉസ്താദ് എന്ന് വിശേഷിക്കപ്പെടുന്ന നിങ്ങള്‍ ഇന്നത്തെ ഫോട്ടോഗ്രഫിക് ട്രെന്‍ഡുകളില്‍ സംതൃപ്തനാണോ?
 l മുമ്പ് ഫോട്ടോഗ്രാഫിന് ഭയങ്കര വാല്യൂ ഉണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍തന്നെ വേണം. അന്നത്തെ മനുഷ്യരുടെ ജീവിതത്തിന്‍െറ/ജീവിച്ചതിന്‍െറ  പകര്‍പ്പാണ് അവരുടെ ചുവരിലെ ഫ്രെയിമിട്ട ഫോട്ടോകള്‍. സാധാരണക്കാരന്‍െറ വീടുകളില്‍ ചെറിയ ഫോട്ടോകളാണ് ഉണ്ടാവുക. അത് കലണ്ടറില്‍ ഒട്ടിച്ചുവെക്കും. ഒരു ഫോട്ടോ എടുക്കാന്‍ നല്ല ചെലവും വന്നിരുന്നു. ഇന്ന് കാലവും ടെക്നോളജിയും മാറി. ആര്‍ക്കും ഫോട്ടോ എടുക്കാമെന്നായി. ദൂരം പരിഹരിക്കാനും കാലത്തെ ഓര്‍മിക്കാനുമുള്ള അടയാളമായി പണ്ടത്തെ ഓരോ വീടിന്‍െറ നെഞ്ചിലും ഫോട്ടോകള്‍ തൂങ്ങിക്കിടന്നു. ഒരു പ്രതിഷ്ഠയുടെ സുഖമുണ്ടായിരുന്നു അതിന്. അത്ര വില കിട്ടില്ല ഇന്നത്തെ ഫോട്ടോഗ്രാഫിന്.
 ബ്ളാക് ആന്‍ഡ് വൈറ്റുകളുടെ കാലം കടന്നുപോയി. ഇന്നിപ്പോള്‍ കളറ് കോരിക്കുളിക്കുന്ന കാലമാണ്. ഡിജിറ്റല്‍ സാങ്കേതികതക്ക് ഫോട്ടോഗ്രാഫറുടെ ക്വാളിറ്റിയില്‍ ഇടപെടാന്‍ കഴിയുന്നുണ്ടോ?
l വിഷ്വല്‍ ഇഫക്ട് ഉണ്ടാക്കാനറിയാമെങ്കില്‍ സാങ്കേതിക വിദ്യ പുറത്തുനില്‍ക്കും. അതി സാങ്കേതികവിദ്യയുടെ ആവശ്യം എനിക്കിതുവരെ തോന്നിയിട്ടില്ല. പിന്നെ, എളുപ്പമാര്‍ഗങ്ങള്‍ ഉണ്ടാക്കിയെടുക്കാം. അടിസ്ഥാനപരമായി, കാമറാമാന് വേണ്ടത് സ്വന്തം വിഷ്വല്‍ അടയാളമാണ്. ഒരു കാമറയുടെ സാങ്കേതികവിദ്യ അതിന് തടസ്സമില്ല. പിന്നെ, അതിനെ എളുപ്പമാക്കാന്‍ വേണ്ടി അനവധി ഉപായങ്ങള്‍ കാമറയിലുണ്ട്. അത് കണ്ടുപിടിച്ച് തെരഞ്ഞെടുക്കുന്നതിനെക്കാള്‍ നല്ലത് സെല്‍ഫ് സെന്‍സ് ഉണ്ടാക്കലാണ്. ഞാനൊരിക്കലും ടെക്നോളജിയുടെ അതി ആലങ്കാരികത ഉപയോഗിക്കാറില്ല. എനിക്കൊരു ലെന്‍സും അതിനൊരു ദ്വാരവും അതിനു പിന്നിലൊരു ബോക്സും കിട്ടിയാല്‍ മതി. വിഷ്വലുകള്‍ ഉണ്ടാക്കുന്നത് കാമറയല്ല, അതിന് പിന്നിലിരിക്കുന്ന എന്‍െറ മനസ്സാണ്.
(അവസാനിച്ചു)

ഉണ്ണികൃഷ്ണന്‍ ആവള
മാധ്യമം 

Blogger templates

.

ജാലകം

.