ലിബിയ ഖദ്ദാഫിക്ക് ശേഷം

കേണല്‍ മുഅമ്മര്‍ അല്‍ ഖദ്ദാഫിയുടെ നാല്‍പത്തിരണ്ട് വര്‍ഷം നീണ്ട സ്വേച്ഛാ ഭരണത്തിനെതിരെ ആറുമാസം മുമ്പ് ലിബിയന്‍ ജനത ആരംഭിച്ച ചെറുത്തുനില്‍പ് വിജയകരമായ അന്ത്യത്തോടടുക്കുന്നു എന്ന ധാരണ പുറംലോകത്ത് ശക്തമായിരിക്കെയാണ് ഇതെഴുതുന്നത്. നാറ്റോ സേനയുടെ നിരന്തര വ്യോമാക്രമണത്തിന്റെ തണലില്‍ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസി നേരത്തെ പിടിച്ചെടുത്ത വിമതര്‍ തലസ്ഥാന നഗരിയായ ട്രിപളിയുടെ സിംഹഭാഗവും കൈയടക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അവര്‍ പിടികൂടി എന്നവകാശപ്പെട്ടിരുന്ന ഖദ്ദാഫിയുടെ പുത്രന്‍ സൈഫുല്‍ ഇസ്‌ലാം ചൊവ്വാഴ്ച വീണ്ടും തെരുവില്‍ പ്രത്യക്ഷപ്പെട്ടതോടെ അവകാശവാദങ്ങളെക്കുറിച്ച് കടുത്ത ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ഖദ്ദാഫിയുടെ താവളമായ ബാബുല്‍ അസീസിയ്യയില്‍ ഘോരയുദ്ധം നടക്കുന്നതായി പറയുമ്പോഴും അദ്ദേഹത്തെപ്പറ്റി പരസ്‌പരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഖദ്ദാഫി സുരക്ഷിതനായി ട്രിപളിയില്‍ തന്നെയുണ്ടെന്ന് മകന്‍ സൈഫുല്‍ ഇസ്‌ലാം വെളിപ്പെടുത്തുമ്പോള്‍ അദ്ദേഹം അല്‍ജീരിയയിലേക്ക് പലായനം ചെയ്യുന്നതായ അഭ്യൂഹങ്ങളും പുറത്തുവരുന്നു. എന്തുതന്നെയായാലും ജനകീയ വിപ്ലവത്തെ സര്‍വശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തും എന്ന് വീമ്പിളക്കി ടാങ്കുകളും മിസൈലുകളും വരെ സ്വന്തം ജനതക്കെതിരെ പ്രയോഗിച്ച ഈ ഭ്രാന്തന്‍ സ്വേച്ഛാധിപതിക്ക് ഒടുവില്‍ അയല്‍നാടുകളിലെ സൈനുദ്ദീന്‍ ബിന്‍ അലിയുടെയും ഹുസ്‌നി മുബാറക്കിന്റെയും ഗതിതന്നെ വരുമെന്ന് ഏതാണ്ടുറപ്പായിരിക്കുന്നു. ഒരുവേള, സോവിയറ്റ് യൂനിയന്റെ പതനത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തില്‍ അടിതെറ്റി വീണ റുമേനിയന്‍ സ്വേച്ഛാധിപതി നികോളായ് ചെഷസ്‌ക്യൂവിന്റെയും പുത്രന്റെയും ദുര്‍ഗതിയാണോ ഖദ്ദാഫിയെയും മക്കളേയും കാത്തിരിക്കുന്നത് എന്നും പറയുക വയ്യ. അവരെ തെരുവിലിട്ട് പട്ടികളെപ്പോലെ തല്ലിക്കൊല്ലുകയായിരുന്നല്ലോ റുമാനിയന്‍ ജനത.
ഖദ്ദാഫിക്ക് എന്തു സംഭവിക്കുമെന്നതിനേക്കാള്‍ ഉത്കണ്ഠയുളവാക്കുന്ന ചോദ്യമാണ് ലിബിയക്ക് എന്ത് സംഭവിക്കുമെന്നത്. ഇദ്‌രീസ് സനൂസി രാജാവിനെ അധികാരഭ്രഷ്ടനാക്കി 1969ല്‍ ലിബിയയുടെ ഭരണം പിടിച്ചെടുത്ത കേണല്‍ ഖദ്ദാഫി തുടക്കത്തില്‍ ജനാധിപത്യത്തെയും ഇസ്‌ലാമിക ഭരണക്രമത്തേയും അറബ് ഐക്യത്തെയും കുറിച്ചൊക്കെ വാചാലനായിരുന്നുവെങ്കിലും അത്തരം വാഗ്ദാനങ്ങളൊക്കെ വെറും വീണ്‍വാക്കുകളായി മാറാന്‍ താമസമുണ്ടായില്ല. തന്റെ ഭ്രാന്തമായ സ്വേച്ഛാധികാരത്തിനെതിരെ ഉയര്‍ന്ന എതിര്‍ശബ്ദങ്ങളെയൊക്കെ അയാള്‍ അടിച്ചമര്‍ത്തി. ആദ്യം ജമാല്‍ അബ്ദുന്നാസിറിന്റെ ഈജിപ്തുമായി ലയനം പ്രഖ്യാപിച്ചുവെങ്കിലും ഈ തലതിരിഞ്ഞ മനുഷ്യനെയുമായി അധികനാള്‍ മുമ്പോട്ടുപോവാന്‍ നാസിറിന് കഴിയുമായിരുന്നില്ല. പിന്നെ ഇസ്രായേലിനെതിരെ പടയൊരുക്കം പ്രഖ്യാപിച്ചുവെങ്കിലും അധരവ്യായാമത്തില്‍ കവിഞ്ഞ ഒന്നുമായിരുന്നില്ല അതെന്ന് കാലം തെളിയിച്ചു. അറബ് ഐക്യത്തിന്റെ ശക്തനായ വക്താവായി രംഗപ്രവേശം ചെയ്തുവെങ്കിലും അറബ് രാഷ്ട്രങ്ങളുടെ പൊതുവേദിയായ അറബ് ലീഗില്‍പോലും റെബലായിരുന്നു ഖദ്ദാഫി. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളിലൊന്നായ പ്രവാചകചര്യയെ തള്ളിപ്പറഞ്ഞ ഖദ്ദാഫി ഹിജ്‌റക്കുപകരം പ്രവാചകന്റെ ദേഹവിയോഗം മുതല്‍ കാലഗണന നിശ്ചയിച്ചു മുസ്‌ലിം കലണ്ടര്‍പോലും അട്ടിമറിച്ചു. ഒരുഘട്ടത്തില്‍ സ്വന്തം ഭരണകൂടത്തിന്റെ വ്യവസ്ഥാപിത സ്ഥാപനങ്ങളെയൊക്കെ ജനകീയമാക്കി പ്രഖ്യാപിച്ച് അരാജകത്വത്തിന്റെ വാതില്‍ തുറന്നു. വിദേശ നാടുകളിലെ ലിബിയന്‍ നയതന്ത്ര കാര്യാലയങ്ങള്‍ അവിടെ പഠിക്കുന്ന ലിബിയന്‍ വിദ്യാര്‍ഥികള്‍ക്ക് ഏല്‍പിച്ചുകൊടുത്തു. ലിബിയ ഏക റിപ്പബ്ലിക്കല്ല ഒട്ടേറെ റിപ്പബ്ലിക്കുകളുടെ സമുച്ചയമാണെന്ന സങ്കല്‍പത്തില്‍ രാജ്യത്തിന് 'ലിബിയന്‍ ജമാഹീരിയ്യ' എന്ന് പുനര്‍നാമകരണം നല്‍കി. ദൈവം കനിഞ്ഞരുളിയ എണ്ണ സമ്പത്താണ് ഈ ഭരണാഭാസത്തിനൊക്കെ ഖദ്ദാഫിക്ക് ആത്മവിശ്വാസം നല്‍കിയത്. നാല് പതിറ്റാണ്ട് നീണ്ട സ്വേച്ഛാവാഴ്ചക്കിടയില്‍ രാജ്യത്ത് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളോ ജനകീയ പ്രസ്ഥാനങ്ങളോ സാംസ്‌കാരിക കൂട്ടായ്മകള്‍പോലുമോ വളരാന്‍ അനുവദിച്ചില്ല എന്നതാണ് ഖദ്ദാഫി കാട്ടിയ മഹാ അ്രകമം. അതിനാലാണ് അയാള്‍ക്ക് ശേഷം ലിബിയയുടെ നിയന്ത്രണം ആര് ഏറ്റെടുക്കുമെന്നത് വലിയൊരു ചോദ്യചിഹ്‌നമായി ഉയരുന്നത്. ഈജിപ്തിലും തുണീഷ്യയിലും ഉള്ളപോലെ വ്യവസ്ഥാപിതവും സുശിക്ഷിതവുമായ ഒരു സൈന്യം പോലുമില്ല ലിബിയയില്‍.
നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ എന്ന് പേരിട്ട ഒരു താത്കാലിക സമിതിയാണ് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. മുസ്തഫാ അബ്ദുല്‍ ജലീല്‍ ആണ് അതിന് നേതൃത്വം നല്‍കുന്നതെങ്കിലും അദ്ദേഹത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലല്ല കൗണ്‍സില്‍. ഭിന്ന അഭിരുചിക്കാരും താല്‍പര്യക്കാരുമടങ്ങിയ ഈ കൂട്ടായ്മ, രാജ്യത്തിനൊരു സുസ്ഥിര ജനാധിപത്യ ഭരണഘടനക്ക് രൂപം നല്‍കുന്നതിലും, തദടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍ വരാനും തെരഞ്ഞെടുപ്പുകള്‍ നടത്താനും വഴിയൊരുക്കുന്നതിലും വിജയിക്കുമോ എന്നാണ് ലോകം താല്‍പര്യപൂര്‍വം ശ്രദ്ധിക്കുന്നത്. ജനകീയ വിപ്ലവത്തെ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക  പങ്കുവഹിച്ച നാറ്റോയുടെ നിലപാടും സുപ്രധാനമാണ്. എണ്ണരാജ്യമായ ലിബിയയെ ചൊല്‍പടിയില്‍ നിര്‍ത്താന്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കിണഞ്ഞുശ്രമിക്കും എന്ന് തീര്‍ച്ച. ഖദ്ദാഫി ഭരണം അവസാനിപ്പിക്കാന്‍ ഈ വന്‍ശക്തികള്‍ കാട്ടിയ അമിതാവേശം തന്നെ ജനാധിപത്യ പ്രേമത്തേക്കാളേറെ സാമ്പത്തിക താല്‍പര്യം മൂലമാണെന്ന് വ്യക്തമാണ്. ഈജിപ്തിലെ ജനകീയ വിപ്ലവത്തോട് മുഖം കറുപ്പിക്കുകയും അത് വിജയിച്ചതില്‍ പരസ്യമായി അസന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്ത ഇസ്രായേല്‍ ലിബിയന്‍ പ്രക്ഷോഭത്തെ സ്വാഗതം ചെയ്തതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വ -സയണിസ്റ്റ് അച്ചുതണ്ട് ലിബിയയിലെ ഭാവി ഭരണസംവിധാനത്തിന്റെ രൂപവത്കരണത്തിലും നടത്തിപ്പിലും പരോക്ഷമായെങ്കിലും ഇടപെടാതിരിക്കുന്ന പ്രശ്‌നമില്ല. ഈ സാഹചര്യത്തില്‍ സമാധാന പൂര്‍ണമായൊരു ജനാധിപത്യ ലിബിയക്കുവേണ്ടി ആ രാഷ്ട്രം അംഗമായ ആഫ്രിക്കന്‍ യൂനിയന്‍, അറബ് ലീഗ്, ഒ.ഐ.സി എന്നീ പൊതുവേദികളാണ് സമയം കളയാതെ സജീവമായി രംഗത്തിറങ്ങേണ്ടത്.

Blogger templates

.

ജാലകം

.