ക്രിക്കറ്റ് ധനം സര്‍വ ധനാല്‍ പ്രധാനം

983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും 2011ല്‍ വിശ്വകിരീടം ചൂടിയ ഇന്ത്യന്‍ ടീമും തമ്മില്‍ വലിയൊരു വ്യത്യാസം നിങ്ങള്‍ക്കു കാണാം. '83ല്‍നിന്ന് വ്യത്യസ്തമായി പണക്കൊഴുപ്പിന്റെ പരിലാളനയേറ്റ് വളരാന്‍ അവസരം ലഭിച്ചവരാണ് 2011ലെ കേളീവല്ലഭന്മാര്‍ എന്നതു തന്നെയാണ് ശ്രദ്ധേയമായ ആ വൈജാത്യം.
പ്രതിഭാശാലിത്വം, അസാധാരണമായ ആത്മവിശ്വാസം, പിന്നെ അല്‍പം ഭാഗ്യം. ഈ മൂന്നിന്റെയും കൂട്ടായ്മയുടെ പരിണതഫലമായിരുന്നു '83ലെ വിജയം. എന്നാല്‍, മറ്റു നിരവധി ഘടകങ്ങള്‍ ചേര്‍ന്നാണ് 2011ലെ വിജയം സാര്‍ഥകമാക്കിയത്. ഇതര കായികവിനോദങ്ങളെ തഴഞ്ഞ് നേടുന്ന പരിലാളനകളാലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഈ വിധം ദേശീയ വികാരമായി തഴയ്ക്കുന്നത്. മുംബൈ, ദല്‍ഹി എന്നീ നഗരികളാകാന്‍ കൊതിക്കുന്ന ഇന്ത്യയിലെ ഇതര പട്ടണങ്ങളുടെ സ്വപ്‌നങ്ങള്‍, ക്രിക്കറ്റ് വഴിയുള്ള താരപരിവേഷമോഹങ്ങള്‍, ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്ന സമ്മാനമഴകള്‍, പരസ്യവരുമാന പ്രേരണകള്‍ എന്നിങ്ങനെ ഇന്നിന്റെ ക്രിക്കറ്റ് വിജയഗാഥകള്‍ രചിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഗ്രാമങ്ങള്‍പോലും ഇന്ന് ക്രിക്കറ്റിനെ സര്‍വപ്രധാന കളിയായി വാഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ കുലചിഹ്നമായി പ്രതിഷ്ഠ നേടിയിരിക്കുകയാണ് ക്രിക്കറ്റ്. പണം വിജയത്തെ കൊണ്ടുവരുന്നു, വിജയം കൂടുതല്‍ ലാഭങ്ങളെയും എന്നതാണ് പുതിയ കളിതന്ത്രത്തിന്റെ ആധാരവാക്യം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റിന് വളര്‍ന്നു പന്തലിക്കാന്‍ ഏറ്റവും അനുകൂലമായ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ.
കളിയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് മനുഷ്യാധ്വാനവും വൈഭവവും തന്നെ. ഈ ചേരുവകള്‍ ഇല്ലാതെ പോയാല്‍ ക്രിക്കറ്റ് അറുബോറന്‍ ഏര്‍പ്പാടായി ചുരുങ്ങിപ്പോകുമായിരുന്നു. അതേസമയം, വര്‍ത്തമാനകാല ക്രിക്കറ്റിനെ നിര്‍വചിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നത് തകര്‍പ്പന്‍ ബാങ്ക് അക്കൗണ്ടുകള്‍ തന്നെ. നമ്മുടെ യൂസുഫ് പത്താന്റെ കാര്യമെടുക്കാം. ലോകകപ്പ് ഫൈനലില്‍ അദ്ദേഹം കളിക്കളത്തില്‍ ഇറങ്ങിയിട്ടില്ലായിരിക്കാം. പക്ഷേ, ആസന്നമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) കോടികളുമായി പത്താനെ കാത്തിരിക്കുന്നു. അതേസമയം, ഐ.പി.എല്ലില്‍ മുഖംകാണിക്കാന്‍പോലും പാക് താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല.
ഇന്ത്യയുടെ സാമ്പത്തിക സൗഭാഗ്യങ്ങള്‍ പാക് താരങ്ങള്‍ക്കോ ശ്രീലങ്കന്‍ താരങ്ങള്‍ക്കോ ലഭിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു ക്രിക്കറ്റിന്റെ ജാതകം? കളിമികവിനൊപ്പം സാമ്പത്തിക പ്രോത്സാഹനവും ചേരുന്നപക്ഷം ശ്രീലങ്കന്‍ ടീം വീരസിംഹങ്ങളായി മാറുകയും പാക് പടയോട്ടം അപ്രതിരോധ്യമായി കലാശിക്കുകയും ചെയ്‌തേനേ. പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളും സമ്മര്‍ദങ്ങളും അതികഠിനമാണ്. പാക് കളിക്കാരുടെ പ്രകടനങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് അക്കാര്യം അനായാസം മനസ്സിലാകാതിരിക്കില്ല. കളികള്‍ക്കിടെ വല്ല വീഴ്ചയും സംഭവിച്ചാല്‍ അത് 'ഒത്തുകളി' വഴി വരുത്തുന്ന പിഴവാണെന്ന് ആദ്യം അടക്കംപറച്ചിലും പിന്നീട് പരസ്യ വിമര്‍ശവും ഉയരും (ഇന്ത്യയുമായുള്ള സെമിയില്‍ പാക് കളിക്കാര്‍ പൊറുക്കാനാകാത്ത നിരവധി പിഴവുകള്‍ വരുത്തുകയുണ്ടായി). ധാര്‍മികതയെ പലപ്പോഴും ധനമോഹം കവച്ചുവെക്കുന്നതിനാല്‍ ഒത്തുകളികള്‍ രഹസ്യ വിജയങ്ങള്‍ കൊയ്യാറുണ്ട്. എന്നാല്‍, ഇന്ത്യന്‍ താരങ്ങള്‍ക്ക് നിയമാനുസൃത സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വേണ്ടത്ര ലഭിക്കുന്നതിനാല്‍ അവര്‍ക്ക് ഒത്തുകളിയുടെ റിസ്‌കില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയുന്നു. പണക്കൊതിയന്മാര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ കഴിയും. എന്നാല്‍, അവര്‍ക്ക് വമ്പന്‍ കമ്പനികളുടെ പരസ്യങ്ങളില്‍ പ്രവേശനം ലഭിക്കില്ല. അതേസമയം, ഔദ്യോഗികവും സ്വകാര്യവുമായ സാമ്പത്തിക പ്രോത്സാഹനങ്ങള്‍ പരിമിതമായ പാകിസ്താനിലെ കളിക്കാര്‍ സമീപകാലത്തും ഒത്തുകളിയുടെ പേരില്‍ പിടിക്കപ്പെടുകയുണ്ടായി. ഐ.സി.സിയുടെ കര്‍ശന മുന്നറിയിപ്പുകളൊന്നും വകവെക്കാതെയാണവര്‍ മാച്ച് ഫിക്‌സിങ്ങിന്റെ ധനപ്രലോഭനങ്ങളില്‍ വീണുപോയത്. മൊഹാലി സ്‌റ്റേഡിയത്തില്‍ പരാജയത്തിന്റെ കയ്പുപാത്രം പുഞ്ചിരിയോടെയാണ് പാക് നായകന്‍ അഫ്‌രീദി ഏറ്റുവാങ്ങിയത്. തോല്‍വിയെ പ്രസന്നവദനനായി സ്വീകരിച്ചുകൊണ്ട് അയാള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കുകതന്നെ ചെയ്തു. രാഷ്ട്രീയ സ്ഥിരതയുള്ള ഒരു രാജ്യത്തായിരുന്നു ഈ ശ്രേഷ്ഠനായ കളിക്കാരന്‍ വളര്‍ന്നിരുന്നത് എങ്കില്‍ എത്ര ഉജ്ജ്വല നേട്ടങ്ങള്‍ക്കായിരുന്നു ആ പ്രതിഭ കാരണക്കാരനാവുക?
ലങ്കന്‍ ബൗളര്‍ മുത്തയ്യ മുരളീധരന്റെ ആത്മസംഘര്‍ഷങ്ങള്‍ സങ്കല്‍പാതീതമാണ്. തമിഴ് വംശജരെ സൈനികാക്രമണത്തിലൂടെ കുരുതി കഴിക്കുന്ന സിംഹള ഭൂരിപക്ഷ സര്‍ക്കാറിന്റെ തണലില്‍ കളിക്കുന്ന തമിഴ് പുത്രനാണയാള്‍. വേദനകള്‍ ഉള്ളിലൊതുക്കി പ്രതിഭാവിലാസം പുറത്തെടുത്ത് മുത്തയ്യ നേടിയത് 800 നിര്‍ണായക വിക്കറ്റുകള്‍. തീപാറുന്ന ആ കണ്ണുകള്‍ക്കു പിറകില്‍ വംശീയ പ്രേതങ്ങളുടെ ഇടപെടലുകള്‍ ഉണ്ടായിരിക്കുമോ? ഇല്ല, അത്തരം ദുഷ്‌പ്രേരക ശക്തികളെ അടിച്ചമര്‍ത്താനുള്ള സ്വഭാവ ദാര്‍ഢ്യതയുണ്ട് മുത്തയ്യക്ക്. അദ്ദേഹം തന്റെ ടീമിനോടും രാജ്യത്തോടും അത്യധികം കൂറുപുലര്‍ത്തുന്നു. ഒരു പ്രതിഭാശാലിയും സ്വന്തം നേട്ടത്തിനുവേണ്ടിയല്ല കളിക്കാറുള്ളത്. മാതൃരാജ്യത്തിന്റെ വിജയമാണ് അയാളുടെ പ്രഥമ ലക്ഷ്യം. പ്രതിഭ വ്യക്തിപരമായ സംഭാവനയാണ്. അത് രാജ്യത്തോടൊപ്പം സ്വന്തത്തിനും നേട്ടങ്ങള്‍ സമ്മാനിക്കുന്നു. ചിലപ്പോള്‍ സ്വകീയമായ വന്‍ നേട്ടങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം പ്രതിഭ രാജ്യത്തിനുവേണ്ടി അയാള്‍ക്കു ബലിനല്‍കേണ്ടതായും വരും. ക്യാപ്റ്റന്‍സി ലഭിക്കുമ്പോള്‍ സചിന്‍ ടെണ്ടുല്‍കര്‍ക്ക് എതിര്‍നിരയെ മാരകമായി നേരിടാനുള്ള തന്റെ കഴിവ് നിയന്ത്രിക്കേണ്ടിവരുന്നു.
ടൂര്‍ണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത ടീമായിരുന്നു ശ്രീലങ്കയുടേത്. ഇന്ത്യന്‍ പക്ഷപാതിത്വമുള്ള എനിക്ക് ഈ വസ്തുത സമ്മതിക്കേണ്ടിവരുന്നു. വിവാദാഗ്‌നികളില്‍ ദഹിച്ചുപോകാതെ പന്തെറിയുന്ന മുത്തയ്യയുടെ വിടവാങ്ങലിലൂടെ ഈ ലോകകപ്പ് സവിശേഷമായി. ഒപ്പം സചിന്‍ വീണ്ടും റെക്കോഡിന്റെ രാജകുമാരനായി മാറുന്നതിനും നാം സാക്ഷികളായി. ആയുസ്സിന്റെ പുസ്തകത്തിലെ അവസാന പുറങ്ങളിലേക്ക് കടക്കുമ്പോഴും ഇത്തരം മാന്ത്രികമുഹൂര്‍ത്തങ്ങള്‍ നമ്മുടെ മനോമുകുരങ്ങളില്‍ മായാതെ പതിഞ്ഞുകിടക്കും.
എം.ജെ. അക്ബര്‍


Share


Blogger templates

.

ജാലകം

.