കഥയിലൊതുങ്ങാത്ത ജീവിതങ്ങള്‍,ഗള്‍ഫ് സ്മരണ 2


മനുഷ്യന്‍ എന്ന ജീവിയെ അദ്ഭുതത്തോടെ നോക്കിനിന്ന ദിവസങ്ങള്‍കൂടിയായിരുന്നു തെരഞ്ഞെടുപ്പിന്‍േറത്. സുഹൃത്തുക്കള്‍ പലരും എതിര്‍ചേരി എന്നുപറഞ്ഞ് പിരിഞ്ഞുപോയപ്പോള്‍ തീരെ അപരിചിതരായ പലരും സഹായവുമായി മുന്നോട്ടുവരുന്നത് ഞാന്‍ കണ്ടു. സാഹിത്യത്തിനോടുള്ള സ്നേഹവും ഞാന്‍ ഉയര്‍ത്തുന്ന വാദങ്ങളില്‍ ശരിയുണ്ട് എന്ന തിരിച്ചറിവുമായിരുന്നു ആ കടന്നുവരവുകളുടെ കാരണം. എതിര്‍പക്ഷത്തെ അതിശക്തനായ ഒരു വ്യക്തി. ജീവന്‍പോയാലും എനിക്ക് വോട്ടുചെയ്യില്ല എന്ന് ഞാന്‍ വിചാരിച്ചിരുന്ന ഒരാള്‍, ഒരുദിവസം എന്നെ വിളിച്ചു. നിങ്ങള്‍ എന്നോട് വോട്ടു ചോദിക്കില്ല എന്നെനിക്കറിയാം. എന്നാലും  നിങ്ങള്‍ക്ക് ഞാന്‍ വോട്ടു ചെയ്യും. അത് നിങ്ങളോടുള്ള സ്നേഹത്തെക്കാള്‍ സാഹിത്യത്തോടും സാഹിത്യകാരനോടുമുള്ള സ്നേഹമാണ് എന്നു പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. അങ്ങനെ എത്രയോ അനുഭവങ്ങള്‍.
സമാജത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു ആ വര്‍ഷം നടന്നത്. സ്ഥാനാര്‍ഥികള്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് ചൂട് തലക്കുപിടിച്ച് ഓടിനടന്നപ്പോള്‍ ഞാന്‍ എന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ശാന്തനായി നിലകൊണ്ടു. ഞാന്‍ മത്സരിക്കുന്നു എന്ന് ഏതാണ്ട് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ഏതാണ്ട് എല്ലാപേരോടും ഒരുവട്ടം വോട്ട് ചോദിച്ചും കഴിഞ്ഞു. എനിക്ക് പറയാനുള്ളത് പറഞ്ഞുംകഴിഞ്ഞു.  ഇനി എല്ലാം അവരുടെ കാര്യം. എന്നെ അവര്‍ക്ക് വേണമെങ്കില്‍ അവര്‍ വോട്ടുചെയ്യും. പിന്നാലെ നടന്ന് യാചിച്ചും കാലുപിടിച്ചും എനിക്ക് എവിടെയും എത്താനില്ല. തോറ്റാലും ജയിച്ചാലും എനിക്കൊന്നുതന്നെ. ഇതാണ് ഞാന്‍ എന്‍െറ മനസ്സിനെ പറഞ്ഞുപഠിപ്പിച്ച കാര്യം.
എതിര്‍പക്ഷമാകട്ടെ തെരഞ്ഞെടുപ്പില്‍ എനിക്ക് നേരിയ മുന്‍തൂക്കം ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ടുപിടിച്ച പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. എന്‍െറ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു എന്‍െറ എതിര്‍സ്ഥാനാര്‍ഥി. എനിക്കെതിരെ മത്സരിക്കാന്‍ അദ്ദേഹത്തിന് സത്യത്തില്‍  താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ, ഗ്രൂപ്പിന്‍െറ തീരുമാനം അംഗീകരിക്കുകയായിരുന്നു.  ഇടതുപക്ഷ സഹയാത്രികന്‍. നാട്ടിലെ പഞ്ചായത്ത് മെംബറായി പ്രവൃത്തിപരിചയം ഉള്ള ആള്‍. യുവജനപ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തിച്ചുവന്നതിന്‍െറ അനുഭവവും തെരഞ്ഞെടുപ്പ് പരിചയവും. ഇടതുപക്ഷ സഹയാത്രികന്‍ ആയതുകൊണ്ട് എണ്ണയിട്ട ചക്കുപോലെ പ്രവര്‍ത്തിക്കാന്‍ നിരവധി പ്രവര്‍ത്തകരുടെ പിന്തുണ...എന്നിങ്ങനെ നിരവധി അനുകൂലഘടകങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഈവക മുന്‍തൂക്കങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിലെ നിരവധി തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുള്ള ഒരാളായിരുന്നു എന്‍െറ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്നതായിരുന്നു എന്‍െറ ആശ്വാസം. എന്‍െറ രസകരമായ വസ്തുത എന്നെക്കാളേറെ അടുത്ത സുഹൃത്തുക്കളാണ് അദ്ദേഹവും എന്‍െറ എതിര്‍സ്ഥാനാര്‍ഥിയും എന്നതായിരുന്നു.  എനിക്കൊപ്പം നില്‍ക്കുകയും ഞാന്‍ കണ്‍വീനര്‍ ആക്കുകയും ചെയ്തിരുന്നില്ല എങ്കില്‍ അദ്ദേഹം എതിര്‍സ്ഥാനാര്‍ഥിയുടെ കണ്‍വീനര്‍ ആകേണ്ട ആളാണ്. പക്ഷേ, ഞാനെടുത്ത നിലപാടിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം എനിക്കൊപ്പം നില്‍ക്കുകയായിരുന്നു.

വളരെ അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള മത്സരം ആയതുകൊണ്ട് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ആശയങ്ങളിലും പ്രവര്‍ത്തനമികവിലും ഊന്നിയായിരുന്നു ഞങ്ങള്‍ ഇരുവരുടെയും പ്രചാരണം. അദ്ദേഹം തന്‍െറ സംഘടനാപാടവം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഞാന്‍ എന്‍െറ സാഹിത്യപരിചയവും സമാജത്തിലെ കാലങ്ങളായുള്ള പ്രവര്‍ത്തനപരിചയവുമായിരുന്നു എടുത്തുകാണിച്ചത്. സാഹിത്യകാരനെ സാഹിത്യം എഴുതാന്‍വിടണമെന്നും സാഹിത്യവിഭാഗം നോക്കാന്‍പോയി അയാളുടെ സാഹിത്യസപര്യക്ക് കോട്ടംസംഭവിക്കാന്‍ അനുവദിക്കരുതെന്നും ഉള്ള തന്ത്രപരമായ ഒരു നിലപാടാണ് എതിര്‍പക്ഷം എനിക്കെതിരെ സ്വീകരിച്ചത്. ഒരുകൂട്ടം അംഗങ്ങള്‍ ആ നിലപാടില്‍ വീണുപോവുകയും ചെയ്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ ഒക്കെ നടുവില്‍നിന്നുകൊണ്ടാണ് ഞാന്‍ ഇത്രയും കാലം എഴുതിയതെന്നും അതെന്‍െറ എഴുത്തിനെ ഒരുതരത്തിലും ബാധിക്കില്ളെന്നും അവരെ പറഞ്ഞുബോധ്യപ്പെടുത്താന്‍ എനിക്ക് നന്നേ  പാടുപെടേണ്ടിവന്നു.
ഇവിടത്തെ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് വിവിധ മുഖങ്ങളാണുള്ളത്. സ്ഥാനാര്‍ഥി നേരിട്ട് ഓരോ അംഗങ്ങളെയും വിളിക്കുക എന്നതാണ് ആദ്യ നടപടി. ആദ്യം വിളിക്കുന്നതാരോ അവര്‍ക്ക് വോട്ട് കൊടുത്തേക്കാം എന്ന് നിശ്ചയിച്ചിരിക്കുന്ന ഒരു കൂട്ടരുണ്ട്. എന്നെ നേരിട്ട്  വിളിച്ചില്ല എന്ന പേരില്‍ വോട്ട് കൊടുക്കാതിരിക്കുന്നവരുണ്ട്. അതുകൊണ്ട്, ഓരോ സ്ഥാനാര്‍ഥിയും പരമാവധി എല്ലാവരെയും നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കും. പിന്നെ, ഓരോ സ്ഥാനാര്‍ഥിയുടെ കൂടെയും ഒരു സബ് കമ്മിറ്റിയുണ്ട്. അവര്‍ സ്ഥാനാര്‍ഥിയുടെ ഗുണഗണങ്ങള്‍ പറഞ്ഞും എതിര്‍സ്ഥാനാര്‍ഥിയുടെ പോരായ്മകള്‍ പറഞ്ഞും അംഗങ്ങളെ വിളിക്കും. ഇനി ഒരു കൂട്ടര്‍ മൊത്തം ഗ്രൂപ്പിനുവേണ്ടി വിളിക്കും. പിന്നെ, സ്ത്രീകളുടെ ഒരു സംഘത്തിന്‍െറ വിളി. പിന്നെ, എതിര്‍പക്ഷത്തിന്‍െറ മോശംകാര്യങ്ങള്‍ പറയാനും അവരെ അപകീര്‍ത്തിപ്പെടുത്താനുമായി ഒരു ഗ്രൂപ്പ്. വീടുവീടാന്തരം (ഇവിടെ ഫ്ളാറ്റു ഫ്ളാറ്റാന്തരം എന്ന് വിവര്‍ത്തനം ചെയ്യേണ്ടിവരും) കയറിയിറങ്ങാന്‍ ഒരു സംഘം. പിന്നെ, വീട്ടുയോഗങ്ങള്‍, കോര്‍ണര്‍ യോഗങ്ങള്‍, പൊതുസമ്മേളനങ്ങള്‍, ചെറുപാര്‍ട്ടികള്‍. അത് ജാതിയായി തിരിഞ്ഞും മതമായി തിരിഞ്ഞും വര്‍ഗമായി തിരിഞ്ഞും രാഷ്ട്രീയമായി തിരിഞ്ഞും ഒക്കെയുണ്ട്.  വെറും ആയിരത്തി നാനൂറ് അംഗങ്ങള്‍ക്കിടയിലാണ് ഈ പൊരിച്ചിലെല്ലാം എന്നോര്‍ക്കണം. പന്ത്രണ്ടും പന്ത്രണ്ടും ഇരുപത്തിനാല് സ്ഥാനാര്‍ഥികള്‍, അവരുടെ സില്‍ബന്തികള്‍, കൂട്ടങ്ങള്‍, സംഘങ്ങള്‍. സമാജാംഗങ്ങള്‍ വിളികേട്ട് കേട്ട് പൊറുതിമുട്ടുന്ന ഒരു കാലമാണത്.
സമാജം തെരഞ്ഞെടുപ്പിന്‍െറ ഏറ്റവും ഗ്ളാമര്‍ ഐറ്റം ആണ് ‘മീറ്റ് ദ കാന്‍ഡിഡേറ്റ്’.  ഓരോ സ്ഥാനാര്‍ഥിക്കും വേദിയില്‍ ചെന്ന് മൂന്നുമിനിറ്റുനേരം തന്നെ വിജയിപ്പിക്കേണ്ടതിനുള്ള കാരണങ്ങള്‍ അവതരിപ്പിക്കാം. അതിനുവേണ്ടി സ്ഥാനാര്‍ഥികളെ പരിശീലിപ്പിക്കുകയും തയാറാക്കുകയും ചെയ്യാന്‍ ഒരു സംഘംതന്നെയുണ്ട് ഓരോ ഗ്രൂപ്പിലും.  എന്‍െറ എതിര്‍സ്ഥാനാര്‍ഥി ഒരു രാഷ്ട്രീയക്കാരനായതുകൊണ്ടുതന്നെ അദ്ദേഹം വേദിയില്‍ കസറും എന്ന് എനിക്കറിയാമായിരുന്നു. എനിക്കാണെങ്കില്‍ തയാറാക്കിയും മനഃപാഠം പഠിച്ചും പ്രസംഗിക്കാന്‍ തീരെ വശംപോരാ. അപ്പപ്പോള്‍ മനസ്സില്‍ വരുന്നത് പറയുക എന്നതാണ് എന്‍െറ ശൈലി. എന്നാലും തയാറാക്കാനും പരിശീലിക്കാനും എന്‍െറ ക്യാമ്പില്‍നിന്ന് നിര്‍ബന്ധമുണ്ടായി. എന്നിട്ടും   റിഹേഴ്സല്‍ ക്യാമ്പില്‍ ഞാനാകെ പതറുകയും ചെയ്തു. അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനര്‍ഥികളെ വിളിക്കുന്നത് എന്നതുകൊണ്ട് അന്നേദിവസം എനിക്കായിരുന്നു ആദ്യ ഊഴം. എന്നാല്‍, വല്യ കുഴപ്പമില്ലാതെ ഞാനെന്‍െറ മൂന്നുമിനിറ്റുനേരം അന്ന് വിനിയോഗിച്ചു. എതിര്‍സ്ഥാനാര്‍ഥിയും വിട്ടുതന്നില്ല. എന്നാലും അദ്ദേഹത്തിന്‍െറ മറ്റുപല പ്രസംഗങ്ങള്‍ക്കും ഒപ്പമെത്തിയില്ല അന്നത്തെ പ്രസംഗം എന്നാണ് പരാമര്‍ശമുണ്ടായത്.
തെരഞ്ഞെടുപ്പിന്‍െറ ചൂട് വോട്ടിങ്ങിലും പ്രകടമായിരുന്നു. ഓരോ ഗ്രൂപ്പുകളും വിജയപ്രതീക്ഷയിലും അതുകൊണ്ടുതന്നെ ആവേശത്തിലുമായിരുന്നു. വാഗ്വാദങ്ങളും വെല്ലുവിളികളും രോഷപ്രകടനങ്ങളും വാതുവെപ്പും ഒക്കെയായി സമാജാങ്കണം കൊഴുത്തു. തലേദിവസം ഞങ്ങളില്‍ ചിലരെ ആക്ഷേപിച്ചുകൊണ്ടിറങ്ങിയ ഒരു ഊമക്കത്ത് അന്തരീക്ഷം ചൂടുപിടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പു ദിവസം ഒരു ‘ടാബ്ളോയിഡ്’ പത്രം പുറത്തിറക്കി ഞങ്ങളതിനു തിരിച്ചടിച്ചു.
സമാജത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും അധികം ശതമാനം വോട്ട് അന്ന് രേഖപ്പെടുത്തി. പരീക്ഷാഹാളില്‍ ഇരുന്ന് ചോദ്യക്കടലാസ് കിട്ടിക്കഴിയുമ്പോള്‍ കുറെക്കൂടി നന്നായി പഠിക്കാമായിരുന്നു എന്നു തോന്നുന്നതുപോലെ കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാമായിരുന്നു എന്ന് എനിക്ക് തോന്നാതെയിരുന്നില്ല. അതിനുമുമ്പു നടന്നിട്ടുള്ള പല തെരഞ്ഞെടുപ്പുകളിലും ഞാന്‍ വോട്ടെണ്ണാന്‍ കയറും. അതുകൊണ്ടുതന്നെ, ഫലം അപ്പപ്പോള്‍ അറിയുന്നവരുടെ കൂട്ടത്തില്‍ ആദ്യം ഞാനുമുണ്ടാവും. അത്തവണ പക്ഷേ, സ്ഥാനാര്‍ഥി ആയതുകൊണ്ടുതന്നെ എനിക്ക് അവിടേക്ക് പ്രവേശനം ഇല്ലായിരുന്നു. അതുകൊണ്ട്, പുറത്തുനില്‍ക്കുന്നവരുടെ ആധിയും വെപ്രാളവും പിരിമുറുക്കവും ഒക്കെ അത്തവണ ഞാന്‍ കണ്ടു. ഞാന്‍ അത്ര നിസ്സംഗകന്‍ ആയിരുന്നു എന്ന് പറയുന്നില്ല. എന്തായിരിക്കും ഫലം എന്നറിയാനുള്ള ആകാംക്ഷ. ജനങ്ങള്‍ എങ്ങനെയാവും എന്നെ വിലയിരുത്തിയിരിക്കുക എന്ന ഒരു കൗതുകം. എത്രപേര്‍ പറഞ്ഞവാക്ക് പാലിച്ചിരിക്കും എന്നൊരു സംശയം. ആദ്യലീഡ് പുറത്തുവന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ എനിക്കും മറ്റൊരാള്‍ക്കും മാത്രം നേരിയ ഭൂരിപക്ഷം. പക്ഷേ, ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് സൂചിപ്പിച്ചുകൊണ്ട് എല്ലാ സീറ്റുകളിലും നേരിയ വ്യത്യാസം മാത്രം. ആരും ജയിക്കാവുന്ന അവസ്ഥ. ഞാന്‍ വീട്ടിലേക്കുപോന്നു. തോല്‍വി പേടിച്ചിട്ടൊന്നുമായിരുന്നില്ല. അത്രക്കായിരുന്നു ക്ഷീണം. കുളിച്ച് ഫ്രഷായി ഒന്ന് കിടന്നു. പക്ഷേ, മനസ്സ് ഉദ്വേഗത്തില്‍ നില്‍ക്കുമ്പോള്‍ ശരീരത്തിന്‍െറ ക്ഷീണം ഒരു പ്രശ്നമല്ല. വീട്ടിലിരിക്കാന്‍ തോന്നുന്നില്ല. കൂട്ടുകാര്‍ക്കൊപ്പംനിന്ന് ആശയും ആശങ്കയും പങ്കുവെച്ച് നിരീക്ഷണങ്ങളും വിലയിരുത്തലുകളും നടത്തി നില്‍ക്കുന്നതാണ് കൂടുതല്‍ ആശ്വാസം.  വീണ്ടും സമാജത്തിലേക്ക്. ഞാന്‍ തിരിച്ചുചെന്നപ്പോഴേക്കും അന്തിമഫലം പുറത്തുവന്നുകഴിഞ്ഞിരുന്നു. പന്ത്രണ്ട് സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തില്‍ ഞങ്ങളുടെ കൂട്ടത്തില്‍നിന്ന് നാലുപേര്‍ വിജയിച്ചു. ഒരാള്‍ ജയിച്ചത് നാലുവോട്ടിന്, ഒരാള്‍ തോറ്റത് മൂന്ന് വോട്ടിന്. മറ്റു മൂന്നുപേരുടെ പരാജയം പത്തില്‍താഴെ വോട്ടുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു. മുപ്പത്തിയെട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഞാന്‍ വിജയിച്ചത്.
സമാജത്തില്‍ സാഹിത്യവിഭാഗം സെക്രട്ടറി എന്ന നിലയിലുള്ള എന്‍െറ പ്രവര്‍ത്തനം മികച്ചതായിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. ഭേദം എന്നു മാത്രം പറയാം. ഇരുഭാഗങ്ങളില്‍നിന്ന് ജയിച്ചുവന്നവരുടെ ഇടയില്‍ ഉണ്ടായ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനാണ് ഭരണകാലത്തിന്‍െറ  ഭൂരിപക്ഷവും ചെലവിട്ടത്. അധികാരത്തിലിരിക്കുക എന്നതിന്‍െറ പ്രയാസം അന്നാണ് ശരിക്കും ബോധ്യപ്പെടുന്നത്. വ്യത്യസ്തമായ ഒരു ജനാധിപത്യമാതൃക കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നതുമാത്രമാണ് ആ ഭരണകാലത്തെക്കുറിച്ചുള്ള എന്‍െറ അഭിമാനം. ഞാന്‍ ജയിച്ചപ്പോള്‍ ആദ്യം എടുത്ത തീരുമാനം എന്നെ തെരഞ്ഞെടുപ്പില്‍ എതിര്‍ത്തു എന്നതിന്‍െറ പേരില്‍ എതിര്‍പക്ഷത്തുള്ളവരെ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തരുത് എന്നതായിരുന്നു.  അതിന്‍െറ ഭാഗമായി എന്‍െറ എതിര്‍സ്ഥാനാര്‍ഥിയെ സാഹിത്യവേദിയുടെ കണ്‍വീനര്‍ ആയി നിശ്ചയിക്കുകയാണ് ഞാന്‍ ചെയ്തത്. എന്‍െറ പക്ഷത്തുനിന്നും വലിയ എതിര്‍പ്പുകള്‍ എനിക്ക് അതിന്‍െറ പേരില്‍ നേരിടേണ്ടിവന്നു, എങ്കിലും ഞാന്‍ എന്‍െറ തീരുമാനത്തില്‍ ഉറച്ചുനിന്നു.  തോല്‍വിയെ അതേ സ്പിരിറ്റോടെ ഉള്‍ക്കൊണ്ട അദ്ദേഹം ആ സ്ഥാനം സന്തോഷപൂര്‍വം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ സംഘാടനപാടവം എനിക്ക് ആ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ വലിയ മുതല്‍ക്കൂട്ട് ആവുകയും ചെയ്തു. അദ്ദേഹത്തെ മാത്രമല്ല, എതിര്‍പക്ഷത്തുണ്ടായിരുന്ന പലരെയും ഞാന്‍ എന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി. അവരൊക്കെ ആത്മാര്‍ഥമായി എന്നോട് സഹകരിക്കുകയും ചെയ്തു.  ലോകത്തെവിടെയും പാലിക്കപ്പെടാവുന്ന ഒരു രീതിയായി എനിക്കത് ഇപ്പോഴും തോന്നുകയാണ്. എതിര്‍പക്ഷത്തിന്‍െറ കഴിവുകള്‍കൂടി പ്രയോജനപ്പെടുത്തുമ്പോഴാണ് നമുക്ക് ശരിക്കും ഭരണത്തില്‍ വിജയിക്കാന്‍ കഴിയുക.  അക്കാലത്തെ മറ്റൊരു അഭിമാനകരമായ സംരംഭമായിരുന്നു, സമാജത്തില്‍ മൂന്നു ദിവസങ്ങളിലായി നടത്തപ്പെട്ട ഇന്‍റര്‍നാഷനല്‍ പോയട്രി ഫെസ്റ്റിവല്‍. അറബിക്, ഇംഗ്ളീഷ്, ഉര്‍ദു, ഫിലിപ്പീന്‍, കന്നട, തമിഴ്, മലയാളം ഭാഷകളില്‍നിന്നുള്ള കവികളെ  ഉള്‍പ്പെടുത്തി നടത്തിയ ആ കാവ്യോത്സവം ഒരു നവ്യാനുഭവംതന്നെയായിരുന്നു. ബഹ്റൈനിലെ പല പ്രമുഖ കവികളെയും സാഹിത്യകാരന്മാരെയും സാഹിത്യസംഘങ്ങളെയും പരിചയപ്പെടുന്നതും അവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇടയാവുന്നതും അതോടെയാണ്.
വ്യത്യസ്തങ്ങളായ അനുഭവങ്ങളെ നേരിടാന്‍ കൊതിക്കുന്ന ഏതൊരാളും കഴിയുമെങ്കില്‍ ഒരിക്കലെങ്കിലും തെരഞ്ഞെടുപ്പിന്‍െറ ചൂടുകൂടി അനുഭവിച്ചറിയണം എന്നാണെന്‍െറപക്ഷം. ഫലം തോല്‍വിയാണെങ്കിലും ജയമാണെങ്കിലും അതിന്‍െറ അനുഭവം തീര്‍ത്തും വ്യത്യസ്തമായിരിക്കും എന്നുറപ്പ്.
എട്ട്
ഇനി ബഷീറിന്‍െറ  കഥ പറയാം എന്നുപറഞ്ഞാല്‍ അത് അപരാധമായിപ്പോകും. ബഷീറിന്‍െറ ജീവിതം എന്നുതന്നെ എഴുതണം. ഒരു ദിവസം എനിക്കൊരു ഫോണ്‍. ബഷീറെന്നാണ് തന്‍െറ പേരെന്നും താന്‍ ബഹ്റൈനിലെ ജയിലില്‍നിന്നാണ് വിളിക്കുന്നതെന്നും ആ ശബ്ദത്തിന്‍െറ  ഉടമ എന്നോടുപറഞ്ഞു. എന്തുപറ്റി എന്ന് ഞാന്‍ പെട്ടെന്ന് ആകാംക്ഷപ്പെട്ടു. ഒരു കൊലപാതകക്കുറ്റത്തിനു ജീവപര്യന്തം  ശിക്ഷിക്കപ്പെട്ട് താനിപ്പോള്‍ ജയിലിലാണെന്നും ഇവിടെനിന്ന് എനിക്കധികമൊന്നും സംസാരിക്കാന്‍ കഴിയില്ളെന്നും അധികം താമസിയാതെ ഒരു ദിവസം വീണ്ടും വിളിക്കാമെന്നും ബഷീര്‍ പറഞ്ഞു. പിന്നീട്, എന്തു ചോദിക്കണമെന്നോ പറയണമെന്നോ അറിയാതെ ഞാനൊരു നിമിഷത്തേക്ക് സ്തബ്ധനായിപ്പോയി. എന്നെ എങ്ങനെ അറിയാമെന്നും എന്‍െറ നമ്പര്‍ എങ്ങനെ കിട്ടിയെന്നും ഞാനന്വേഷിച്ചു. ജയിലില്‍ ഇത്തിരിയൊക്കെ വായിക്കാന്‍ അവസരം കിട്ടാറുണ്ടെന്നും അങ്ങനെയാണ് എന്നെ പരിചയമെന്നും ഫോണ്‍ നമ്പര്‍  ഒരു പത്രത്തിന്‍െറ ഓഫിസില്‍ വിളിച്ചെടുത്തെന്നും പറഞ്ഞു. വല്ലാത്തൊരു ഞെട്ടല്‍ അവശേഷിപ്പിച്ചുകൊണ്ട് ആ വിളി അങ്ങനെ അവസാനിച്ചു.
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരുദിവസം ബഷീര്‍ എന്നെ വിളിച്ചു. ബഷീര്‍ അപ്പോള്‍ തന്നെക്കുറിച്ച് അല്‍പം ചിലതുകൂടി വെളിപ്പെടുത്തി. പന്ത്രണ്ട് വര്‍ഷമായി താന്‍ ജയിലിനുള്ളിലായിട്ടെന്നും ഒരു അറബിയെ കൊന്നതാണ് കുറ്റമെന്നും പറഞ്ഞു. പന്ത്രണ്ട് വര്‍ഷം! ഒരു വ്യാഴവട്ടക്കാലം. എന്‍െറ മനസ്സൊന്ന് പിടച്ചു. അടുത്തിടെയെങ്ങോ ജയിലിലായി വിചാരണ നേരിടുന്ന ഒരാള്‍ എന്നാണ് ഞാന്‍ അതുവരെ വിചാരിച്ചിരുന്നത്,    ഇനി എത്രകാലംകൂടി എന്ന് ഞാനന്വേഷിച്ചു. ഇവിടെ ജീവപര്യന്തമെന്നാല്‍ നമ്മുടെ നാട്ടിലെപ്പോലെ പതിനാലുവര്‍ഷമല്ളെന്നും ജീവിതാവസാനംവരെ എന്നാണ് അര്‍ഥമെന്നും ബഷീര്‍ പറഞ്ഞു. ഇതൊക്കെ എന്തെങ്കിലും ദുഃഖഭാവത്തിലോ നിരാശയിലോ ആണ് ബഷീര്‍ പറയുന്നതെന്ന് ധരിച്ചെങ്കില്‍ തെറ്റി. ഒരു രണ്ടുമാസംകൂടി എന്ന് പറയുന്നത്ര  ലാഘവത്വത്തോടെയാണ് ബഷീര്‍ ജീവിതാവസാനം വരെ എന്ന് പറയുന്നത്. ഇതു മാത്രമല്ല, തുടക്കം മുതല്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു, ബഷീറിന്‍െറ സംസാരമത്രയും നമുക്ക് വിചാരിക്കാനാവാത്തത്ര ലാഘവത്തിലുള്ളതാണ്. ആദ്യം ബഷീറിനെ കേള്‍ക്കുന്ന ഒരാള്‍ തമാശയാണെന്നോ പറ്റീരാണെന്നോ വിചാരിച്ചാല്‍ തെല്ലും അദ്ഭുതപ്പെടാനില്ല. മറ്റൊരു കാര്യം കൂടി ഞാന്‍ ശ്രദ്ധിച്ചിരുന്നു. നമ്മള്‍ ചോദിക്കുന്നതിനൊന്നുമല്ല ബഷീര്‍ മറുപടി പറയുന്നത്, ബഷീറിന് ഇഷ്ടമുള്ളതാണ്.   അന്ന് പിന്നെ എന്‍െറ പുസ്തകത്തെക്കുറിച്ചും അതിന്‍െറ വായന തനിക്കുനല്‍കിയ ആത്മവിശ്വാസത്തെക്കുറിച്ചും ഒക്കെ അല്‍പനേരം സംസാരിച്ചു. എനിക്ക് ബഷീറിനെ ജയിലില്‍പോയി ഒന്ന് കാണണമെന്നുണ്ടായിരുന്നു. എന്നാല്‍, കഠിനതടവിനു വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ അതിന് സാധ്യതയില്ളെന്നും എന്നാലും ഒരുദിവസം നമുക്ക് തമ്മില്‍ കാണാമെന്നും അന്ന് തന്‍െറ കഥ വിശദമായി പറയാമെന്നും ബഷീര്‍ പറഞ്ഞു.
പിന്നൊരു ദിവസം ബഷീര്‍ എന്നെ വിളിക്കുന്നത് ഞാന്‍ നിങ്ങളുടെ വളരെ അടുത്ത് ഒരിടത്തുണ്ടെന്നും ഇപ്പോള്‍ തമ്മില്‍ കാണാന്‍ അവസരം ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ്. അതെവിടെ എന്ന് ഞാനതിശയിച്ചു. ചെറിയൊരു പ്രശ്നം കാരണം തന്നെ ഇപ്പോള്‍ ബഹ്റൈനിലെ മനോരോഗാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും രോഗി എന്ന ലേബലില്‍ തന്നെ കാണാം എന്നും ബഷീര്‍ അറിയിച്ചു. ശരിയായിരുന്നു ബഷീര്‍ പറഞ്ഞത്.  ഞാന്‍ താമസിക്കുന്നത് ആ ആശുപത്രിയുടെ വളരെ അടുത്തായിരുന്നു. നടന്നുകയറാനുള്ള ദൂരമേയുള്ളൂ.  ആ അവസരം മുതലാക്കി ബഷീറിനെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. പി.സുരേന്ദ്രന്‍ മാഷ് ഇവിടെ സന്ദര്‍ശനത്തിനുവന്ന സമയമായിരുന്നു അത്. ബഷീറിന്‍െറ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനും താല്‍പര്യമായി. അങ്ങനെ ഞങ്ങള്‍ ഇരുവരുംകൂടിയാണ് ബഷീറിനെ കാണാന്‍പോയത്.
കനത്ത ബന്തവസ്സുള്ള മുറിയിലാണ് ബഷീറിനെ ആശുപത്രിയിലും പാര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് പൊലീസുകാരാണ് അവിടെ കാവല്‍. ബഷീറിനെ കാണാനാണ് വന്നതെന്നുപറഞ്ഞപ്പോള്‍ത്തന്നെ അവര്‍ വിലക്കി. ഒന്നാമത് അതികഠിന തടവിനു വിധിക്കപ്പെട്ടിരിക്കുന്ന കുറ്റവാളി, അതുകൂടാതെ കടുത്ത മാനസിക വിഭ്രാന്തികാരണം ആശുപത്രിയിലും. കാണാന്‍ ഒരു നിര്‍വാഹവുമില്ല.  ഒരു നിമിഷം ഒന്ന് കണ്ടിട്ട് പൊയ്ക്കൊള്ളാം എന്ന് ഞാന്‍ പൊലീസുകാരനോട് കെഞ്ചി. നിന്‍െറ ആരാണ് ബഷീര്‍ എന്നായി പൊലീസുകാരന്‍. എന്‍െറ ആരുമല്ളെന്നും ബഷീര്‍ കാണണമെന്നു പറഞ്ഞതുകൊണ്ടുമാത്രം വന്നതാണ് ഞങ്ങളെന്നും മറുപടി കൊടുത്തു. അങ്ങനെ പരിചയമില്ലാത്ത നിങ്ങളെ അവനെന്തിനു വിളിച്ചു. നിങ്ങളെ എങ്ങനെ പരിചയം എന്നായി പൊലീസ്. ഞങ്ങള്‍ ബഷീറിന്‍െറ ഭാഷയിലെ രണ്ട് എഴുത്തുകാരാണെന്നും ബഷീര്‍ ഞങ്ങളുടെ പുസ്തകം വായിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് ബഷീറിനു ഞങ്ങളെ പരിചയമെന്നും ഞാന്‍ എനിക്കറിയാവുന്ന അറബിയും ഹിന്ദിയും ഇംഗ്ളീഷും ഒക്കെ ചേര്‍ത്ത് പറഞ്ഞ് ഫലിപ്പിച്ചു. ഭാഗ്യത്തിന് ഞാനന്ന് എന്‍െറ ഒരു പുസ്തകവും കൊണ്ടുപോയിരുന്നു. അതിന്‍െറ പുറംചട്ടയില്‍ എന്‍െറ ഫോട്ടോ കാണിച്ച് ഞാന്‍ പറഞ്ഞത് സത്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.  എഴുത്തുകാരന്‍ എന്നു കേട്ടപ്പോള്‍ പൊലീസുകാരുടെ ഭാവം മാറി. അതുവരെ കണ്ട പൊലീസുകാരേ ആയിരുന്നില്ല പിന്നെ അവര്‍. അവര്‍ ഞങ്ങളോട് അതീവ ബഹുമാനവും താല്‍പര്യവും കാണിച്ചു. എഴുത്തുകാരായതുകൊണ്ട് മാത്രം അവനെ കാണാന്‍ നിങ്ങളെ അനുവദിക്കാമെന്നും ജയിലില്‍ കുറെക്കൂടി മാന്യമായും സൗമ്യമായും പെരുമാറാന്‍ നിങ്ങള്‍ അവനെ ഉപദേശിക്കണമെന്നും അങ്ങനെയുള്ള പെരുമാറ്റത്തിലൂടെ ജയിലധികൃതര്‍ക്കും ഭരണാധികാരികള്‍ക്കും   ദയവുതോന്നി എന്നെങ്കിലും അവനെ വിട്ടയക്കുകയല്ലാതെ അവന്‍െറ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ളെന്നുപറഞ്ഞ് മനസ്സിലാക്കികൊടുക്കണമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ക്കുവേണ്ടി ആ വാതില്‍ തുറക്കപ്പെട്ടു. എഴുത്തുകാരന്‍ ആയിരിക്കുക എന്നതിന്‍െറ വിലയും ഗുണവശവും അനുഭവിച്ച അപൂര്‍വം നിമിഷങ്ങളില്‍ മറ്റൊന്നായിരുന്നു അത്.
നിരവധി മനോരോഗികളുള്ള ഒരു വാര്‍ഡിലേക്കാണ് ഞങ്ങള്‍ പ്രവേശിച്ചത്. ബഷീറിനെ കാണാനാണെന്നു പറഞ്ഞപ്പോള്‍ വിസിറ്റിങ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. കടുത്ത മാനസിക വിഭ്രാന്തി ബാധിച്ച് തളര്‍ന്നവശനായ ഒരു മധ്യവയസ്കനെ പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ മുന്നിലേക്ക് നടന്നുവന്ന ബഷീറിനെ കുറെനേരത്തേക്ക് ഞാന്‍ കണ്ണെടുക്കാതെ നോക്കിയിരുന്നുപോയി. ഹിന്ദിസിനിമയില്‍നിന്നിറങ്ങിവന്നതുപോലൊരു യുവകോമളന്‍. പന്ത്രണ്ട് വര്‍ഷക്കാലം ജയിലില്‍ കിടന്നതിന്‍െറ ഒരു മങ്ങലും അവനില്‍ കാണാനില്ല. ഇനി അഥവാ അങ്ങനെയെന്തെങ്കിലും ബാധിച്ചിട്ടുണ്ടെങ്കില്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് അവന്‍െറ സൗന്ദര്യം എന്തായിരുന്നിരിക്കണം എന്ന് ഞാന്‍ ചിന്തിച്ചുപോയി.   പൊലീസുകാരന്‍ അവനോടെന്തോ അറബിയില്‍ പറഞ്ഞു. സന്ദര്‍ശകസമയത്തെക്കുറിച്ചും അവരോടു പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഒക്കെയാണ് പറഞ്ഞതെന്നു തോന്നുന്നു. എന്നാല്‍, ഇപ്പറയുന്നതൊന്നും തനിക്ക് ബാധകമല്ളെന്നമട്ടില്‍ അവനവരെ അവജ്ഞയോടെ അവഗണിച്ചുകളഞ്ഞു. ഇവനോടൊന്നും പറഞ്ഞിട്ടു കാര്യമില്ളെന്ന മട്ടില്‍ അവന്‍ പുറത്തേക്കു മടങ്ങി. പൊലീസുകാരോടു മാത്രമല്ല, ആശുപത്രി ജീവനക്കാരോടും സഹ അന്തേവാസികളോടും ഒക്കെ ബഷീറിന്‍െറ പെരുമാറ്റം ഇതേപോലെ അധികാരഭാവത്തിലും അവജ്ഞാരൂപത്തിലുമാണെന്ന് പിന്നീട് ഞങ്ങള്‍ മനസ്സിലാക്കി. ബഷീര്‍ പറയുന്നതെന്തോ അത് അവരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള വാക്സാമര്‍ഥ്യം അവനുണ്ടായിരുന്നു. എന്നുമാത്രമല്ല, ബഷീറിനോട് ഒരു സ്നേഹം അവര്‍ക്കൊക്കെ ഉണ്ടായിരുന്നുതാനും.
എന്തോ മാനസിക വിഭ്രാന്തി ഉണ്ടായെന്ന് കേട്ടല്ളോ എന്ന് ഞാനൊരു തുടക്കമിട്ടു. ഓ, അതൊക്കെ എന്‍െറയൊരു നാടകമാണ്. ജയിലില്‍ കിടന്ന്  വല്ലാതെ മുരടിക്കുമ്പോള്‍ ഒന്ന് പുറത്തുചാടാനുള്ള വഴി എന്ന് ബഷീര്‍ അതിനെ ന്യായീകരിച്ചു. പിന്നീട് ബഷീര്‍ തന്‍െറ ജയില്‍ ജീവിതത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് വിശദമായി ഞങ്ങളോട് പറഞ്ഞു.
വളരെ ചെറുപ്രായത്തില്‍തന്നെ ഗള്‍ഫിലെത്തിയതാണ് ബഷീര്‍. ഒരു അന്തര്‍ദേശീയ ഫാസ്റ്റ്ഫുഡ് ശൃംഖലയില്‍ ഹോം ഡെലിവറിയിലായിരുന്നു പണി. വല്ലാത്ത വാക്ചാതുര്യം, അറബി വെള്ളംപോലെ സംസാരിക്കാനുള്ള കഴിവ്, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം ഇവയുടെ ബലത്തിലാണ്  ബാങ്കില്‍ വളരെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ബഹ്റൈനിലെ കേള്‍വികേട്ട ഒരു ബിസിനസ് കുടുംബാംഗവുമായ ഒരു അറബിയുമായി ബഷീര്‍ പരിചയത്തിലാവുന്നത്. അവന്‍െറ സ്വതഃസിദ്ധമായ വാക്സാമര്‍ഥ്യത്തിനു മുന്നില്‍ വീണുപോയ അറബിയുടെ ഏറ്റവും വലിയ സ്നേഹിതനും വിശ്വസ്തനുമായി ബഷീര്‍ പെട്ടെന്ന് മാറി.  അയാള്‍ എവിടെപ്പോയാലും ബഷീറിനു ഗിഫ്റ്റുകള്‍ കൊണ്ടുക്കൊടുക്കും. അയാള്‍ ഒരു മൊബൈല്‍ വാങ്ങിയാല്‍ അതുപോലെ ഒന്ന് ബഷീറിനും വാങ്ങിക്കൊടുക്കും. അതായിരുന്നു ആ സ്നേഹം. അയാളുടെ ക്രെഡിറ്റു കാര്‍ഡുപോലും സൂക്ഷിക്കുന്നത് ബഷീര്‍ ആയിരുന്നു, അതായിരുന്നു ആ വിശ്വസ്തത. രാത്രികളില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കും. അതായിരുന്നു ആ സൗഹൃദം. ആയിടക്കാണ് അയാളും അയാളുടെ വിദേശിയായ ഭാര്യയും തമ്മില്‍ പിണങ്ങുന്നതും വേറെവേറെ വീടുകളില്‍ താമസമാകുന്നതും. രണ്ടുപേരുടെയും പരിചയക്കാരനെന്ന നിലയില്‍ ഇരുവരുടെയും വീട്ടില്‍ പോകേണ്ടത് ബഷീറിന്‍െറ ആവശ്യമായി വന്നു. എന്നാല്‍, തന്നോട് പിണങ്ങിക്കഴിയുന്ന ഭാര്യയുടെ വീട്ടില്‍ ബഷീര്‍ പോകുന്നതിനോട് അറബിക്ക് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നു. ഒരു ദിവസം രാത്രി അറബിയുടെ വീട്ടിലിരുന്ന് രണ്ടുപേരുംകൂടി മദ്യപിക്കുന്നതിനിടെ അതേച്ചൊല്ലി  വാക്തര്‍ക്കമുണ്ടായി. എന്നുമാത്രമല്ല, അയാളുടെ ഭാര്യയുമായി ബഷീറിന് അവിഹിതബന്ധമുണ്ടെന്ന് അയാള്‍ ആരോപിക്കുകയും ചെയ്തു. അന്നേരത്തെ ദേഷ്യത്തിലും മദ്യത്തിന്‍െറ ബലത്തിലും ബഷീര്‍ അയാളെ ഉന്തിയെറിഞ്ഞു. വീണുപോയ അറബിയുടെ തല ചെന്നിടിച്ചത് പിന്നിലുണ്ടായിരുന്ന ഭിത്തിയിലാണ്. ബഷീറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.  അയാള്‍ അപ്പോള്‍തന്നെ അവിടെ വീണു മരിച്ചു...!
പിന്നീടാണ് സിനിമയിലേതിനു തുല്യമായ സംഭവങ്ങള്‍ ബഷീറിന്‍െറ  ജീവിതത്തില്‍ അരങ്ങേറുന്നത്.  കുറെക്കഴിഞ്ഞ് മദ്യത്തിന്‍െറ ലഹരിവിടാന്‍ തുടങ്ങിയപ്പോഴാണ് ചെയ്തുപോയ പാതകത്തിന്‍െറ ഗുരുതരാവസ്ഥ ബഷീര്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ പിന്നെ തെളിവു നശിപ്പിക്കാനുള്ള ശ്രമമായി. അതിലേക്കാണ് ഒരു നിരപരാധി വന്നുപെടുന്നത്. താന്‍ ഒരു അപകടത്തില്‍ ചെന്നുപെട്ടെന്നും തന്നെ എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷിച്ചുകൊണ്ടുപോകണമെന്നും പറഞ്ഞ് ബഷീര്‍ തന്‍െറ വളരെ അടുത്ത സുഹൃത്തായ മാത്യുവിനെ അവിടേക്ക് വിളിച്ചുവരുത്തി. അവര്‍ ഇരുവരുംകൂടി അയാളെ അവിടെനിന്ന് കടത്തിക്കൊണ്ടുപോകാന്‍ ഒരു ശ്രമം നടത്തി, അത് നടക്കാതെ വന്നപ്പോള്‍ ബഷീര്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് എന്നതിനുള്ള  തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായി. അങ്ങനെ ബഷീറിന്‍േറതായി അവിടെ ഉണ്ടായിരുന്ന സര്‍വവും എടുത്ത് അവര്‍ അവിടെനിന്ന് ഓടിപ്പോയി. പക്ഷേ, അതാണ് പിന്നീട് അവരെ പിടികൂടാന്‍ പൊലീസിന് സഹായകരമായത്. അറബി തനിക്ക് വാങ്ങിയതുപോലെയൊരു മൊബൈല്‍ ബഷീറിനും വാങ്ങിക്കൊടുത്തിരുന്നല്ളോ. അന്നേരത്തെ വെപ്രാളത്തില്‍ അവന്‍ എടുത്തുകൊണ്ടോടിയത് അറബിയുടെ ഫോണായിരുന്നു. അവിടെ ഉപേക്ഷിച്ചിട്ടു പോന്നത് ബഷീറിന്‍െറ സ്വന്തം ഫോണും.
എല്ലാം എന്‍െറ അപരാധമാണ,് എന്‍െറ മദ്യപാനം. എന്‍െറ വിവേകമില്ലായ്മ. എന്‍െറ ക്ഷിപ്രകോപം. അയാള്‍ക്ക് ഞാന്‍ ആത്മസുഹൃത്തായിരുന്നു. എന്നെ വിശ്വസിച്ചതുപോലെ അയാള്‍ മറ്റാരെയും വിശ്വസിച്ചില്ല. എന്നെ സ്നേഹിച്ചപോലെ അയാള്‍ മറ്റാരെയും സ്നേഹിച്ചുകാണില്ല. എന്നെ സഹായിച്ചപോലെ അയാള്‍ മറ്റാരെയും സഹായിച്ചുകാണില്ല. എന്നിട്ടും ഞാനയാളെ കൊന്നു. ഞാന്‍ ഈ ശിക്ഷ അര്‍ഹിക്കുന്നതാണ്- ബഷീര്‍ ഞങ്ങളോടു പറഞ്ഞു. പക്ഷേ, നിരപരാധിയായ മാത്യു. അവന്‍ ഒന്നിലും പങ്കാളിയായിരുന്നില്ല. എന്‍െറ നിലവിളികേട്ട് എന്നെ സഹായിക്കാന്‍ എത്തിയതാണവന്‍. ഒരു ആത്മസുഹൃത്തിന്‍െറ നിസ്സഹായാവസ്ഥയില്‍ ഏതൊരു സുഹൃത്തും ചെയ്തുപോകുന്ന സഹായമേ അവന്‍ എനിക്കും  ചെയ്തുള്ളൂ.  പക്ഷേ, കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനും  കുറ്റം മറച്ചുപിടിച്ചതിനും കോടതി അവനെ ശിക്ഷിച്ചത് പതിനാല് വര്‍ഷത്തേക്കാണ്. രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ അവന്‍ പുറത്തിറങ്ങും. ഞാന്‍ ജീവിതകാലം മുഴുവന്‍ ഇവിടെ... ഞാന്‍ തെറ്റുകാരനാണ്. അതിനുള്ള ശിക്ഷ ഞാന്‍ അനുഭവിക്കുകയും ചെയ്തു.   ഇത്ര കാലം എനിക്ക് ജയിലില്‍നിന്ന് പുറത്തുപോകണം എന്നില്ലായിരുന്നു. പക്ഷേ, അവന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഒരു ആഗ്രഹം. എന്നെ രക്ഷിക്കാന്‍ നിങ്ങളൊക്കെ വിചാരിച്ചാല്‍ നടക്കില്ളേ? എംബസിയുമായി ബന്ധപ്പെട്ട് എനിക്ക് എന്തെങ്കിലും സാധിച്ചുതരണം. മരിച്ച ആളിന്‍െറ ബന്ധുക്കള്‍ ക്ഷമിച്ചാലേ എനിക്ക് ഇവിടെനിന്ന് രക്ഷപ്പെടാനാവൂ. അതിന് ശ്രമിക്കാന്‍ എംബസിയില്‍ പറയണം- ബഷീര്‍ ഞങ്ങളോട് അഭ്യര്‍ഥിച്ചു. എനിക്കെന്‍െറ മകളെ കാണണം. അവളോടൊപ്പം ജീവിക്കണം. മകള്‍! അതെ. ആ സംഭവം നടക്കുമ്പോള്‍ ഞാന്‍ വിവാഹം കഴിച്ചിരുന്നു. എന്‍െറ  മകള്‍ക്ക് ആറുമാസം പ്രായവും ആയിരുന്നു. ഞാന്‍ ജയിലിലായതോടെ അവര്‍ ഇവിടെനിന്ന് പോകാന്‍പെട്ട പാട്. ഭാര്യ ഇപ്പോള്‍ മറ്റൊരു ഗള്‍ഫ് രാജ്യത്താണ്. എന്നെ കാണാന്‍  ഒന്നുരണ്ടു തവണ വന്നിരുന്നു. ഒരു തവണ എന്‍െറ ഉമ്മയെയും മകളെയും ഇവിടെക്കൊണ്ടുവന്ന് എന്നെ കാണിക്കുകയും ചെയ്തു. അത് അഞ്ചാറ് വര്‍ഷം മുമ്പാണ്. ഇപ്പോള്‍ എന്‍െറ മകള്‍ക്ക് പതിനൊന്നു വയസ്സ് കഴിഞ്ഞിരിക്കുന്നു. അവളെ കാണാന്‍ നിങ്ങള്‍ എന്നെ സഹായിക്കില്ളേ?
ശ്രമിക്കാം. നോക്കാം എന്നിങ്ങനെ എങ്ങും തൊടാത്ത മറുപടികൊടുക്കാനേ എനിക്കാവുമായിരുന്നുള്ളൂ. സുരേന്ദ്രന്‍ മാഷാകട്ടെ പൊലീസുകാര്‍ പറഞ്ഞതുപോലെ ജയിലില്‍ പാലിക്കേണ്ട സംയമനത്തെക്കുറിച്ചും ശാന്തതയെക്കുറിച്ചും ബഷീറിനോട് ഒരു അധ്യാപകന്‍െറ ചാതുരിയോടെ കുറെനേരം സംസാരിച്ചു. എനിക്കറിയാം- ബഷീര്‍ പറഞ്ഞു പക്ഷേ, സാധിക്കേണ്ടേ. ചിലനേരങ്ങളില്‍ നിയന്ത്രണം വിട്ടുപോകും. പിന്നെ എന്താണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കുതന്നെ അറിയില്ല. പിന്നെ കടുത്ത മനോരോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് തന്നിട്ടുള്ളതുകൊണ്ട് ഒരുത്തനിട്ട് രണ്ട് പൊട്ടിച്ചാലും കൈ തല്ലിയൊടിച്ചാലും പുതിയ കേസുകള്‍ ഉണ്ടാവില്ല. ബഷീര്‍ പറഞ്ഞു.
 ഞങ്ങള്‍ ബഷീറിനോട് യാത്ര പറഞ്ഞിറങ്ങി. ബഷീറിന്‍െറ കഥയില്‍ എന്തൊക്കെയോ അവ്യക്തതകള്‍ ഉള്ളതായി മാഷ് ഒരു സംശയം പ്രകടിപ്പിച്ചു. എന്തായാലും മാഷ് നാട്ടിലേക്ക് പോയിക്കഴിഞ്ഞ് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരില്‍ ചിലരെ കണ്ട് ബഷീറിന്‍െറ കാര്യം ഞാന്‍ പറഞ്ഞു. അപ്പോള്‍ ബഷീര്‍ അവരെയൊക്കെയും വിളിച്ചിരിക്കുന്നു. അവര്‍ എംബസിയില്‍ ബന്ധപ്പെട്ട് ഒൗദ്യോഗികമായി അന്വേഷിച്ചു. കോടതിവിധി വന്നുകഴിഞ്ഞ കേസാണ്. ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. മരിച്ച  വ്യക്തിയുടെ ബന്ധുക്കളാവട്ടെ ബഷീറിന് മാപ്പുകൊടുക്കാനും തയാറല്ല. അങ്ങനെയിരിക്കെ ഞാന്‍ ഒരു തവണ നാട്ടില്‍ ചെന്നപ്പോള്‍ കൈരളിയിലെ പ്രവാസലോകത്തിന്‍െറ അണിയറക്കാരന്‍ റഫീക് എന്നെ കാണാന്‍  വീട്ടില്‍വന്നിരുന്നു. കൂട്ടത്തില്‍ അദ്ദേഹത്തിന്‍െറ ആലുവക്കാരന്‍ ഒരു സുഹൃത്തും  ഉണ്ടായിരുന്നു, അദ്ദേഹമാകട്ടെ മുമ്പ് ബഹ്റൈനില്‍ ജോലിചെയ്തിരുന്ന വ്യക്തിയാണ്.
സംസാരത്തിനിടെ വളരെ യാദൃച്ഛികമായി ഞാന്‍ അവരോട് ബഷീറിനെക്കുറിച്ച് സൂചിപ്പിച്ചു. കൈരളിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും ചെയ്യാനാവുമോ എന്നറിയാനായിരുന്നു അത്.  അപ്പോള്‍ അദ്ദേഹത്തിന് ഈ ബഷീറിനെ നന്നായി അറിയാം. ബഷീറിന്‍െറ കഥകളും. ബഷീറിന്‍െറ  ഉപ്പ ബഹ്റൈനില്‍ നല്ല നിലയില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന ഒരാളായിരുന്നു. അതിനടുത്തുള്ള ഒരു സ്റ്റുഡിയോവിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബഷീറിനെ അവിടെവെച്ചാണ് പരിചയം. ഒരിക്കല്‍ പരിചയപ്പെട്ട ഒരാളും പിന്നെ ബഷീറിനെ മറക്കുകയുമില്ല. അതാണല്ളോ അയാളുടെ പ്രകൃതം. വളരെ ചെറുപ്രായത്തില്‍തന്നെ ബഹ്റൈനില്‍ എത്തിയ ബഷീര്‍ അടിപൊളി, പോഷ് എന്നൊക്കെ പറയാവുന്നതരം ജീവിതം നയിച്ചുവന്ന ഒരാളായിരുന്നു.  അദ്ദേഹം പറഞ്ഞ ബഷീറിന്‍െറ കഥയില്‍ മൂന്നാമത് ഒരു വ്യക്തികൂടിയുണ്ട്. അത് അറബിയുടെ വിദേശിയായ ഭാര്യയാണ്. അറബിയുടെ പണം തട്ടിയെടുക്കാനായി അവരും ബഷീറും ചേര്‍ന്ന് മനഃപൂര്‍വം നടത്തിയ ഒരു കൊലപാതകമായിരുന്നുവത്രേ അത്. അവരും പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്. അത് ബഷീര്‍ പറയാത്ത, എനിക്കറിയാത്ത ഒരു സംഭവമായിരുന്നു. പിന്നീടൊരിക്കല്‍ ബഷീര്‍ എന്നെ വിളിച്ചപ്പോള്‍ ഇക്കാര്യം ഞാന്‍ ബഷീറിനോട് തുറന്നു ചോദിച്ചു. അതെ. അവരും ഞങ്ങളുടെ കൂട്ടത്തില്‍ പിടിക്കപ്പെട്ടിരുന്നു എന്ന് ബഷീര്‍ സമ്മതിച്ചു. മൂന്നുവര്‍ഷം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ അതീവസുന്ദരി ആയിരുന്നതിനാല്‍ അവര്‍ കെട്ടേണ്ട ഭീമമായ ഒരു തുക മറ്റൊരറബി വന്ന് കെട്ടിവെക്കുകയും അവരെ ജയിലില്‍നിന്ന് മോചിപ്പിച്ചുകൊണ്ടുപോവുകയും ചെയ്തു. അവരുടെ പ്രേരണയാലാണോ ബഷീര്‍ അയാളെ കൊന്നത് എന്ന് ഞാന്‍ ചോദിച്ചു. കൃത്യമായ ഉത്തരം ബഷീറില്‍നിന്ന് ഉണ്ടായില്ല. എന്നുമാത്രമല്ല, പിന്നീടൊരിക്കലും ബഷീര്‍ എന്നെ വിളിക്കുകയും ചെയ്തിട്ടില്ല.
പിന്നീട് ഞാന്‍ രോഗഗ്രസ്തനായി നാട്ടിലായിരുന്ന കാലത്ത് ബഷീര്‍ യു.എ.ഇയിലുള്ള ഒരു റേഡിയോ നിലയത്തിന് അഭിമുഖം കൊടുക്കയും അതില്‍ തന്നെ രക്ഷിക്കുന്നതിനായി എംബസിയുടെ ഭാഗത്തുനിന്നോ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നോ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നും ആരോപണം ഉന്നയിച്ചതായി കേട്ടു. എംബസിയാവട്ടെ തങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വിശദീകരിക്കുകയും രാജ്യത്തിന്‍െറ നിയമങ്ങള്‍വിട്ട് തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ളെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അത് ബഷീറിന്‍െറ  രക്ഷപ്പെടാനുള്ള അവസാന ശ്രമമായിരുന്നു എന്നു തോന്നുന്നു.  ബഷീറിന് മനോരോഗം കടുത്ത് ആശുപത്രിയിലാണ് എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ചിലരുടെ വിധികളില്‍നിന്ന് ആര്‍ക്കും അവരെ രക്ഷിക്കാനാവില്ല.
(തുടരും)
ബെന്യാമിന്‍
മാധ്യമം വാരിക

Blogger templates

.

ജാലകം

.