സാന്റിയാഗോ മാര്‍ട്ടിന്‍ ഭൂജാതനല്ലായിരുന്നെങ്കിലും കൈരളി ചാനല്‍ ലോട്ടറി പരസ്യം സംപ്രേഷണം ചെയ്‌തേനെ. തോമസ് ഐസക്കിന്റെ കസേരയില്‍ ഉമ്മന്‍ചാണ്ടിയല്ല, അമര്‍ത്യാസെന്നിനെ കൊണ്ടിരുത്തിയാലും കേരളത്തിലെ ലോട്ടറിക്കളി ഏതാണ്ടിതുപോലൊക്കെത്തന്നെ നടന്നേനെ. പിന്നെ കോടതി. ആഴ്ചയില്‍ ആഭിചാരം ഒന്നേ പാടുള്ളൂ എന്നാണ് പുതിയ കല്‍പന. സംഗതി ആഭിചാരമാണെന്നു തോന്നിയ സ്ഥിതിക്ക് ആ ഒന്നും പാടില്ലെന്നങ്ങു കല്‍പിക്കാതിരുന്നതെന്തേ?
ഇതൊക്കെയാണ് ലോട്ടറിയില്‍ കയറിത്തൊടുന്ന വിദ്വാന്മാരുടെയെല്ലാം സ്വഭാവിക വിധി. ഇക്കാര്യത്തില്‍ കറതീര്‍ന്ന ഒരടിസ്ഥാന വിലപോലും ഇവര്‍ക്കാര്‍ക്കും പറ്റില്ല. കാരണം, ലോട്ടറി ബിസിനസ് നിയമം മുഖേന അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. അതിന്റെ ന്യായാന്യായങ്ങളിലേക്കു കടക്കാന്‍ നീതിന്യായക്കോടതിപോലും തയാറല്ലെന്നതാണ് വിശുദ്ധ ഫലിതം.
കാശുവെച്ച് മുച്ചീട്ടുകളിക്കുന്നവനെ പൊലീസുകാര്‍ക്ക് പൊക്കാം. കാരണം, എല്ലാത്തരം ചൂതാട്ടവും ഇവിടെ നിയമവിരുദ്ധം. ഫലമെന്തായിരിക്കുമെന്ന് മുമ്പേ അറിയാന്‍ കഴിയാതിരിക്കെ, പണമോ, സ്വത്തോ ഈടുവെച്ച് അനിശ്ചിതമായ ആ ഫലത്തിനുവേണ്ടി നടത്തുന്ന കളിയെയാണ് ചൂതാട്ടമായി നിയമം വിവക്ഷിക്കുന്നത്. എങ്കില്‍ ലോട്ടറിയോ? ഇതേ അനിശ്ചിതത്വത്തിന്മേല്‍ പണംവെച്ചുള്ള കളി. ഭാഗ്യാന്വേഷി മുടക്കുന്ന തുക ചെറുതാണെന്നു മാത്രം. അങ്ങനെ നോക്കുമ്പോള്‍, ചൂതാട്ടത്തില്‍ ഒരു സബ്‌സെറ്റായിവരും ലോട്ടറി. സെറ്റ് വലുതായാലും ചെറുതായാലും ചൂതാട്ടം, ചൂതാട്ടം തന്നെ. ഇങ്ങനെയുള്ള ചൂതാട്ടത്തിന്റെ ഒരിനത്തിനു മാത്രം നിയമാനുമതി എന്തുകൊണ്ട്? ലളിതമാണുത്തരം - സര്‍ക്കാറുകളും ഈ കളി വെച്ചു നടത്തുന്നു. പല രാജ്യത്തും സ്‌കൂള്‍, റോഡ് തുടങ്ങിയ പൊതുസേവനങ്ങള്‍ക്കു വേണ്ടിവരുന്ന പണം കണ്ടെത്താനാണ് സര്‍ക്കാറുകള്‍ അധികവിഭവ സമാഹരണമായി ലോട്ടറിയിറക്കുന്നത്. അതുതന്നെ ഇന്ത്യയിലും നടക്കുന്നു. നടത്തുന്നത് സര്‍ക്കാറായതുകൊണ്ട് ചൂതാട്ടം, ചൂതാട്ടമല്ലാതാകുന്നില്ല. നിയമാനുസൃതം എന്ന ലേബലുള്ളതുകൊണ്ട് തട്ടിപ്പ് തട്ടിപ്പല്ലാതാവുന്നുമില്ല. സര്‍ക്കാറിന് ഇതൊക്കെയാവാം; പൗരനോ അവനുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്കോ ഇതൊന്നും പാടില്ലെന്നു പറയാന്‍ പറ്റുമോ?
സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും 1500 കോടി രൂപവെച്ച് കേരളത്തില്‍ നിന്ന് ഊറ്റിക്കൊണ്ടുപോകുന്നെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ കരച്ചില്‍. മാര്‍ട്ടിന്‍ മാത്രമല്ല സാക്ഷാല്‍ കേരള സര്‍ക്കാറും ലോട്ടറി വഴി പിരിച്ചെടുക്കുന്ന തുകയുടെ എത്ര ശതമാനം സമ്മാനത്തുകയായി കൊടുക്കുന്നുവെന്നു നോക്കുക. ഈ കച്ചോടത്തിലെ ഏത് ഹരിശ്ചന്ദ്രനും 30 ശതമാനത്തില്‍ കൂടുതല്‍ നയാപൈസ മൊത്തം സമ്മാനത്തുകയായി കൊടുക്കാറില്ല. എന്നുവെച്ചാല്‍, ലോട്ടറി വിറ്റു കിട്ടുന്ന തുകയുടെ 70 ശതമാനവും നടത്തിപ്പുകാര്‍ എടുക്കുന്നു (ഇതുവെച്ചു നോക്കുമ്പോള്‍ കസീനോയും കുതിരപ്പന്തിയും ബുക്കികളുമൊക്കെ എത്രയോ ഭേദം). സര്‍ക്കാറിനെ സംബന്ധിച്ച് ഈ അമക്കിനുള്ള ന്യായം ലളിതം- പൊതു സേവനത്തിനുള്ള ധനാഗമ ശ്രമമാകുമ്പോള്‍ ഈ കച്ചോടത്തിലെ പരമാവധി തുക ചെലവായിപ്പോകാതെ സംഭരിക്കണം. സമ്മാനമായി ധൂര്‍ത്തടിച്ചാല്‍ ഉദ്ദേശ്യലക്ഷ്യം പാഴാവില്ലേ?
വന്‍തുകയുടെ സ്വപ്‌നം വില്‍ക്കുകയാണു ലോട്ടറി. ഈ സ്വപ്‌നത്തിനും കാശു മുടക്കുന്ന ഭൂരിപക്ഷവും സമൂഹത്തിലെ നിര്‍ധനരും ഇടത്തട്ടുകാരുമാണ്. അഥവാ സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന, പണത്തിന് തീവിലയുള്ള മനുഷ്യരാണ് ലോട്ടറിയുടെ മുഖ്യ ഉപഭോക്താക്കള്‍ അഥവാ ഇരകള്‍. ഏറ്റവും കുറച്ചുപണം മാത്രമുള്ളവരും ഈ ചൂതാട്ടത്തിന്റെ പിന്നാമ്പുറത്തെപ്പറ്റി തീരെ ധാരണയില്ലാത്തവരും കൊടുക്കുന്ന പണമാണ് സര്‍ക്കാര്‍ പൊതുസേവനത്തിനെന്ന് പറഞ്ഞ് പുനര്‍വിന്യസിക്കുക. എന്നുവെച്ചാല്‍, സ്വപ്‌നം കൊടുത്ത് വിഡ്ഢികളാക്കാവുന്നവര്‍ക്കു മേല്‍ ചുമത്തുന്ന ഓപ്ഷനല്‍ ടാക്‌സാണ് ലോട്ടറി. ഒരു ജനകീയ സര്‍ക്കാര്‍ സ്വന്തം മനുഷ്യരിലെ പാവപ്പെട്ടവര്‍ക്ക് ഇങ്ങനെ വിഡ്ഢിനികുതിയടിച്ചുവേണോ പണമുണ്ടാക്കാന്‍? കേരള സര്‍ക്കാറിനും വോട്ടിടുന്ന ജനതക്കും ഈ ആത്മപരിശോധനയില്ലാത്തിടത്ത് പിന്നെ സാന്റിയാഗോ മാര്‍ട്ടിനാണോ ധര്‍മദേവനാകേണ്ടത്?!
സത്യത്തില്‍ ബന്ധപ്പെട്ട എല്ലാ കഥാപാത്രങ്ങളും ലക്ഷണമൊത്ത പ്രയോജനവാദികളായിക്കൊണ്ട് സ്വകീയന്യായങ്ങളില്‍ എത്തിച്ചേരുക മാത്രമല്ലേ ചെയ്യുന്നത്? ഇതിന്റെ ഉത്തമമാതൃകയാണ് ലോട്ടറി പരസ്യത്തെച്ചൊല്ലിയുള്ള ധാര്‍മിക വാചകമടി. കൈരളി ചാനലില്‍ സിക്കിം-ഭൂട്ടാന്‍ നറുക്കെടുപ്പ് ലൈവ് ഷോയാണ്. കാരണം പണം. പരസ്യവരുമാനമാണ് കള്ളപ്പണമില്ലാത്ത മാധ്യമങ്ങളുടെ നിലനില്‍പിനാധാരം. എന്നു കരുതി, കാശിനുവേണ്ടി ഏതു കെട്ട പരസ്യവും നല്‍കാമോ എന്നാണു ചോദ്യം. ഇതൊരു പഴയകാല ധര്‍മനീതിയുടെ ചോദ്യമാണ്. ആധുനികവിപണിയുടെ സര്‍വാധിപത്യത്തിന്‍ കീഴില്‍ പിടിച്ചുനില്‍പിന് പ്രത്യയശാസ്ത്രവിദ്വാന്മാര്‍ക്ക് അടവുനയം പയറ്റാതെ രക്ഷയില്ല. ഭരണവും സമരവും ഒന്നിച്ചു കൊണ്ടുപോകുമെന്ന നയം പാര്‍ലമെന്ററി വ്യവസായത്തിനുവേണ്ടി വരിച്ച രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇക്കാര്യത്തിലും അടവുനയം നിസ്സാരമായിത്തന്നെ ഉദിച്ചു- 'ഏതു പരസ്യവും സ്വീകരിക്കും, വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സൂക്ഷിച്ചുകൊണ്ട്'. ആധുനിക മുതലാളിത്തവിപണിയോട് മാര്‍ക്‌സിയന്മാര്‍ സ്വീകരിച്ച ഈ നയം സുതാര്യമാണ്, ബുദ്ധിപരമാണ്. എന്നാല്‍, പ്രയോഗതലത്തിലോ?
പരസ്യം തരുന്നവരോട് മാധ്യമങ്ങള്‍ക്കു പറയാം, നിങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്, ആയതിനാല്‍ പരസ്യം തരണോ വേണ്ടയോ എന്ന തീരുമാനം നിങ്ങളുടേതു മാത്രമായിരിക്കും. അഥവാ ഈ നിലപാടുള്ള ഞങ്ങള്‍ക്ക് പരസ്യം തരുന്നതിലൊരു റിസ്‌കുണ്ട്, അതു നിങ്ങള്‍ക്കാണ്. ഈ മാന്യശ്രീ രാജരാജ ലൈനിലാണോ നാട്ടുനടപ്പ്? കാലുനക്കിയും കാക്കാപിടിച്ചും ഉന്നതശിപാര്‍ശകള്‍ നടത്തിയുമാണ് മിക്ക മാധ്യമങ്ങളും പരസ്യമൊപ്പിക്കുന്നത്, വന്‍കിട സ്ഥാപനങ്ങള്‍ ഒഴികെയുള്ളവ. ഇപ്പറയുന്ന വന്‍കിടക്കാര്‍പോലും പലതരം ഒത്താശകള്‍ ചെയ്തുകൊടുത്തും വിലയേറിയ തരികിട നടത്തിയുമാണ് കാര്യം സാധിക്കുന്നതെന്നതു വേറെ കഥ. കാരണം, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെയും ദേശീയ റീഡര്‍ഷിപ് സര്‍വേയുടെയുമൊക്കെ കണക്കുവെച്ച് (ആ കണക്കിലുമുണ്ട് കാശിന്റെ കളി) പരസ്യ ഏജന്‍സിയുടെ വാര്‍ഷികബജറ്റിങ്ങില്‍ ഉള്‍പ്പെട്ട് സ്വാഭാവികമായി കിട്ടാവുന്ന പരസ്യങ്ങള്‍ക്കും പരിധിയുണ്ട്. ആ വരായ്കവെച്ച് മാത്രം വന്‍കിട മാധ്യമങ്ങള്‍ നടത്തിക്കൊണ്ടുപോവുക അപ്രായോഗികമാണ്. അപ്പോള്‍, മേപ്പടി സോപ്പും വീഞ്ഞു വീഴ്ത്തലും വഴിയാണ് കൂടുതലും പരസ്യങ്ങള്‍ സംഘടിപ്പിക്കുക. രാഷ്ട്രീയ കക്ഷികള്‍ മാധ്യമങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലയളവില്‍ ആ സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നു. പരസ്യദാതാക്കളാകട്ടെ, ഈ പഴുത് വസൂലാക്കി പാലം പണിയുന്നു. എന്നിരിക്കെ നിരപേക്ഷവിമര്‍ശം നടത്തി, ഇരിക്കുന്ന കൊമ്പുമുറിക്കുന്ന പണി ഒരു മാധ്യമവും ചെയ്യാറില്ല. ലോട്ടറിക്കെതിരെ വിമര്‍ശം നടത്തി ലോട്ടറിപരസ്യം കൊടുക്കുമെന്ന അടവുനയത്തിന്റെ കിടപ്പുവശം ഇത്തരത്തിലാണ്. അല്ലെങ്കില്‍ത്തന്നെ ആരാണിവിടെ ലോട്ടറിക്കെതിരെ അടിസ്ഥാനപരമായ വിമര്‍ശം നടത്തിയിട്ടുള്ളത്? വ്യാജലോട്ടറിയും ലോട്ടറിത്തട്ടിപ്പുമാണ് നമ്മുടെ രാഷ്ട്രീയ ധര്‍മപുത്രന്മാര്‍ ഇപ്പോള്‍ നടത്തിപ്പോരുന്ന തൊണ്ടകീറലിനു വിഷയം. ലോട്ടറി തന്നെ ചൂതാട്ടവും തട്ടിപ്പുമാണെന്നിരിക്കെ അതിനുള്ളിലെ ധര്‍മാധര്‍മ വിഭജനം എത്രകണ്ട് തട്ടിപ്പാണെന്ന് പ്രത്യേകിച്ചു പറയാനുണ്ടോ?
ധര്‍മരാജന്‍ കളിക്കുന്ന മുഖ്യമന്ത്രി തൊട്ട് ഇടത്തോട്ടും വലത്തോട്ടും സര്‍വരും സംരക്ഷിക്കാന്‍ പാടുപെടുന്നത് കേരള ലോട്ടറിയെയും അതിന്റെ വില്‍പനക്കാരായ തൊഴിലാളികളെയുമാണ്. നിരോധമെന്ന ആവശ്യം ആര്‍ക്കുമില്ല. ആവശ്യമുന്നയിച്ചാലുടന്‍ ലോട്ടറിത്തൊഴിലാളികളുടെ കദനകഥ പാടും. ഇതുതന്നെയായിരുന്നു ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചപ്പോഴും ഇവിടെ 'തൊഴിലാളികള്‍' പാടിയത്. മദ്യത്തിന്റെ കാര്യം വരുമ്പോള്‍ ചെത്തുതൊഴിലാളികളുടെ പാട്ടു വെക്കും. ഏറ്റവുമധികം മദ്യസേവയുള്ള ജനതയെപ്പറ്റി നീട്ടിപ്പിടിച്ച് ഉപന്യസിക്കും, ഖജാനയിലേക്ക് ഏറ്റവുമധികം വരുമാനം പ്രദാനം ചെയ്യുന്ന ഉരുപ്പടിയെ ചെറുചിരിയോടെ ന്യായീകരിക്കും. ബോധവത്കരണവും മദ്യവില്‍പനക്കുത്തകയും ഒന്നിച്ചുകൊണ്ടുപോകുന്ന അടവിനെ നയമായി വിശേഷിപ്പിക്കും. ഇതൊക്കെത്തന്നെയല്ലേ കൈരളി ചാനലും ചെയ്യുന്നുള്ളൂ?
ലോട്ടറിക്കളിയായ ധാര്‍മികത ഒരു പൂച്ചിലാണ്ടമാണ്. ചൂതാട്ടത്തില്‍ അടിസ്ഥാനപരമായി ചൂതും ആട്ടവുമേയുള്ളൂ. ആ ഘടകങ്ങള്‍ക്കുള്ളിലെ തട്ടിപ്പിനെ ഞങ്ങള്‍ വിമര്‍ശിച്ചുകളയും എന്നൊക്കെ പറയുന്നത് ടിന്റുമോനെപ്പോലും ലജ്ജിപ്പിക്കുന്ന ഫലിതമാണ്. ഇതാണ് വിപണി വത്കൃത മനസ്സ് സമ്മാനിക്കുന്ന കെണി. തങ്ങള്‍ ബോധവത്കരണത്തിന്റെ പക്ഷമാണെന്നു നടിക്കുന്നവര്‍ ഏതു പരസ്യവും സ്വീകരിക്കും മുമ്പ് അതില്‍പറയുന്ന ഉല്‍പന്നത്തിന്റെ/സേവനത്തിന്റെ നിജാവസ്ഥ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരാകും. ഉദാഹരണമായി, നാട്ടില്‍ പ്രചരിക്കുന്ന ടൂത്ത് പേസ്റ്റുകള്‍. മോണക്കു ബലം പകരും, പല്ലിന് ആയുസ്സു കൂട്ടും, ആത്മവിശ്വാസം തരും ഇത്യാദി പരസ്യങ്ങള്‍ ഒന്നാംക്ലാസ് തട്ടിപ്പാണെന്ന് മിക്കവര്‍ക്കുമറിയില്ല. ഏതു ടൂത്ത്‌പേസ്റ്റും ചെയ്തുതരുന്ന ഏകകാര്യം വായും പല്ലുകളും കഴുകി വെടിപ്പാക്കാന്‍ സഹായിക്കുന്നു എന്നതാണ്. പേസ്റ്റില്ലാതെ വൃത്തിയായി കഴുകിയാല്‍ സാധിക്കുന്ന അതേകാര്യം- ഒരിഞ്ചു കൂടുതലോ കുറവോ മെച്ചമൊന്നുമല്ല. ഈ തട്ടിപ്പിന്റെ അടുത്ത പടിയാണ് കോംപ്ലാന്‍ തിന്നുന്ന പിള്ളേര്‍ക്ക് ഉയരം കൂടുമെന്ന പ്രചാരണം. മനുഷ്യന്റെ ഉയരം കൂട്ടാനോ കുറക്കാനോ ഭൂമിയിലെ ഒരൊറ്റ ബിവറേജിനും കഴിവില്ലെന്നിരിക്കെ ഇമ്മാതിരി ഊളന്‍ 'ശാസ്ത്രീയത' മാധ്യമദ്വാരാ വിളമ്പുന്നവരെ കോടതികയറ്റിയാല്‍ കൂടെ കയറേണ്ടി വരില്ലേ പരസ്യപ്പലകയായി നിന്നുകൊടുത്ത മാധ്യമകേസരികളും?
അടിസ്ഥാനപരമായി ഏതു പരസ്യവും തട്ടിപ്പിന്റെ ഈഷല്‍ഭേദങ്ങള്‍ പേറുന്നുണ്ട്. തട്ടിപ്പിനെ ഉപാലംബമാക്കാതെ നിലനില്‍പില്ലെന്നു പറയുന്ന മാധ്യമബിസിനസിന് പിന്നെങ്ങനെ അടിസ്ഥാന പരമായ ധര്‍മവും നീതിയുമൊക്കെ പറയാനാകും? ചെയ്യാവുന്നത് വലിയ വായില്‍ ഡയലോഗിറക്കാതിരിക്കാനുള്ള ഔചിത്വം കാട്ടലാണ്. നാട്ടുകാര്‍ക്കു ചെയ്യാവുന്നത്, നമ്മുടെ ജനപ്രിയ ധാര്‍മിക കേസരികളായ മാധ്യമങ്ങളെ ലേശം ഉപ്പും കൂട്ടിമാത്രം വിഴുങ്ങലാണ്. അതറിയാവുന്നവര്‍ തന്നെയാണ് കേരളത്തില്‍ പത്രം വായിക്കുന്നവരില്‍ ഭൂരിപക്ഷവും എന്നതാണ് ഈ തട്ടിപ്പു ജീവിതത്തിലെ വലിയ ഫലിതം.
വിജു വി. നായര്‍
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ