സ്വര്‍ണമോതിരം മുതല്‍ ടീഷര്‍ട്ടുവരെ ..ചില ഭാഗ്യവാന്മാരായ വോട്ടര്‍മാര്‍ക്ക് സ്വര്‍ണമോതിരം!

പണ്ട് ചില ചക്രവര്‍ത്തിമാര്‍ അവരെ മുഖം കാണിക്കാനെത്തുന്നവര്‍ക്ക് സ്വര്‍ണമോതിരം നല്‍കിയിരുന്നതായി മുത്തശ്ശിക്കഥകളിലുണ്ട്. അതു കിട്ടണമെങ്കില്‍ ആഗതര്‍ രാജസദസ്സില്‍ കഴിവു പ്രദര്‍ശിപ്പിക്കണം. അല്ലെങ്കില്‍ രാജാവിന് പ്രീതി തോന്നുംവിധം സമ്മാനങ്ങള്‍ കൊണ്ടുവരണം. ഇതൊന്നുമില്ലാതെ മുഖം കാട്ടാനെത്തുന്ന സ്ത്രീകള്‍ക്കും സ്വര്‍ണസമ്മാനങ്ങള്‍ ലഭിച്ചെന്നുവരാം. ഇക്കാലത്ത് ചിലര്‍ക്ക് ഈ വിധത്തില്‍ ആഡംബരവീടുകളും കാറുകളുമൊക്കെ ലഭിച്ചതായി ചില കുബുദ്ധികള്‍ പ്രചാരണം നടത്താറുണ്ട്. അക്കഥകള്‍ പിന്നീട് സ്റ്റിങ്ഓപറേഷന്‍ എന്നപേരില്‍ ചാനലുകളില്‍ പ്രദര്‍ശനത്തിനെത്താറുമുണ്ട്. എന്നാല്‍ ആളുകളുടെ വീടുകളില്‍ ഭരണാധികാരികള്‍ സ്വര്‍ണമോതിരമെത്തിക്കുന്ന കഥ മുത്തശ്ശിമാരോ ചാനലുകളോ പറഞ്ഞതായി കേട്ടിട്ടില്ല.
ഒരു വടക്കന്‍ ജില്ലയിലാണ്, മോതിരക്കഥ പരക്കുന്നത്. പാവപ്പെട്ട ആദിവാസി ഊരുകളിലാണത്രേ മോതിരം എത്തിയത്. നേരം പുലര്‍ന്നപ്പോള്‍ കുടിലുകള്‍ക്കുമുന്നില്‍ സ്വര്‍ണത്തിളക്കം. പാവങ്ങളുടെ കണ്ണ് മഞ്ഞളിക്കാന്‍ മറ്റെന്തുവേണം! പകരം വോട്ടാണ് ചോദിച്ചത്. പക്ഷേ, വോട്ടുചെയ്ത് തിരിച്ചു കൂരയിലെത്തിയപ്പോള്‍ മോതിരം മുക്കുപണ്ടമാണെന്ന് പ്രചാരണമായി. കിട്ടിയത് മുക്കായാലും അല്ലെങ്കിലും ഇരിക്കട്ടെ എന്നു കരുതി കൈയിലണിഞ്ഞു നടക്കുകയാണത്രേ അവര്‍.
തെരഞ്ഞടുപ്പിനെ തുടര്‍ന്ന് ഇങ്ങനെ എത്രയെത്ര കഥകളാണ് പ്രചരിച്ചു തുടങ്ങിയിട്ടുള്ളത്. കഥകള്‍ മെനയാനും പ്രചരിപ്പിക്കാനും തെരഞ്ഞെടുപ്പ്കമീഷന്‍ കനിഞ്ഞു നല്‍കിയത് ഒരു മാസം. മേയ് പതിമൂന്നിന് പെട്ടി പൊട്ടിക്കുംവരെ കഥകള്‍ പലതും കേള്‍ക്കാം. ചിലത് പതിരില്ലാത്ത കഥകള്‍ തന്നെയാകാം. വോട്ടെണ്ണല്‍ തുടങ്ങുംവരെ രാജ്യകാര്യ വിചാരകേന്ദ്രങ്ങളില്‍ മറ്റൊരു പണിയും ഇല്ലതന്നെ.
'ചാകര' എന്ന വാക്കുതന്നെ ഐശ്വര്യലക്ഷണമാണ്. തീരപ്രദേശങ്ങളില്‍ ദരിദ്രര്‍ പട്ടിണിമറക്കുന്ന ദിനമാണത്. ദാരിദ്ര്യമില്ലാത്തവര്‍ക്കാകട്ടെ, കൂടുതലായി ധനമെത്തുന്ന ദിനം. എന്നാല്‍, തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് ചാകരയെത്തിയത് ദൗര്‍ഭാഗ്യത്തിന്റെ വേഷത്തിലാണ്. തലസ്ഥാനനഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ഒരു വലിയ വിഭാഗം വോട്ടര്‍മാര്‍ തീരദേശവാസികളാണ്. അവരില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍.  വോട്ടെടുപ്പുദിനത്തില്‍ തീരദേശ മേഖലയില്‍ ഉച്ചകഴിഞ്ഞാണ് സാധാരണ കാര്യമായി വോട്ടിങ് നടക്കാറുള്ളത്.  ഇത്തവണയും മത്സ്യത്തൊഴിലാളികളുടെ വോട്ട് പ്രതീക്ഷിച്ച് തീരദേശത്ത് പോളിങ് ബൂത്തുകള്‍ ഉച്ചകഴിയാനായി കാത്തിരുന്നു. അപ്പോഴാണ് ചാകരയുടെ വരവ്. 'വേളാപ്പാര' എന്ന വലിയ മീനാണ് തീരത്ത് വന്നു നിറഞ്ഞത്്. വല്ലപ്പോഴുമൊരിക്കല്‍ വീണുകിട്ടുന്ന അവസരം കളഞ്ഞ് വോട്ടിനുപോകാന്‍ മാത്രം ജനാധിപത്യവിശ്വാസികളായിരുന്നില്ല തീരദേശക്കാര്‍. വോട്ടിന്  പണം നല്‍കാമെന്ന പ്രലോഭനം ഉണ്ടായിട്ടുകൂടി അവര്‍ അതിനു നിന്നില്ല. പകരം, ചാകരകൊയ്യാന്‍ പോയി. വേളാപ്പാര സ്ഥാനാര്‍ഥികള്‍ക്ക് പാരയുമായി. ഈ ചാകര പ്രധാനമായും ഏത് സ്ഥാനാര്‍ഥിക്കാണ് പാരയായതെന്ന് വോട്ടെണ്ണല്‍ ദിനത്തിലേ പറയാനാകൂ.
ഇക്കുറി തെരഞ്ഞെടുപ്പ്കമീഷന്‍ കടുത്ത നിയന്ത്രണങ്ങളാണ് വെച്ചത്. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനായി 16 ലക്ഷത്തിനുമേല്‍ ചെലവഴിക്കാന്‍ അനുമതിയില്ലായിരുന്നു. ചെലവു നിരീക്ഷിക്കാന്‍ കമീഷന്റെ സ്‌ക്വാഡുകള്‍ പറന്ന് നടന്നു.  സ്ഥാനാര്‍ഥികള്‍ക്കായി അവര്‍ പ്രത്യേകം തെരഞ്ഞെടുപ്പ് അക്കൗണ്ടുകള്‍ നിര്‍ബന്ധമാക്കി. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുണ്ടോ, എവിടെ നിന്നെങ്കിലും വന്‍തുകകള്‍ സ്ഥാനാര്‍ഥികള്‍ക്ക് എത്തുന്നുണ്ടോ എന്നൊക്കെ അറിയാന്‍ സ്‌ക്വാഡുകള്‍ കറങ്ങിനടന്നു. എന്നാല്‍ അവര്‍ക്കും മുകളിലൂടെ ഹെലികോപ്ടറുകള്‍ പറന്നു വന്ന് വിവാദങ്ങളുണ്ടാക്കി കടന്നുപോയത് കമീഷന്‍ അറിഞ്ഞിരിക്കില്ല. ഹെലികോപ്ടറിന്റെ വരവ് മുന്നണികള്‍ തമ്മില്‍ എരിപൊരി വിവാദങ്ങളുണ്ടാക്കി. നേതാവു കൂടിയായ സ്ഥാനാര്‍ഥി ഹെലികോപ്ടര്‍ ഉപയോഗിച്ചതാണ് വിവാദമായത്. എന്നാല്‍ യഥാര്‍ഥ ഉദ്ദേശ്യം പണമെത്തിക്കലായിരുന്നുവെന്ന് മനസ്സിലായത് ഹെലികോപ്ടറുകള്‍ തിരിച്ചുപോയ ശേഷമാണെന്ന് എതിരാളികള്‍ ഇപ്പോള്‍ പറയുന്നു. പണം ഹെലികോപ്ടറില്‍ എത്തിയാല്‍ അത് പരിശോധിക്കാന്‍ കമീഷനു കഴിയില്ലല്ലോ. സത്യമെന്തെന്ന് അറിയില്ലെങ്കിലും ഹെലികോപ്ടറിനെ പിന്നീട് കണ്ടില്ല. അതേസമയം തീവണ്ടിയിലും കാറുകളിലുമൊക്കെ കനത്ത പരിശോധനയാണ് കമീഷന്റെ സ്‌ക്വാഡുകള്‍ നടത്തിയത്. അതുവഴി വിവിധ പാര്‍ട്ടികളില്‍നിന്ന് വന്‍തുകകള്‍ കണ്ടെത്തിയതായും വാര്‍ത്ത വന്നിരുന്നു.
ഈ കടുത്ത നിയന്ത്രണത്തിനിടയിലും പണം സംഭരിക്കുകയും ചെലവഴിക്കുകയും വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു എന്നാണ് വിവരം. ഇക്കാര്യത്തില്‍ മുഖ്യധാരാപാര്‍ട്ടികള്‍ ഒന്നും മോശമായില്ല. പ്രചാരണത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും സി.പി.ഐയും ബി.ജെ.പി യും എന്നുവേണ്ട, ഒരു വിജയപ്രതീക്ഷയുമില്ലാത്ത ബഹുജന്‍സമാജ് പാര്‍ട്ടിപോലും വന്‍തുകകള്‍ ചെലവഴിക്കുന്നതാണ് കണ്ടത്. ഒരു മണ്ഡലത്തിലും കമീഷന്റെ പരിധിക്കുള്ളില്‍ ചെലവു നിന്നിട്ടുണ്ടാകില്ല. ആരോടും പിരിക്കാതെയാണ് ഈ ചെലവു മുഴുവന്‍ വഹിച്ചതെന്ന് പാര്‍ട്ടികള്‍ അവകാശപ്പെടുന്നു. എവിടെനിന്ന് വന്നു ഈ പണം എന്നു ചോദിച്ചാല്‍ നേതാക്കളുടെ മുഖത്ത് ഒരു പുഞ്ചിരിയുടെ മിന്നായം- അതുതന്നെ മറുപടി. ഉള്ളിലേക്ക് കടന്ന് അന്വേഷിച്ചാല്‍ ഞെട്ടുന്ന വിവരങ്ങള്‍ കിട്ടും.  ഇവിടെ കുംഭകോണങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട ലോട്ടറി - മണല്‍ -സ്‌പിരിറ്റ് - ചന്ദനം എന്നുതുടങ്ങി 'മാഫിയ' എന്ന ഓമനപ്പേരുള്ളവരെല്ലാം അണിയറയില്‍ സജീവമായിരുന്നു. ഇതിനു പുറമേ 'ഫൈ്‌ള ആഷെ'ന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന ചാരം മുതല്‍ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ കൈകാര്യം ചെയ്യുന്ന കരാറുകാരും അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും വലുപ്പച്ചെറുപ്പമനുസരിച്ച് 40 മുതല്‍ 50 ലക്ഷംവരെയാണ്, കേന്ദ്ര നേതൃത്വം നല്‍കിയതെന്ന് ആ പാര്‍ട്ടിയിലെത്തന്നെ അതൃപ്തര്‍ പറയുമ്പോള്‍ അത് കൊതിക്കെറുവു കൊണ്ടാണെന്നാണ് സ്ഥാനാര്‍ഥികളുടെ പക്ഷം. എന്തായാലും പ്രചാരണരംഗം കൊഴുക്കുകതന്നെ ചെയ്തു. ഒരു പാര്‍ട്ടിയും പിന്നാക്കം പോയില്ല. സ്‌പോര്‍ട്‌സ് സ്‌റ്റൈലില്‍ നേതാക്കളുടെ ചിത്രവുമായി ടീഷര്‍ട്ടും തൊപ്പിയും ഇറക്കിയത് കോണ്‍ഗ്രസാണ്. സോണിയഗാന്ധിയും രാഹുലുമാണ് ടീഷര്‍ട്ടിലെ ചിത്രങ്ങള്‍. തൊപ്പി ത്രിവര്‍ണവും. ഇതു കണ്ടിട്ടാകാം ലീഗിലെയും ഇടതുപക്ഷത്തെയും ചില സ്ഥാനാര്‍ഥികളും ടീഷര്‍ട്ടുകള്‍ രംഗത്തിറക്കി. സൗജന്യമായാണ്  ഇവ വിതരണം ചെയ്തത്.
ഇടതുസ്ഥാനാര്‍ഥികളും ധാരാളിത്തത്തില്‍ മത്സരിച്ചു. പണം നല്‍കിയത് കേന്ദ്രമാണോ എന്നു ചോദിച്ചാല്‍ അത്രക്കു പണം നല്‍കാവുന്ന  നേതൃത്വം അവര്‍ക്കു കേന്ദ്രത്തിലില്ല തന്നെ.  പാര്‍ട്ടികേന്ദ്രം നടന്നുപോകണമെങ്കില്‍ ഇവിടെനിന്ന് പണം നല്‍കണമെന്നിരിക്കെ അവര്‍ എവിടെനിന്നു കൊണ്ടുവരുമെന്നാണ്, വിമതപക്ഷം ചോദിക്കുന്നത്. പിന്നെ പ്രചാരണത്തിലൊഴുകിയ ഈ പണമൊക്കെ എവിടെ നിന്നുകിട്ടി എന്നു ചോദിച്ചാല്‍ അഞ്ചുവര്‍ഷം ഭരിച്ചതല്ലേ എന്നാണ് ഉയരുന്ന മറുചോദ്യം. നാട് നന്നാക്കുംമുമ്പ് വീട് നന്നാകണമെന്നാണല്ലോ മഹദ്‌വചനം. അതിനാലാണത്രേ ചില സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിനേതൃത്വം നല്‍കിയതും പ്രചാരണത്തിനായി മറ്റു രീതിയില്‍ ലഭിച്ചതുമായ പണം മുഴുവനായി ചെലവഴിക്കാതെ വീട്ടില്‍ കൊണ്ടുപോയത്. അതില്‍ ചിലര്‍ സ്വന്തമായി വീടു നിര്‍മിക്കാനുള്ള ഒരുക്കവും തുടങ്ങിയിട്ടുണ്ടത്രേ.
ഒരു ബൂത്ത്കമ്മിറ്റിക്കു കീഴില്‍ ശരാശരി ആയിരം വോട്ടുണ്ടെന്നാണ് കണക്ക്. ഓരോ ബൂത്തിലേക്കും തെരഞ്ഞെടുപ്പുചെലവിനായി കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി നല്‍കിയത് 17500 രൂപ വീതമാണത്രേ. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും ഇതില്‍ നിന്നു വളരെ കുറവല്ലാത്ത ഒരു തുകയാണ് ബൂത്തുകളില്‍ ചെലവിനായി വിനിയോഗിച്ചത് എന്നു പറയുന്നു. ഒരു മണ്ഡലത്തില്‍ 140 മുതല്‍ 150 വരെ ബൂത്തുകളാണുള്ളത്. അങ്ങനെ നോക്കിയാല്‍ ഒരു മണ്ഡലത്തില്‍ ഓരോ പാര്‍ട്ടിയും ഔദ്യോഗികമായി ചെലവാക്കിയത് 27 ലക്ഷത്തോളം രൂപ വീതം. ഇതിനുപുറമേ സ്ഥാനാര്‍ഥിയും അവരുടെ അഭ്യുദയകാംക്ഷികളും കൂടി ചെലവാക്കിയത് ഇതില്‍ കൂടുതല്‍വരും. മാഫിയകള്‍ ഇടപെട്ട കേസുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെലവഴിച്ച തുക ഇതിലൊക്കെ എത്രയോ അധികമായിരിക്കും.  ചില സുപ്രധാന വ്യക്തികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കോടികളാണ് ഒഴുകിയതെന്നത് പരസ്യമായ പരമരഹസ്യം മാത്രം. പണ്ടൊക്കെ പലരും കള്ളപ്പണം വെളുപ്പിക്കുന്നത് തെരഞ്ഞെടുപ്പ്‌സംഭാവനകളിലൂടെയാണ്. എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പ്കമീഷന്റെ കടുത്ത നിയന്ത്രണം മൂലം സംഭാവനകള്‍ ഒരിടത്തും വരവുവെക്കപ്പെട്ടില്ല. അതിനാല്‍ കള്ളപ്പണ മാഫിയ മുമ്പൊക്കെ തെരഞ്ഞെടുപ്പുകളില്‍ പ്രകടിപ്പിച്ചിരുന്ന താല്‍പര്യം ഇക്കുറി നഷ്ടമായി എന്നതും രാഷ്ട്രീയകേന്ദ്രങ്ങളിലെ ചര്‍ച്ചകളില്‍ ഒരു സങ്കടവിഷയമാണ്. തെരഞ്ഞെടുപ്പ്കമീഷന്‍ എത്ര ജാഗ്രത പുലര്‍ത്തിയാലും രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം വിചാരിക്കാത്തിടത്തോളം പണാധിപത്യത്തിനുമേല്‍ ഒരു ജനാധിപത്യവും പറക്കില്ലെന്നു തന്നെയാണ്, ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നത്.

വയലാര്‍ ഗോപകുമാര്‍ 

Share


Blogger templates

.

ജാലകം

.