ഹെന്തൊരു സൊഗം !...ഫേസ്ബുക്കിന്റെ കേരളീയം:



നഗരത്തിരക്കില്‍നിന്ന് കാര്‍ നേരെ ഒരു പളുങ്കന്‍ മാളിലേക്ക്. ഫുഡ്‌കോര്‍ട്ടില്‍നിന്ന് ടിഷ്യുവില്‍ പാതിപൊതിഞ്ഞ ഡിഷ്യും ഡിഷ്യും പപ്പാതി വിഴുങ്ങി ഊണാനന്തര മുങ്ങാംകുഴി- ഒരു പുത്തന്‍ പടത്തിലേക്ക്. മനുഷ്യരും മാന്‍ജാതിയും അലമ്പാക്കിയ ഇഹലോകത്തുനിന്ന് അത്തരം 3D പ്രശ്‌നങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്കുള്ള വിമോചനം.
പടം തുടങ്ങുന്നത് ഒരു പബ്ബില്‍. ആണും പെണ്ണും ഒരുത്തരാധുനിക സൊറയില്‍. ആണദ്ദേഹത്തിന് ഏറ്റവും പുതിയൊരു സെക്‌സ് ഗ്രൂപ്പില്‍ ചേര്‍ന്നേ പറ്റൂ. പെണ്ണദ്യത്തിന് അതു വേണ്ടേ വേണ്ട. ചര്‍ച്ച വേഗം പൊളിയുന്നു. സ്‌പ്ലിറ്റപ്പ് എന്ന് പരിഷ്‌കാരപ്പേച്ച്. അവള്‍ തന്റെ ഹോസ്റ്റല്‍ മുറിയിലേക്ക്. അവന്‍ ഇടനാഴികള്‍ താണ്ടി ഇടുങ്ങിയ നെറ്റ് കഫേയുടെ മൂലപിടിച്ച് വേഗം ബ്ലോഗ് ചെയ്യുന്നു. തന്നെ 'വഞ്ചിച്ച ബിച്ചി'നെപ്പറ്റി. എന്നിട്ടും കലിയടങ്ങാതെ ഒരു സൈറ്റ് പടക്കുന്നു. ഹാര്‍വേഡിലെ മുഴുവന്‍ പെണ്‍സഹപാഠികളുടെയും ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നു- ആണ്‍കൂട്ടര്‍ക്ക് വോട്ടിടാന്‍ ടി ഫോട്ടോയില്‍ കാണപ്പെടുന്നവരുടെ 'ഹോട്‌നെസ് ക്വോഷ്യന്റി'ന്മേല്‍. സര്‍വകലാശാലയുടെ കമ്പ്യൂട്ടര്‍ സിസ്റ്റം ആ ചൂടു താങ്ങാനാവാതെ തകരുന്നു. സൈറ്റ് അത്രക്ക് ക്ഷിപ്രഹിറ്റ്. അധികാരിയുടെ അന്വേഷണം, ആണദ്ദേഹത്തിന് ആറുമാസ സസ്‌പെന്‍ഷന്‍. പെണ്ണിന് ഹൃദയക്ഷതം, അവഹേളനം, വിഷാദസേവ, വീട്ടിലൊതുക്കം.
സസ്‌പെന്‍ഷന്‍ കാലത്ത് ചില ഊര്‍ധ്വന്മാര്‍ (അപ്‌വേഡ്‌ലി മൊബൈല്‍ എന്നു ടി. രാമലിംഗം പിള്ള) നമ്മുടെ പ്രതിയെ തേടിച്ചെല്ലുന്നു. ഒരു പുതിയ നെറ്റ്‌വര്‍ക് ചമക്കണം. പ്രതി അവരെ ഊര്‍ധ്വന്‍ വലിപ്പിച്ച് ഒരുപടികൂടി മേലോട്ട് - ചങ്ങാതി എഡ്വേഡോയുമൊത്ത് സ്വന്തമായി പരിപാടി തുടങ്ങുന്നു; 1990കളില്‍ നാപ്‌സ്‌റ്റെര്‍ വഴി പുകഴ്‌പെറ്റ ഷോണ്‍ പാര്‍ക്കറുടെ യന്ത്രസഹായംപറ്റിക്കൊണ്ട്. അങ്ങനെ 2004ല്‍ ഫേസ്ബുക് പിറക്കുന്നു. ബാക്കി, ലവന്മാര് സ്ഥിരം പറയുമ്പോലെ, ചരിത്രം.
ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഉരുപ്പടിയാണ് മേലുരചെയ്ത കാകുല്‍സ്ഥ ലീല. മാര്‍ക് സക്കര്‍ബര്‍ഗ് എന്ന ഇന്നത്തെ ശതകോടീശ്വര പ്രഭുവിന്റെ അന്നത്തെ ലീലയുടെ പ്രകൃതമുദ്ര ഫേസ്ബുക് എന്ന ഇന്നിന്റെ പകര്‍ച്ചപ്പനിക്കും പതിഞ്ഞുകിട്ടിയെങ്കില്‍ അതു സ്വാഭാവികം. രതി, ആത്മരതി, വളക്കല്‍, വളക്കപ്പെടുന്നതിലെ സുഖം, വളയാതെ വിളയുന്നതിലെ രഹസ്യസുഖം, പരദൂഷണം, ഇതിന്റെയെല്ലാം വിളംബരസുഖം... മൊത്തത്തില്‍ വെര്‍ച്വല്‍സുഖംകൊണ്ട് ഇരിക്കപ്പൊറുതിയില്ല. പൊറുതിമുട്ടിയ സ്ഥിതിക്ക് പിന്നെ ഇരിക്കതന്നെ.
ഈ ഇരിപ്പ് പലവിധമുലകില്‍ സുലഭം. ഏഴര വെളുപ്പിന് ചൂട്ടുംകത്തിച്ചുള്ള ഇരിപ്പുതൊട്ട് കാലന്‍കോഴി ബെഡ് കോഫിയെടുക്കുംവരെയുള്ള കുത്തിയിരിപ്പുകാരുണ്ട്. അതങ്ങ് സൂക്കര്‍മാന്റെ നാട്ടില്‍ മാത്രമല്ല, ഇവിടെ ഭൂമി മലയാളത്തിലും. മുക്കാല്‍ക്കോടി കവിയുന്നു, മൂന്നരക്കോടിയുടെ ഇട്ടാവട്ടത്തെ ഫേസസ്, ഇ-ബുക്കില്‍. ഭൂമിതന്നെ മലയാളമാകുന്ന മട്ട്. മട്ടല്ല, അതെ. അപ്പരൂപത്തിലാണീ ഇ-വ്യഗ്രതയുടെ കേരളീയം. സാമ്പിള്‍ നോക്കുന്നോ?
ഒരു ഇ-പൗര ലോകത്തിനായി കരളെടുത്ത് ചെമ്പരത്തിപ്പൂവാക്കുന്നു:
''പറയാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്നില്ല എന്നതു പോലെ ഹൃദയഭേദകമായി ഒന്നുമില്ല...''
സാധാരണഗതിയില്‍ റോട്ടില്‍നിന്നാരെങ്കിലും ഇതു പറയുന്നതുകേട്ടാല്‍ മലയാളി ചിരിക്കും. വലംകൈപ്പടം തലക്കൊരു വട്ടം ചുറ്റി ഒരാംഗ്യം കാട്ടിപ്പറയും - ഇതു മറ്റേതാ. അതങ്ങ് അഞ്ചില്‍ പറഞ്ഞാ മതി, ഇത് പഞ്ചഭൂതങ്ങളുടെ അയ്യരുകളിയേശാത്ത വെര്‍ച്വല്‍ ലോകം. അതുകൊണ്ട്, ഉടനേ വരുന്നു, സഹജീവികളുടെ കമന്റുകള്‍, അഹമഹമിഹയാ:
(1) ''തുറന്നെഴുതാന്‍ ശ്രമിക്കൂ. ഹൃദയം രക്ഷപ്പെടട്ടെ.''
(2) കുറുന്തോട്ടിക്കും വാതമോ? എഴുത്തുകാരിക്ക് തുറന്നുപറയാന്‍ കഴിയായ്ക. തീക്കൊള്ളിയില്‍ കയറിയ ഉറുമ്പിനെ കരിച്ചുകളയുക. അതാണ് നിനക്കുവേണ്ട ഹൃദയ ചികിത്സ.''
1,2,3... 56, 57... പ്രതികരണ സംപ്രേഷണം മെഗാ സീരിയലാകുന്നു. ഇവനൊന്നും വേറെ പണിയില്ലേ എന്ന ചോദ്യം അസ്ഥാനത്താണ്. ഇതുതന്നെ പണി. ഐശ്ചികം വെര്‍ച്വത്തിലാവുമ്പോള്‍ സ്വരംപരമാകും, ഭൗതികം ലോപിക്കും. ലോപിച്ചുലോപിച്ച് അതൊരു ചുണ്ടെലിയാകും. അവന്‍ മോനിട്ടര്‍ കരളില്ല, കരളു കരളും. ഏതാണ്ട് ഇതുപോലെ:
''ജീവിതത്തില്‍ അക്ഷരാര്‍ഥത്തില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ നിങ്ങളുടെ ഹൃദയത്തെ ഏതെങ്കിലും കാരണത്താല്‍ മുറിപ്പെടുത്തിയാല്‍, അതു സാന്ദര്‍ഭികമാകാം, സാഹചര്യംമൂലമാകാം, എന്തായാലും അതൊരു സുഷിരമുണ്ടാക്കും - നിങ്ങളുടെ ഹൃദയത്തില്‍. പിന്നെ സ്‌നേഹംകൊണ്ടു മാത്രമേ അതടയ്ക്കാന്‍ പറ്റൂ.''
പൈഡ് പൈപ്പറുടെ ചുണ്ടെലിപ്പട ഇളകുകയായി:
(1) സ്‌നേഹമുണ്ടെങ്കില്‍ സുഷിരമുണ്ടാവില്ല. മാഞ്ഞുപോകുന്ന പാടുകള്‍ മാത്രമേ വീഴൂ.
(2) സ്‌നേഹമുണ്ടെങ്കില്‍ സുഷിരമുണ്ടാവില്ല, അതുറപ്പാണ്.
(3) സ്‌നേഹം പടുത്വമാണെന്ന് കുമാരനാശാന്‍. കുരിശിന്റെ ആണികള്‍ ഉണ്ടാക്കിയ പാടുകള്‍ സ്‌നേഹത്തിന്റെ പാടുകളാണെന്ന് യേശുദേവന്‍...
(4) ആത്മാഭിമാനമുണ്ടെങ്കില്‍ പിന്നെ അതൊരിക്കലും അടയില്ല.
ഇങ്ങനെ പോകുന്നു, ചുണ്ടെലികളുടെ സുഷിരവാദനം. വാദനത്തെ 'ജനാധിപത്യ'പരമായി വിമോചിപ്പിച്ചെടുത്തതിലാണ് ഈ വാദ്യത്തിന്റെ വിപ്ലവമൂല്യം. ഭൂഗോളത്തില്‍ 60 കോടി കവിഞ്ഞു, ഫേസ്ബുക് ഉപഭോക്താക്കളുടെ അംഗബലം. ഭൂഗോളത്തെ കേരളത്തിലാക്കിയ തദ്ദേശീയവാദകരുടെ എണ്ണം അതില്‍ ഒരു കോടി കടക്കും, ഇക്കൊല്ലം. ചുമ്മാതാണോ ഏഷ്യയിലെ ആദ്യ കാര്യാലയം സക്കര്‍ബര്‍ഗിന്റെ പിള്ളേര് ഹൈദരാബാദില്‍ തുറന്നത്? സത്യത്തില്‍ ആസ്ഥാനം കേരളക്കരയിലാവേണ്ടതല്ലേ?
കാരണം, ഒട്ടുമേ വെര്‍ച്വലല്ല. ഫേസ്ബുക്കില്‍ ചേരാത്ത അവനും അവള്‍ക്കും എന്തോ കുറവുള്ളപോലെ. ഡിജിറ്റല്‍ സ്റ്റാറ്റസ്, സോഷ്യല്‍ സ്റ്റാറ്റസ് സിംബലാവുന്ന പഴഞ്ചാതി പരികല്‍പനയല്ല. മറിച്ച്, മലയാളിയുടെ ഫേസ്ബുക് കാമത്തിന് കുറെക്കൂടി യുക്തിഭദ്രമായ നങ്കൂരമുണ്ട്. നമ്മള്‍ പൊതുവെ ഇഷ്ടപ്പെടുന്ന രണ്ടു കാര്യങ്ങളും ഇതുവഴി ഇഷ്ടംപോലെ സാധിക്കാം. ഒന്ന്, തങ്ങള്‍ ചെയ്യുന്നതെന്തെന്ന് സര്‍വരോടും വിളിച്ചുപറയുക. രണ്ട്, മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാം. ഹമ്പട ഞാനേ. പിന്നെ, ഹയ്യട നീയേ. ആദ്യത്തേതിനുള്ള സൗജന്യ തട്ടകമായി പ്രഫൈലുണ്ട്, പോസ്റ്റും. പിന്നത്തേതിനുള്ള തുറന്ന ഹൈവേയായി കമന്റ്, ലൈക്ക്, പോക്. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ? മറ്റൊന്നും വേണ്ട. ആയതിനാല്‍, വെര്‍ച്വല്‍ അഭിരതിയുടെ  ആള്‍ക്കൂട്ടം ഉത്തരോത്തരം പുഷ്ടിപ്പെടുന്നു. 2009ല്‍ 15 ലക്ഷമായിരുന്ന ഫേസ്ബുക് സഖ്യം പിറ്റേക്കൊല്ലം നാലിരട്ടിയായി - മൊബൈല്‍ ഫോണിലും സംഗതിക്ക് വഴിതെളിയിച്ച സൂക്കര്‍ ബുദ്ധി നമോ നമഃ ഇക്കൊല്ലമൊടുക്കത്തോടെ അംഗബലം കോടി കവിയുമെന്ന് സായ്പ്പിന്റെ കണക്കുകൂട്ടല്‍. എന്തിനധികം, മുതലാളിത്തത്തിന്റെ കുത്തകവിരോധികളായ ഡിഫി എടുത്തില്ലേ, ഫേസ്ബുക്കിനെ വിപ്ലവായുധമാക്കാനുള്ള ദേശീയ തീരുമാനം?
ആയുധം ഒ.കെ. പക്ഷേ, സഖാക്കള്‍ ഇപ്പോഴും ഭൗതികത്തിരക്കിലാണ്. വെര്‍ച്വല്‍ വിപ്ലവത്തിന് നേരം തികയുന്നില്ല. അതുകൊണ്ടാവണം, നേതൃ രാജേഷുമാരുടെ അക്കൗണ്ടില്‍ സ്വന്തം പൂരങ്ങളില്ലാത്തത്, വല്ലവന്‍േറം പോസ്റ്റുകള്‍ക്കുള്ള ലഘു പ്രതികരണങ്ങളില്‍ പയറ്റൊതുങ്ങിപ്പോവുന്നത്. തോമസ് ഐസക്കിനെപ്പോലുള്ള സീനിയര്‍ വിപ്ലവകാരികളാണെങ്കില്‍ ആലപ്പുഴയിലെ തേര്‍തല്‍ വിശേഷങ്ങളില്‍ ലീല ഒതുക്കുന്നു. അത്യുദ്ഭുതം - ബേബി സഖാവിന് അക്കൗണ്ടേയില്ല! മുണ്ടശ്ശേരിക്കു പഠിക്കുമ്പോള്‍ അതങ്ങനെയായിരിക്കാം, പഴയ ബുക്കു മതി. ലോക്കല്‍ ഗാന്ധിയന്മാര്‍ പ്രത്യേകിച്ചെന്തെങ്കിലും പഠിച്ചുകളയുമെന്ന ആക്ഷേപം പണ്ടേയില്ല. താവഴി സൗഖ്യം കടുകിട തെറ്റില്ലാതെ തുടരുന്നു.
ഇതൊന്നും ആത്മരതിയും സ്വയം പ്രൊജക്ഷനും ഇല്ലാത്തതിന്റെ ചേതമല്ല, ഒക്കെ ഇക്കൂട്ടര്‍ക്ക് ഭൗതികലോകത്ത് സുലഭമായി കരവഹം. അതുതന്നെയാണ് സിനിമാതാരങ്ങളുടെയും കഥ. മമ്മൂട്ടിക്കെന്തിനാ വാള്‍? ലാലേട്ടനെന്തിനാ പ്രഫൈല്‍? പക്ഷേ, അവരുടെ പേരില്‍ അനുയായികള്‍ പടവെട്ടുന്നുണ്ട്, അഹോരാത്രം. ലാലേട്ടന്‍ പത്മശ്രീ, ഭരത്, ഡോക്ടര്‍ മെഗാ സ്റ്റാറെന്ന് ഒരു സങ്കീര്‍ത്തനം. ചുട്ട മറുകീര്‍ത്തനം ഉടനെ പെയ്തിറങ്ങി. മറ്റേ ഏട്ടന്‍ പത്മശ്രീ, ഭരത്, ഡോക്ടര്‍, അഡ്വക്കേറ്റ് മെഗായെന്ന്. ഇനിയും സന്നതെടുത്ത് സമനില കൈവരിക്കാന്‍ ലാലേട്ടന് പറ്റാഞ്ഞിട്ടല്ല, ചൊട്ടയിലേ കലാസപര്യക്ക് കര്‍ട്ടന്‍ പൊക്കിപ്പോയതിനാല്‍ 'ടൈം' കിട്ടിയില്ലെന്ന് മറുഗോട്ട്. ഇത് എഫ്.ബിയിലെ അങ്കണവാടി ഗ്രേഡാണെന്ന ആക്ഷേപമുള്ളവര്‍ക്ക് ചലച്ചിത്ര ബുജികളുടെ അക്കൗണ്ടിലേക്ക് സ്വാഗതം. ടക്, ടക്, ടക്... തുറക്കുന്നില്ലല്ലോ. തുറക്കില്ല. മുട്ടിയാലുടന്‍ തുറക്കാന്‍ ഇത് കര്‍ത്താവിന്റെ അള്‍ത്താരയല്ല. ബ്ലോക് ചെയ്തുവെച്ചിട്ടാണ് ഇഷ്ടന്മാരുടെ ലീല. ഇഷ്ടപ്പെടാന്‍ മുട്ടിക്കൊണ്ടേയിരിക്കണം. പെണ്‍മുട്ടാണെങ്കില്‍ ഫില്‍റ്റര്‍ ചെയ്ത് എടുക്കപ്പെടും എന്ന് ഒരു താരബുജിയുടെ സീക്രട്ട് കുമ്പസാരം.
അതെന്തായാലും, ഫേസ്ബുക്കിന്റെ ജൈത്രയാത്ര കേരളത്തില്‍ അഭംഗുരം മുന്നേറുകതന്നെയാണ്. അത് കേവലം ഉപകരണ സൗകര്യങ്ങളുടെയും നെറ്റ് വ്യാപനത്തിന്റെയും വളക്കൂറേകുന്ന വളര്‍ച്ചമാത്രമല്ല, ഒപ്പം മലയാളിയുടെ പ്രകൃതത്തിന്റെയും മനോഭാവത്തിന്റെയും കഥകൂടിയാണ്. ഈലിയാസ് കാനേറ്റിയുടെ തിരുവാ വായ്പയെടുത്താല്‍, കേരളം ഒരു 'ഓപണ്‍ ക്രൗഡി'ന്റെ മണ്ണാണ്. രൂപമെടുത്തുകഴിഞ്ഞാലുടന്‍ കൂടുതലാളെ കയറ്റാന്‍ വെമ്പുന്നതരം ആള്‍ക്കൂട്ടം. 'വളരാനുള്ള ത്വര'യാണ് അതിന്റെ പ്രഥമവും പരമവുമായ മനോഭാവം. വളര്‍ച്ചക്ക് വേലികളില്ല. വാതിലോ പൂട്ടോ ബന്തവസോ ഒന്നുമതിന് ഗൗനമില്ല. കൂട്ടത്തില്‍ ചേരാത്തവരെ സംശയിക്കുകയും ചെയ്യും. ഫ്രന്‍ഡ് ആകാന്‍ പറ്റുമോ എന്ന ചോദ്യത്തിന് യെസ് മൂളാത്തവര്‍ക്ക് ഉടനെ വേദനാവാണിയും ശിപാര്‍ശക്കുറിപ്പും തൊട്ട് കെഞ്ചല്‍ ഗീതകങ്ങള്‍വരെ അയക്കുന്നതിന് മറ്റെന്തു വിശദീകരണമാണ് കൊടുക്കുക?
രണ്ടു തരത്തിലാണ് ഫേസ്ബുക്കിന്റെ ഈ മലയാളി പിടിത്തം സഫലമായത്. ഒന്ന്, നിരന്തര സമ്പര്‍ക്കമുള്ളൊരു സാമൂഹിക വൃത്തത്തില്‍ ചങ്ങാതികളെയും പരിചയക്കാരെയും വലിച്ചിടാമെന്ന ആശയം ഇവിടെ സുഖമായി വിറ്റഴിയും. അതിപ്പോ മണിചെയിനായാലും മോഹച്ചെയിനായാലും. രണ്ട്, 'സോഷ്യല്‍ മീഡിയ' കണ്ടുപിടിച്ചതുതന്നെ മലയാളിക്കു വേണ്ടിയാണെന്ന് തോന്നിപ്പോകും - അത്രക്കാണ് യഥാര്‍ഥ സാമൂഹികബന്ധങ്ങളുടെ അസ്തമയം. മതാചാരങ്ങള്‍ തൊട്ട് ഉത്സവങ്ങളില്‍വരെ വേറിടലിന്റെ ബോധപൂര്‍വമായ ഒരു നിരാകരണം വ്യക്തമായി നിഴലിച്ചുകാണാം. മനുഷ്യനിവിടെ ഒറ്റപ്പെട്ടവനല്ലാതായിരിക്കാന്‍, ചുറ്റുപാടുകളില്‍ മുഴുകിയിരിക്കുന്നവനായിട്ടാണ് കലതൊട്ട് കളിവരെ എന്തിലെയും ചിത്രീകരണം. ആള്‍ക്കൂട്ടത്തിലേക്ക് സ്വയം വരച്ചു ചേര്‍ക്കാന്‍ മലയാളിക്കു കിട്ടിയ മറ്റൊരു കാന്‍വാസാണോ ഫേസ്ബുക്? പല എഫ്.ബി പേജിലും ബന്ധത്തിന്റെ ഈ 'ഡിസ്‌പ്ലേ' പ്രകടമായുണ്ട്. പാടേ സ്വകാര്യമായ സൊറപോലും തുറന്നു മലര്‍ത്തിയിട്ട് അത് മാളോരെ പ്രലോഭിപ്പിക്കുന്നു. പ്രലോഭനം ചെറുക്കാനാവാത്തവര്‍ നിലംതല്ലി വീഴുന്നു. അല്ല, അതെന്തിനു ചെറുക്കണം, ഈ തള്ളിക്കയറ്റമാണ് ഉള്ളിലിരിപ്പെങ്കില്‍?
സത്യത്തില്‍, ഈ ഉള്ളിലിരിപ്പിനു വീണുകിട്ടിയ മേച്ചിലിടമല്ലേ എഫ്.ബി? ഓര്‍ക്കുട്ടില്‍ തുടങ്ങിയതാണീ കെട്ടഴിക്കല്‍. പക്ഷേ, ഇത്ര 'സൗകര്യം' പോരാ. അമേരിക്കര്‍ അത് മുമ്പേ തിരിച്ചറിഞ്ഞു തള്ളി. മലയാളിക്ക് കൃത്യമായ ഒരു യു.എസ് പള്‍സുണ്ട്. അനുകരണമല്ല, മനഃപൊരുത്തമാണത്. അച്യുതാനന്ദന് വൈറ്റ് ഹൗസുണ്ടായിരുന്നെങ്കില്‍ ഉസാമയെ എന്നേ തൂക്കിയേനെ. ബുഷങ്കിള്‍ എ.കെ.ജി സെന്ററിലായിരുന്നേല്‍ മൂന്നാര്‍ ഓപറേഷനും ഉറപ്പ്. ഈ മനഃപൊരുത്തത്താല്‍ ഓര്‍ക്കുട്ടിനെ മലയാളിയും തള്ളി. ഫേസ്ബുക്കിന്റെ വേറിട്ട പ്രത്യേകത, അതില്‍ വെഞ്ചരിക്കാന്‍ എളുപ്പമാണെങ്കിലും, സഞ്ചരിക്കാന്‍ സ്വീകാര്യത വേണമെന്നതാണ്. ഫ്രന്‍ഡാവാന്‍ അപരന്‍ 'accept'  ചെയ്യണം. അതു കിട്ടുന്നതിലൂടെയാണ് നിങ്ങള്‍ ഐഡന്റിറ്റി ഉറപ്പിക്കുക, മലയാളിയുടെ വ്യഗ്രത, താന്‍ തിരിച്ചറിയപ്പെടുന്നതിലാണ്. അതിനുവേണ്ടി ഏതാള്‍ക്കൂട്ടത്തിലും കയറിപ്പറ്റും. ആള്‍ക്കൂട്ടത്തിലായിരിക്കെത്തന്നെ വേറിട്ടറിയപ്പെടണം. കൂട്ടത്തില്‍ സ്വയം മുങ്ങിയലിയാനല്ല താല്‍പര്യം, എഴുന്നു നില്‍ക്കാനാണ്. അതിനുപക്ഷേ ഒരാള്‍ക്കൂട്ടം വേണം താനും. എഴുന്നുകഴിയാനുള്ള വിദ്യയൊന്നും അവനെ ആരും പഠിപ്പിക്കണ്ട. ദാ ഒരു കിടിലന്‍ സാമ്പിള്‍:
''ഷര്‍ട്ടിടാതെ കുറച്ചു ഫോട്ടോയിട്ടതു കാരണം സ്വവര്‍ഗമൈഗുണന്മാരുടെ പ്രണയം എന്നിലേക്ക് രൂക്ഷമായിരിക്കുന്നു. എഫ്.ബി തുറന്നാല്‍ മെസേജ് ബോക്‌സിലും റിക്വസ്റ്റ് ബോക്‌സിലും ചാറ്റ് വിന്‍ഡോയിലുമെല്ലാം ആണ്‍ പ്രണയമിങ്ങനെ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. വിമത ലൈംഗികര്‍... കോപ്പ്. പൊന്നു സുഹൃത്തുക്കളേ, ഒരു പെണ്ണ്, അത് ഏത് റേഞ്ചിലുള്ളതായാലും, ഒരു കൈ (അല്ലെങ്കില്‍ 100/1000 കൈ) നോക്കാന്‍. ഞാനെപ്പോഴും തയാറാണ്. പക്ഷേ, നിങ്ങളുടെ ഒലിപ്പിക്കല്‍ എനിക്ക് ഓക്കാനത്തില്‍ കുറഞ്ഞ ഒന്നുമുണ്ടാക്കുന്നില്ല. ആണ്‍ എന്ന് എല്ലായ്‌പോഴും പൂര്‍ണാര്‍ഥത്തില്‍ വിശ്വസിക്കുന്ന എനിക്ക് പ്രണയിക്കാനും കാമിക്കാനും പെണ്ണില്‍ക്കുറഞ്ഞ ഒന്നും ഈ ലോകത്തില്‍ ആവശ്യമില്ല. നിങ്ങള്‍ മെനക്കെട്ട് സമയവും പൈസയും മുടക്കി എന്നെ വിളിക്കുന്നതിനുപകരം നിങ്ങളുടെ ഭാര്യമാര്‍ക്ക് എന്റെ നമ്പര്‍ കൊടുക്കുവിന്‍. ഞാന്‍ കൃതാര്‍ഥനായിരിക്കും, അല്ല പിന്നെ...''
- ആദ്യം സ്റ്റീല്‍ ബോഡി പ്രദര്‍ശനം, പിന്നാലെ ഈ പ്രഖ്യാപന പ്രദര്‍ശനം, വിപണി, ലക്ഷ്യവേധിയായിട്ടുണ്ടാവും എന്നു കരുതാം. ഇല്ലെങ്കില്‍ എത്രയും വേഗം ആയിക്കിട്ടാന്‍ ഉദ്ദിഷ്ട ദേവകളോടു പ്രാര്‍ഥിക്കാം. രണ്ടായാലും ആത്മരതിസുഖസാരേ ദീര്‍ഘായുസ്സ്.
തന്ത്രസമുച്ചയത്തില്‍ ആഭിചാര നമ്പറുകള്‍ ഇതൊന്നു മാത്രമല്ല. ഉള്ളത് മിക്കവാറും നമ്പറുകള്‍തന്നെ. മേപ്പടി നൈവേദ്യത്തിന്റെ സ്ത്രീലിംഗം വായിച്ചാലും: ''ജീവിതത്തില്‍ ഞാനുപയോഗിക്കുന്ന വസ്തുക്കളില്‍ എനിക്കേറ്റവും ഇഷ്ടം എന്റെ മൊബൈല്‍ ഫോണാണ്. ഏതോ ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തില്‍ ഒരു കുട്ടിക്കൊപ്പം പട്ടി നടക്കുന്നതുപോലെയാണെന്റെ മൊബൈല്‍ പ്രണയം. എപ്പോഴും എന്റെ കൂടെയുണ്ടാവും. വീട്ടില്‍ ഒരാളെയും ഞാന്‍ തൊടാന്‍ വിടാത്ത എന്റെ വസ്തുവകകളില്‍ ഒന്നാണെന്റെ മൊബൈല്‍ ഫോണ്‍...'' എന്നു തുടങ്ങുന്ന കുയില്‍പ്പാട്ട് ഒടുവില്‍ പാടാകൃതത്തിലേക്ക് കടക്കുമ്പോള്‍ നമ്മളറിയുന്നു, ആരോ പാതിരാക്ക് ഈ അനാഘ്രത കുസുമത്തേല്‍ മണിയൊച്ച മുഴക്കിയെന്നും ഉടമ ക്ഷുഭിതയായെന്നും. അതിനിപ്പോ നമ്മളെന്തു വേണം എന്ന ചോദ്യം പാടില്ല. ഫേസ്ബുക് ശ്രീമതികള്‍ എന്തു മൂളിയാലും സഹജീവികള്‍ ജുഗല്‍ബന്ദി ചെയ്‌തോളണം. അതാണ് പ്രപഞ്ച നിയമം. അതുകൊണ്ട,് നിയമപാലകര്‍ ഏറ്റുപാടി:
(1) താക്കീതാണിത് താക്കീത്, പൂവാലന്മാര്‍ക്കിത് താക്കീത്.
(2) ഫോണ്‍ നമ്പര്‍ തരുമെങ്കില്‍ രാത്രിയില്‍ ഫോണ്‍ ചെയ്ത് കൊഞ്ചി അല്‍പം വെറുപ്പു സമ്പാദിക്കാമായിരുന്നു...
(3) അതായത്, അസമയത്ത് എത്ര സുഹൃത്തായാലും വ്യക്തമായ കാരണമില്ലാതെ വിളിക്കരുത്. അത് ഒരു സുഹൃത്തിന്റെ രീതിയേയല്ല. ഒഴിവാക്കലാണ് നല്ലത്.
(4) ഞാനാരെയെങ്കിലുമൊക്കെ ശല്യം ചെയ്തിട്ടുണ്ടാകുമല്ലോ എന്നൊരു കുറ്റബോധം മനസ്സിലെവിടെയോ കുരുങ്ങുന്നതുകൊണ്ടാണ് ഇതുവരെ ഈ പോസ്റ്റിനു നേരെ ഒന്നും എഴുതാതിരുന്നത്... എങ്ങനെയുണ്ട് ആത്മപോഷണ ജുഗല്‍ബന്ദി? ഈ പരിപ്രേക്ഷ്യത്തില്‍ കേരളം മുന്നേറിക്കൊണ്ടിരിക്കെയാണ് ശാരദക്കുട്ടിയുടെ ഇ-അഭ്യര്‍ഥന:
''ആണുങ്ങളേ, നിങ്ങള്‍ ടാഗ് ചെയ്യുമ്പോള്‍ പെണ്ണുങ്ങളുടെ പേര് ടാഗ് ചെയ്യാതിരിക്കുക. പെണ്ണുങ്ങളേ, നിങ്ങള്‍ കമന്റിടുമ്പോള്‍ ആണുങ്ങളുടെ വാളിലാകാതിരിക്കട്ടെ. ഇതു കേരളമാണ്. ഇവിടെ ഇനിയും സൂര്യനുദിച്ചിട്ടില്ല എന്നു ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ. ഇവിടെയാകെ വശീകരിക്കാനും വശീകരിക്കപ്പെടാനും മുട്ടിനില്‍ക്കുന്നവരാണെന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ക്കുമുണ്ടാവുമല്ലോ, നിങ്ങളുടേതായ പ്രത്യേക കമ്പാര്‍ട്‌മെന്റുകള്‍. വശീകരിക്കാനുള്ള തറവേലകളില്‍ ഏര്‍പ്പെടാതിരിക്കൂ. വശീകരിക്കപ്പെടാതിരിക്കൂ. വഞ്ചിതരാകാതിരിക്കൂ. സംസ്‌കാര സമ്പന്നരാകൂ...''
ഈ അഭ്യര്‍ഥനയുടെ ബലത്തില്‍ രായ്ക്കുരാമാനം സംസ്‌കാരസമ്പന്നത ആര്‍ജിച്ചവരുടെ കൂട്ടത്തില്‍ ലേഖികയുടെ വാളില്‍ സ്ഥിരമായി വാളുവെച്ചുപോന്ന ഒരു സാഹിത്യകേസരിയുമുണ്ടെന്ന് ഫേസ്ബുക്കിലെ അശരീരി. അതെന്തായാലും, വശീകരണ മാധ്യമമാണ് ഈ കൊച്ചുപുസ്തകമെന്ന് പറയുന്നതില്‍ അതിശയോക്തികളുണ്ടോ? വിശേഷിച്ചും കൊച്ചുപുസ്തകങ്ങളുടെ ധര്‍മം അതായിരിക്കെ?
അഭിപ്രായങ്ങള്‍ ഫേസ്ബുക്‌പോലെ പന്തലിക്കും. തങ്ങളുടെ ആശയങ്ങളും അഭിമതങ്ങളും വിക്ഷേപിക്കാനുള്ള ഈസി ലോഞ്ച് പാഡായി ഇതിനെ കാണുന്ന പലരുമുണ്ട്. ജനാധിപത്യപരമായ സംവാദമുറിയായി സംഗതി ഉയരുന്നില്ലെന്ന പരിഭവം അവര്‍തന്നെ അടുത്ത നിമിഷമുയര്‍ത്തും. പെണെ്ണഴുത്തിനെപ്പറ്റി ഗൗരവാവഹമായ അഭിപ്രായപ്രകടനങ്ങള്‍ കമന്റുകളുടെ തായമ്പകയില്‍പെട്ട് ഒടുവില്‍ ആറ്റുകാല്‍ രാധാകൃഷ്ണ ഡോക്ടറുടെ വശീകരണ ഏലസായി പരിണമിക്കുന്ന കാഴ്ച സാധാരണം. ഇതേവിധമാണ് കവിതാചര്‍ച്ചകളുടെ തലവരയും. ആത്മാരാമന്മാര്‍ക്കിടയില്‍ കവിത ചര്‍ച്ചക്കുവെച്ചവന്‍ സ്വന്തം ആത്മാരാമത്വം കടലെടുക്കുന്നതുകണ്ട് കാശിക്കുപോകും. വെക്കുന്നത് വല്ലവന്റെയും വിതയാണെങ്കില്‍ അതു കാറ്റെടുക്കും. രാഷ്ട്രീയത്തിന്മേലുള്ള ധാര്‍മികരോഷപ്രകടനമാണ് ഇനിയൊരു വിനോദം. കമന്റികമന്റി ഉള്ളി തൊലിച്ചുകഴിയുമ്പോള്‍ രാഷ്ട്രീയവുമില്ല, ധര്‍മരോഷവുമില്ല. ഉള്ളിലിരിപ്പ് പച്ചയായി ശൂന്യമുഖം കാട്ടും-ഹമ്പട ഞാനേ.
ഈയിടെ യോര്‍ക് യൂനിവേഴ്‌സിറ്റി പഠനം നടത്തിയത് മലയാളികള്‍ക്കുവേണ്ടിയായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പഠനഫലമിതാണ്: കൂടുതല്‍ നേരം ഫേസ്ബുക്കില്‍ ചെലവിടുന്നവര്‍ ഒന്നുകില്‍ നാര്‍സിസ ഗേഡ്ര് വളരെ കൂടിയവര്‍. അല്ലെങ്കില്‍, അപകര്‍ഷം കൂടിപ്പോയവര്‍-ഈ രണ്ടിനങ്ങള്‍ക്കും സ്വയം പ്രൊജക്ഷന്‍ സുപ്രധാനമാണ്. പഠനം അമേരിക്കയിലെ എഫ്.ബി. ലോകര്‍ക്ക് ചൊറിച്ചിലുണ്ടാക്കി. സ്വാഭാവികമായും കേരളത്തിലും ചൊറിയണമല്ലോ. എന്നാലും, ഫേസ്ബുക്കിലൂടെ മുന്നേറ്റാനുദ്ദേശിക്കുന്ന സ്വന്തം പ്രതിച്ഛായ/സ്വത്വം ശരിലോകത്തെ ഐഡന്റിറ്റിയുടെ അപനിര്‍മാണവേലയല്ലേ? ആളുകളെ ഹോംപേജിലേക്ക് വരുത്തിക്കൊണ്ടിരിക്കാന്‍ ഏതെങ്കിലുമൊക്കെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടേ മതിയാവൂ-ശ്രദ്ധപിടിക്കല്‍ അതിലൊന്നാണുതാനും. ഇല്ലെങ്കില്‍പിന്നെ ഈ പണിക്ക് മെനക്കെടേണ്ടല്ലോ.
പ്രഫഷനലായി 'കാണപ്പെ'ടാനും ബന്ധപ്പെട്ട മേഖലകളില്‍ പങ്കെടുക്കാനും നെറ്റ്‌വര്‍ക് ചെയ്യാനും എഫ്.ബിയെ ഉപയോഗിക്കുന്നവരുണ്ട്. പഴയ ഇന്‍ഫോലൂപ് തിയറിപ്രകാരമുള്ള നിലനില്‍പിന്റെ സൂത്രവിദ്യ. കേരളത്തില്‍ പക്ഷേ ആ  സൂത്രത്തിന് അത്ര മാര്‍ക്കറ്റില്ല. അഥവാ അത്തരക്കാര്‍ കളത്തിനുള്ളിലായിരിക്കെതന്നെ കളിക്കു പുറത്താണ്. കളി മുന്നേറ്റുന്നത് അസ്തിത്വദുഃഖത്തിന്റെ റീട്ടെയ്ല്‍ വ്യാപാരവും അതിന്റെ മറയിലെ അവനവന്‍ വിക്ഷേപണവും അതില്‍പിടിച്ചു ചെയ്യുന്ന മന്മഥബാണവുമൊക്കെത്തന്നെ. പച്ചക്കുപറഞ്ഞാല്‍, രതിയാണീ വെര്‍ച്വല്‍ അഭിരതിയുടെ കേരളീയ കാതല്‍. അതിനെ വശീകരണം/വശീകരിക്കപ്പെടല്‍/വളക്കല്‍/ഒടിക്കല്‍ എന്നൊക്കെ പല ബ്രാക്കറ്റില്‍പ്പെടുത്തുന്നവരുണ്ടാകാം. ശരി പല ഇഴകളായി പിരിഞ്ഞുകിടക്കുമ്പോഴും തറി ഒരു നേരു  വിളിച്ചുപറയുന്നു: ഈ വെര്‍ച്വല്‍ കളിക്കു പിന്നിലെ ഒട്ടും വെര്‍ച്വലല്ലാത്ത ഭൗതിക യാഥാര്‍ഥ്യം മലയാളിയുടെ ചങ്ങലക്കിട്ട രതീയതതന്നെ. കെട്ടഴിക്കാന്‍ പറ്റിയ മാധ്യമം ഒത്തുകിട്ടിയാല്‍ രാമനും ആത്മാരാമനും സീതയും മായാസീതയുമൊക്കെ അവരവരുടെ വഴിക്ക് വില്ലുകുലക്കും. സാഹിത്യം, കല, സിനിമ, പാട്ട്, ആത്മദുഃഖം, പരദുഃഖം, തത്ത്വജ്ഞാന വാചാടോപം തുടങ്ങി പല മുഖംമൂടികളിട്ടാവും അവതരണഗാനം. കച്ചേരി മൂക്കുന്നതോടെ സാഹിത്യം അപ്രസക്തമാവും. അല്ലെങ്കില്‍ ഏതൊരു ചാറ്റും നോക്ക്. തുടങ്ങി പത്തുമിനിറ്റിനകം എ.എസ്.എല്‍ ചോദിക്കയായി. ഏജ്, സെക്‌സ്, ലൊക്കേഷന്‍. അതുപിന്നെ ഉഭയകക്ഷി നിയമമനുസരിച്ച് ഉദ്ദിഷ്ടലക്ഷ്യങ്ങളിലേക്ക് ശടപടേന്ന് നീങ്ങുകയോ ദിശമാറ്റുകയോ ചെയ്യാം. ഓഷോ പറഞ്ഞമാതിരി, ഇത്തരം തൃഷ്ണകള്‍ക്ക്/ആവശ്യങ്ങള്‍ക്ക് അവയുടെ നിരാകരണത്തിലൂടെ പരിഹാരമില്ല. തനിവഴിയായാലും സഹകരണ സംഘമായാലും പോംവഴിക്കൊരു പോസ്റ്റ്- പോര്‍നോഗ്രഫിക് മേഖലയാണ് എഫ്.ബിയുടെ 'വാഗ്ദാനം'. ഒന്നുകില്‍ ഒളിയമ്പുകളാല്‍ ഈ സൂപ്പര്‍മാര്‍ക്കറ്റ് ബ്രൗസ് ചെയ്തുകൊണ്ടേയിരിക്കാം. അല്ലെങ്കില്‍ ആത്മാരാമത്വംകൊണ്ട് ലിബിഡോക്ക് കൊഴുപ്പുകൂട്ടാം. ജനിതകം അല്ലെങ്കില്‍ അസ്തിത്വപരമായ പ്രത്യേകാവശ്യമൊന്നും ഈ നവീന തലമുറക്ക് ഉണ്ടാകണമെന്നില്ല. കാരണം, പ്രതിബദ്ധതയുള്ള മനുഷ്യബന്ധങ്ങളുടെ അടിസ്ഥാന സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ രതിയുടെ പുസ്തകത്തില്‍ ഒരു വഹയുമില്ല. രതി താല്‍ക്കാലികവും സംഘര്‍ഷവും ശാശ്വതവുമാകുന്നു. രതീയ പരിഹാരം പ്രധാനമാവുക ആ താല്‍ക്കാലികത പ്രശ്‌നമാകുന്നവര്‍ക്കുമാത്രം. പരമ ലളിതമായ ഈ വസ്തുതക്ക് ബോധപൂര്‍വം മുഖംതിരിക്കുകയാണ് മനുഷ്യന്റെ ആള്‍ക്കൂട്ട സംവേദനങ്ങളൊക്കെ. വ്യവസായികമായ പരിഹാരങ്ങള്‍, സിനിമ, പ്രസിദ്ധീകരണങ്ങള്‍, വെബ്‌സൈറ്റുകള്‍ ഒക്കെത്തന്നെ. സാംസ്‌കാരികത ചുരുങ്ങുമ്പോള്‍ ആചാരങ്ങളുടെ വിപുലമായ പുനര്‍ജനിയുണ്ടാവും. മനുഷ്യന്റെ ആദ്യചോദ്യത്തെ-മരണത്തെ-അകറ്റിനിര്‍ത്താനുള്ള അടവുകളാണല്ലോ ഓരോ ആചാരവെടിയും. ജീവിതത്തിന്റെ ഭയങ്കരമായ/വേദനാപൂര്‍ണമായ അന്ത്യമാണ് മരണം എന്ന ഭയസങ്കല്‍പം. ഏതു രതിയധിഷ്ഠിത സംസ്‌കാരത്തിന്റെയും ലക്ഷണമാണ് ഫേസ്ബുക്കിലെ അയകൊയമ്പന്‍ കേരളീയ സൊറകള്‍ക്കുപിന്നില്‍  നിറയുന്നത് സൊറയുടമകള്‍പോലുമറിയാത്ത ഈ വ്യഗ്രതയാണ്.
പ്രശ്‌നം മാധ്യമത്തിന്‍േറതല്ല. അതു സത്യത്തില്‍ വാഗ്ദാനം ചെയ്യുന്നത് ഇത്തരം ബാലാരിഷ്ടതകള്‍ക്കപ്പുറത്തെ ഒരു സവിശേഷ ഭാവിയാണ്. അതിന്റെ ആദിവാഗ്ദാനം ലളിതമായിരുന്നു-ഇന്റര്‍നെറ്റിന്റെ പ്രാഥമികയുക്തിയോട് രമ്യമായി ഇഴചേര്‍ന്ന ഒന്ന്-വിവരകൈമാറ്റത്തിന് വേഗം കൂട്ടുക. വ്യക്തിത്വവിവരങ്ങള്‍ പക്ഷേ എഫ്.ബിയുടെ പ്രയോജന സിദ്ധാന്തം എന്ന നിലയില്‍നിന്ന് അതിന്റെ വെറും കറന്‍സിയായി മാറി. പൊതുവേദിയില്‍ യൂസര്‍ നഗ്‌നനാകുമ്പോള്‍, അവന്റെ/അവളുടെ ഹിപ്പോക്രസി മണ്‍മറയേണ്ടതായിരുന്നു. കാരണം, ഇത്തരം സുതാര്യമാധ്യമങ്ങള്‍ അവയുടെ സത്തയില്‍ ശ്രമിക്കേണ്ടത്, ദേഹാഭിമുഖ്യങ്ങള്‍ക്കപ്പുറം ഒരു തരം 'ഇക്ബന'യാണ്-യൂസറുടെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ഫോട്ടോകള്‍, വിനിമയത്തിന്റെ കുറുഭാഷ, കുറിമാനങ്ങള്‍ക്കുള്ള ഗെസ്റ്റ്ബുക് തുടങ്ങി പ്രഫൈലിനെ അലങ്കരിക്കുന്നതെല്ലാം ഒരു ബുദ്ധിസ്റ്റ് ശവസംസ്‌കാരച്ചടങ്ങിനെ ഓര്‍മപ്പെടുത്തുന്നു. നിശ്ശബ്ദ കോണുകളിലിരുന്ന് തങ്ങളുടെ ഗതരൂപങ്ങളെ പുലര്‍ത്തി, മുന്നേറാന്‍ കീബോര്‍ഡില്‍ മുട്ടുന്ന ഒറ്റയൊറ്റ മനുഷ്യര്‍. ലക്ഷക്കണക്കിനായ അത്തരം രൂപങ്ങളെയും യൂസര്‍മാരെയും മനസ്സില്‍ കാണുക-അതൊരു ഓര്‍ക്കസ്ട്രയാകും. ഇങ്ങനെ നോക്കുമ്പോള്‍, ഫേസ്ബുക് നമ്മളെ, ഭാവിയിലെ സാമൂഹികപ്പെരുമാറ്റത്തിന് തയാറെടുപ്പിക്കയാണോ? നൈമിഷികമായ തൃഷ്ണകളെ കുടിയൊഴിപ്പിക്കുകയും ശാശ്വതഭയങ്ങളെ അഭിമുഖീകരിപ്പിക്കുകയും ചെയ്യുന്നൊരു തയാറെടുപ്പ്? അങ്ങനെയായിരിക്കും ഭാവിയെന്ന് പറയുന്നവരുണ്ട്. ആഗ്രഹചിന്ത? ദിവാസ്വപ്‌നം?
സംശയിക്കാന്‍ ന്യായമുണ്ട്. ഗ്ലോബല്‍ ഗ്രാമത്തില്‍ ലോകം ഒരുപാട് കുള്ളനായി. ഒരു കാലത്ത് മിത്തിക്കല്‍ നായകര്‍ പ്രപഞ്ചശക്തികളോട് മല്ലടിച്ച് തീയും വെള്ളവും കൊണ്ടുവന്നു. നിലമുഴുതു. പടവെട്ടി. എല്ലാം മനുഷ്യ സംസ്‌കാരത്തിനുവേണ്ടി. ഇന്ന് ഒരു ഭഗീരഥന്‍ കൊച്ചുവെളുപ്പാന്‍ കാലത്തേ പോസ്റ്റ് ചെയ്യുന്നു: ''ജീവിതം പതിവു ബോറടി പുനരാരംഭിക്കുന്നു-കോള്‍ഗേറ്റുകാരന്റെ അടിമപ്പണി. പല്ലുതേപ്പ്. ''പ്രോമിത്യൂസ് വാളില്‍ രേഖപ്പെടുത്തുന്നു: ''ബോറടിയോ? അപ്പോ ഞാന്‍ ഇന്നലെ വിട്ട മറ്റേ കൊറിയന്‍പടം?''
ഇതാണ് ഫേസ്ബുക്കിന്റെ നടപ്പുകേരളീയം. സക്കര്‍ബര്‍ഗ് കണ്ടുപിടിച്ചില്ലായിരുന്നേല്‍ ഇവിടൊരു സുകുമാരനോ സുരേഷോ സംഗതി സാധിച്ചേനേ. കാരണം, ഫേസ്ബുക് തനി മലയാളിപ്പുസ്തകമാണ്. ആവശ്യമാണല്ലോ ചിരപുരാതനമായി സൃഷ്ടിയുടെ പെറ്റതള്ള.
ശിഷ്ടം: തുടക്കത്തില്‍ കണ്ട പടത്തിലേക്കു വരാം. വിഷാദനായിക എറീക്ക ചികിത്സക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. അവളും ഇന്നൊരു എഫ്.ബി യൂസറാണ്. ഫ്രന്‍ഡ്‌സ് പട്ടികയില്‍പ്പെടുത്താന്‍ പലകുറി വന്ന റിക്വസ്റ്റ് അവള്‍ നിരാകരിച്ചു- സാക്ഷാല്‍ സക്കര്‍ബര്‍ഗിന്റെ.


വിജു വി. നായര്‍

Blogger templates

.

ജാലകം

.