നമ്മുടെ പാവം എം.പിമാര്‍!



അന്‍പതിനായിരം 'ഉലുവ'! ജനങ്ങളെ സേവിക്കുന്ന എം.പിമാര്‍ക്ക് സര്‍ക്കാര്‍ വെച്ചു നീട്ടുന്ന നക്കാപ്പിച്ച. പറച്ചില്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചു എന്നാണ്. സംഗതി നേര്. ഇപ്പോള്‍ കിട്ടുന്നത് 16,000 രൂപ. അത് 50,000 ആയി കൂട്ടിക്കൊടുക്കുമ്പോള്‍ 300 ശതമാനത്തിലധികം വര്‍ധന എന്നാണ് മാത്തമാറ്റിക്‌സ്. പഴത്തിനും പച്ചക്കറിക്കും അരിക്കും ഗോതമ്പിനുമൊക്കെ ഇക്കണ്ട കാലത്തിനിടയില്‍ വില കൂടിയത് എത്ര ശതമാനമാണ്? സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറാം ശമ്പളകമീഷന്‍ നടപ്പാക്കിയ വകയില്‍ ഖജനാവിന് ഉണ്ടായ അധികച്ചെലവ് എത്രയാണ്? കാബിനറ്റ് സെക്രട്ടറി വാങ്ങുന്ന ശമ്പളം 80,000 രൂപ. പാര്‍ലമെന്റില്‍ ചടഞ്ഞു കൂടിയിരുന്ന് നിയമനിര്‍മാണം നടത്തുന്ന എം.പിമാര്‍ക്ക് അതിന്റെ അഞ്ചിലൊന്ന് ശമ്പളം എന്നു പറഞ്ഞാല്‍ നാണക്കേട് തോന്നേണ്ടത് അത് വെച്ചുനീട്ടുന്നവര്‍ക്കാണ്. എം.പിമാര്‍ കൂടുതലൊന്നും ചോദിച്ചില്ല. ഏറ്റവും ഉയര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാങ്ങുന്ന ശമ്പളത്തെക്കാള്‍ ഒരേയൊരു രൂപയാണ് കൂട്ടിച്ചോദിച്ചത്. ഒരു രൂപ കൊണ്ടെന്താവാന്‍ എന്ന് ആരും ചോദിച്ചു പോകും. ആ ഒരു രൂപ ആത്മാഭിമാനത്തിന്റെ വിലയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും താഴെത്തള്ളരുത് എന്നു മാത്രമാണ് അപേക്ഷിച്ചത്. അതിനു വേണ്ടിയാണ് പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ കുത്തിയിരുന്നത്. പാര്‍ലമെന്ററി സമിതിക്ക് 80,001 രൂപ എന്ന് ശിപാര്‍ശ ചെയ്യാമെങ്കില്‍, സര്‍ക്കാര്‍ അത് 50,000 എന്നാക്കി വെട്ടിച്ചുരുക്കേണ്ട.
ഇത്രത്തോളം അവഗണന പേറിക്കൊണ്ടാണ് ജനസേവനം നടത്തുന്നതെങ്കില്‍, ഈ പണി നിര്‍ത്തി വേറെ തൊഴിലെടുത്തു കൂടേ എന്നൊരു ചോദ്യം ന്യായയുക്തവും യുക്തിഭദ്രവും ജനാധിപത്യപരവുമാണ്. പക്ഷേ, ആരും പോകുന്നില്ല. ഒന്നും രണ്ടും വട്ടം മല്‍സരിച്ചു മതിയാക്കുന്നുമില്ല. മല്‍സരിക്കാന്‍ റെഡിയായി നില്‍ക്കുന്നവര്‍ക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നില്ല. സീറ്റ് നിലനിര്‍ത്താന്‍ പാര്‍ട്ടി മാറിയും മലക്കം മറിഞ്ഞു തിരിഞ്ഞു വെട്ടിയുമാണ് കളി. അവസാനശ്വാസം വരെ ജനസേവനം നടത്തിയേ അടങ്ങൂ എന്നാണ് വാശി. ജനസേവനം നടത്തി താനോ തുലഞ്ഞു; മക്കളെയെങ്കിലും ഈ വഴിക്ക് വിടരുത് എന്നെങ്കിലും ചിന്തിച്ചുപോകുന്നില്ല. മക്കളെ രാഷ്ട്രീയസേവനത്തിന് എറിഞ്ഞുകൊടുക്കുന്ന ത്യാഗനിര്‍ഭരത നേതാക്കളുടെ കൂടപ്പിറപ്പാണ്. ഒപ്പം നിന്ന് വിയര്‍പ്പൊഴുക്കിയവരെ വെട്ടിയൊതുക്കിയിട്ടായാലും, മക്കള്‍ക്ക് കഷ്ടത അനുഭവിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നവരുടെ എണ്ണം പെരുകുക തന്നെ ചെയ്യുന്നു. തങ്ങള്‍ക്ക് കിട്ടാതെ പോയ മാന്യമായ ശമ്പളം ഒരിക്കല്‍ മക്കള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടാകുമോ അത്? അതല്ല, ഉപ്പു കുറുക്കാന്‍ വേണ്ടിത്തന്നെയാണോ?
പാര്‍ലമെന്റില്‍ നല്ലൊരു ചോദ്യം ചോദിക്കാന്‍ പോലും ആളില്ലെന്ന സങ്കടം കൊണ്ട് മല്‍സരിച്ചു ജയിച്ച്, ചോദ്യം ചോദിച്ചു ചോദിച്ചാണ് ചോദ്യക്കോഴ വിവാദം ഉണ്ടായത്. 10 എം.പിമാരെ തങ്ങള്‍ക്കിടയില്‍ നിന്ന് പിടിച്ചു വെളിയില്‍ തള്ളാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെ നിര്‍ബന്ധിതമായത്. ചോദ്യക്കോഴ വിവാദം ഉണ്ടായാലോ എന്ന് പേടിച്ചാകണം, പല എം.പിമാരും അഴിഞ്ഞ മുണ്ടുടുക്കാനല്ലാതെ, മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ വേവുന്ന മനസ്സുമായി, ഇരിക്കുന്ന കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുക പോലും ചെയ്യാത്തത്. മനുഷ്യക്കടത്തിന് പിടിയിലായ എം.പിയും സാമൂഹികസേവകന്‍ തന്നെ. ഇപ്പോള്‍ വിഖ്യാതനായ ഒരു എം.പി രാവിലെ പാര്‍ലമെന്റിലേക്ക് വരുന്നത് തിഹാര്‍ ജയിലില്‍നിന്നാണ്. പാര്‍ലമെന്റില്‍നിന്ന് ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി കൂടിയായ മധു കോഡ പൊലീസ് വാനില്‍ മടങ്ങിപ്പോകുന്നതും ജയിലിലേക്കു തന്നെ. കോമണ്‍വെല്‍ത്ത് ഗെയിംസ് കൊള്ളയിലൂടെ ഇന്ത്യയെ രാജ്യാന്തരതലത്തില്‍ തന്നെ നാറ്റിച്ച സുരേഷ് കല്‍മാഡിയും കല്‍മാഡിയെ താങ്ങുന്ന പലരും പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെ. ഇപ്പറഞ്ഞതൊക്കെ സംസ്‌കാരപരമായി പറഞ്ഞാല്‍ 'ടിപ് ഓഫ് ആന്‍ ഐസ്ബര്‍ഗ്'.
കുട്ടികളെ നാണിപ്പിക്കുന്ന പിടിവാശിയില്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ച് എം.പിമാര്‍ നടത്തിയ പ്രതിഷേധത്തിന് മുന്നില്‍ പഞ്ഞം പിടിച്ച സാധാരണക്കാര്‍ നാണിച്ചു. 16,000 രൂപ ശമ്പളത്തില്‍ പാര്‍ലമെന്റിന്റെ മുക്കുമൂലകളിലും ദല്‍ഹിയിലും പാഞ്ഞു നടക്കേണ്ടിവരുന്ന അവരുടെ ഗതികേട് ആരെയാണ് വേദനിപ്പിക്കാത്തത്? പക്ഷേ, യഥാര്‍ഥസ്ഥിതി എന്താണ്? ഒരു എം.പിക്ക് ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിവര്‍ഷം കിട്ടാന്‍ പോകുന്നത് 60 ലക്ഷത്തോളം രൂപയാണ്. ലോക്‌സഭയിലെ 545 അംഗങ്ങളില്‍ പകുതിയിലധികം പേര്‍ കോടീശ്വരന്മാരാണ്. അത്, കഴിഞ്ഞ ലോക്‌സഭയില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ്. 2004ല്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ കോടിപതികള്‍ 156; 2009 എത്തിയപ്പോള്‍ കോടിപതികള്‍ 315. രണ്ടാം വട്ടമോ അതില്‍ കൂടുതലോ തവണ എം.പിയായവര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് പ്രഖ്യാപിത ആസ്തിയില്‍ ഉണ്ടായ വര്‍ധന മൂന്നിരട്ടിയോളമാണ്. ഒരു എം.പിയുടെ ശരാശരി ആസ്തി കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ 1.86 കോടിയില്‍ നിന്ന് 5.33 കോടിയായി വളര്‍ന്നു. സ്ഥാനാര്‍ഥികളുടെ ആസ്തി വെളിപ്പെടുത്തല്‍ രേഖകളില്‍ നിന്ന് സന്നദ്ധസംഘടനയായ 'അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്' ക്രോഡീകരിച്ച വിവരങ്ങള്‍ വേറെയുമുണ്ട്. അപ്രഖ്യാപിത ആസ്തികളെക്കുറിച്ച് ഊഹിക്കാന്‍ മാത്രമേ കഴിയൂ-അക്കൂട്ടത്തില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും മുഴുവന്‍ അംഗങ്ങളും പെടില്ലെന്ന് പ്രതീക്ഷിക്കുകയുമാവാം.
കോടീശ്വരന്മാര്‍ എന്നാല്‍, ഒരു കോടിയില്‍ തുടങ്ങി, കണക്കില്ലാത്ത കോടികളുടെ വരെ അധിപന്മാരാകുന്നു. കോണ്‍ഗ്രസുകാരായ 10 എം.പിമാരില്‍ ഏഴു പേരും കോടിപതികളാണ്. അഥവാ, ആകെയുള്ള 206 കോണ്‍ഗ്രസ് ലോക്‌സഭാംഗങ്ങളില്‍ 146 പേരും കോടീശ്വരന്മാര്‍. ബി.ജെ.പിയില്‍ രണ്ടിലൊരാള്‍ കോടിപതി-ആകെ എം.പിമാര്‍ 116; കോടിപതികള്‍ 59. പിന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടി വിയര്‍പ്പൊഴുക്കുന്ന ബി.എസ്.പിക്ക് എം.പിമാര്‍ 21; കോടിപതികള്‍ 13. തെലുങ്കാന സംസ്ഥാനം അജണ്ടയാക്കിയ ടി.ആര്‍.എസിന് എം.പിമാര്‍ രണ്ട്; രണ്ടുപേരും കോടീശ്വരന്മാര്‍. ശിരോമണി അകാലി ദളിന് 4 എം.പി; നാലുപേരും കോടിപതി. എം.ഡി.എം.കെ, ജനതാദള്‍-സെക്കുലര്‍ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല. തൃണമൂലിന്റെ 19ല്‍ 7, ജനതാദള്‍-യുവിന്റെ 20ല്‍ എട്ട്, എന്‍.സി.പിയുടെ 9ല്‍ 7, ഡി.എം.കെയുടെ 18ല്‍ 13, നാഷനല്‍ കോണ്‍ഫറന്‍സിന്റെ മൂന്നില്‍ രണ്ട് എന്നിങ്ങനെ പോകുന്നു കണക്ക്. അധ്വാന വര്‍ഗ പാര്‍ട്ടിയായ സി.പി.എമ്മിനുമുണ്ട് കോടീശ്വരന്‍-16ല്‍ ഒരാള്‍ മാത്രമെന്ന് ആശ്വസിക്കാം. സി.പി.ഐക്കാര്‍ കോടീശ്വരന്മാരായി വളര്‍ന്നിട്ടില്ല.
ആസ്തി കൂടുമ്പോള്‍ ജയസാധ്യതയും കൂടുന്നു-ജനാധിപത്യത്തിന്റെ ശക്തി അതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച അഞ്ചു കോടിയില്‍ കൂടുതല്‍ ആസ്തിയുള്ളവരില്‍ മൂന്നിലൊന്നും വിജയിച്ചു. 10 ലക്ഷത്തില്‍ താഴെ ആസ്തിയുള്ള സ്ഥാനാര്‍ഥികളുടെ വിജയശതമാനം കൂടി അറിയണം-അര ശതമാനം. കോണ്‍ഗ്രസ് എം.പിമാരുടെ ശരാശരി ആസ്തി ഏഴു കോടിയാണ്. ബി.ജെ.പിക്കാര്‍ക്ക് നാലു കോടി. ടി.ഡി.പിക്ക് ആറ് എം.പിമാരുണ്ട്-ശരാശരി ആസ്തി 30 കോടി. ബി.എസ്.പിക്കാര്‍ക്ക് അഞ്ചു കോടി. സമാജ്‌വാദി പാര്‍ട്ടിക്കാര്‍ക്ക് രണ്ടര കോടി. ആര്‍.ജെ.ഡി എം.പിമാര്‍ക്ക് 1.36 കോടി. ഡി.എം.കെ അഞ്ചു കോടി. ജനതാദള്‍-സെക്കുലറിന്റെ മൂന്ന് എം.പിമാരുടെ ശരാശരി ആസ്തി 19 കോടിയോളം രൂപയാണ്. എന്‍.സി.പിയുടെ ഒന്‍പത് എം.പിമാര്‍ക്കും അങ്ങനെ തന്നെ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 19 എം.പിമാര്‍ ശരാശരി 1.08 കോടി രൂപ ആസ്തിയുള്ളവരാണ്. എ.ഐ.എ.ഡി.എം.കെ മൂന്നു കോടി. ശിരോമണി അകാലിദളിന് എം.പിമാര്‍ നാലു പേര്‍; ഓരോരുത്തരുടെയും പ്രഖ്യാപിത ആസ്തി ശരാശരി 17 കോടി.
ഇനി സംസ്ഥാന തലത്തില്‍ കണക്കെടുക്കാം: കേരളത്തിലെ 20 ലോക്‌സഭാംഗങ്ങളില്‍ അഞ്ചു പേര്‍ ചുരുങ്ങിയത് ഒരു കോടി രൂപ ആസ്തിയുള്ളവരാണ്. ലക്ഷദ്വീപ് എം.പിയും കോടിപതി. പഞ്ചാബിലെ 13ല്‍ 13ഉം ദല്‍ഹിയിലെ ഏഴില്‍ ഏഴും കോടീശ്വരന്മാര്‍. ഹരിയാനയിലെ 10 എം.പിമാരില്‍ ഒരാളൊഴികെ കോടിപതികള്‍. കര്‍ണാടകത്തിലെ 28ല്‍ മൂന്നു പേരൊഴികെയുള്ളവര്‍ കോടീശ്വരന്മാര്‍. മഹാരാഷ്ട്രയിലെ 48ല്‍ 38 പേരും ഈ ഗണത്തിലാണ്. ആന്ധ്രാപ്രദേശില്‍ 42 പേരില്‍ 10 പേര്‍ ഇനിയും കോടീശ്വരന്മാരായി വളരേണ്ടിയിരിക്കുന്നു. യു.പിയിലെ 80ല്‍ 52 പേരും കോടീശ്വരന്മാരാണ്. ബിഹാറിലെ 40ല്‍ കോടീശ്വരന്മാര്‍ 17 പേരുണ്ട്. രാജസ്ഥാനില്‍ 14, ഗുജറാത്തില്‍ 12, മധ്യപ്രദേശില്‍ 15, പശ്ചിമ ബംഗാളില്‍ 11. കേരളത്തിലെ 20 എം.പിമാരുടെ ശരാശരി ആസ്തി 1.64 കോടി. ആന്ധ്രയില്‍ എത്തുമ്പോള്‍ ഇത് 15 കോടിയായും ഹരിയാനയില്‍ 18 കോടിയായും വളരുന്നു.
ജനാധിപത്യം, വിജയിപ്പൂതാക!

ഒരു എം.പിയുടെ വാര്‍ഷിക ആനുകൂല്യങ്ങള്‍

അടിസ്ഥാന ശമ്പളം:             6 ലക്ഷം
മണ്ഡല അലവന്‍സ്:         4.80 ലക്ഷം
ഓഫീസ് അലവന്‍സ്:         4.80 ലക്ഷം
പാര്‍ലമെന്റ് സമ്മേളന ദിനബത്ത:     3.60 ലക്ഷം
50 വിമാന യാത്ര: ശരാശരി ചെലവ്     13.99 ലക്ഷം
ട്രെയിന്‍ യാത്രയില്‍ സഹായിക്ക് ടിക്കറ്റ്     സൗജന്യം
ടെലിഫോണ്‍:            1.50 ലക്ഷം സൗജന്യ കോള്‍
ദല്‍ഹി വസതിയുടെ ശരാശരി വാടക:    24 ലക്ഷം
യാത്രാ അലവന്‍സ് :         കിലോമീറ്ററിന് 16 രൂപ
പലിശരഹിത വാഹനവായ്പ:         4 ലക്ഷം
ലാപ്‌ടോപ്/കമ്പ്യൂട്ടര്‍:             1.5 ലക്ഷം
ഫര്‍ണിച്ചര്‍:             60,000
മെഡിക്കല്‍:             യഥാര്‍ഥ ചെലവ്
ബ്രോഡ്ബാന്റ്:             18,000
വൈദ്യുതി:             50,000 യൂനിറ്റ്
വെള്ളം:                   4000 കിലോ ലിറ്റര്‍
പെന്‍ഷന്‍ തുക:            2.40 ലക്ഷം

ആകെ:         60 ലക്ഷം
നിലവില്‍:         45 ലക്ഷം
ശിപാര്‍ശ:         67 ലക്ഷം

(നിരക്ക് വര്‍ധനക്ക് 15ാം ലോക്‌സഭ തുടങ്ങിയ
കാലം മുതല്‍ പ്രാബല്യം)



ദല്‍ഹി ഡയറി / എ.എസ്. സുരേഷ്‌കുമാര്‍



























Blogger templates

.

ജാലകം

.