രാഹുല്‍ ഗാന്ധിയും ഉമര്‍ അബ്ദുല്ലയും തമ്മിലെന്തു ബന്ധം?

ഇന്ത്യന്‍ രാഷ്ട്രീയ കുടുംബ വാഴ്ചയിലെ പുത്തന്‍ കണ്ണികള്‍ എന്നാകും പെട്ടെന്നു കിട്ടുന്ന ഉത്തരം. പക്ഷേ, അതിലപ്പുറം ഇരുവരും ആത്മ മിത്രങ്ങള്‍. ആപദ് ഘട്ടത്തില്‍ കണ്ടറിഞ്ഞു സഹായിക്കുമാറുള്ള അടുപ്പം. ഓര്‍ക്കുന്നില്ലേ, കശ്മീര്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച നാളില്‍ കോണ്‍ഗ്രസ് പോലും കളംമാറി ചവിട്ടുമെന്നു തോന്നിച്ച വേളയില്‍ ഉമറിന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പറഞ്ഞ്  രക്ഷക വേഷത്തില്‍ അവതരിച്ച രാഹുല്‍ ഗാന്ധിയെ. അതോടെ സെയ്ഫുദ്ദീന്‍ സോസും ഗുലാം നബിയുമൊക്കെ പിന്‍വാങ്ങി.  ഉമര്‍ അബ്ദുല്ലയുടെ മുഖ്യമന്ത്രി കസേര അതോടെ ഭദ്രം.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ മുന്‍നിര യുവതുര്‍ക്കികള്‍ക്ക് മികവുറ്റ വിദ്യാഭ്യാസ പിന്‍ബലമുണ്ട്.  ഒപ്പം നില്‍ക്കുന്ന തറയുടെ ചൂടും കുറച്ചൊക്കെ അറിയാം. വേദികളില്‍ രാഷ്ട്രീയവും ചരിത്രവും വല്ലാതെയൊന്നും  സ്‌പര്‍ശിക്കാതെ ഒഴിഞ്ഞു മാറാനാണ് ഇരുവര്‍ക്കും താല്‍പര്യം. പക്ഷേ, പോയ വാരം രണ്ടു പേരും ആ മുന്‍വിധി മാറ്റി.കോമണ്‍വെല്‍ത്ത് ഗെയിംസ് ആരവങ്ങള്‍ക്കിടയില്‍ ചരിത്രവും രാഷ്ട്രീയ വീണ്ടുവിചാരവും  കലര്‍ന്ന പ്രസ്താവനകളാണ് പുറത്തു വന്നത്. രണ്ടു  നിലപാടുകളും ഹിറ്റായി.  സങ്കുചിത ദേശീയവാദികളും വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും അതുകേട്ടു പുളഞ്ഞു.
കശ്മീരിന്റെ പൊള്ളുന്ന നോവുകളില്‍ പരിതപിക്കുക മാത്രമല്ല അതിനു വഴിയൊരുക്കിയ ചരിത്രത്തിലെ ചില പശ്ചാത്തല കാരണങ്ങള്‍ കൂടി ചികഞ്ഞിട്ടു എന്നതാണ് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല നിയമസഭയില്‍ നടത്തിയ പ്രസ്താവനയുടെ മേന്‍മ. ഇനി ഉമര്‍ അബ്ദുല്ലയുടെ സ്ഥാനത്ത് മറ്റൊരാളാണ് ഇതു പറഞ്ഞിരുന്നതെങ്കില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ. ദേശീയത തലക്കു പിടിച്ച നേതാക്കളും മാധ്യമങ്ങളും ഒന്നാം നമ്പര്‍ രാജ്യദ്രോഹിയായി അയാളെ ചവിട്ടിത്താഴ്ത്തി സായുജ്യം കൊള്ളുമായിരുന്നില്ലേ?
 ഒരു രാജ്യം എന്ന നിലക്ക് ഇന്ത്യക്കൊപ്പം കശ്മീര്‍ ലയിക്കുകയായിരുന്നില്ല എന്നാണ് ഉമര്‍ അബ്ദുല്ല പരസ്യപ്പെടുത്തിയത്. 'ഹൈദരാബാദും ജുനഗഡും പോലെയായിരുന്നില്ല അത്. വ്യക്തമായ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കപ്പെട്ടത്'-ഇത്രയും കൊണ്ട് ഉമര്‍ നിര്‍ത്തിയില്ല. ഇന്ത്യ-കശ്മീര്‍ കരാര്‍ തകര്‍ത്തത് നിങ്ങള്‍(ഇന്ത്യ) ആണെന്നു കൂടി ഉമര്‍ ചേര്‍ത്തു പറഞ്ഞു.  കരാര്‍ ലംഘനത്തോടുള്ള രോഷം തന്നെയാണ് താഴ്‌വരയിലെ തെരുവുകളില്‍ ഉയരുന്നതെന്നും. 
'കശ്മീര്‍ വിടുക', 'ഇന്ത്യ ഗോ ബാക്ക്' എന്നീ മുദ്രാവാക്യങ്ങള്‍ പുറത്ത് നിങ്ങള്‍ കേള്‍ക്കുന്നില്ലേ?-ഉമര്‍ അബ്ദുല്ല ചോദിച്ചു.
ഒടുക്കം സ്വയം സമാധാനിക്കാനെന്നോണം ഇത്രയും കൂടി: 'ഞാനോ എന്റെ സര്‍ക്കാറോ ന്യൂദല്‍ഹിയുടെ വെറും പാവകളല്ല. ഏതെങ്കിലും റിമോട്ട് കണ്‍ട്രോളും ഇവിടെയില്ല'
'കരാര്‍ പിറന്ന ശേഷം ഝലം നദിയില്‍ ഒരുപാട് വെള്ളം ഒഴുകിപ്പോയെന്നാകും നിങ്ങള്‍ (ഇന്ത്യ)പറയുക. ശരി തന്നെ. പക്ഷേ, അപ്പോഴും വസ്തുത മാറുന്നില്ല. കശ്മീര്‍ ഇന്ത്യക്കൊപ്പം ചേര്‍ന്നത് കരാറിന്റെ മാത്രം പുറത്താണ്'
ഇന്ത്യന്‍ ഭരണഘടനക്കു കീഴില്‍ കശ്മീരിന് വിശാല സ്വയംഭരണം അനുവദിക്കണം എന്നതു മാത്രമാണ് തന്റെ ആവശ്യം-ശൈഖ് അബ്ദുല്ലയുടെ പേരക്കുട്ടിയും ഫാറൂഖ് അബ്ദുല്ലയുടെ സീമന്ത പുത്രനുമായ ഉമര്‍ വിനയം കൊള്ളുന്നു.
ചോദിക്കട്ടെ. ഭാഷയുടെ പൊലിമയും സ്വരസ്ഥാനത്തിലെ തീവ്രഭാവവും മാറ്റി നിര്‍ത്തിയാല്‍ സയ്യിദ് അലിഷാ ഗീലാനിയും ഉമര്‍ അബ്ദുല്ലയും പറയുന്നതില്‍ എന്തുണ്ട് വ്യത്യാസം?
ഉപാധിക്കു പുറത്താണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതെന്നും  എന്നാല്‍ ആ ഉറപ്പുകള്‍ ദല്‍ഹി നിരന്തരം ലംഘിച്ചെന്നും തന്നെയാണ് ഇരുവരും പറയുന്നതിന്റെ രത്‌നചുരുക്കം. പ്രശ്‌നത്തിന്റെ വ്യാപ്തി അതിര്‍ത്തിക്കപ്പുറത്തേക്ക് നീളുന്നുണ്ടെന്നും ത്രികക്ഷി സംഭാഷണവും യു.എന്‍ പ്രഖ്യാപിച്ച ഹിത പരിശോധനയുമാണ് പ്രശ്‌ന പരിഹാര മാര്‍ഗത്തില്‍ അഭികാമ്യമെന്നും മാത്രമാണ് ഗീലാനി അധികം പറയുന്നത്.
ഉമര്‍ അബ്ദുല്ല നിയമസഭയില്‍ പറഞ്ഞത് തങ്ങളുടെ വാദം ശരിവെച്ചുവെന്ന് ഗീലാനിയും മീര്‍വായിസും പ്രതികരിക്കുന്നതോടെ ചിത്രം പൂര്‍ത്തിയാകുന്നു.
ഉപാധി ഉണ്ടായിരുന്നു എന്നത് സത്യം. ഭരണഘടനയില്‍ പ്രത്യേക  വകുപ്പുണ്ടാക്കി വെച്ചതും അതുകൊണ്ടാണല്ലോ.  വിദേശനയം ഉള്‍പ്പെടെ മൂന്നിന അജണ്ടയിലൊതുങ്ങുന്നു ഇന്ത്യക്ക് കശ്മീരിനു മേലുള്ള അധികാരം. എന്നാല്‍ റൊമാന്റിക് നൊസ്റ്റാള്‍ജിയയും സങ്കുചിത ദേശീയ വ്യാമോഹങ്ങളും തുടക്കം മുതല്‍ക്കെ ദല്‍ഹിയെ ഭ്രമിപ്പിച്ചു. അതോടെ ഫെഡറലിസത്തിന്റെ ചൈതന്യം തകര്‍ന്നു. ദല്‍ഹി കശ്മീരിനെ ശരിക്കും വിഴുങ്ങി. 'കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം' എന്ന വായ്ത്താരിക്ക് പ്രായോഗികത പകരാന്‍ ലക്ഷക്കണക്കിന് സൈനികരെ താഴ്‌വരയില്‍ നിരത്തി. കശ്മീര്‍ മണ്ണിനപ്പുറം ജനങ്ങള്‍ നമ്മുടെ അജണ്ടയില്‍ വന്നില്ല. അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം കശ്മീരിലാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. ആറു പതിറ്റാണ്ടിന്റെ ബാക്കിപത്രം മാത്രമല്ലിത്. കശ്മീര്‍ ഉള്‍പ്പെട്ട ഇന്ത്യക്കു വേണ്ടി വിഭജന ഘട്ടത്തില്‍ വീറോടെ വാദിച്ച മൗലാന അബുല്‍ കലാം ആസാദ് പോലും താഴ്‌വരയോടുള്ള ദല്‍ഹിയുടെ അവഗണന കണ്ട് ധര്‍മരോഷം പ്രകടിപ്പിച്ചത് ചരിത്രമാണല്ലോ.
കശ്മീരികളുടെ ചെറിയൊരു പിടച്ചില്‍ പോലും ദേശീയതയും സൈന്യവും ചുഴറ്റി നാം നേരിട്ടുവന്നു. ഏറ്റവും വൃത്തികെട്ട ഇലക്ഷന്‍ കൃത്രിമം നടത്തി. ഇടഞ്ഞ ശൈഖ് അബ്ദുല്ലയെ തടങ്കലില്‍ വെച്ച് നാം അരിശം തീര്‍ത്തു. അതിന് ഫലമുണ്ടായി. അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിരക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശൈഖ് അബ്ദുല്ലയുടെ സഹകരണം തേടി ചെന്ന  പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ തന്നെ അക്കാര്യം പറയുന്നു:' ഞാനെങ്ങാന്‍ ഇതും പറഞ്ഞാല്‍ ഇന്ദിര എന്നെ കൂടി ജയിലില്‍ അടക്കും' -'കശ്മീര്‍ സിംഹ'ത്തിന്റെ അതേ നിസ്സഹായത തന്നെയല്ലേ ഒരര്‍ഥത്തില്‍ അയാളുടെ പിന്‍മുറക്കാരന്‍ ഉമര്‍ അബ്ദുല്ലയും ഇപ്പോള്‍ കരഞ്ഞു തീര്‍ക്കുന്നത്?
അല്ലെങ്കിലും ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയെ പോലും നിയന്ത്രിക്കാന്‍ പാങ്ങില്ലാത്ത ഉമര്‍ അബ്ദുല്ലയില്‍ നിന്ന് എന്തു രാഷ്ട്രീയ ആര്‍ജത്വമാണ് നാം പ്രതീക്ഷിക്കേണ്ടത്?
 പിതാവ് ഫാറൂഖ് അബ്ദുല്ലയും വല്യുപ്പ ശൈഖ് അബ്ദുല്ലയും പ്രകടിപ്പിച്ച അതേ അതിജീവന മിടുക്കില്‍ അധികാരം തുടരുക തന്നെയാകും ഉമര്‍ അബ്ദുല്ലക്ക് കരണീയം.
 ഒന്നുറപ്പ്്. ഉമര്‍ അബ്ദുല്ല ചരിത്രം കൊണ്ടാണ് ദല്‍ഹിയോടുള്ള നീരസം നിയമസഭയില്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ആര്‍.എസ്.എസിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം ചരിത്രത്തേക്കാള്‍ വര്‍ത്തമാനത്തോടാണ് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നത്. അച്ഛന്‍ രാജീവും  മുത്തശ്ശി ഇന്ദിരയും പ്രകടിപ്പിച്ച ഇടര്‍ച്ചയുടെ സ്വരം രാഹുലിലും കാണാം. അത് തല്‍ക്കാലം മാറ്റി നിര്‍ത്താം. ആര്‍.എസ്.എസും സിമിയും ഒരു പോലെ വര്‍ഗീയവാദികളാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയെ കുറിച്ച് പറയേണ്ടി വരുമ്പോള്‍ തുലനം ചെയ്യുകയെന്ന കോണ്‍ഗ്രസ് രീതി തന്നെ രാഹുലും ഏറ്റുപിടിക്കുന്നു. വ്യാജ ആരോപണങ്ങളും തെളിയിക്കപ്പെടാത്ത കുറ്റങ്ങളും ഉന്നയിച്ചാണ് കേന്ദ്രം സിമിയെ നിരോധിച്ചതെന്ന വസ്തുത പോലും രാഹുല്‍ ഈ തൂക്കമൊപ്പിക്കലിനിടയില്‍ മറന്നു.  ആര്‍.എസ്.എസിന്റെ വര്‍ഗീയ വ്യാപ്തിയെ കുറിച്ച ചരിത്രജ്ഞാനമോ വര്‍ത്തമാന കാലുഷ്യത്തിന്റെ ഗൃഹപാഠമോ രാഹുല്‍ ഇനിയും പൂര്‍ത്തീകരിച്ചില്ലെന്നും തെളിഞ്ഞു.
ഹിന്ദുത്വ ആശയത്തിന്റെ പേരില്‍ രൂപം കൊണ്ട സംഘടനയാണ് ആര്‍.എസ്.എസ്. സാംസ്‌കാരിക ദേശീയ ലഹരിയില്‍ ബഹുസ്വരതക്ക് ഒരു പങ്കും അവര്‍ അനുവദിക്കുന്നില്ല. മുത്തച്ഛന്‍ മഹാത്മാ ഗാന്ധിയെ വെടിവെച്ചിട്ട ഗോദ്‌സെയുടെ വേരുകള്‍ പോലും ഹിന്ദു മഹാസഭയിലൂടെ ആര്‍.എസ്.എസില്‍ ചെന്നെത്തുന്നുവെന്ന് ജീവന്‍ ലാല്‍ കമീഷന്‍ സ്ഥാപിച്ചതാണ്. രാജ്യം കണ്ട ഏറ്റവും ക്രൂരമായ ആ ചെയ്തിയില്‍ തുടങ്ങി ബാബരി മസ്ജിദ് ധ്വംസനം കടന്ന് അതിന്റെ ഭീകരവ്യാപ്തി മുന്നേറുന്നത് രാഹുല്‍ അറിയാതെ പോയതാകില്ല. സിമിയുടെയും മറ്റും നിരപരാധികളായ എണ്ണമറ്റ യുവാക്കളെ ജയിലില്‍ തള്ളാനിടയാക്കിയ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്തതു പോലും ആര്‍.എസ്.എസ് നേതൃത്വത്തിലാണെന്ന് സി.ബി.ഐ കണ്ടെത്തിയതെങ്കിലും രാഹുല്‍ അറിയാതെ പോകുമോ? ഝാര്‍ഖണ്ഡിലെ പ്രാന്ത് പ്രചാരക് അശോക് വര്‍ഷ്ണിക്കും സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം അശോക് ബേരിക്കും അജ്മീര്‍, മക്ക മസ്ജിദ് സ്‌ഫോടനങ്ങളില്‍ വ്യക്തമായ പങ്കുണ്ടെന്നും. അയോധ്യാ രാഷ്ട്രീയം മാത്രമല്ല സ്‌ഫോടന പരമ്പരകളുടെ  ഒളിയജണ്ടകളും മുസ്‌ലിം സമൂഹത്തെ ഇരകളാക്കാന്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് രൂപപ്പെടുത്തിയതാകണം. ഈ സംശയം ബലപ്പെടുമ്പോഴാണ് ആ ദിശയിലുള്ള അന്വേഷണം വഴിമുട്ടുന്നതും..തൂക്കമൊപ്പിക്കല്‍ രീതിക്കൊപ്പം സമവായത്തിന്റെ തന്ത്രങ്ങളാകണം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്-സംഘ് നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നതെന്ന ചിന്തയും പുറത്ത് ശക്തമാണ്.
 ഇറ്റലിയെ കുറിച്ചല്ലാതെ ഇന്ത്യയെ കുറിച്ച് രാഹുലിന് ഒരു ചുക്കും അറിയില്ലെന്നാണ് വിവാദ പ്രസ്താവനയോട് ആര്‍.എസ്.എസ് വക്താവ് രാം മാധവ് പ്രതികരിച്ചത്. അറിവില്ലായ്മ നികത്താന്‍ ആര്‍.എസ്.എസിനെ കുറിച്ചുള്ള അര ഡസന്‍ പുസ്തകങ്ങളും സംഘ് നേതൃത്വം രാഹുലിന് അയച്ചു കൊടുക്കാന്‍  മറന്നില്ല. രാഹുലിന്റെ ഇറ്റാലിയന്‍ ബന്ധത്തില്‍ ഈര്‍ഷ്യ കൊള്ളുന്നവര്‍ അതേ നാട്ടിലെ ഫാഷിസത്തോട് അമിതാനുരാഗം പ്രകടിപ്പിച്ച ബി.എസ്. മുഞ്ജെയെ പോലുള്ളവരെ മറക്കരുതായിരുന്നു. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാറിന്റെ സന്തത സഹചാരിയായി മുഞ്‌ജെ മാറിയത് എങ്ങനെയെന്ന ചരിത്രവസ്തുതയെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു.
സുനില്‍ ജോഷി, ദേവേന്ദ്ര ഗുപ്ത, കേണല്‍ പുരോഹിത്, ദേവ്‌നന്ദന്‍ പാണ്ഡെ, സുനില്‍ ഡാംഗെ, രാജ് കല്‍സാരെ എന്നിവര്‍ ആര്‍.എസ്എസുകാരല്ലേ?-രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ചോദിക്കുന്നു. സംഘ് നേതാക്കളുടെ ഉത്തരം മുട്ടിക്കുന്നതാണ് ഇത്തരം ചോദ്യങ്ങള്‍. എന്നാല്‍ ആര്‍.എസ്.എസിനെ പിണക്കാന്‍ കോണ്‍ഗ്രസില്‍ പലരും തയാറല്ല. രാഹുല്‍ പറഞ്ഞതിന് വലിയ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നു പറഞ്ഞ് അവര്‍ എളുപ്പം പിന്‍വാങ്ങുന്നു.
കൂടുതല്‍ ചോദ്യങ്ങളെ നേരിടാന്‍ രാഹുല്‍ ഗാന്ധി പോലും  മടിച്ചു-'എനിക്കൊന്നേ അറിയൂ. സിമിയും ആര്‍.എസ്.എസും വര്‍ഗീയവാദികളും മതമൗലിക കാഴ്ചപ്പാടുള്ളവരുമാണ്'
ഹിന്ദുത്വ ആശയങ്ങളോട് സമരസപ്പെടാനുള്ള ഈ അഭിവാഞ്ഛയാണ് കോണ്‍ഗ്രസിനെ എന്നും വഴിതെറ്റിച്ചത്്. ശിലാന്യാസത്തിന് അവസരം നല്‍കിയ രാജീവ് ഗാന്ധിയും മസ്ജിദ് ധ്വംസന വേളയില്‍ ഉറക്കം തൂങ്ങിയ നരസിംഹ റാവുവും വലതുപക്ഷ വര്‍ഗീയതയുടെ കാര്യത്തില്‍ ഇതേ പാതകം തന്നെയായിരുന്നു നടത്തിയത്.
അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി വന്നപ്പോഴും കണ്ടു കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഇതേ പ്രാകൃത ചുരമാന്തല്‍. വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച പാര്‍ട്ടി കോടതിക്കു പുറത്തുള്ള പരിഹാരത്തിന് തയാറാകാന്‍ ഇരകളോട് നിര്‍ദേശിക്കുകയായിരുന്നു! രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ആരും അങ്ങനെ ഒറ്റക്ക് ഏറ്റെടുക്കേണ്ടതില്ലെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചതും ശ്രദ്ധേയം.
സിമിക്കു തുല്യം ചേര്‍ത്തുകെട്ടുന്നതിന്റെ നൈതികത മാറ്റി നിര്‍ത്തിയാല്‍ തന്നെ ആര്‍.എസ്.എസ് ഒരു വര്‍ഗീയ സംഘടനയാണെന്ന് തുറന്നു പറയാന്‍ രാഹുല്‍ തയാറായല്ലോ.
 ആര്‍.എസ്.എസ് ഉള്‍പ്പെടെ സംഘ് ആശയങ്ങളുടെ പങ്ക് പറ്റാനുള്ള ആഭിമുഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള  ധാര്‍മിക ബാധ്യത കൂടി ഇനി രാഹുല്‍ ഏറ്റെടുക്കുമെന്ന് പ്രത്യാശിക്കാം


Shareഎം .സി .എ .നാസര്‍
മാധ്യമം  

1 അഭിപ്രായ(ങ്ങള്‍):

  • IndianSatan.com says:
    2010, ഒക്‌ടോബർ 29 6:55 PM

    POK യിലേ ഖനികളും, സകല തന്ത്രപ്രധാനം ആയ മേഖലകളും, ചൈനയ്ക്കു തീറ് എഴുതി കൊടുക്കുന്ന പാകിസ്താന്‍ നടപടിക്കു എതിരേ പോരാടുന്ന അവിടുത്തേ പാവപ്പെട്ട കാശ്മീരി യുടേ സ്വരത്തിനും എന്തങ്കിലും വില കൊടുത്തു കൂടേ.
    http://indiansatan.blogspot.com/2010/10/blog-post_28.html

Google+ Followers

Blogger templates

.

ജാലകം

.