തിരു: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അന്വേഷണം തകിടംമറിക്കുന്നതിനുമുന്നോടിയായി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി, അഡീഷണല്‍ എജി പി സി ഐപ്പ് എന്നിവരില്‍നിന്ന് വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. അന്വേഷണപുരോഗതി വിലയിരുത്താനെന്ന പേരില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ക്കുമെന്നാണ് സൂചന. ഈ കേസില്‍ ആരോപണം നേരിടുന്ന പി സി ഐപ്പിനെ തങ്ങള്‍ ചോദ്യംചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ അഡീഷണല്‍ എജിയായി നിയമിച്ചത് പ്രത്യേക അന്വേഷണസംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണംതന്നെ അട്ടിമറിക്കുമെന്ന ആശങ്കയിലാണ് പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ . അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അന്വേഷണസംഘം മുന്നോട്ടുപോയത്. പുറമെനിന്ന് നിയമോപദേശം സ്വീകരിക്കേണ്ടതില്ലെന്നും റിട്ട. ജഡ്ജിമാരെ ചോദ്യംചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും അന്വേഷണസംഘത്തിന് ഉപദേശം നല്‍കിയതും എജിയുടെ ഓഫീസാണ്. പുതിയ നിയമനത്തോടെ, കുറ്റാരോപിതനായ വ്യക്തിയില്‍നിന്ന് ഭാവിയില്‍ ഉപദേശം തേടേണ്ട ഗതികേടിലായിരിക്കുകയാണ് അന്വേഷണസംഘം. ഫലത്തില്‍ ഐസ്ക്രീം കേസ് അന്വേഷണം വഴിമുട്ടുകയാണ്. കേസൊതുക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ഇടനിലക്കാരനായി നിന്നുവെന്നാണ് പി സി ഐപ്പിനെതിരെയുള്ള ആരോപണം. ഇത് ശരിവയ്ക്കുന്ന തെളിവ് അന്വേഷണസംഘത്തിന്റെ പക്കലുണ്ടെന്നാണ് വിവരം. ഇത് കണക്കിലെടുത്താല്‍ ഐപ്പ് പ്രതിപ്പട്ടികയില്‍ വരും. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പി സി ഐപ്പിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് ഐപ്പിനെ അഡീഷണല്‍ എജിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ലീഗ് പ്രതിനിധിയായി ഒരാളെക്കൂടി ഇതേപദവിയില്‍ നിയമിക്കാന്‍ നീക്കമുണ്ട്. ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഐസ്ക്രീം കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് തന്ത്രം മെനഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സുശീല്‍കുമാര്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാമെന്ന് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ഇദ്ദേഹത്തെ നേരിട്ടു കണ്ട് അന്വേഷണപുരോഗതി ചര്‍ച്ചചെയ്യണമെന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ പ്രത്യേക സംഘത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ , ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എഡിജിപിയും മറ്റും സ്വീകരിച്ചത്. ഇക്കാര്യം ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. ഐസ്ക്രീം കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചത് കരുതിക്കൂട്ടിയാണ്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 32 പേരെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അവലോകനയോഗം വിളിക്കുമെന്ന് സൂചന കിട്ടിയതിനെതുടര്‍ന്ന് ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിവരികയാണ്.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ