കഥയിലൊതുങ്ങാത്ത ജീവിതങ്ങള്‍ ,ഒരു ഗള്‍ഫ് സ്മരണ.


ഗള്‍ഫില്‍ എത്തിയിട്ട് വര്‍ഷം ഇരുപതിനോട ടുക്കുന്നു. നാട്ടില്‍ ജീവിച്ച അത്രയുംകാലം ഗള്‍ഫിലും പിന്നിടുന്നു. ആദ്യം ഇവിടെ എത്തുമ്പോള്‍ പത്തുവര്‍ഷം പിന്നിട്ടവരെ കണ്ട$ാല്‍പോലും അദ്ഭുതമായിരുന്നു. ഇത്രകാലം ഈ മരുക്കാട്ടിലോ എന്ന് അതിശയിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ പക്ഷേ, ഏറെക്കാലമായെന്ന് തോന്നുന്നതേയില്ല. അത്രവേഗത്തിലാണ് ജീവിതം വര്‍ഷങ്ങളെ തിന്നുകളഞ്ഞത്. മറ്റുപലരും പിന്നിട്ട കണക്ക് കേള്‍ക്കുമ്പോള്‍ ഈ മരുവാസ ക്കാലത്തിനെ "നീണ്ട' എന്ന് വിശേഷിപ്പിക്കാന്‍ തോന്നുന്നുമില്ല. ഇക്കാലത്തിനിടയില്‍ എത്ര മുഖങ്ങളാണ് കണ്‍മുന്നിലൂടെ നടന്നുപോയത്. ആളുകള്‍ നിരന്തരം വന്നും പോയും ഇടംമാറിയും ജോലിമാറിയും കഴിയുന്ന ഈ അസ്ഥിരസമൂഹത്തില്‍ അതിന്‍െറ അളവിത്തിരി കൂടുതലാണ്. വിചിത്രങ്ങളും സംഭ്രമകരങ്ങളുമായ എത്രയെത്ര ജീവിതങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍. ചിലരെ ഒറ്റവരിയില്‍ ഓര്‍മിക്കാം. ചിലരെ ഒരു നോവലിന്‍െറ വലുപ്പത്തിലും.
ഒന്ന്
ഒരു തൊഴിലന്വേഷകനായി ഗള്‍ഫ്നാട്ടിലേക്ക് എത്തിയിട്ട് വര്‍ഷങ്ങള്‍ ഇരുപതിനോടടുക്കുന്നു. നാട്ടില്‍ ജീവിച്ച അത്രയുംകാലം ഗള്‍ഫിലും പിന്നിടുന്നു. ആദ്യം ഇവിടെ എത്തുമ്പോള്‍ പത്തുവര്‍ഷം പിന്നിട്ടവരെ കണ്ടാല്‍പോലും അദ്ഭുതമായിരുന്നു. ഇത്രകാലം ഈ മരുക്കാട്ടിലോ എന്ന് അതിശയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിലധികമില്ല എന്നുപറഞ്ഞ് തുടങ്ങിയതാണ് ഞാന്‍. പലവിധകാരണങ്ങളാല്‍ ജീവിതം നീണ്ടുനീണ്ട് ഇവിടംവരെയെത്തി. എന്നെപ്പോലെ പലരും അങ്ങനെതന്നെ. ഇന്നിപ്പോള്‍ പക്ഷേ, ഏറെക്കാലമായെന്ന് തോന്നുന്നതേയില്ല. അത്രവേഗത്തിലാണ് ജീവിതം വര്‍ഷങ്ങളെ തിന്നുകളഞ്ഞത്. മറ്റുപലരും പിന്നിട്ട കണക്ക് കേള്‍ക്കുമ്പോള്‍ ഈ മരുവാസക്കാലത്തിനെ ‘നീണ്ട’ എന്ന് വിശേഷിപ്പിക്കാന്‍ തോന്നുന്നുമില്ല. ഇക്കാലത്തിനിടയില്‍ എത്ര മുഖങ്ങളാണ് കണ്‍മുന്നിലൂടെ നടന്നുപോയത്. ആളുകള്‍ നിരന്തരം വന്നുംപോയും ഇടംമാറിയും ജോലിമാറിയും കഴിയുന്ന ഈ അസ്ഥിര സമൂഹത്തില്‍ അതിന്‍െറ അളവിത്തിരി കൂടുതലാണ്.   വിചിത്രങ്ങളും സംഭ്രമകരങ്ങളുമായ എത്രയെത്ര ജീവിതങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍.  ചിലരെ ഒറ്റവരിയില്‍ ഓര്‍മിക്കാം. ചിലരെ ഒരു നോവലിന്‍െറ വലുപ്പത്തിലും.
തുച്ഛവരുമാനക്കാരനായിരുന്ന ഒരു  തൊഴിലാളി. കെട്ടിടനിര്‍മാണക്കമ്പനിയിലാണ് ജോലി. അര്‍ബാബ ഉന്തലാണ് പണി.  മാസാമാസം കിട്ടുന്നതില്‍നിന്ന് മിച്ചംപിടിച്ച് ഒരു ചിട്ടിക്ക് ചേരുന്നു. നീണ്ട ഇരുപത് മാസക്കാലത്തിനുശേഷം തിരിച്ചുകിട്ടിയ ചെറുതല്ലാത്ത തുക,  ഡാന്‍സ്ബാറില്‍പോയി ഒറ്റരാത്രികൊണ്ട് തീര്‍ത്തിട്ടുവന്ന് ഓ, അതുപോയിക്കിട്ടി എന്നുപറയുന്ന ലാഘവത്വം!
എന്നും ഡാന്‍സ്ബാറില്‍പോയി ചെറുതല്ലാത്ത ഒരു തുക പെണ്ണുങ്ങളുടെ മുന്നില്‍ എറിഞ്ഞുകളയുന്ന ഒരു ഇടത്തരം കമ്പനി ഉടമസ്ഥന്‍. ഇങ്ങനെ അധ്വാനിച്ചുണ്ടാക്കുന്ന പണം എന്തിനിങ്ങനെ വലിച്ചെറിയുന്നു എന്ന് ചോദിക്കുമ്പോള്‍ അതിലൊരു പൈസപോലും എന്‍െറ സ്വന്തമായില്ല, പകരം ദിവസവും ഞാനെന്‍െറ തൊഴിലാളികളുടെ രണ്ടുമണിക്കൂര്‍ ഓവര്‍ടൈം കട്ട് ചെയ്ത് മാറ്റും. അതില്‍നിന്ന് കിട്ടുന്ന പൈസയാണ് ഞാന്‍ അവിടെ തുലക്കുന്നത് എന്നുപറയുന്ന ദുഷ്ടത്തരം.
രാവിലെ ഓഫീസില്‍ എത്തിയാല്‍ ആദ്യം കാല്‍ക്കുലേറ്ററെടുത്ത് തന്‍െറ അക്കൗണ്ടിലുള്ള പണം മുഴുവന്‍ ഒന്നൂകൂടി കണക്കുക്കൂട്ടി അതിന്‍െറ വലുപ്പത്തില്‍ ആഹ്ളാദിക്കുന്ന അല്‍പത്തരം.
കാലത്ത് ജോലിക്ക് പോകുന്നതിനു മുമ്പ് കാര്‍ കഴുകാന്‍ പോവുക എന്നൊരു പാര്‍ടൈം പണിയിലൂടെ നാട്ടിലുണ്ടായ പതിനെട്ടു ലക്ഷം രൂപയുടെ കടംവീട്ടിയ കഠിനാധ്വാനം.
വൈകീട്ട് നാലുമണിക്ക് ‘‘ശരി, രാത്രി കാണാം’’  എന്നു പറഞ്ഞ് പിരിഞ്ഞുപോയ സുഹൃത്തിനെ എട്ടുമണിക്ക് മരണക്കിടക്കയില്‍ കാണേണ്ടി വന്നതിന്‍െറ അമ്പരപ്പ്.
അറുപത് വേണ്ടപ്പെട്ട സുഹൃത്തുക്കളെ കണ്ടെത്തുക. എന്നിട്ട് ഓരോരുത്തരുടെയും വീട്ടില്‍ ഓരോ രാത്രി മാറിമാറി സന്ദര്‍ശനം നടത്തുക (അപ്പോള്‍ ഒരാളുടെ വീട്ടില്‍ രണ്ടുമാസത്തില്‍ ഒരിക്കല്‍ മാത്രം. ആര്‍ക്കും ബുദ്ധിമുട്ട് തോന്നില്ല.) അങ്ങനെ മാസത്തില്‍ എല്ലാ ദിവസത്തെയും അത്താഴത്തിന്‍െറ പണം ലാഭിക്കുക എന്നതരം ബുദ്ധി!
ഭാവിയിലെന്നോ തന്‍െറ നാട്ടില്‍ ഒരു വിമാനത്താവളം വരാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ വിമാനത്തിന്‍െറ പറക്കല്‍ വഴി ഏതെന്നറിഞ്ഞിട്ടുമതി ഇനി നാട്ടില്‍ വീടു പണിയുന്നത് (വീടിന്‍െറ മുകളില്‍ വിമാനം തകര്‍ന്നു വീണാലോ...!) എന്ന്  തീരുമാനിച്ച് വാടകവീട്ടില്‍ കഴിയുന്നതരം ഭീതികള്‍!
നാലോ അഞ്ചോ ഭാഷ ഒരു മാലയിലെ മാറിമാറികോര്‍ത്ത മുത്തുകള്‍പോലെ ചേര്‍ത്തുചേര്‍ത്ത് സംസാരിക്കുന്നതരം വൈദഗ്ധ്യങ്ങള്‍.
സ്വന്തം കാലില്‍ കിടന്ന ചെരിപ്പ് ഊരിയിട്ടാല്‍ പിന്നത് ഇടാന്‍ മറന്നുപോവുകയും സ്വന്തം ഭാര്യയെ കടയില്‍ നിര്‍ത്തിയിട്ട് സാധനങ്ങളും വാങ്ങി വണ്ടിയോടിച്ചുപോരുകയും ഷോപ്പിങ് മാളിന്‍െറ വിശാലമായ പാര്‍ക്കിങ്ങില്‍ എവിടെയാണ് തന്‍െറ വണ്ടിയിട്ടതെന്ന്  തപ്പി മൂന്നുമണിക്കൂറുകളിലധികം ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്ന തരം മറവികള്‍.
അങ്ങനെ എത്രതരം ജീവിതങ്ങള്‍. ഇവയെ പലതിനെയും പലപ്പോഴും വാക്കുകളുടെ ചട്ടക്കൂടിനുള്ളിലേക്ക് ഒതുക്കിവെക്കാനാവില്ല. കഥയായി പറഞ്ഞാലും അനുഭവമായി പറഞ്ഞാലും അതിന് അതിശയോക്തിയുടെ നിറമുണ്ടാകുമെന്നതുതന്നെ കാരണം. എങ്കിലും അവയില്‍ ചിലതിനെ ഇവിടെ ഓര്‍ത്തുവെക്കാന്‍ ശ്രമിക്കുന്നു. ഓര്‍മ എന്നതിനെക്കാള്‍ വ്യക്തിയാത്ര എന്ന വിശേഷണമാവും ഈ കുറിപ്പിനു ചേരുക.
രണ്ട്
നിങ്ങള്‍ക്ക് കൈനിറയെ പണംതരാം, നിങ്ങള്‍ വെറുതെ വീട്ടിലിരുന്നാല്‍ മതി എന്നൊരു സ്ഥാപനം നമ്മളോടു പറഞ്ഞാല്‍ അത് വേണ്ടെന്നുവെക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടാവും? വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നു എന്ന പേരില്‍ മാത്രം ജോലിയുപേക്ഷിച്ചുപോയ ഒരാളെ എനിക്കറിയാം. ഡോക്ടര്‍ അനൂപ് ശിവപുരി. ഒരു കശ്മീരി പണ്ഡിറ്റാണ് കക്ഷി. ഇപ്പോള്‍ ദല്‍ഹിയില്‍ സ്ഥിരതാമസം. അവിടത്തെ പ്രശസ്തമായ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബഹ്റൈനിലെ സല്‍മാനിയ ആശുപത്രിയില്‍നിന്ന് ഒരോഫര്‍ വരുന്നത്. അത് സ്വീകരിച്ചു. ദല്‍ഹിയിലെ ജോലി രാജിവെച്ച് ബഹ്റൈനില്‍ എത്തി. എന്‍െറ സുഹൃത്ത് രമേശ് ബാബുവിനൊപ്പമായിരുന്നു അനൂപ് ഫ്ളാറ്റ് പങ്കിട്ടിരുന്നത്. അങ്ങനെയുള്ള പരിചയമാണ് എനിക്ക്. വല്ലപ്പോഴും ‘സന്ധ്യകൂടാന്‍’ അനൂപ് എന്നെ വിളിക്കും. ഒന്നാന്തരം ചിക്കന്‍കറി വെക്കും അനൂപ്. കശ്മീരി ബ്രാഹ്മണര്‍ക്ക് ചിക്കന്‍കറി കൂട്ടാം എന്ന പക്ഷക്കാരനാണ് അദ്ദേഹം. അവിടത്തെ തണുത്ത കാലാവസ്ഥയില്‍ ശരീരത്തിന്് ചൂടുകിട്ടാന്‍ ചിക്കന്‍ ഉപകരിക്കും എന്നതുകൊണ്ട് അത് അംഗീകരിക്കപ്പെട്ട സമൂഹനിയമമാണെന്ന് അനൂപ് പറയുന്നു. എനിക്കറിയില്ല, മോത്തിലാല്‍ നെഹ്റുവും ജവഹര്‍ലാല്‍ നെഹ്റുവും ഒക്കെ ചിക്കന്‍ കഴിക്കുമായിരുന്നോ എന്തോ.  എന്തായാലും അനൂപിന് ചിക്കന്‍ ഉണ്ടാക്കാം. കഴിക്കാം.   ഗസലിന്‍െറ ഉസ്താദാണ് അനൂപ്. മധുരമായ ശബ്ദത്തില്‍ ആലപിക്കുക മാത്രമല്ല, ഉര്‍ദു വശമില്ലാത്ത രമേശിനും എനിക്കും അതിന്‍െറ അര്‍ഥമത്രയും പറഞ്ഞുതരുകയും ചെയ്യും. ഏതാണ്ട് ഒരു വര്‍ഷത്തോളമേ ആ സൗഹൃദം നീണ്ടുനിന്നുള്ളൂ. അപ്പോഴേക്കും അനൂപ് ദല്‍ഹിക്ക് മടങ്ങി. അതിന് കാരണം തനിക്ക് ജോലിയൊന്നും ഇല്ളെന്നും ചെയ്യാത്ത ജോലിക്കാണ് സല്‍മാനിയ ആശുപത്രി തനിക്ക് ശമ്പളംതരുന്നത് എന്നുമായിരുന്നു.
 സാധാരണപനിക്ക് ഗുളികകുറിക്കുന്ന ഡോക്ടര്‍ ആയിരുന്നില്ല അനൂപ് ശിവപുരി. സര്‍ജനായിരുന്നു. അതും പിറന്നുവീണ കുഞ്ഞുങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്ന വിദഗ്ധന്‍. ദല്‍ഹിയില്‍ ഒരു ദിവസം രണ്ടും മൂന്നും കേസുകള്‍ അറ്റന്‍ഡ് ചെയ്തിരുന്ന സര്‍ജന് ബഹ്റൈന്‍ എന്ന കുഞ്ഞുദ്വീപില്‍ വന്നപ്പോള്‍ ശസ്ത്രക്രിയ ചെയ്യാനായി മാസത്തില്‍ ഒരു കുഞ്ഞുശരീരമെങ്കിലും കിട്ടുന്നത് അപൂര്‍വം. എന്നാല്‍, ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടിയിലാണ് അനൂപ്. ഏതുസമയത്താണ് ഒരു കുഞ്ഞുജനിക്കുന്നതെന്നോ അതില്‍ ഏതു കുഞ്ഞിനാണ് അപ്പോള്‍തന്നെ ഒരു ശസ്ത്രക്രിയ ആവശ്യമായി വരുന്നതെന്നോ അറിയില്ലല്ളോ. അപ്പോള്‍ ജനിക്കാന്‍പോകുന്ന കുട്ടികളെ ദൈവത്തിനെ ഏല്‍പിച്ചിട്ടാണ് പലപ്പോഴും അനൂപ് ഞങ്ങള്‍ക്കൊപ്പം ‘സന്ധ്യകൂടിയിരുന്നത്’. ഭാഗ്യവശാല്‍ അത്തരം വേളകളില്‍ ഒരിക്കല്‍പോലും അനൂപ് ആശുപത്രിയിലേക്ക് വിളിക്കപ്പെട്ടില്ല. എന്നും  രാവിലെ അനൂപ് എല്ലാ ഡോക്ടേഴ്സിനെയുംപോലെ ആശുപത്രിയില്‍പോകും. എട്ടുമണിക്കൂര്‍ അവിടെ ‘സീറ്റില്‍’ ചെലവഴിച്ചിട്ട് മടങ്ങിപ്പോരും. ശമ്പളവും ഇരുപത്തിനാലു മണിക്കൂറും ജോലിയില്‍ ഉള്ളതിന്‍െറ അലവന്‍സും എല്ലാംകൂടി കൂട്ടി ദല്‍ഹിയില്‍ കിട്ടിയിരുന്നതിന്‍െറ നാലിരട്ടിയോളം ശമ്പളം അനൂപിന് കിട്ടുമായിരുന്നു. പക്ഷേ, ആദ്യത്തെ രണ്ടുമൂന്നു മാസത്തോടേ അതിന്‍െറ ത്രില്‍ ഒക്കെ അവസാനിച്ചു. ശസ്ത്രക്രിയ ചെയ്യാന്‍ ഒരു ശരീരംപോലും കിട്ടാതെ അനൂപിന്‍െറ കൈ തരിച്ചു. പത്രങ്ങളില്‍ വരുന്ന പദപ്രശ്നം പൂരിപ്പിച്ചും സുഡുക്കോ കളിച്ചും എനിക്ക് മടുത്തു എന്നാണ് അനൂപ് തന്‍െറ ജോലിയെപ്പറ്റി പറഞ്ഞത്. ഇനിയും ഈ ജോലിയില്‍ തുടര്‍ന്നാല്‍ തന്‍െറ കൈത്തഴക്കം നഷ്ടപ്പെടുമെന്നും തനിക്ക് മേലില്‍ ഒരു നല്ല സര്‍ജന്‍ എന്ന സല്‍പേര് നിലനിര്‍ത്താന്‍ ആവില്ളെന്നും മനസ്സിലാക്കിയ അനൂപ് ബഹ്റൈനിലെ ജോലി രാജിവെച്ച് മടങ്ങുകയായിരുന്നു.
അനൂപിന്‍െറ പാത പിന്തുടര്‍ന്ന് ഞങ്ങള്‍ക്കൊപ്പം വല്ലപ്പോഴും വന്നുകൂടുമായിരുന്ന ആന്ധ്രക്കാരന്‍ ഒരു ഡോക്ടറും ജോലി രാജിവെച്ചുപോയി. അദ്ദേഹം കിഡ്നി മാറ്റിവെക്കല്‍ വിദഗ്ധന്‍ ആയിരുന്നു. ഇന്ത്യയില്‍ ദിവസത്തില്‍ ഒരു കിഡ്നി ട്രാന്‍സ്പ്ളാന്‍േറഷന്‍ നടത്തിയിരുന്ന അദ്ദേഹത്തിന് ഒന്നരവര്‍ഷത്തിനിടയില്‍ രണ്ടു കിഡ്നി മാറ്റിവെക്കാനാണ് ബഹ്റൈനില്‍ അവസരം ലഭിച്ചത്. ഇതേപോലെതന്നെ ഒരു പാകിസ്താനി എന്‍ജിനീയറും കിട്ടുന്ന ശമ്പളത്തിന് തുല്യമായ ജോലിചെയ്യുന്നില്ല എന്ന കാരണത്തില്‍ ബഹ്റൈന്‍ വിട്ടുപോയ കഥ പിന്നീട് കേട്ടിട്ടുണ്ട്. തൊഴിലും അതില്‍നിന്നുകിട്ടുന്ന സംതൃപ്തിക്കും മേലെയല്ല പണം എന്ന് ഓര്‍മിപ്പിച്ച ആളാണ് അനൂപ് ശിവപുരി.
മൂന്ന്
ഒരു പാകിസ്താനിയുടെ കഥ പറയാം. നാട്ടില്‍ കാലിവളര്‍ത്തലായിരുന്നു ജോലി. അതില്‍നിന്ന് കിട്ടുന്ന തുച്ഛവരുമാനത്തില്‍ സന്തോഷമായി ജീവിച്ചുവരുന്നതിനിടെയാണ് ബന്ധുക്കളാരോ ഒരു വിസ തരപ്പെടുത്തി ബഹ്റൈനില്‍ കൊണ്ടുവരുന്നത്. വന്നപാടെ പൊലീസില്‍ കാവല്‍ക്കാരനായി ജോലികിട്ടുകയും ചെയ്തു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭേദപ്പെട്ടതെന്ന് പറയാവുന്ന ശമ്പളം. ആദ്യമാസത്തെ ശമ്പളം ലഭിക്കുന്നതുവരെ സന്തോഷത്തോടെ ജോലിക്ക് പോയിരുന്ന മനുഷ്യന്‍ പെട്ടെന്ന് ജോലിക്ക് പോകുന്നത് നിര്‍ത്തി. ആദ്യത്തെ കുറച്ചുദിവസത്തേക്ക് ആരും ശ്രദ്ധിച്ചില്ല. പക്ഷേ, തുടക്കത്തില്‍തന്നെ ഇങ്ങനെ ജോലിക്ക് പോകാതിരിക്കുന്നതിന്‍െറ കാരണം വിശദമായി അന്വേഷിച്ചപ്പോഴാണ് അയാള്‍ മുറിയില്‍നിന്ന് പുറത്തുവന്നിട്ട് ദിവസങ്ങളായി എന്ന് മനസ്സിലാവുന്നത്. ബന്ധുമിത്രാദികള്‍ എല്ലാം ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം കതകുതുറന്നു നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിപ്പോകുന്നത്. ആളിരിക്കുന്ന കട്ടില്‍ നിറയെ നോട്ടുകള്‍. അയാള്‍ അതിങ്ങനെ പറത്തിക്കളിക്കുകയാണ്. ആദ്യശമ്പളം കിട്ടിയപാടെ കക്ഷിപോയി തത്തുല്യമായ തുകക്കുള്ള പാകിസ്താനി രൂപ വാങ്ങിക്കൊണ്ട് വന്നിരിക്കുകയാണ്. ആദ്യം തമാശ തോന്നിയെങ്കിലും കുറച്ചുകഴിഞ്ഞപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലാവുന്നത്. ആളിന്‍െറ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. പറയുന്നതു തമ്മില്‍ ഒരു ബന്ധവുമില്ല. തുച്ഛമായ വരുമാനത്തിന് നാട്ടില്‍ ജീവിച്ച ആ പാവത്തിന് അത്രയുംവലിയ തുക താങ്ങാന്‍ പറ്റിയ ഒന്നായിരുന്നില്ല. അങ്ങനെ മതിഭ്രമം ബാധിച്ചുപോയതാണ്. ബന്ധുക്കള്‍ എല്ലാം ചേര്‍ന്ന് ആളിനെ മെന്‍റല്‍ ആശുപത്രിയിലാക്കി. രണ്ടുമാസത്തോളം കിടന്ന് ഭേദമായി. പിന്നെയും ജോലിക്ക് പോയിത്തുടങ്ങി. പക്ഷേ, വീണ്ടും അടുത്തശമ്പളത്തിന് പുള്ളിയുടെ സമനില തെറ്റി. വീണ്ടും ചിത്തരോഗാശുപത്രിയില്‍. ഗത്യന്തരമില്ലാതെ ബന്ധുക്കള്‍ക്ക്  അയാളെ നാട്ടിലേക്ക് കയറ്റിവിടേണ്ടിവന്നു. ഇപ്പോള്‍ അയാള്‍ സ്വന്തം ഗ്രാമത്തില്‍ പശുക്കളെയും വളര്‍ത്തി സുഖമായി ജീവിക്കുന്നു എന്നതാണ് ആ കഥയുടെ പരിണാമഗുപ്തി. നാട്ടില്‍ ചെന്നതിനുശേഷം ഒരിക്കലും ചിത്തരോഗത്തിന്‍െറ ലക്ഷണംപോലും കാണിച്ചിട്ടില്ല എന്നത് അതിലെ കൗതുക വാര്‍ത്തയും ആകുന്നു...!
നാല്
രഞ്ചി എന്നൊരു വിദ്വാനെ ഓര്‍ത്തുപോകുന്നു. അരവട്ടായിരുന്നു കേസ്. ജോലിയൊന്നുമില്ല, കറങ്ങിയടിച്ചുനടന്ന് ആളെപ്പറ്റിച്ച് ജീവിക്കുകയായിരുന്നു രീതി. വേഷവിധാനങ്ങള്‍ ഒക്കെ കണ്ടാല്‍ ഏതോ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നേ വിചാരിക്കൂ. ടൈകെട്ടാതെ ഞാന്‍ രഞ്ചിയെ കണ്ടിട്ടില്ല. കൈയില്‍ എപ്പോഴും ഒരു വലിയ ഫയല്‍ കാണും. ഇംഗ്ളീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, അറബി, ബംഗാളി, പഞ്ചാബി തുടങ്ങിയ ഭാഷകള്‍ പച്ചവെള്ളംപോലെ സംസാരിക്കും. ആദ്യ കാഴ്ചയില്‍ ആരെയും സംസാരത്തിലൂടെ വീഴ്ത്താന്‍ കെല്‍പുള്ളവര്‍. അപരിചിതരായ ആരെയെങ്കിലും കണ്ടുമുട്ടി പരിചയപ്പെട്ടാല്‍ ഉടന്‍ രഞ്ചി തന്‍െറ ഫയല്‍ തുറന്ന് കുറെ അറബിക് ഡോക്യുമെന്‍റുകള്‍ കാണിക്കും. തലേദിവസം ഒരു മുതിര്‍ന്ന ഷേഖുമായി മീറ്റിങ് ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിനുവേണ്ടി ഇരുനൂറ് പേരെ റിക്രൂട്ട് ചെയ്ത് കൊണ്ടുവരാന്‍ നാട്ടില്‍ പോവുകയാണെന്നും തട്ടിവിടും. അറബി വായിക്കാനറിയാത്ത പാവങ്ങള്‍ പറഞ്ഞതെല്ലാം വിശ്വസിക്കും. ഏറെനാളായി കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്ന ഒരു മച്ചൂനനുവേണ്ടിയോ അയല്‍ക്കാരനുവേണ്ടിയോ സുഹൃത്തിനുവേണ്ടിയോ ഒരു വിസ ചോദിക്കും. വിസ മറിച്ചുതരാന്‍ രഞ്ചി റെഡി. ഇരുനൂറ് ദിനാര്‍ ഫീസ് ചോദിക്കും, അതില്‍ അറുപതു ദിനാര്‍ അപ്പോള്‍തന്നെ അഡ്വാന്‍സ് കൊടുക്കണം. വിസ മോഹിക്കുന്ന ആരും രഞ്ചിയുടെ വാചകക്കസര്‍ത്തില്‍ വീണ് കൊടുത്തുപോകും. പിന്നെ, രഞ്ചിയെ പൊടിയിട്ടു നോക്കിയാല്‍പോലും കാണില്ല. വല്ലവിധേനയും ആരെങ്കിലും വഴിയിലിട്ട് പിടിച്ചാല്‍ ഷേഖ് കളിപ്പിച്ചെന്നും അഡ്വാന്‍സ് തുക ഉടന്‍ മടക്കിത്തന്നേക്കാമെന്നും പറയും. പിന്നെ, ആറുമാസത്തേക്ക് കക്ഷിയെ നോക്കേണ്ട. ഇനി ആരെങ്കിലും നിര്‍ബന്ധിച്ച് പിറകെ കൂടിയാല്‍ അടുത്ത ആളിനെ പറ്റിച്ചുകിട്ടുന്ന പണം കൊണ്ടുക്കൊടുത്ത് ‘ശല്യം’ അവസാനിപ്പിക്കും.
വഴിയില്‍ ഏതെങ്കിലും ബസ്സ്റ്റോപ്പില്‍ രഞ്ചി കാത്തുനില്‍ക്കും. ആദ്യം കാണുന്ന പരിചയക്കാരന്‍െറ വണ്ടിയില്‍ കയറിപ്പറ്റും. പിന്നെ ഇറങ്ങില്ല, ഇറങ്ങണമെങ്കില്‍ നാം അങ്ങോട്ട് കൈമടക്കും വല്ലതും കൊടുക്കണം. എങ്കില്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോളും. വൈകുന്നേരമായാല്‍ ഏതെങ്കിലും ബാച്ചിലര്‍ റൂമില്‍ അഭയം തേടും. പിന്നെ, രണ്ടുമൂന്നു ദിവസത്തേക്ക് പൊറുതി അവിടെയായിരിക്കും. കൈമടക്ക് എന്തെങ്കിലും കൊടുക്കാതെ പിന്നെ പോവില്ല. റൂമില്‍കിടന്ന് ശല്യമാവുന്നതിനെക്കാള്‍ എന്തെങ്കിലും കൈമടക്ക് കൊടുത്ത് ഒഴിവാക്കുന്നതാണ് നല്ലത് എന്നറിയാവുന്നവര്‍ കൊടുക്കുകയും ചെയ്യും.
ഏറെ ദിവസങ്ങളിലേക്ക് രഞ്ചിയെ കാണാനില്ലായിരുന്നു. പിന്നീട് ഒരു ദിവസം പെട്ടെന്ന് രഞ്ചി ഓടിവന്ന് എന്‍െറ വണ്ടിയില്‍ കയറി. എങ്ങനെയാണ് രഞ്ചിക്ക് എന്നെ പരിചയം എന്നറിയില്ല. ഞാനൊക്കെ ചെല്ലുന്നതിനും മുമ്പ് രഞ്ചി എന്‍െറ കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ട്. അതുവഴി ഞങ്ങളുടെ അക്കമെഡേഷനില്‍ വന്നുള്ള പരിചയമാകാം. അല്ളെങ്കില്‍തന്നെ രഞ്ചിക്ക് പരിചയം ഒന്നും വേണമെന്നില്ല, ഒരാളെ കുടുക്കാന്‍. ഏറെ നാളായല്ളോ രഞ്ചിയെ കണ്ടിട്ട് എന്ന് ഞാന്‍ കുശലം ചോദിച്ചു. നാട്ടില്‍പോയിരുന്നെന്നും ഇപ്പോ ഒരു കുരുക്കില്‍പെട്ടു കിടക്കുകയാണെന്നും പറഞ്ഞു.  കാര്യം തിരക്കിയപ്പോഴാണ് പറയുന്നത് നാട്ടില്‍പോയി വിദ്വാന്‍ ഒരു ഉഗ്രന്‍ കല്യാണം കഴിച്ചു. അന്നത്തെ ഒരു എം.പിയുടെ ബന്ധുവും കോളജ് ലെക്ചററുമായ ഒരു പെണ്‍കുട്ടിയാണ് വധു. ഗള്‍ഫില്‍ എന്‍ജിനീയര്‍ ആണെന്നുപറഞ്ഞാണ് കല്യാണം കഴിച്ചത് (ഗള്‍ഫുകാരെ മാത്രമല്ല, നാട്ടുകാരെയും വീഴ്ത്താന്‍ രഞ്ചി മിടുക്കനാണെന്ന് ഇപ്പോ മനസ്സിലായില്ളേ). പക്ഷേ, കൃത്യം പത്തുദിവസത്തിനകം അവര്‍ക്ക് കാര്യങ്ങളുടെ യഥാര്‍ഥ കിടപ്പ് പിടികിട്ടി. അവര്‍ അപ്പോള്‍തന്നെ അവരുടെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി, വിവാഹമോചനത്തിന് കേസുകൊടുക്കുകയും ചെയ്തു. രഞ്ചിയുടെ കുരുക്ക് അതൊന്നുമല്ല, വിവാഹമോചനത്തിനൊപ്പം അവര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കുന്നു. ഇനിയാണ് രഞ്ചിയുടെ തനിസ്വരൂപം വെളിപ്പെടുത്തുന്ന യഥാര്‍ഥ കമന്‍റ് : ‘‘ഒരുത്തീടെ കൂടെ പത്തു ദിവസം പൊറുത്തതിന് അവളിപ്പോ ചോദിക്കുന്നത് പത്തുലക്ഷം രൂപ... എടാ ഊവ്വേ... ബോംബയില്‍പോയി മാധുരി ദീക്ഷിത്തിനൊപ്പം പൊറുത്തിരുന്നേ? ഇത്രേം കാശ് കൊടുക്കേണ്ടി വരത്തില്ലാരുന്നല്ളോടാ... അപ്പോ എന്താടാ അവളുടെ ഒരു റേറ്റ്...!’’
എനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു.
രഞ്ചിയുടെ വിവാഹമോചനക്കേസ് എന്തായെന്നറിയില്ല. പിന്നെ ഞാന്‍ കണ്ടിട്ടില്ല.  അധികം താമസിയാതെ ബഹ്റൈനോട് വിടപറഞ്ഞു എന്ന് തോന്നുന്നു. സംശയിക്കാന്‍ ഒന്നുമില്ല, നിശ്ചയമായും ആരെയെങ്കിലും പറ്റിച്ച് എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവും.
അഞ്ച്
ഗള്‍ഫ് ജീവിതത്തിനിടയില്‍ പരിചയപ്പെടാന്‍ ഇടയായതില്‍ ഏറ്റവും ഉത്സാഹിയായ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് പി. ടി. തോമസ് എന്നൊരു ഉത്തരമാണ് എനിക്കുള്ളത്. സാധാരണ ഗള്‍ഫുകാരുടെ ഒരു കുഴപ്പം, ഇവിടെയെത്തി അധികം കഴിയുന്നതിനു മുമ്പേ പഴഞ്ചനാവാന്‍ തുടങ്ങും എന്നതാണ്. സാഹിത്യത്തിലും കലയിലും ശാസ്ത്രത്തിലും ഒന്നും തീരെ അപ്ഡേറ്റാവില്ല. എന്നു വന്നോ അക്കാലത്തില്‍ നില്‍ക്കുകയേയുള്ളൂ. എല്‍.എം.എസ് വെസ്പയാണ് മികച്ച സ്കൂട്ടര്‍ എന്ന് ഇപ്പോഴും പറയുന്നതരം നിലച്ചുപോക്ക്. തോമസ് മാഷ് അതില്‍നിന്നൊക്കെ വ്യത്യസ്തനാണ്. എണ്‍പതുകളിലോ മറ്റോ വന്ന തോമസ് മാഷ് ഇപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു.   ഇതുപോലെ  എന്തിനും തയാറായ ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. മികച്ച പ്രസംഗകന്‍, ഒരു നല്ല നടന്‍, പുല്ലാങ്കുഴല്‍ വാദനത്തില്‍ കേമന്‍ (വെറും കേമനല്ല, കച്ചേരി നടത്താനുംമാത്രം കേമന്‍), നല്ല കഥാപ്രസംഗകന്‍, മികച്ച ലേഖകന്‍, നല്ല വായനക്കാരന്‍ തോമസ് മാഷിന്‍െറ മേഖലകള്‍ വ്യത്യസ്തങ്ങളാണ്.  എന്തിന്, സാധാരണ ഗള്‍ഫ് കവിതകളുമായി താരതമ്യം ചെയ്താല്‍ മികച്ച കവിതകള്‍വരെയെഴുതും തോമസ് മാഷ്. ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കഥയുണ്ട്. ഗള്‍ഫില്‍ കമ്പ്യൂട്ടറുകള്‍ കടന്നുവന്നകാലം. തോമസ് മാഷിന് ഈ സൂത്രത്തെക്കുറിച്ച് അത്രപിടിപോരാ. ഒരു ദിവസം ഒരു കമ്പ്യൂട്ടര്‍ കണ്ടപ്പോള്‍ മോണിറ്ററിനെ ചൂണ്ടി ആ മേശപ്പുറത്തിരിക്കുന്ന സാധനത്തിന്‍െറ പേരെന്താടേ എന്ന് അന്വേഷിക്കുംവിധത്തില്‍ അജ്ഞാതന്‍. കഥയുടെ മര്‍മം എന്താണെന്നുവെച്ചാല്‍ കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ തോമസ് മാഷ് പ്രത്യക്ഷപ്പെടുന്നത്, ബഹ്റൈനിലെ പല സ്ഥാപനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതിക്കൊടുക്കുന്നതില്‍ വളരെ തിരക്കുള്ള ഒരാള്‍ എന്ന നിലയിലാണ്. അതാണ് പുതിയ കാര്യങ്ങളോടുള്ള മാഷിന്‍െറ പ്രതിപത്തിയും പഠിച്ചെടുക്കാനുള്ള താല്‍പര്യവും.
തോമസ് മാഷ് വന്ന കാലത്തില്‍തന്നെ നില്‍ക്കുന്ന ഒരേയൊരു ഇടമേയുള്ളൂ. അത് തന്‍െറ രാഷ്ട്രീയമാണ്. ഇതുപോലെ ഒരു സി.പി.എം ഭക്തനെ വേറെ കണ്ടിട്ടില്ല. പാര്‍ട്ടിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തോമസ് മാഷ് സടകുടഞ്ഞെഴുന്നേല്‍ക്കും. അത് ഏത് കേമനായാലും ഏത് വേദിയായാലും. പിന്നെ പറയുന്നതിനൊന്നും കണ്ണുംമൂക്കും കാണില്ല. സാധാരണ ബഹ്റൈനിലെ സംവാദവേദികളിലൊക്കെ നാട്ടില്‍നിന്നെത്തുന്ന പ്രമുഖരുമായി ഒന്നിടയാതെ തോമസ് മാഷ് പോകില്ല. അവര്‍ പാര്‍ട്ടി വിരുദ്ധരാണെങ്കില്‍ പ്രത്യേകിച്ചും.
ഒരുപക്ഷേ, മാഷ് തോറ്റുപോയത് സക്കറിയയുടെ മുന്നില്‍ മാത്രമായിരിക്കണം. സക്കറിയ തന്‍െറ പ്രഭാഷണത്തിനിടയില്‍ ‘‘ഇടമലയാറില്‍ പോയി കാലന്‍കുടയുടെ മൂടുകൊണ്ട് കുത്തിനോക്കി അണക്കെട്ടിന്‍െറ ബലംപരിശോധിക്കുന്ന ഒരു മുഖ്യമന്ത്രി’’ എന്ന് അച്യുതാനന്ദനെപ്പറ്റി പറഞ്ഞതും തോമസ് മാഷ് പ്രതിഷേധവുമായി ചാടി എഴുന്നേറ്റു. മുഖ്യമന്ത്രിയെ വിമര്‍ശിക്കാനുള്ള സക്കറിയയുടെ അവകാശത്തെ ചോദ്യംചെയ്തു. ടാക്സ് കൊടുക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ തന്‍െറ ജോലിക്കാരനായ ഒരാളെ വിമര്‍ശിക്കാന്‍ തനിക്ക് അധികാരം ഉണ്ടെന്നായി സക്കറിയ. തര്‍ക്കം മൂത്തു. ഒടുവില്‍ എന്തായാലും സക്കറിയയുടെ പ്രസിദ്ധമായ വാഗ്മിത്വത്തിനു മുന്നില്‍ മാഷിന് അടിയറവ് പറയേണ്ടിവന്നതാണ് ഞങ്ങള്‍ കണ്ടത്. ആരെയും ഷണ്ഡരാക്കിക്കളയുന്ന നീണ്ട ഗള്‍ഫ് ജീവിതത്തിനുശേഷവും  അപ്പോഴും തോമസ് മാഷ് വാക്കുകളിലും വിശ്വാസത്തിലും സൂക്ഷിക്കുന്ന തീക്ഷ്ണത അമ്പരപ്പിക്കുന്നതാണ്.
ഓ, ഞാനൊക്കെ പ്രായമായിപ്പോയി ഇനിയെന്തോ പഠിക്കാന്‍ എന്നു വിലപിക്കുന്ന പല മുപ്പത് വയസ്സുകാരെ കാണുമ്പോഴും പെട്ടെന്നോര്‍ക്കുക തോമസ് മാഷിനെയാണ്.
ആറ്
ആകാരം, ശബ്ദം, ഇടപെടീല്‍, സ്നേഹം എന്നിവകൊണ്ട് ഒരിക്കല്‍ പരിചയപ്പെട്ട ആരും പിന്നെ മറന്നുപോകാന്‍ ഇടയില്ലാത്ത ഒരാളാണ് അടൂര്‍ സുരേഷ്. അടൂര്‍ സുരേഷിനെ അറിയാത്ത സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും കേരളത്തില്‍ കുറവായിരിക്കും എന്നാണ് എന്‍െറ പക്ഷം. ലോകത്തിന്‍െറ ഏതു കോണില്‍പോയി സാഹിത്യകാരന്മാരെ പരിചയപ്പെടാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും അദ്ദേഹത്തിനു താല്‍പര്യമാണ്. അത് ഗള്‍ഫുകാരന്‍െറ പതിവുപൊങ്ങച്ചമൊന്നുമല്ല. അത്യഗാധമായ സാഹിത്യസ്നേഹം അല്ലാതെ മറ്റൊന്നുമില്ല അതിന്‍െറ പിന്നില്‍. സാഹിത്യകാരന്മാര്‍ തിരിച്ച് അങ്ങോട്ടും അങ്ങനെതന്നെ. അത് അടൂര്‍ സുരേഷിന്‍െറ സ്നേഹത്തിന്‍െറ ഗുണംകൊണ്ടുമാത്രം. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ഏബ്രഹാം മാത്യു മാധ്യമം ആഴ്ചപ്പതിപ്പില്‍ ഇതുപോലെ ഒരു ഓര്‍മ അടൂര്‍ സുരേഷിനെക്കുറിച്ച് എഴുതിയിരുന്നു. അതില്‍ അദ്ദേഹത്തിന്‍െറ സ്വഭാവസവിശേഷതയെ  ചിത്രീകരിക്കുന്ന ഒന്നോ രണ്ടോ വരികള്‍ ഉണ്ടായിരുന്നു. പക്ഷേ, അടൂര്‍ സുരേഷിനെക്കുറിച്ച് അങ്ങനെ ഒരു പരാമര്‍ശം നടത്തിയത് ശരിയായില്ല എന്നുപറഞ്ഞുകൊണ്ട് എത്രയധികം സാഹിത്യകാരന്മാരാണ് അന്ന് മുന്നോട്ടുവന്നത് എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. അക്കൂട്ടത്തില്‍ ഒരു വിവാദത്തിലും തലവെച്ചുകൊടുക്കാന്‍ ആഗ്രഹിക്കാത്ത യു.എ. ഖാദര്‍പോലും ഉണ്ടായിരുന്നു എന്നത് അടൂര്‍ സുരേഷിന്‍െറ സ്നേഹബാഹുല്യമാണ് കാണിക്കുന്നത്. എപ്പോഴും യാത്രയിലും കറക്കത്തിലും പാര്‍ട്ടിയിലും സംസാരത്തിലും ഒക്കെ ആയിരിക്കുന്ന ഒരാള്‍ക്ക് അപ്രാപ്യമെന്ന് തോന്നുംവിധത്തിലുള്ള പരന്ന വായനയുള്ള ഒരാളാണ് അടൂര്‍ സുരേഷ്. നമ്മള്‍ ഒരു പുതിയ നോവലോ കഥയോ വായിച്ച് അതിനെക്കുറിച്ച് പറയുമ്പോഴേക്കും അടൂര്‍ സുരേഷ് അത് വായിച്ചതിന്‍െറ ഒരനുഭവം നമുക്കിങ്ങോട്ട് പറഞ്ഞുതരും. ഒരിക്കല്‍പോലും അദ്ദേഹത്തിനു മുമ്പേ ഒരു നോവല്‍ വായിക്കാന്‍ അടുത്തകാലംവരെ എനിക്ക് കഴിഞ്ഞിട്ടില്ല. കപടവായനക്കാരെയും പൊങ്ങച്ചക്കാരെയും പരിഹസിക്കുന്നതില്‍ കേമനായിരുന്നു അദ്ദേഹം.  അത്തരക്കാരോട് ലോകത്തെങ്ങുമില്ലാത്ത നോവല്‍ പേരുകള്‍ ഉണ്ടാക്കിപ്പറഞ്ഞ് പറ്റിക്കുക അദ്ദേഹത്തിന്‍െറ സ്ഥിരം പരിപാടിയായിരുന്നു. ലക്സോപ്പിയ കുന്തന്‍ബെര്‍ഗിന്‍െറ ‘സൈലന്‍സ് ഇന്‍ ദ വെനീസ് മാര്‍ക്കറ്റ്’ നീ വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ആരാണ് വീണുപോകാത്തത്.  വായനമാത്രമല്ല, വല്ലപ്പോഴും കവിതകളും എഴുതും അടൂര്‍ സുരേഷ്. അതാവട്ടെ, മലയാളത്തിലെ മികച്ച വാരികകളില്‍ അതിപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവന്നിട്ടുമുണ്ട്. ഏതോ ഒരു വര്‍ഷത്തെ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു കവിത, ഗള്‍ഫ് ജീവിതത്തെക്കുറിച്ച് എഴുതിയിട്ടുള്ളവയില്‍ മികച്ച ഒന്നായി ഇന്നും പരിഗണിക്കാവുന്നതാണ്. പ്രവാസികളുടെ ഗൃഹാതുരതയെ എന്നും പരിഹസിക്കുന്നതില്‍ മുമ്പനാണ് അദ്ദേഹം. അത്തരത്തില്‍ ഒരു മികച്ച സറ്റയര്‍ കവിതയും എഴുതിയിട്ടുണ്ട്.  കേരളത്തില്‍ എല്ലാവരും ഉത്തരാധുനികതയുടെ പ്രായോജകര്‍ ആയിരുന്ന കാലത്ത് തന്‍േറത് ദക്ഷിണാധുനികതയാണെന്ന് നിരന്തരം പറഞ്ഞുകൊണ്ട് അദ്ദേഹം തന്‍െറ വ്യത്യസ്തമായ നിലപാട് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍െറ സാഹിത്യസ്നേഹംകൊണ്ട് നമുക്ക്  ഒരു ബുദ്ധിമുട്ടേ ഉണ്ടാവാനിടയുള്ളൂ. രാത്രി രണ്ടുമണിക്ക് വിളിച്ചുണര്‍ത്തി, അക്ഷരാര്‍ഥത്തില്‍ പാറയില്‍ ചിരട്ട ഉരക്കുന്നപോലെയുള്ള ശബ്ദത്തില്‍ കവിത ചൊല്ലി കേള്‍പ്പിച്ചുകളയും എന്നുമാത്രം.
സാഹിത്യവുമായി ബന്ധപ്പെട്ടുള്ള പരിചയമല്ല ഞങ്ങള്‍ തമ്മില്‍. അതൊരു കുടുംബസൗഹൃദമാണ്. അദ്ദേഹം എനിക്ക് ജ്യേഷ്ഠസഹോദരനാണ്. ഞാന്‍ എഴുത്തുകാരന്‍ ആവണമെന്ന് ആഗ്രഹിക്കുന്നതിനും എത്രയോ കാലം മുമ്പേ എനിക്കദ്ദേഹത്തെ അറിയാമായിരുന്നു. പക്ഷേ, ഈ ‘പരുക്കന്‍’ മനുഷ്യന്‍െറ ഉള്ളില്‍ ഒരു സാഹിത്യസ്നേഹിയുണ്ടെന്ന് ഞാനോ അന്നത്തെ ഞാനൊരു വായനക്കാരനായിരുന്നു എന്ന് അദ്ദേഹമോ തിരിച്ചറിഞ്ഞില്ല എന്നുമാത്രം. കടമ്മനിട്ടയുടെ മകന്‍ ഗീതാകൃഷ്ണന്‍ ബഹ്റൈനില്‍ ഉണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ ഒന്നിച്ചു നടത്തിയ ഒരു യാത്രയില്‍ ഗീതാകൃഷ്ണനെക്കൊണ്ട് നിര്‍ബന്ധിച്ച് കവിത ചൊല്ലിപ്പിക്കുന്നത് കേട്ടപ്പോഴാണ് ഞാന്‍ അടൂരിന്‍െറ ഉള്ളിലെ സാഹിത്യസ്നേഹിയെ ആദ്യമായി തിരിച്ചറിയുന്നത്.
ലോകത്തിലുള്ള മുഴുവന്‍പേരും അടൂര്‍ സുരേഷിന്‍െറ പ്രിയപ്പെട്ടവരാണെങ്കിലും അവരില്‍ ഏറ്റവും പ്രിയപ്പെട്ട രണ്ടുപേര്‍ കടമ്മനിട്ട രാമകൃഷ്ണനും നടന്‍ മുരളിയും ആയിരുന്നു. വല്ലാത്ത ഒരു ആത്മബന്ധമായിരുന്നു ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നത്. കടമ്മനിട്ടയും മുരളിയും മരിക്കുന്നതുവരെയും ആ ആത്മബന്ധം അതുപോലെ നിലനിര്‍ത്തിയിരുന്നു. മുരളി ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്‍റിലേക്ക് മത്സരിച്ചപ്പോള്‍ 40 ദിവസത്തെ അവധിയെടുത്തുപോയാണ് അടൂര്‍ സുരേഷ് പ്രചാരണത്തില്‍ പങ്കെടുത്തത്. മുരളി ജയിച്ച് പാര്‍ലമെന്‍റില്‍ ചെല്ലുമ്പോള്‍ അതുവഴി തനിക്ക് എന്തെങ്കിലും നേടാം എന്നൊന്നും വിചാരിച്ചല്ല അടൂര്‍ സുരേഷ് അങ്ങനെ ചെയ്യുന്നത്. മുരളി ജയിച്ചാലും ഇല്ളെങ്കിലും അദ്ദേഹത്തിനൊന്നുമില്ല, ഇതൊക്കെ ഒരു ഉത്സവമാണ്. അതില്‍ പങ്കെടുക്കുന്നു അത്രതന്നെ. കടമ്മനിട്ടയോട് അടൂര്‍ സുരേഷിന് ഉണ്ടായിരുന്നത് ‘കൊച്ചാട്ടന്‍’ എന്നൊരു സഹോദരതുല്യമായ സ്നേഹബഹുമാനായിരുന്നെങ്കില്‍ മുരളിയോട് ഉണ്ടായിരുന്നത് എടാപോടാ വിളിയുടെ സൗഹൃദമായിരുന്നു. അതിന്‍െറ പാരമ്യത കണ്ടറിയാന്‍ എനിക്ക് ഒരിക്കല്‍ അവസരം ഉണ്ടായിട്ടുണ്ട്.
ബഹ്റൈനില്‍ ഒരു സ്വകാര്യസന്ദര്‍ശനത്തിന് എത്തിയതായിരുന്നു മുരളി, തിരക്കുകളില്‍നിന്നൊഴിഞ്ഞ് ഇത്തിരി സ്വസ്ഥമായിരിക്കാന്‍. അതുകൊണ്ടുതന്നെ, ആരാധകരെയോ മറ്റ് സ്നേഹിതരെയോ സ്വീകരിക്കുന്നതേയില്ല. അടൂര്‍ സുരേഷും മുരളിയും മാത്രം നഗരത്തില്‍നിന്ന് ഇത്തിരി ദൂരെയുള്ള ഒരു റിസോര്‍ട്ടില്‍. ഗള്‍ഫിലെ ആഴ്ചവട്ടത്തിന്‍െറ അവസാനദിവസമായ ഒരു വ്യാഴം സന്ധ്യക്ക് അക്കൂട്ടത്തില്‍ എന്നെയും കൂടെ കൂട്ടണമെന്ന് അടൂര്‍ സുരേഷിന് ആഗ്രഹം. സാഹിത്യസ്നേഹി ആണെന്നും കഥകള്‍ ഒക്കെ എഴുതിയിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍, അതുകൊണ്ടുമാത്രം നിന്നെയും കൂട്ടാം എന്ന് മുരളി. അങ്ങനെ ഒരു രാത്രി മുഴുവന്‍ ഞങ്ങള്‍ ഒന്നിച്ച് ആ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നു. അവര്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍െറ ആഴം മാത്രമല്ല, മുരളിയുടെ ഉള്ളിലെ യഥാര്‍ഥ നാടകസ്നേഹിയെക്കൂടി കണ്ടറിയാനുള്ള അവസരമായി അത്. സന്ധ്യകൂടി ലഹരി മൂത്തപ്പോഴേക്കും മുരളി തന്‍െറ ഡയറി എടുത്തു. അതില്‍ ഷേക്സ്പിയര്‍ നാടകങ്ങള്‍ എഴുതിവെച്ചിരിക്കുകയാണ്. സീഡി പ്ളയറില്‍ ആ നാടകങ്ങളുടെ ശബ്ദരേഖ കേള്‍ക്കുന്നതിനൊപ്പം (സാധാരണക്കാര്‍ക്ക് അത്ര പെട്ടെന്ന് പിടികിട്ടാത്ത സംഗീതാത്മക ശൈലിയിലാണ് ആ ഒപേറ നാടകങ്ങളില്‍ സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നത്) അതിലെ സംഭാഷങ്ങള്‍ ഓരോന്നായി മുരളി പറയാന്‍ തുടങ്ങി. ഇടക്ക് സീഡി പോസ് അടിക്കും. അതുവരെ പറഞ്ഞ സംഭാഷണങ്ങളുടെ അര്‍ഥങ്ങളും കഥാസന്ദര്‍ഭവും ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഇടക്ക് അടൂര്‍ സുരേഷിനെ രണ്ട് ചീത്തവിളിക്കും. അത് മലയാളിക്ക് യഥാര്‍ഥ നാടകാസ്വാദനം എന്തെന്ന് അറിയാത്തതിന്‍െറ പേരിലാണ്. അടൂര്‍ തിരിച്ച് ചീത്തവിളിക്കും അത് മുരളിക്ക് നാടകഭ്രാന്ത് പിടിപെട്ടതിന്‍െറ പേരിലാണ്. ഇടക്ക് എന്നോട് ലണ്ടനില്‍പോയി ഷേക്സ്പിയര്‍ നാടകം കണ്ടതിന്‍െറ അനുഭവം വിവരിക്കും. അതിനുവേണ്ടി എടുത്ത ബുദ്ധിമുട്ട് വിവരിക്കും. പത്തുമാസം മുമ്പോ മറ്റോ ബുക് ചെയ്തശേഷമാണത്രെ ഒരു ടിക്കറ്റ് തരപ്പെട്ടത്. ഇത്തിരി കഴിഞ്ഞപ്പോള്‍ ഡയറി ഒക്കെ മാറ്റിവെച്ചു. ആ നാവില്‍നിന്ന് സംഭാഷണങ്ങള്‍ അനര്‍ഗളമായി ഒഴുകാന്‍ തുടങ്ങി. വെറുതെ കാണാതെ പഠിച്ചു ചൊല്ലല്‍ ആയിരുന്നില്ല അത്. ആത്മാവിന്‍െറ ആഴങ്ങളില്‍നിന്നുള്ള ഒഴുകിയെത്തലായിരുന്നു. ഷേക്സ്പിയര്‍ നാടകങ്ങള്‍ അദ്ദേഹത്തിന്‍െറ ഉള്ളില്‍ എത്രയധികം ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്നതിന് മറ്റ് തെളിവുകള്‍ ഒന്നുംവേണ്ട. ഇത്തിരികൂടി കഴിഞ്ഞപ്പോള്‍ സംഭാഷണങ്ങള്‍ക്കൊപ്പിച്ച് അദ്ദേഹം അഭിനയിക്കാന്‍ തുടങ്ങി. ദൈവമേ എന്തൊരു അനുഭവമായിരുന്നു അത്. മറ്റാര്‍ക്കും വേണ്ടിയുള്ള കെട്ടിയാടല്‍ അല്ലാതെ സ്വന്തം മനസ്സിനുവേണ്ടിയുള്ള ഒരഭിനയം. ഒരു സിനിമക്കും മുരളിയുടെ ഉള്ളില്‍ ഉണ്ടായിരുന്ന ആ നടനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് എനിക്കപ്പോള്‍ തോന്നിയത്.
സ്വയം ആടി മനം കുളിര്‍ത്തപ്പോള്‍ മുരളിക്ക്  കിടക്കണം. അതും പട്ടുമെത്തയില്‍ അല്ല, വെറും നിലത്ത്. ഇന്ന് നമ്മളെല്ലാവരും നിലത്തുകിടന്നുറങ്ങുന്നു എന്ന് മുരളി പ്രഖ്യാപിച്ചു. നീ നിലത്തു കിടന്നാല്‍ ഞാന്‍ പുറത്ത് കിടക്കുമെന്ന് അടൂര്‍ സുരേഷ്. ശരി എന്നുപറഞ്ഞ് മുരളി  അപ്പോള്‍തന്നെ തറയില്‍ കിടന്നു, ഇത്തിരിനേരം കഴിഞ്ഞപ്പോഴേക്കും കൂര്‍ക്കംവലിച്ച് ഉറങ്ങുകയും ചെയ്തു. ‘‘കണ്ടോ ഭരത് അവാര്‍ഡ് കിട്ടിയ ഒരു ആളാണ്, കിടക്കുന്ന കിടപ്പ് കണ്ടോ... ഇവനാണെടാ മനുഷ്യന്‍’’ എന്നുപറഞ്ഞുകൊണ്ട് അടൂര്‍ കടലിനഭിമുഖമായി പണിത വരാന്തയിലേക്ക് നടന്നു. അവന് ഞാന്‍ വാക്കുകൊടുത്തതാണ് അവന്‍ നിലത്തു കിടന്നാല്‍ ഞാന്‍ പുറത്തുകിടക്കുമെന്ന്. ഇന്ന് ഞാനിവിടെ കിടക്കും. ഡിസംബറിലെ കൊടും തണുപ്പുകാലമാണ്. കടലില്‍ നിന്ന് ചീറിയടിക്കുന്ന കാറ്റുകാരണം ഒരു മിനിറ്റിലധികം ആ വരാന്തയില്‍ നമുക്ക് നില്‍ക്കാന്‍പോലും കഴിയില്ല. അതൊക്കെ പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ, നടന്നില്ല. അടൂര്‍ സുരേഷിനെ നേരിട്ടറിയാത്ത വായനക്കാര്‍ ഒരു പക്ഷേ, അതിശയോക്തി എന്നു പറഞ്ഞേക്കാം. പക്ഷേ, അദ്ദേഹത്തിനെ നേരിട്ടറിയാവുന്ന ഒരാള്‍ക്കും അദ്ഭുതം തോന്നില്ല, ആ രാത്രി മുഴുവന്‍ ഒരു പുതപ്പുപോലും ഇല്ലാതെ ആ തണുത്ത വരാന്തയില്‍ കിടന്നാണ് അടൂര്‍ ഉറങ്ങിയത്.  മുരളിയോടുള്ള വാക്കുപാലിക്കാന്‍വേണ്ടി മാത്രം.
ബഹ്റൈനില്‍ നിന്ന് ദുബൈയിലേക്ക് ജോലി മാറിപ്പോയ അടൂര്‍ സുരേഷിനെ അവസാനം കണ്ടപ്പോള്‍ എന്‍െറ ചേട്ടന്മാര്‍ രണ്ടും പോയി ഇനി ആരുണ്ടെടാ എനിക്ക് എന്നൊരു സ്നേഹവിലാപം ആ നെഞ്ചില്‍നിന്ന് പുറപ്പെട്ടു വന്നു. സ്നേഹത്തിനു മുന്നിലല്ലാതെ മറ്റൊന്നിന്‍െറ മുന്നിലും തോല്‍ക്കാത്ത ആ മനുഷ്യനെ മുരളിയുടെ മരണം അത്രമേല്‍  ഉലച്ചിരുന്നു.
ഏഴ്
ചെറുപ്രായത്തില്‍തന്നെ രാജ്യം വിട്ടുപോരേണ്ടി വന്നതുകൊണ്ട് ജീവിതത്തിലൊരിക്കലും ഇന്ത്യയില്‍ വോട്ട് രേഖപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ജനാധിപത്യപ്രക്രിയയെ അതിന്‍െറ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബഹ്റൈന്‍ കേരളീയ സമാജം ഇലക്ഷനുമായി ബന്ധപ്പെട്ടതാണ് ആ അനുഭവം. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ ചെലവും ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ വാശിയുമാണ് സമാജം ഇലക്ഷനുള്ളത്. ആയിരത്തിനാനൂറോളം വരുന്ന അംഗങ്ങള്‍ക്കിടയില്‍ വര്‍ഷംതോറും നടത്തപ്പെടുന്ന ഹിതപരിശോധന. പരിപൂര്‍ണമായ ജനാധിപത്യസ്വഭാവത്തില്‍, ഇന്ത്യന്‍ തെരഞ്ഞെടുപ്പുരീതിയില്‍ അതിന്‍െറ എല്ലാ ചിട്ടവട്ടങ്ങളും നിയമാവലികളും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരു ഇലക്ഷനാണത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം, ഇലക്ഷന്‍ ഓഫിസര്‍, ഭരണസമിതിക്കും മേലെയുള്ള അദ്ദേഹത്തിന്‍െറ അധികാരം, വോട്ടര്‍ പട്ടിക, പത്രികസമര്‍പ്പണം, സൂക്ഷ്മപരിശോധന, പത്രിക തള്ളല്‍, അന്തിമലിസ്റ്റ്, പെരുമാറ്റച്ചട്ടം, പ്രചാരണം, തെരഞ്ഞെടുപ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, രഹസ്യബാലറ്റ്, വോട്ടെണല്‍, ഫലപ്രഖ്യാപനം എന്നിങ്ങനെ എല്ലാതരം ഇലക്ഷന്‍ സാമഗ്രികളും അതിലുള്‍ച്ചേര്‍ന്നിട്ടുണ്ട്. 
ഗള്‍ഫിലെ മറ്റുചില സംഘടനകളിലേതുപോലെ രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള മത്സരമല്ല സമാജത്തിലേത്. കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ പോഷകസംഘടനകള്‍ക്കൊന്നിനും ഇന്നേവരെ സമാജം ഭരണം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചിട്ടുണ്ടെങ്കിലും.  ഇവിടത്തെ സമവാക്യങ്ങള്‍ വേറെയാണ്. കേരളത്തിലെ ജാതിമത രാഷ്ട്രീയ സംഘങ്ങള്‍ എല്ലാം ചേര്‍ന്ന ഗ്രൂപ്പുകളാണത്. ഇരുഭാഗത്തും കമ്യൂണിസ്റ്റുകള്‍ ഉണ്ട്. ഇരുഭാഗത്തും കോണ്‍ഗ്രസുകാരുണ്ട്. ഇരുഭാഗത്തും നായരും ഈഴവനും ഉണ്ട്. ഇരുഭാഗത്തും ഓര്‍ത്തഡോക്സും മാര്‍ത്തോമയുമുണ്ട്. ഇരുഭാഗത്തും പുരോഗമനവാദികളും അതിപുരോഗമന വാദികളും ഉണ്ട്. ഇവിടെ സി.പി.എമ്മും സി.പി.ഐയും ഇരുചേരിയിലാണ് നിലകൊള്ളുന്നത്. ഗ്രൂപ്പാണ് വലുത്.  ആ ഗ്രൂപ്പുകളുടെ ഭാഗമായി നില്‍ക്കാനേ ഏതൊരു പോഷകസംഘടനകള്‍ക്കും കഴിയൂ. ഏതെങ്കിലും തവണ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ ജാതിയുടെയോ അംഗങ്ങള്‍ ഏതെങ്കിലും ഗ്രൂപ്പില്‍ പാകത്തിലധികമുണ്ടെങ്കില്‍ അത്തവണ അവര്‍ തോല്‍ക്കാന്‍ അത് മതിയായ ഒരു കാരണമാണ്.   ഒരു തവണ ഈ ഇലക്ഷനില്‍ മത്സരിച്ച് ഒരു തെരഞ്ഞെടുപ്പിന്‍െറ ചൂട് മുഴുവന്‍ അനുഭവിക്കാന്‍ എനിക്ക്  അവസരം ഉണ്ടായിട്ടുണ്ട്. നമ്മുടെ യുവ എഴുത്തുകാരില്‍ എത്രപേര്‍ക്ക് ആ ഭാഗ്യമോ അവസരമോ ഉണ്ടായിട്ടുണ്ട് എന്നോ ഉണ്ടായാല്‍തന്നെ അവര്‍ അതിലേക്ക് ധൈര്യപൂര്‍വം ഇറങ്ങിച്ചെല്ലുമെന്നോ എനിക്ക് സംശയമുണ്ട്. (ഒരു കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിലെങ്കിലും മത്സരിച്ച എത്ര എഴുത്തുകാര്‍ നമുക്കുണ്ട് എന്നൊരു കണക്കെടുക്കുന്നത് രസകരമായിരിക്കും.)   ധൈര്യപൂര്‍വം എന്ന വാക്ക് ഇവിടെ അറിഞ്ഞുകൊണ്ട് ഉപയോഗിച്ചതാണ്. എഴുത്തുകാരന്‍ എന്ന ജാട, നിഷ്പക്ഷന്‍ എന്ന കപടത, തോല്‍വിയെ അഭിമുഖീകരിക്കാനുള്ള ഭയം, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മടി, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വിമുഖത  എന്നിങ്ങനെ എഴുത്തുകാരന്‍െറ മുഖമുദ്ര എന്ന് വിശ്വസിക്കപ്പെടുന്ന പലതും ഉപേക്ഷിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു തെരഞ്ഞെടുപ്പിന്‍െറ ഗോദയിലേക്ക് ഇറങ്ങിച്ചെല്ലാനാവൂ... വിചാരിക്കുന്നതിലധികം മനക്കട്ടി നമുക്കതിനുവേണം. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ ജാതിയുടെയോ സംഘടനയുടെയോ പ്രതിനിധിയായി അല്ല ഞാന്‍ ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി തുടര്‍ച്ചയായി ഭരിച്ചുകൊണ്ടിരിക്കുന്ന, വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്ന, ഒരു ഗ്രൂപ്പിന്‍െറ ചില നയങ്ങളോടുള്ള വിയോജിപ്പ് എന്ന നിലയിലാണ് ഞാന്‍ മത്സരരംഗത്തേക്ക് ഇറങ്ങിയത്. ബെന്യാമിനെപ്പോലെ ഒരെഴുത്തുകാരന്‍, മുഴുവന്‍ ബഹ്റൈന്‍ മലയാളികളുടെയും ‘അഭിമാനം’ ഇങ്ങനെ പക്ഷംപിടിച്ച് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരാന്‍ പാടില്ല എന്ന് പലരും ഉപദേശിച്ചു. നിര്‍ദേശിച്ചു. എനിക്ക് പക്ഷമുണ്ട്. എനിക്ക് നിലപാടുമുണ്ട്. അത് ശരിയുടെ പക്ഷമാണ്. ഏതെങ്കിലും ഗ്രൂപ്പിന്‍െറ പക്ഷമല്ല. ഈ ഗ്രൂപ്പിനുവേണ്ടിയും ആ ഗ്രൂപ്പിനുവേണ്ടിയും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലം ഏതു ഗ്രൂപ്പിനൊപ്പമാണോ ഞാന്‍ നിലകൊണ്ടത് അതിനെതിരെ ആയിരുന്നു എന്‍െറ മത്സരം. അതുകൊണ്ടുതന്നെ, എന്‍െറ സുഹൃത്തുക്കളില്‍ നല്ളൊരു പക്ഷം എതിര്‍ചേരിയിലായിരുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവനാണ്, പ്രിയപ്പെട്ട എഴുത്തുകാരനാണ്, പക്ഷേ, നിങ്ങള്‍ മത്സരിക്കുന്നത് എതിര്‍ ചേരിയില്‍നിന്നായതുകൊണ്ട് വോട്ടുതരാന്‍ നിര്‍വാഹമില്ല എന്ന് അവര്‍ പരസ്യമായി പറഞ്ഞു. നിങ്ങള്‍ക്ക് മത്സരിക്കാന്‍ കൊതിയാണോ ഭരണസമിതിയില്‍ എത്താന്‍ ആഗ്രഹമുണ്ടോ വന്ന് ഞങ്ങള്‍ക്കൊപ്പം മത്സരിച്ചുകൊള്ളൂ എന്ന് പല മുതിര്‍ന്നവരും വാഗ്ദാനം ചെയ്തു. അത്തരം ആഗ്രഹങ്ങളുണ്ടെങ്കില്‍ ആ ഗ്രൂപ്പില്‍ മത്സരിക്കുന്നതായിരുന്നു എന്തുകൊണ്ടും സുരക്ഷിതം. കഴിഞ്ഞ പത്തുവര്‍ഷമായി നിരന്തരം ജയിച്ചുകൊണ്ടിരിക്കുന്ന ഗ്രൂപ്പ്. ഭരണാധികാരികളും പുത്തന്‍പണക്കാരും തമ്പടിച്ചിരിക്കുന്ന ഗ്രൂപ്പ്. സമാജത്തിന്‍െറ പുതിയ കെട്ടിടംപണി വിജയകരമായി പൂര്‍ത്തിയാക്കി എന്ന ഗ്ളാമറില്‍ നില്‍ക്കുന്ന ഗ്രൂപ്പ്. പക്ഷേ,  അതൊന്നുമായിരുന്നില്ല തെരഞ്ഞെടുപ്പിലേക്കിറങ്ങാനുള്ള എന്‍െറ കാരണമെന്നതുകൊണ്ട് ആ ഗ്രൂപ്പിനൊപ്പംനിന്ന് മത്സരിക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു.
മറ്റ് ലേബലുകള്‍ ഒന്നുമില്ലാതെ ഒരു കഥാകാരന്‍ എന്ന നിലയില്‍ മാത്രം ജനസമൂഹത്തിനിടയില്‍ തന്‍െറ സ്വീകാര്യത എത്രയെന്നറിയാനുള്ള അവസരംകൂടിയായിരുന്നു അത്. ഒരു കഥാകാരന് അത്തരം സ്വീകാര്യത ആവശ്യമില്ല എന്നുപറയുന്നവരുണ്ടാകാം. ശരിയാണ്. പക്ഷേ, കഥാകാരന്‍ എന്ന നിലയില്‍ മാത്രം നിങ്ങളെ എത്രപേര്‍ തിരിച്ചറിയുന്നു എന്നറിയുന്നത് നന്നായിരിക്കും. പ്രത്യേകിച്ച്, ആ തെരഞ്ഞെടുപ്പില്‍ സാഹിത്യവിഭാഗം സെക്രട്ടറി എന്ന സ്ഥാനത്തേക്കാണ് ഞാന്‍ മത്സരിച്ചത് എന്നതുകൊണ്ടുതന്നെ അത്തരമൊരു തിരിച്ചറിയല്‍ അനുപേക്ഷണീയവുമായിരുന്നു. ഫോണില്‍ ലഭ്യമായ ഏതാണ്ട് എല്ലാപേരെയും ഞാന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ബെന്യാമിന്‍ എന്ന പേരുകൊണ്ട് എന്നെ തിരിച്ചറിഞ്ഞവര്‍ ഏതാണ്ട് നാനൂറ് പേരില്‍ കൂടില്ല എന്നതാണ് സത്യം. വിശാലമായ ഒരു ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യമല്ല പറയുന്നത്. സാഹിത്യം ഏറ്റവും മുഖ്യ അജണ്ടയായി കൊണ്ടുനടക്കുന്ന ഒരു സാംസ്കാരിക സ്ഥാപനത്തിന്‍െറ സാഹിത്യവിഭാഗം സെക്രട്ടറിയായി മത്സരിക്കുന്ന കാര്യമാണ് പറയുന്നത്.
കഥാകാരന്‍ എന്ന നിലയില്‍ എന്നെ തിരിച്ചറിയാതിരിക്കുന്നതില്‍ അദ്ഭുതം ഇല്ല. പക്ഷേ, ആ സ്ഥാപനത്തിന്‍െറ സാഹിത്യമാസികയായ ജാലകത്തിന്‍െറ എഡിറ്ററായി ആറു വര്‍ഷം പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. അക്കാലമത്രയും മുടങ്ങാതെ ‘പിന്നാ മ്പുറ വായനകള്‍’ എന്നൊരു സാഹിത്യപംക്തി ഞാന്‍ ആ മാസികയില്‍ കൈകാര്യം ചെയ്തിരുന്നു. ആ മാസിക ഒരു തവണയെങ്കിലും ഗൗരവപൂര്‍വം തുറന്നുനോക്കിയിരുന്ന ഒരാള്‍ നിശ്ചയമായും എന്നെ ഓര്‍ക്കേണ്ടതാണ്. പക്ഷേ, അതിലെ അംഗങ്ങളില്‍ മൂന്നിലൊന്നിനു മാത്രമേ എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ എന്നത് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. സാഹിത്യത്തിന് മനുഷ്യന്‍ ജീവിതത്തില്‍ കല്‍പിക്കുന്ന സ്ഥാനം എവിടെ എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. അല്ലാതെ ബെന്യാമിന്‍ എന്ന വ്യക്തി തിരിച്ചറിയപ്പെടാതെ പോയി എന്നതല്ല. ഒ.എന്‍.വിയും ലെനിന്‍ രാജേന്ദ്രനും സുകുമാര്‍ അഴീക്കോടും മാധവിക്കുട്ടിയും മുരളിയും ഒക്കെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പരാജയപ്പെട്ടതില്‍ അദ്ഭുതപ്പെടാനില്ല എന്നുതന്നെ.
മനുഷ്യന്‍ അവന്‍െറ ഹീനമായ ഈഗോ പുറത്തെടുക്കുന്ന, അല്ളെങ്കില്‍ അവനില്‍ ഉറങ്ങിക്കിടക്കുന്ന ഈഗോ കണ്ടെത്താനുതകുന്ന ഏറ്റവും ഉത്തമമായ സമയമാണ് തെരഞ്ഞെടുപ്പുകാലം. മനുഷ്യന്‍െറ സങ്കുചിതത്വങ്ങള്‍, പിടിവാശികള്‍, അല്‍പത്തരം, പക,  ജാതിചിന്ത, മതവികാരം എന്നിവയൊക്കെ പരസ്യമായി പുറത്തുവരുന്നത് ഞാന്‍ കണ്ടു. പുരോഗമനവാദത്തിന്‍െറ മേല്‍ക്കുപ്പായമിട്ടിരിക്കുന്ന പലരുടെയും ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മൗലികവാദം കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരുടെ കാലുവാരാന്‍ കാണിക്കുന്ന ചങ്കൂറ്റമാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. വേദിയില്‍ കയറി പ്രതിനിധികളുടെ വിജയത്തിനുവേണ്ടി ഘോരഘോരം പ്രസംഗിച്ചിട്ട് അടുത്തനിമിഷം മറ്റൊരാളോട് ഫോണില്‍ വിളിച്ചുപറയുന്നത് ഇവര്‍ക്ക് ഒരു കാരണവശാലും വോട്ട് ചെയ്യരുത് എന്നാണ്. ഒരു ഗ്രൂപ്പിന്‍െറ മുഖ്യപ്രചാരകന്‍ എന്ന മട്ടില്‍ അവതരിച്ചിട്ട് ചെയ്യുന്നത് അടുത്ത ഗ്രൂപ്പിന് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുകയാണ്. ഒരു ഗ്രൂപ്പിന്‍െറ രഹസ്യസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ഫോണ്‍ ഓഫ് ചെയ്തുവെച്ച് അവിടെ നടക്കുന്ന സംസാരങ്ങള്‍ എതിര്‍ചേരിയില്‍ എത്തിക്കുകയും ചെയ്യുന്നത് മറ്റൊരു വിനോദം.
മലയാളി അവന്‍െറ ഗൃഹാതുരത്വം എന്ന പേരില്‍ കൂടെ കൊണ്ടുവന്നിരിക്കുന്നത് കേരളത്തിന്‍െറ നന്മകള്‍ മാത്രമൊന്നുമല്ല, എല്ലാ അല്‍പത്തരങ്ങളും കൂടിയാണ്. അതുകൊണ്ടാണ് പറഞ്ഞത് ജനാധിപത്യപ്രക്രിയയുടെ സര്‍വസ്വഭാവവും അനുഭവിക്കാന്‍ ഇടയായിട്ടുണ്ട് എന്ന്. കേരളത്തിലെ ഒരു തെരഞ്ഞെടുപ്പും ഇതില്‍ നിന്നൊന്നും മോചിതമല്ല എന്നറിയാം. എന്തെല്ലാം തരത്തിലുള്ള ആളുകളെ സഹിച്ചാലും വിട്ടുവീഴ്ച ചെയ്താലും ഭൂമിയോളം ക്ഷമിച്ചാലുമാണ് ഒരു തെരഞ്ഞെടുപ്പില്‍ നല്ല മുഖത്തോടെ നില്‍ക്കാനാവുക എന്ന് ചിന്തിച്ചുപോയിട്ടുണ്ട്. ജനങ്ങളുടെ മുന്നില്‍ ഇറങ്ങിച്ചെന്ന് അവനെ അഭിമുഖീകരിക്കുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരന്‍െറ മുന്നില്‍പോലും എഴുത്തുകാരന്‍െറ ജീവിതം ശുഷ്കമാണ് എന്നുകൂടി, ഈ അനുഭവങ്ങളെ മുന്‍നിര്‍ത്തി എനിക്ക് പറയേണ്ടിവരുന്നു.
തുടരും 

ബെന്യാമിന്‍.

മാധ്യമം വാരിക .

Google+ Followers

Blogger templates

.

ജാലകം

.