ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ എം ഇന്ന് ഒരു പരീക്ഷണഘട്ടത്തിലാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷവും ഇന്ത്യയില്‍ പിടിച്ചു നിന്ന സിപിഐ എമ്മിന് പശ്ചിമബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നു. ബംഗാളിലെ ഇടതുകോട്ട തകര്‍ന്നത് രാജ്യത്തെ ഇടതുപക്ഷ-പുരോഗമന-ജനാധിപത്യ ശക്തികളെ തീര്‍ത്തും നിരാശപ്പെടുത്തിയിട്ടുണ്ട്. ഇതുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് "ദേശാഭിമാനി വാരിക"യുമായി സംസാരിക്കുന്നു. ?34 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം പശ്ചിമ ബംഗാളില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തിന് അന്ത്യമായിരിക്കുന്നു. പാര്‍ടിയുടെ ഈ കനത്തതോല്‍വിയെ ഭരണത്തിന് നേതൃത്വം നല്‍കിയ പാര്‍ടിയുടെ ദേശീയ സെക്രട്ടറി എന്ന നിലയില്‍ എങ്ങനെയാണ് സമീപിക്കുന്നത്. കാരാട്ട്: മുപ്പത്തിനാല് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനു ശേഷം പശ്ചിമബംഗാളില്‍ ഇടതുപക്ഷ ഭരണം അവസാനിച്ചിരിക്കുന്നുവെന്നത് യാഥാര്‍ഥ്യം. ഏഴു തവണ തുടര്‍ച്ചയായി ഇടതുപക്ഷം പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നുവെന്നത് രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ സംഭവമാണ്. അതുകൊണ്ടു തന്നെ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുമുന്നണി ഭരണത്തിനിടയില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണം ഗ്രാമങ്ങളുടെ മുഖഛായ തന്നെ മാറ്റിയിരുന്നു. ഇതാണ് സിപിഐ എമ്മിന് സംസ്ഥാനത്ത് ശക്തമായ അടിത്തറയിട്ടത്. ഭൂപരിഷ്കരണത്തോടൊപ്പം പഞ്ചായത്ത് ഭരണം കൂടുതല്‍ ജനാധിപത്യവത്കരിക്കുകയും അതുവഴി ചെറുകിട കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമീണ ദരിദ്രര്‍ക്കും പ്രാദേശിക ഭരണത്തില്‍ പങ്കാളിത്തം സാധ്യമാക്കുകയും ചെയ്തു. ഇത് ഗ്രാമീണ ജനതയില്‍ ആത്മവിശ്വാസം വളര്‍ത്തുകയും അവരുടെ അന്തസ്സുയര്‍ത്തുകയും ചെയ്തു. നഗരപ്രദേശങ്ങളിലാകട്ടെ ശക്തമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും സിപിഐ എം ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ കാലത്തെ മറ്റൊരു പ്രത്യേകത ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ദൃശ്യമായ അഭൂതപൂര്‍വമായ ഐക്യമാണ്. ഈ പശ്ചാത്തലം ഞാന്‍ വിശദീകരിക്കുന്നത് ആദ്യമായി ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1977നു മുമ്പ് തന്നെ ഇടതുപക്ഷത്തിന് പ്രധാന പങ്കാളിത്തം ഉണ്ടായിരുന്ന രണ്ട് സര്‍ക്കാരുകള്‍ നിലവില്‍ വന്നിരുന്നു. 1967ലും 1969ലും. പക്ഷേ രണ്ട് സര്‍ക്കാരുകളും അധികകാലം നീണ്ടുനിന്നില്ല. 1977ല്‍ സഖാവ് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ആദ്യ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറിയപ്പോഴും അത് ദീര്‍ഘകാലത്തേക്ക് അധികാരത്തില്‍ തുടരുമെന്ന് ഒട്ടും കരുതിയിരുന്നില്ല. എന്നാല്‍ ബര്‍ഗാദാര്‍മാര്‍ക്ക്(പങ്ക്കൃഷിക്കാര്‍ക്ക്) ഭൂമിയിലുള്ള അവകാശം നല്‍കിയത് ഇടതുപക്ഷത്തിന് ശക്തമായ അടിത്തറ നല്‍കി. ആ അടിത്തറയില്‍ നിലയുറപ്പിച്ച് പിന്നീടുള്ള തെരഞ്ഞെടുപ്പിലും വിജയം വരിച്ചു. 34 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം പല ദോഷവശങ്ങളും കടന്നുകൂടാന്‍ കാരണമായി. പ്രത്യേകിച്ചും 1990 കളുടെ ആരംഭത്തോടെ. കേന്ദ്രം സ്വീകരിച്ച നവ ഉദാരവത്ക്കരണ നയങ്ങള്‍ക്ക് ആധിപത്യം ലഭിച്ചതോടെ ബദല്‍നയങ്ങള്‍ നടപ്പാക്കുന്നത് ഒരു പരിധിവരെ തടയപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ അടിസ്ഥാന സേവനമേഖല മെച്ചപ്പെടുത്താനോ വിപുലമാക്കാനോ കഴിയാതെ പോയി. എന്നാല്‍ ഏറ്റവും പ്രധാന വസ്തുത ഭൂമി ഏറ്റെടുക്കലുമായി ഉയര്‍ന്ന വിവാദം തന്നെയാണ്. ത്വരിതഗതിയിലുള്ള വ്യവസായ വികസനത്തിന് ശ്രമിച്ച വേളയിലാണ് നന്ദിഗ്രാം സംഭവമുണ്ടായത്. ഒരു പെട്രോ കെമിക്കല്‍ ഹബ്ബിനായി സ്ഥലം ഏറ്റെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു. ഇത് ആ പ്രദേശത്തെ കര്‍ഷകരില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. ഒരു തുണ്ട് ഭൂമിപോലും ഏറ്റെടുക്കേണ്ടെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുത്ത് വന്‍കിട മുതലാളിമാര്‍ക്ക് നല്‍കാനാണ് സിപിഐ എമ്മും ഇടതുപക്ഷ മുന്നണിയും ശ്രമിച്ചതെന്ന പ്രചാരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇത് നല്ല അവസരമാക്കി. ഈ പ്രചാരണം ജനമനസ്സുകളെ സ്വാധീനിച്ചുവെന്ന് ആദ്യം മനസ്സിലായത് 2008ലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് വേളയിലാണ്. തെക്കന്‍ ബംഗാളിലെ അഞ്ച് ജില്ലകളില്‍ ഗ്രാമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റു. തുടര്‍ന്ന് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി പരാജയം ആവര്‍ത്തിച്ചു. ഇതോടെ വലതുപക്ഷത്തുള്ള തൃണമൂല്‍കോണ്‍ഗ്രസ് മുതല്‍ തീവ്ര ഇടതുപക്ഷമായ മാവോയിസ്റ്റുകള്‍ വരെ എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികളും കൈകോര്‍ത്തു. ഭരണമാറ്റമെന്ന "പരിബര്‍ത്തന്‍" എന്ന മുദ്രാവാക്യം ഈ ശക്തികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയും സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ആസൂത്രിതമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ജംഗള്‍മഹല്‍ മേഖലയില്‍ മാത്രം സിപിഐ എമ്മിന്റെ 250 കേഡര്‍മാരെയാണ് ഈ ശക്തികള്‍ വധിച്ചത്. ?പഞ്ചായത്ത്, ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐ എം പല തിരുത്തല്‍ നടപടികളും സ്വീകരിച്ചിരുന്നുവല്ലോ. അതൊന്നും ഫലവത്തായില്ലെന്നാണോ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. = കഴിഞ്ഞ മൂന്നു വര്‍ഷമായി സിപിഐ എമ്മും ഇടതുപക്ഷ മുന്നണിയും പല തിരുത്തല്‍ നടപടികളും കൈക്കൊണ്ടുവെന്നത് ശരിയാണ്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപക്ക് അരി നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചു. അടച്ചിട്ട ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി മാസത്തില്‍ 1500 രൂപ വീതം നല്‍കി. ഒരു കോടി 60 ലക്ഷം വരുന്ന മുസ്ലിങ്ങളെ മറ്റുപിന്നോക്ക സമുദായത്തില്‍ പെടുത്തി 10 ശതമാനം സംവരണം നല്‍കി. അതോടൊപ്പം തന്നെ തെറ്റായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട നൂറുകണക്കിന് പാര്‍ടി കേഡര്‍മാര്‍ക്കും പഞ്ചായത്ത് സമിതി അംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുകയും അത് ജനങ്ങളെ അറിയിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തെങ്കിലും ഭരണമാറ്റം വേണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ദൃഢനിശ്ചയമുണ്ടായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ? എന്നിട്ടും തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറച്ച നിഗമനത്തില്‍ സംസ്ഥാനത്തെ പാര്‍ടി നേതൃത്വം എത്തിയതെങ്ങനെയായിരുന്നു. =ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇക്കുറി നല്ല പ്രതികരണമായിരുന്നു. നേരത്തേയുള്ളതില്‍നിന്ന് കൂടുതല്‍ ജനങ്ങള്‍ റാലികളിലും പൊതുയോഗങ്ങളിലും എത്തുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 11 ലക്ഷം വോട്ട് ഇടതുപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുകയും ചെയ്തു. ഈ അധിക ജനപിന്തുണയായിരിക്കാം അടിത്തറ വീണ്ടെടുത്തുവെന്ന തെറ്റിദ്ധാരണ സംസ്ഥാനത്തെ സഖാക്കള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടാകുക. വലിയ വിഭാഗം ജനങ്ങള്‍ വോട്ട് ആര്‍ക്കാണ് ചെയ്യുകയെന്നതിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 34 ലക്ഷം വോട്ട് തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലഭിച്ചതെന്ന് വ്യക്തമായത്. ?തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി നയപരമായ എന്തെങ്കിലും പുനര്‍വിചിന്തനത്തിന് സിപിഐ എമ്മിനെ പ്രേരിപ്പിക്കുന്നുണ്ടോ. = തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി തീര്‍ച്ചയായും സ്വയംവിമര്‍ശനപരമായി ഒരു പരിശോധനക്ക് പാര്‍ടിയെ പ്രേരിപ്പിക്കും. പാര്‍ടിയുടെ വ്യവസായവത്ക്കരണ നയം ജനങ്ങള്‍ക്ക് സ്വീകാര്യമായിരുന്നോ എന്ന പരിശോധന സ്വാഭാവികമായും നടക്കും. സംസ്ഥാനത്ത് കാര്‍ഷികേതര പ്രവര്‍ത്തനത്തിനായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് വ്യവസായ വികസനം സാധ്യമാക്കുക, എങ്ങനെയാണ് വര്‍ധിച്ചുവരുന്ന നഗരവത്കരണത്തിന്റെ ഭാഗമായുള്ള ആവശ്യങ്ങള്‍ നിറവേറ്റുക തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഈ അനുഭവങ്ങളില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനായിട്ടുണ്ട്. നവ ഉദാരവത്ക്കരണ നയങ്ങളുമായി അഖിലേന്ത്യാ തലത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഭൂമി കടുത്ത പോരാട്ടത്തിനുള്ള വിഷയമായി മാറുകതന്നെ ചെയ്യും. കോര്‍പറേറ്റുകള്‍ ഭൂമി കവരുന്നതിനെ എതിര്‍ക്കുകതന്നെ വേണം. അതോടൊപ്പം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും വേണം. ഭൂമി നല്‍കാന്‍ തയ്യാറാകുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണം. കര്‍ഷകര്‍ നല്‍കുന്ന ഭൂമിയില്‍ ഭാവിയില്‍ ഉണ്ടാകുന്ന ലാഭത്തിന്റെ ഒരു വിഹിതം അതിന്റെ അവകാശികള്‍ക്ക് നല്‍കുമെന്ന് ഉറപ്പ് വരുത്തുകയും വേണം. ?പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും ചരമക്കുറിപ്പ് എഴുതപ്പെട്ടുവെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് പ്രസക്തി നഷ്ടപ്പെട്ടുവെന്നും വലതുപക്ഷവും കോര്‍പറേറ്റ് മാധ്യമങ്ങളും പ്രചാരണം ആരംഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു. =തീര്‍ത്തും തെറ്റായ പ്രചാരണമാണിത്. 1990 കളില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന വേളയിലും ഇത്തരം പ്രചാരണം ഇവിടെ നടന്നിരുന്നു. സോവിയറ്റ് പതനത്തിനുശേഷമാണ് സിപിഐ എം കൂടുതല്‍ വളര്‍ന്നതും ശക്തമായതും. മാര്‍ക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നടപ്പിലാക്കാനുള്ള ശ്രമം ഇനിയും പാര്‍ടി തുടരും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റം ഇടതുപക്ഷം പ്രസക്തമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്. മൂന്ന് സീറ്റിന്റെ കുറവില്‍ മാത്രമാണ് അവിടെ ഭരണം നഷ്ടപ്പെട്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.89 ശതമാനം മാത്രമാണ്. ഇത് തെളിയിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരായിരുന്നുവെന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിയന്തരഫലം പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഐ എമ്മിനുമെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടിട്ടുള്ളത്. പാര്‍ടി കേഡര്‍മാരും അവരുടെ വസതികളും പാര്‍ടി ഓഫീസുകളും ആക്രമിക്കപ്പെടുന്നു. ബഹുജന-വര്‍ഗ സംഘടനകളെ ഇല്ലാതാക്കുകയാണ് തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യത്തിന്റെ ശ്രമം. പാര്‍ടി അനുഭാവികള്‍ പോലും അവരുടെ പ്രദേശങ്ങളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയാണ്. പാര്‍ടിയെയും കേഡര്‍മാരെയും പ്രതിരോധിക്കുന്നതോടൊപ്പം ഈ ആക്രമണത്തെ ചെറുത്തുനില്‍ക്കുക എന്നതും പാര്‍ടിയുടെ മുമ്പിലുള്ള അടിയന്തര കടമയാണ്. മാവോയിസ്റ്റുകളും ഈ പുതിയ സാഹചര്യത്തില്‍ സിപിഐ എമ്മിനെതിരെയുള്ള ആക്രമണത്തിന് മുതിരും. അതിനെയും എതിര്‍ത്ത് തോല്‍പിക്കേണ്ടതുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വര്‍ഗപരമായ സമീപനം കണക്കിലെടുത്താല്‍ ഭൂബന്ധങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പുതിയ ഭരണം ഇല്ലാതാക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഭൂസ്വാമിമാരുടെ താല്‍പര്യമാണ് മമതബാനര്‍ജി നയിക്കുന്ന സഖ്യം പ്രതിനിധാനം ചെയ്യുന്നത്. സിപിഐ എമ്മാകട്ടെ ചെറുകിട കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കും അവരുടെ ഭൂമി സംരക്ഷിക്കാനുമായിരിക്കും നിലകൊള്ളുക. ബര്‍ഗാദര്‍മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെയും ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്. മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുമുന്നണി ഭരണകാലം മതസൗഹാര്‍ദം ഉറപ്പ് വരുത്തുന്നതിലും വിജയിച്ചു. എന്നാല്‍ തൃണമൂല്‍ -കോണ്‍ഗ്രസ് മാതൃകയിലുള്ള ഭരണം വര്‍ഗീയ രാഷ്ട്രീയത്തിന് ഇടം നല്‍കുന്നതായിരിക്കും. ഈ ഭീഷണിക്കെതിരെ ഇടതുപക്ഷം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിരവധി സമരങ്ങളിലൂടെയും ത്യാഗത്തിലൂടെയുമാണ് കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്നതും വികസിച്ചതും. ക്ഷമയോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെന്ന് സിപിഐ എമ്മിന് ഉറച്ച വിശ്വാസമുണ്ട്. ദീര്‍ഘവും കടുത്തതുമായ സമരങ്ങള്‍ക്ക് പാര്‍ടി സജ്ജമാണ്. നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കുകതന്നെ ചെയ്യും. ?പശ്ചിമബംഗാളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറിയും സംസ്ഥാന നേതൃത്വവും രാജിവയ്ക്കണമെന്ന ആവശ്യവും കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്താണ് ഇതിനോടുള്ള പ്രതികരണം. = ഇത്തരം വാദമുയര്‍ത്തുന്നവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്നതിനെക്കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലെന്ന് പറയേണ്ടിവരും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നിലവാരത്തിലായാലും കേന്ദ്ര നിലവാരത്തിലായാലും ഏതെങ്കിലും വ്യക്തിയുടെമേല്‍ കെട്ടിവയ്ക്കുക സിപിഐ എമ്മിന്റെ രീതിയല്ല. കൂട്ടായ നേതൃത്വത്തിലും പ്രവര്‍ത്തനത്തിലുമാണ് സിപിഐ എം വിശ്വസിക്കുന്നത്. രാഷ്ട്രീയ സമീപനങ്ങളിലും നയങ്ങളിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും വീഴ്ച സംഭവിച്ചാല്‍ അത് മൊത്തം നേതൃത്വത്തിന്റെ വീഴ്ചയാണ്. ഏതെങ്കിലും ഒരു വ്യക്തിയുടേതല്ല. ഇത്തരം തെറ്റുകള്‍ തിരുത്താനുള്ള സംവിധാനവും പാര്‍ടിയിലുണ്ട്. ? പശ്ചിമബംഗാളിലേതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമേരിക്കയുമായുള്ള ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചതുകൊണ്ടാണെന്ന വാദം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്. = തെരഞ്ഞെടുപ്പില്‍ അമേരിക്കയുമായുള്ള ആണവക്കരാര്‍ ഒരു വിഷയമാണെന്ന് കരുതുന്നില്ല. പശ്ചിമബംഗാളില്‍ ആദ്യ തെരഞ്ഞെടുപ്പ് തോല്‍വിയുണ്ടാകുന്നത് 2008 മേയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ്. അന്ന് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചിരുന്നില്ല. ഈ തെരഞ്ഞെടുപ്പുകളിലൊന്നും ആണവക്കരാര്‍ വിഷമായിരുന്നില്ല. ഇക്കാര്യം വിശദമായി പരിശോധിച്ച പാര്‍ടി എത്തിച്ചേര്‍ന്ന നിഗമനം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നടപടി ശരിയായിരുന്നുവെന്നാണ്. അതോടൊപ്പം തന്നെ ആണവക്കരാര്‍പോലുള്ള വിഷയങ്ങള്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ സഹായിച്ചില്ലെന്നും വിലയിരുത്തുകയുണ്ടായി.
വി ബി പരമേശ്വരന്‍
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ