അണ്ണാ ഹസാരെ പറയുന്നത്‌ മനസിലാക്കാത്ത കേരളംഇന്ത്യന്‍ രാഷ്‌ട്രീയം വലിയ മാറ്റങ്ങള്‍ക്കു സാക്ഷ്യംവഹിക്കാന്‍ പോവുകയാണ്‌. അതുകൊണ്ടുതന്നെ ഏപ്രില്‍, മേയ്‌ മാസങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക കാലഘട്ടമായി മാറുന്നു. പശ്‌ചിമബംഗാള്‍, കേരളം, തമിഴ്‌നാട്‌, അസം, പുതുശേരി എന്നീ സംസ്‌ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പു മാത്രമല്ല അതിനു കാരണം. തീര്‍ച്ചയായും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാഷ്‌ട്രീയത്തിലെ ചൂണ്ടുപലകകളാണ്‌ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഈ അഞ്ചു സംസ്‌ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ അതിനേക്കാളൊക്കെ പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. മത്സരരംഗത്തുള്ള പാര്‍ട്ടികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നിര്‍ണായകമാണ്‌ എന്നതുകൊണ്ടു മാത്രമല്ല. രാജ്യത്താകെ അഴിമതിക്കെതിരായി ആഞ്ഞുവീശിത്തുടങ്ങിയിരിക്കുന്ന ജനരോഷം ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പോവുകയാണെന്ന കാര്യത്തില്‍ സംശയമില്ല.

അണ്ണാ ഹസാരെ എന്ന ഗാന്ധിയനും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന കുറേ ആദര്‍ശവാദികളും ആരംഭിച്ചിരിക്കുന്ന സമരം നിസാരസംഭവമായി രാജ്യത്തിനു തള്ളിക്കളയാനാവില്ല. രാഷ്‌ട്രീയ ഭരണാധികാരികളും മറ്റു പാര്‍ട്ടികളും അങ്ങനെയൊരു നിലപാട്‌ മുപ്പത്തിയഞ്ചുവര്‍ഷംമുമ്പ്‌ അവലംബിച്ചതിന്റെ കഠിനമായ ശിക്ഷ നമ്മുടെ രാജ്യം അനുഭവിച്ചതാണ്‌.

1970-കളുടെ ആദ്യ പകുതിയില്‍ രാജ്യത്തുണ്ടായിരുന്ന സ്‌ഥിതിയേക്കാള്‍ വഷളാണ്‌ ഇന്നത്തെ സ്‌ഥിതി. അന്ന്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അഴിമതി കൊടികുത്തി വാണിരുന്ന കാലമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യാരാജ്യത്തെ തന്റെ മാത്രം സ്വന്തമാണെന്നു വിശ്വസിച്ചിരുന്ന കാലം. അതിനു വെഞ്ചാമരം വീശാന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ(സി.പി.ഐ.)യെപ്പോലുള്ള ഇടതുപക്ഷ പാര്‍ട്ടികളും ഉണ്ടായിരുന്നു. രാഷ്‌ട്രീയ അഴിമതി കാരണം ജനങ്ങള്‍ക്കു പൊറുതിമുട്ടി എന്നു ബോധ്യമായപ്പോള്‍ അതിനെതിരേ ആദ്യം ശബ്‌ദമുയര്‍ത്തിയത്‌ സര്‍വോദയ നേതാവായ ജയ്‌പ്രകാശ്‌ നാരായണനാണ്‌. ബിഹാറില്‍നിന്നു കേട്ട തികച്ചും ഒറ്റപ്പെട്ട ശബ്‌ദം.

പ്രധാനമന്ത്രി ഇന്ദിരയും മറ്റു പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും ഈ വയോധികനായ ഗാന്ധിയന്റെ ശബ്‌ദത്തിന്‌ ഒരു വിലയും കല്‍പിച്ചില്ല. പക്ഷേ, ഉത്തരേന്ത്യയിലെ ജനങ്ങള്‍ ജയ്‌പ്രകാശിന്റെ പിന്നില്‍ അണിനിരന്നപ്പോള്‍ അഴിമതിക്കെതിരായ സമ്പൂര്‍ണ വിപ്ലവത്തിന്റെ തുടക്കമായി അതു മാറി. അതിനെ ചെറുക്കാന്‍ പ്രധാനമന്ത്രി ഇന്ദിര കണ്ടെത്തിയ മാര്‍ഗം ജനാധിപത്യത്തെ അട്ടിമറിച്ചു രാജ്യഭരണം പിടിച്ചെടുക്കാനാണു ജയ്‌പ്രകാശ്‌ ശ്രമിക്കുന്നതെന്ന പ്രചാരണമാണ്‌. അതിന്റെ പേരിലാണു ജനങ്ങളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിച്ചുകൊണ്ടു രാജ്യത്താകെ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച്‌ ഇന്ദിരാഗാന്ധി സര്‍വാധികാരങ്ങളും കൈയടക്കിയത്‌.

രണ്ടുവര്‍ഷം കഴിഞ്ഞ്‌ അടിയന്തരാവസ്‌ഥ പിന്‍വലിച്ചു വിജയപ്രതീക്ഷയോടെ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു തൂത്തെറിഞ്ഞു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിപോലും തെരഞ്ഞെടുപ്പില്‍ തോറ്റു. ഇന്ത്യയില്‍ ഒരു തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിമാത്രമാണ്‌. അന്ന്‌ അധികാരത്തില്‍വന്ന ജനതാപാര്‍ട്ടി ഒരേസമയം പ്രധാനമന്ത്രിപദവും രാഷ്‌ട്രപതിപദവും സര്‍വോദയ നേതാവായ ജയ്‌പ്രകാശ്‌ നാരായണനു വാഗ്‌ദാനം ചെയ്‌തതാണ്‌. സ്വര്‍ണത്തളികയിലെ പുഷ്‌പഹാരം പോലെ മുന്നിലേക്കു നീട്ടിയ ആ അധികാര സ്‌ഥാനങ്ങള്‍ ജയ്‌പ്രകാശ്‌ തിരസ്‌കരിച്ചപ്പോള്‍ രണ്ടാം മഹാത്മാഗാന്ധിയെ അദ്ദേഹത്തില്‍ ഭാരതം ദര്‍ശിച്ചു.

അതെല്ലാം മുപ്പത്തിയഞ്ചുവര്‍ഷം മുമ്പു നടന്ന കാര്യങ്ങള്‍. പുതിയ തലമുറ, അല്ലെങ്കില്‍ രാജ്യത്തെ 121 കോടി ജനങ്ങളില്‍ പകുതിയിലധികം പേര്‍, ജനിക്കുന്നതിനു മുമ്പു നടന്ന സംഭവങ്ങള്‍. പക്ഷേ, ഇപ്പോള്‍ രാജ്യം വീണ്ടും അഴിമതിയില്‍ മുങ്ങിയെന്ന സ്‌ഥിതി വന്നപ്പോള്‍ ജയ്‌പ്രകാശിന്റെ സ്‌ഥാനത്തു രാജ്യത്തിന്റെ മനഃസാക്ഷി ഉണര്‍ത്താന്‍ ഒരു അണ്ണാ ഹസാരെ രംഗത്തിറങ്ങിയെന്നതാണു സ്‌ഥിതി.

മന്‍മോഹന്‍സിംഗ്‌ ഭരണത്തിലെ സ്‌പെക്‌ട്രം ഇടപാടിലെ കോടികളുടെ വെട്ടിപ്പുകള്‍ തുടങ്ങി കേരളത്തിലെ മുന്‍ ഇടതുമുന്നണി ഭരണത്തില്‍ സി.പി.എം. നേതാവായിരുന്ന വൈദ്യുതിമന്ത്രി പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ നടത്തിയ കോടികളുടെ അഴിമതി വരെ നീണ്ടുപോകുന്നു ആ കഥകള്‍. അവരോടൊപ്പം കോടികളുടെ അഴിമതി നടത്തിയ കര്‍ണാടക ബി.ജെ.പി. മുഖ്യമന്ത്രി യെദിയൂരപ്പയുടെ കഥകള്‍ വേറെ. എന്നു പറഞ്ഞാല്‍ കോടിക്കണക്കിനു രൂപ വരുന്ന അഴിമതിയുടെ കറപുരളുന്ന നേതാക്കളുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നു. അഴിമതിത്തുകയുടെ ഏറ്റക്കുറച്ചിലിന്റെ കാര്യത്തില്‍ മാത്രമേ പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമുള്ളൂ.

ഇതിനെല്ലാം എതിരേ ജനവികാരം വളരുകയാണ്‌. ഈ ജനവികാരത്തിന്റെ തിരത്തള്ളലില്‍ ഇന്ത്യയില്‍ പലേ മാറ്റങ്ങളുമുണ്ടാകും. അതുകൊണ്ട്‌ ഈ ഏപ്രില്‍, മേയ്‌ മാസങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ വലിയ വഴിത്തിരിവായി മാറാന്‍ പോവുകയാണെന്നു തീര്‍ച്ച.

ഇതിനിടയിലാണ്‌ അഞ്ചു സംസ്‌ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നത്‌. ഇതില്‍ കേരളം, പശ്‌ചിമബംഗാള്‍, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ പരമപ്രധാനമാണ്‌. മുപ്പതുവര്‍ഷമായി പശ്‌ചിമബംഗാളില്‍ ഭരണം കൈയാളുന്നതു കമ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്) നയിക്കുന്ന മുന്നണിയാണ്‌. ആ മുന്നണിക്കു ഭരണം നഷ്‌ടപ്പെടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി നയിക്കുന്ന കോണ്‍ഗ്രസ്‌ കൂടി ഉള്‍പ്പെട്ട മുന്നണി അധികാരമേല്‍ക്കുമെന്നുമാണ്‌ എല്ലാ റിപ്പോര്‍ട്ടുകളും നല്‍കുന്ന സൂചനകള്‍.

തമിഴ്‌നാട്ടിലും ഭരണമാറ്റത്തിന്റെ സൂചനകളാണ്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌. സംസ്‌ഥാനത്തിന്‌ ഏറെ നേട്ടങ്ങളുണ്ടാക്കാന്‍ കരുണാനിധി നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴക സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയ അഴിമതിയാരോപണങ്ങളുടെ നടുവിലിറങ്ങിനിന്നുകൊണ്ടാണ്‌ ആ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

വികസനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്‌ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളുടേയും മുന്നിലാണ്‌. കാര്‍ നിര്‍മാണ കമ്പനികളടക്കം എണ്ണമില്ലാത്ത വ്യവസായശാലകളാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്നിട്ടുള്ളത്‌. പക്ഷേ, അഴിമതിക്കെതിരായി ഉയര്‍ന്നിട്ടുള്ള ജനരോഷത്തില്‍ കരുണാനിധി ഭരണം കടപുഴകി വീണാല്‍ അത്ഭുതമില്ലെന്നാണ്‌ ഇപ്പോഴുള്ള സൂചന. ജനമാനസങ്ങളില്‍ അഴിമതിക്കെതിരേ ഉയര്‍ന്നിട്ടുള്ള അമര്‍ഷത്തിന്റെ അലകള്‍ അത്ര ശക്‌തമാണ്‌.

അതേസമയം, കേരളത്തില്‍ ഇതിനേക്കാളൊക്കെ വ്യത്യസ്‌ത പരിതസ്‌ഥിതികളാണുണ്ടായിരിക്കുന്നത്‌. വികസനകാര്യത്തില്‍ അത്രയേറെ പിന്നാക്കം നില്‍ക്കുന്ന സംസ്‌ഥാനമായി കേരളം മാറിയിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാര്യത്തില്‍ തമിഴ്‌നാടോ കര്‍ണാടകയോ ആന്ധ്രാപ്രദേശോ കൈവരിച്ച നേട്ടങ്ങളുടെ പടിപ്പുരയിലെത്താന്‍പോലും കേരളത്തിനു കഴിഞ്ഞിട്ടില്ല. വ്യവസായ വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കേരളം ഇഴയുകയാണ്‌. സ്‌മാര്‍ട്‌ സിറ്റി സ്‌ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഞ്ചുവര്‍ഷം വേണ്ടിവന്നു വി.എസ്‌. അച്യുതാനന്ദന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്‌ എന്നോര്‍ക്കണം.

മുഖ്യമന്ത്രി അച്യുതാനന്ദനു വിവാദങ്ങളിലാണു താല്‍പര്യം. അതും സംസ്‌ഥാനത്തിന്‌ ഒരു ഗുണവും ചെയ്യാത്ത വിവാദങ്ങള്‍. എല്ലാ വിവാദങ്ങളും ഒടുവില്‍ ചെന്നവസാനിക്കുന്നതു പെണ്‍വിഷയത്തിലാണ്‌. ഒരു വ്യാഴവട്ടം മുമ്പ്‌ ഇടതുമുന്നണി ഉയര്‍ത്തിയ കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വിഷയം തുടങ്ങി ഏറ്റവും ഒടുവില്‍ സി.പി.എം. നേതാവ്‌ പി. ശശിയുടെ പെണ്‍വിഷയം വരെയുള്ള പ്രശ്‌നങ്ങള്‍. ഇതൊക്കെ വ്യക്‌തികളുടെ സ്വകാര്യ പ്രശ്‌നങ്ങളായി കാണാന്‍ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ക്കു കഴിയാതെ വരുന്നു.

അതിനു മുഖ്യ ഉത്തരവാദി മുഖ്യമന്ത്രി അച്യുതാനന്ദനാണ്‌. അഞ്ചുകൊല്ലം ഭരണത്തിലിരുന്നിട്ട്‌ ആകെ ഉയര്‍ത്താനുണ്ടായതു പെണ്‍വിഷയം മാത്രം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ സ്‌ത്രീപീഡനം. അതിന്റെ പേരില്‍ ഒരാള്‍ക്കു കൈയാമംവച്ചു നടത്താന്‍ അഞ്ചുവര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞോ? പ്രസംഗത്തോടു പ്രസംഗം തന്നെ. കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ പരസ്യമായ ചോദ്യത്തിന്‌ അദ്ദേഹത്തിനു മറുപടി ഇല്ലാതെ വന്നു. സംസ്‌ഥാനം ഭരിക്കുന്ന സി.പി.എമ്മില്‍ അദ്ദേഹം പ്രതിപക്ഷം. സര്‍ക്കാരില്‍ അദ്ദേഹം പ്രതിപക്ഷം. ദേശീയതലത്തില്‍ അദ്ദേഹം പ്രതിപക്ഷം. അങ്ങനെ വന്നതുകൊണ്ട്‌ ഏറ്റവും കുറഞ്ഞത്‌ അഞ്ചുവര്‍ഷം കേരളം പിന്നോട്ടു പോയെന്നാണ്‌ എ.കെ. ആന്റണി ആരോപിച്ചിരിക്കുന്നത്‌.

അച്യുതാനന്ദന്‍ സര്‍ക്കാരിനെ മാറ്റാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ കേരളീയര്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന ഐക്യ ജനാധിപത്യമുന്നണിക്ക്‌ എന്തു ബദല്‍ സര്‍ക്കാരാണു രൂപീകരിക്കാന്‍ കഴിയുക? അതിനു വ്യക്‌തമായ രൂപരേഖ യു.ഡി.എഫിനില്ല. വോട്ട്‌ ചെയ്‌തു ഭരണം മാറ്റാനല്ലേ ജനങ്ങള്‍ക്കു കഴിയൂ? അഴിമതിയില്‍ ആറാടിക്കളിക്കുന്ന ഉദ്യോഗസ്‌ഥവര്‍ഗം. കൈക്കൂലി കൊടുക്കാതെ കേരളത്തിലെ ഭൂരിപക്ഷഗ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും ചലിക്കില്ല എന്ന സ്‌ഥിതി സംജാതമായിരിക്കുന്നു. അതിനു മുമ്പില്‍ നിസഹായനായി നില്‍ക്കുകയാണു ഭരണകൂടങ്ങള്‍. 1991-ല്‍ ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്‌ഥാനം എന്ന ബഹുമതി നേടിയ നാടാണു കേരളം. ഇന്നത്തെ അവസ്‌ഥയോ?

കേരളത്തില്‍ ഭരണം മാറിയെന്നിരിക്കട്ടെ. അഴിമതിയില്‍ മുങ്ങിയ ഉദ്യോഗസ്‌ഥവര്‍ഗം മുഴുവന്‍ യു.ഡി.എഫ്‌. സര്‍ക്കാരിനു കൂറു പ്രഖ്യാപിക്കുന്നവരായി മാറും. ഇവിടെയാണ്‌ അണ്ണാ ഹസാരെയുടെ പുതിയ പ്രസ്‌ഥാനത്തിനുണ്ടായിരിക്കുന്ന പ്രാധാന്യം. ഹസാരെയുടെ മുമ്പില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ മുട്ടുമടക്കിയതും നീതിബോധമുള്ള ജനങ്ങളുടെ ആദ്യ വിജയമാണ്‌. ഇതു തുടക്കം മാത്രം.

അഴിമതിക്കു കൂച്ചുവിലങ്ങിടാനുള്ള ലോക്‌പാല്‍ നിയമം രൂപമെടുക്കുന്നതിനു തടസംനിന്നവരാണ്‌ എല്ലാ പാര്‍ട്ടികളും എന്നോര്‍ക്കണം. കാരണം തങ്ങളുടെ അഴിഞ്ഞാട്ടത്തിന്‌ അത്‌ അറുതി വരുത്തുമെന്ന്‌ അവര്‍ ഭയപ്പെട്ടു. ജനങ്ങള്‍ക്കു വിവരാവകാശം അനുവദിക്കാന്‍ അരനൂറ്റാണ്ടു തടസംനിന്നവരാണു നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍ എന്നു നാം ഓര്‍ക്കണം. ആ നിയമത്തേക്കാള്‍ പ്രാധാന്യമുള്ളതാണ്‌ അഴിമതിക്കു കൂച്ചുവിലങ്ങിടാനുള്ള ലോക്‌പാല്‍ നിയമമെന്നതാണു വസ്‌തുത.

രാജ്യത്തുടനീളം അഴിമതിയുടെ അഴുക്കുചാലില്‍ ഇറങ്ങി നില്‍ക്കുന്ന രാഷ്‌ട്രീയ നേതാക്കളോടുള്ള വെറുപ്പും അസഹനീയമായിരിക്കുന്നു എന്നു ജനങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയപ്പോള്‍ രാഷ്‌ട്രീയ നേതാക്കളും അണ്ണാ ഹസാരെയോടൊപ്പംകൂടാന്‍ തുടങ്ങുന്ന കാഴ്‌ചയാണിപ്പോള്‍ ഇന്ത്യ കണ്ടത്‌. അണ്ണായുടെ ഉപവാസത്തിനൊപ്പമിരിക്കാന്‍ വേദിയിലേക്കു കയറിച്ചെന്ന ഹരിയാനയിലെ ഓംപ്രകാശ്‌ ചൗതാലയേയും മധ്യപ്രദേശിലെ ഉമാഭാരതിയേയും നീതിബോധമുള്ള അണ്ണായുടെ ആരാധകര്‍ ഇറക്കിവിട്ടത്‌ എല്ലാ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളേയും പ്രതിക്കൂട്ടിലാക്കി. എന്തായാലും ഒന്നു തീര്‍ച്ച. ഇന്ത്യ ഒരു രണ്ടാം സമ്പൂര്‍ണ വിപ്ലവത്തിന്റെ പാതയിലേക്ക്‌ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.

കെ എം റോയ്

Share


Google+ Followers

Blogger templates

.

ജാലകം

.