ജനവിധിയുടെ പിന്നാമ്പുറങ്ങള്‍

ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ നാഗരികതക്ക് താണ്ടേണ്ടിവന്ന  കടമ്പകളാണ് പ്രഭുത്വ വാഴ്ചയും അനിയന്ത്രിതാധിപത്യവാദവും. അതീവ സമ്പന്നരുടെ അതി വിശിഷ്ടാവകാശമായി രാഷ്ട്രീയവും ഭരണവും കറങ്ങിത്തിരിഞ്ഞ ദുര്‍ഭഗ സന്ധികളെ അതിജീവിച്ചുകൊണ്ടാണ് പാര്‍ലമെന്ററി ജനാധിപത്യം ഇന്നിക്കാണുന്നവിധം ജനകീയമായത്. ജനപ്രതിനിധിസഭകളെ അതിസമ്പന്നരായ 'ഷയര്‍ പ്രമാണിമാര്‍' (Knights of shire) കൈയടക്കി വെച്ചിരുന്ന കറുത്ത കാലഘട്ടമൊക്കെ ജനാധിപത്യത്തിന്റെ നാള്‍വഴിയില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ദാര്‍ശനിക പ്രമുഖനായ ആര്‍ണോള്‍ഡ് ടോയന്‍ബി സിദ്ധാന്തിച്ചതുപോലെ ചരിത്രം ആവര്‍ത്തനപരത പ്രാപിക്കുമ്പോള്‍ പ്രഭുത്വ വാഴ്ച പുനരവതരിച്ചേക്കാം. അത്തരമൊരു പരിണതിയുടെ അടയാള സൂചനയാണോ ഇപ്പോഴത്തെ ജനവിധിയിലടങ്ങിയതെന്ന് സംശയിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ ആശങ്കാകുലമായൊരു ചോദ്യമാണവശേഷിക്കുന്നത്; അധികാരം വീണ്ടും ജനങ്ങളിലെത്താന്‍  പിന്നീടെത്ര നാള്‍ നമുക്ക് കാത്തിരിക്കേണ്ടതായി വരും?
പണം ഇത്രമേല്‍ കുത്തിയൊഴുകിയ ഒരു തെരഞ്ഞെടുപ്പ് സമീപകാലത്തുണ്ടായില്ലെന്നതാണ് വാസ്തവം. കൂറ്റന്‍ മുതലാളിമാര്‍ നേരിട്ടും അല്ലാതെയും കോടികള്‍ വാരിയെറിഞ്ഞുകൊണ്ടാണ് പ്രചാരണം കൊഴുപ്പിച്ചതും ഫലം കൊയ്തതും. 'മടിക്കുത്ത്' നിറയെ കാശുമായി മറുനാട്ടില്‍നിന്ന് പറന്നെത്തിയ കോടീശ്വരന്മാര്‍ തലങ്ങും വിലങ്ങും കാശെറിയുന്ന കാഴ്ച ഈ തെരഞ്ഞെടുപ്പിലെമ്പാടുമുണ്ടായി. പണക്കൊഴുപ്പിന്റെ തിണ്ണബലത്തിലാണ് പല സ്ഥാനാര്‍ഥികളും ജയിച്ചുകയറിയത്. പതിനായിരക്കണക്കില്‍ രൂപ വെച്ചുനീട്ടി വോട്ടുറപ്പിച്ച സ്ഥാനാര്‍ഥികളുണ്ട്. വീട്ടു സാമഗ്രികള്‍ തൊട്ട് ബൈക്കുകള്‍ വരെ വാങ്ങിച്ച് കൊടുത്തവരും വോട്ടര്‍മാരുടെ ബാങ്ക് ലോണുകള്‍ അടച്ച് വീട്ടിയവരും വിമാന ടിക്കറ്റുകള്‍ നല്‍കി വിദേശത്തുള്ള വോട്ടര്‍മാരെ നാട്ടിലെത്തിച്ചവരുമുണ്ട്. പോസ്റ്റല്‍ വോട്ടൊന്നിന് പതിനായിരം രൂപ വില പറഞ്ഞവരും അത്തരം വോട്ടുകള്‍ സംഭരിച്ച് കൊടുത്തവര്‍ക്ക് വന്‍ തുക പ്രതിഫലം കൊടുത്തവരുമുണ്ട്. കുടുംബ യോഗങ്ങള്‍ വിളിച്ചുകൂട്ടി വിലകൂടിയ ഭക്ഷണം വെച്ചുവിളമ്പിയവരും സല്‍ക്കാരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത് വോട്ടുണ്ടാക്കിയവരുമുണ്ട്. പണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ആദര്‍ശവും പ്രത്യയശാസ്ത്ര ബോധവുമുള്ളവര്‍ പോലും പലയിടത്തും പതറിയിട്ടുണ്ട്. രാഷ്ട്രീയത്തെ വിറ്റുവരവിന്റെ പ്രയോഗശാസ്ത്രമാക്കിയവര്‍ക്കും 'പെട്ടിവരവിന്റെ' താല്‍ക്കാലിക നേട്ടത്തില്‍ കണ്ണുവെച്ചവര്‍ക്കും ഇതൊക്കെ ഹരമായി തോന്നുമെങ്കിലും ജനാധിപത്യത്തിന്റെ ഭാവിക്ക് ഇത് ആപല്‍ക്കരമായ പ്രഹരമായിരിക്കും.
പണം മുടക്കിയവര്‍ക്ക് ലാഭവിഹിതത്തോടെ അത് തിരിച്ചുകിട്ടേണ്ടിവരും. പണമൊഴുക്കി ജയിച്ചവര്‍ക്ക് പുത്തന്‍ പ്രഭുത്വത്തിന്റെ താല്‍പര്യങ്ങളെ കാത്തുസൂക്ഷിക്കേണ്ടതായും വരും. ആത്യന്തിക നഷ്ടം സാധാരണക്കാര്‍ക്കും ബഹുജനങ്ങള്‍ക്കുമാണെന്ന് കാണാന്‍ രാജ്യത്തിന്റെ പരമോന്നതമായ ലോക്‌സഭയിലേക്ക് കണ്ണയച്ചാല്‍ തന്നെ മതിയാകും. വിലക്കയറ്റം രൂക്ഷമായി കൊണ്ടിരിക്കെ വീണ്ടും വിലക്കയറ്റമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ഭൂരിപക്ഷം പാര്‍ലമെന്റംഗങ്ങളെയും പ്രേരിപ്പിക്കുന്നത് രാഷ്ട്രീയം മാത്രമല്ലല്ലോ. പാര്‍ലമെന്റില്‍ പകുതിയിലധികവും കോടീശ്വരന്മാരാണ്. അതിലും പകുതി ശതകോടീശ്വരന്മാരാണ്. പെട്രോള്‍- ഡീസലടക്കം നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകയറുമ്പോള്‍ സാധാരണക്കാരന്‍ തുലഞ്ഞ്് തീര്‍ന്നാല്‍ തന്നെ ശതകോടീശ്വരനെന്ത് നഷ്ടം? പണത്തിന്റെ കുത്തകാധീശത്വം സ്ഥാപിച്ചെടുക്കുന്ന ഭരണവ്യവസ്ഥിതികള്‍ ജനപക്ഷത്തോടൊപ്പം നിന്ന ചരിത്രം മാനവരാശിയില്‍ ഇന്നോളമുണ്ടായിട്ടില്ലെന്ന കാര്യം മറക്കരുത്.
ജാതിപരവും സാമുദായികവുമായ ധ്രുവീകരണത്തിലൂടെ വോട്ടുകളുണ്ടാക്കാന്‍ തല്‍പര രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയും മോശമല്ലാത്ത തോതില്‍ വിജയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കൂടിയാണിത്. നായരും ക്രിസ്ത്യാനിയും മുസ്‌ലിമും ഈ പ്രക്രിയയില്‍  സാമാന്യമായി നേര്‍ക്കുനേരെ പങ്കാളികളായിട്ടുണ്ട്. ഈഴവ വോട്ടുകളെക്കുറിച്ചുള്ള ഏറ്റുപറച്ചിലുകളുമുണ്ടായിട്ടുണ്ട്. ജാതികള്‍ക്കും സമുദായങ്ങള്‍ക്കും കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ടാക്കുന്നതിനോട് വിയോജിക്കേണ്ട കാര്യമില്ല. അതേസമയം, തത്ത്വാധിഷ്ഠിത നിലപാടോ തത്ത്വദീക്ഷയോ പുലര്‍ത്താത്ത രാഷ്ട്രീയക്കാര്‍ക്ക് അധികാരത്തിലെത്താനും രാഷ്ട്രീയ വൈരത്തിന് മറയാക്കിപ്പിടിക്കാനും ദുരുപയോഗപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അത് പ്രതിലോമതയാണ്. സാമുദായിക താല്‍പര്യങ്ങളോ സാമ്പത്തിക താല്‍പര്യങ്ങളോ നിവര്‍ത്തിച്ചുകിട്ടാനാണ് ഇത്തരം ധ്രുവീകരണങ്ങള്‍ക്ക് കളമൊരുക്കുന്നതെങ്കില്‍ അത് കൂടുതല്‍ ആപല്‍ക്കരവുമാണ്. ഒരു തരത്തിലുള്ള ഉള്‍ക്കുത്തുമില്ലാതെ സാമുദായികതയുടെ രാഷ്ട്രീയം കളിച്ചത് ഐക്യജനാധിപത്യ മുന്നണിയാണ്. നായര്‍ വോട്ടുകളെയും ക്രിസ്ത്യന്‍ മുസ്്‌ലിം വോട്ടുകളെയും തങ്ങള്‍ക്കനുകൂലമാക്കാന്‍ യു.ഡി.എഫ് നേര്‍ക്കുനേരെ ചരട് വലിച്ചു. ഇടയലേഖനങ്ങളിറക്കി വിവാദങ്ങളുണ്ടാക്കിയില്ലെന്നതൊഴിച്ചാല്‍ സമുദായം വോട്ടുകളത്രയും യു.ഡി.എഫിനുറപ്പിക്കാന്‍ സഭാനേതൃത്വം ജാഗരൂകമായിരുന്നു. അകംമുട്ടിയ ഇടത് വിരോധം മറച്ചുവെക്കാനാവാത്ത വിധം തിളച്ച് മറിഞ്ഞതുകൊണ്ടോ അത് വെളിപ്പെടുത്തിയാലുണ്ടായേക്കാവുന്ന ഗുണഫലങ്ങള്‍ ഓര്‍ത്തതുകൊണ്ടോ സുകുമാരന്‍ നായര്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് കൊണ്ടുമാത്രം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സമദൂരപ്പൊരുളറിയാന്‍ ജനങ്ങള്‍ക്കവസരമുണ്ടായി. അളന്ന് മുറിച്ച വാക്കുകളിലൂടെ കൃത്യമായ സൂചനകള്‍ നല്‍കി ഈഴവ വോട്ടുകളെക്കുറിച്ച് വെള്ളാപ്പള്ളിയും വാചാലനായി. ഇടതുപക്ഷ വിരോധത്തിന്റെ രാഷ്ട്രീയവും മുസ്‌ലിം ഐക്യത്തിന്റെ മതവും പറഞ്ഞ് സമുദായ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ മുസ്്‌ലിം  ലീഗും ദത്തശ്രദ്ധരായി. അത്രയൊന്നും പരസ്യപ്പെടാത്ത വിധത്തിലാണ് മുസ്‌ലിം ലീഗ് സാമുദായിക വോട്ടുകളെ ഏകീകരിപ്പിച്ചത്. സമുദായത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളെയും തങ്ങളുടെ കുടക്കീഴിലണിനിരത്താനോ ചുരുങ്ങിയപക്ഷം അവരുടെ വോട്ടുറപ്പിക്കാനോ ഇത്തവണ ലീഗിന് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടാക്കിയ സമുദായ ഐക്യത്തെ അതേപടി നിലനിര്‍ത്താനായി എന്നത് ലീഗിന്റെ നേട്ടം തന്നെയാണ്. പക്ഷേ, അധികാരലബ്ധിക്കപ്പുറം ലീഗിന് ഈ ഐകമത്യത്തില്‍ വലിയ താല്‍പര്യമൊന്നുമില്ലെന്നതാണ് ഇത്തരം ധ്രുവീകരണത്തിന്റെ അന്തസ്സ് കെടുത്തുന്നത്. ആരോഗ്യപരമായ നിലപാടുകളില്‍ നിന്നല്ലാതെ ഉടലെടുക്കുന്ന എല്ലാതരം സാമുദായിക ധ്രുവീകരണങ്ങളും ക്ഷണിക പ്രദാനങ്ങളായിരിക്കും. പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശമുയര്‍ത്താനേ അതുപകരിക്കുകയുള്ളൂ. മുസ്്‌ലിം ലീഗുണ്ടാക്കുന്ന രാഷ്ട്രീയ ലാഭങ്ങള്‍ക്കും അധികാരം ചുരത്തുന്ന ലാഭക്കൊയ്ത്തുകള്‍ക്കും സ്വന്തം സമുദായത്തിന്റെ തിട്ടൂരമുണ്ടെന്ന തെറ്റായ ധാരണ രാഷ്ട്രീയ വൈരത്തിന്റെ പഴുതിലൂടെ ആപല്‍ക്കരമായ സാമുദായിക പകക്ക് കളമൊരുക്കും. ഞങ്ങള്‍ക്ക് മതാധിഷ്ഠിത രാഷ്ട്രീയമില്ലെന്ന് കട്ടായം പറയുമ്പോള്‍ തന്നെ മതത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗപ്പെടുത്തുന്നതില്‍ ലീഗ് എന്നും മുന്‍പന്തിയിലാണ്. വോട്ടു നേട്ടങ്ങളുടെ ക്ഷിപ്ര സാധ്യതകള്‍പ്പുറത്ത് വീക്ഷണ വിശാലതയുടെ പൊതു താല്‍പര്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ലീഗിന് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ലീഗ് തട്ടിക്കൂട്ടിയെടുക്കുന്ന സാമുദായികൈക്യം ആന്തരിക വൈരുധ്യങ്ങളില്‍ തട്ടി ശിഥിലമായേക്കാം. വോട്ടുപാലം കടന്നാല്‍ 'കൂരായണ' പറയുന്നതിലെ ധാര്‍മിക തെറ്റിന്റെ മതവിധിയൊന്നും ലീഗിനോട് ആരും ചോദിക്കുകയില്ലല്ലോ, ലീഗ് മത സംഘടനയല്ലാത്തതുകൊണ്ട് തന്നെ. മത വേദികളില്‍ കയറി ഇത്തരം ആയിരം 'കൂരായണ'കള്‍ ചൊല്ലാന്‍ ലീഗ് നേതൃത്വത്തിന് മടിയേതുമില്ലതാനും, അവര്‍ക്ക് രാഷ്ട്രീയാഭ്യാസം അറിയുന്നത് കൊണ്ടും. ഇതൊക്കെ കണ്ടും കേട്ടും മനസ്സ് മടുക്കുമ്പോള്‍ പൊതുസമൂഹം നീരസപ്പെടുന്നതും ചിലപ്പോള്‍ തെറി വിളിക്കുന്നതുമാകട്ടെ പാവം സമുദായത്തെയും.
ജാതിവികാരങ്ങളും സമുദായാവേശങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളില്‍ കൂട്ടിക്കലര്‍ത്തുന്നത് കേരളീയ പൊതുസമൂഹത്തില്‍ അനാരോഗ്യപരവും ആപല്‍ക്കരവുമായ ചേരിതിരിവുകള്‍ക്ക്  വഴിവെക്കും. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ആവോളം അത്തരം ദുരനുഭവങ്ങളുണ്ട്. സ്വന്തം നിലപാടുകളുടെ രാഷ്ട്രീയം ജനത്തെ ബോധ്യപ്പെടുത്തി അധികാരത്തിലെത്തുന്നതിനേക്കാള്‍ ആയിരം മടങ്ങെളുപ്പം ജാതി കാര്‍ഡും സാമുദായിക കാര്‍ഡും കളിക്കലാണെന്നുറപ്പാണ്. പക്ഷേ, അതിന്റെയൊക്കെ ആത്യന്തിക നേട്ടം പ്രതിലോമശക്തികള്‍ക്കും നഷ്ടം പൊതുസമൂഹത്തിനുമായിരിക്കും. അങ്ങനെ തന്നെയാവണോയെന്ന് ചിന്തിക്കേണ്ടത് പൊതുസമൂഹമാണ്. പിന്നിട്ട തെരഞ്ഞെടുപ്പുയര്‍ത്തുന്ന ഏറ്റവും വലിയ ചോദ്യവും അതുതന്നെ.


 എ.പി. അബ്ദുല്‍ വഹാബ്

Blogger templates

.

ജാലകം

.