വൈകിക്കിട്ടുന്നത് വാര്‍ത്തയല്ല

വെട്ടാന്‍ തന്നെയായിരുന്നു സുപ്രീംകോടതിയുടെ ഉദ്ദേശ്യം. ഉന്നം തെറ്റിയേക്കുമെന്നു കണ്ടപ്പോള്‍ ഊരിയ വാള്‍ കാരുണ്യത്തോടെ ഉറയിലിട്ടുവെന്നു മാത്രം. കോടതിയിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് മാധ്യമങ്ങളെ പഠിപ്പിക്കാനായിരുന്നു ഒരുക്കം. എന്നാല്‍, നിര്‍ബന്ധസ്വഭാവമുള്ള പൊതുവായ മാര്‍ഗരേഖ ഇക്കാര്യത്തില്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് എത്തിച്ചേര്‍ന്നത്. പക്ഷേ, പിന്മാറ്റം സോപാധികമാണ്. ഓരോ കേസിലും ആവശ്യമായ വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുവായ മാര്‍ഗരേഖ നിര്‍മിക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചെങ്കിലും തുറന്ന കോടതിയിലെ സുതാര്യമായ നീതിനിര്‍വഹണം എന്ന ജനാധിപത്യതത്ത്വത്തില്‍നിന്നുള്ള അകല്‍ച്ചയാണ് സുപ്രീംകോടതി നടത്തിയത്.
കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. മാധ്യമങ്ങളുടെ സമാന്തരമായ അന്വേഷണത്തിനും വിചാരണക്കും അവിടെ സ്ഥാനമില്ല. സബ് ജുഡീസ് എന്ന തത്ത്വത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ വിലക്കുള്ളത്. ജൂറിമാരെയും സാക്ഷികളെയും മാധ്യമവാര്‍ത്തകള്‍ സ്വാധീനിക്കാതിരിക്കുന്നതിനുവേണ്ടിയാണ് സബ് ജുഡീസിന്‍െറ പ്രയോഗമുള്ളത്. നമുക്ക് ജൂറിമാരില്ല, ജഡ്ജി മാത്രമാണുള്ളത്. കോടതിയില്‍ കാണുന്നതും കേള്‍ക്കുന്നതുമല്ലാതെ മറ്റൊന്നും ജഡ്ജിയെ സ്വാധീനിക്കാറില്ല. അസൗകര്യമുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ചിലര്‍ കണ്ടെത്തുന്ന ഉപായം മാത്രമായി സബ് ജുഡീസ് മാറിക്കഴിഞ്ഞു. കോടതിയലക്ഷ്യംപോലെത്തന്നെ പരിണാമവിധേയമായ നിയമതത്ത്വമാണ് സബ് ജുഡീസ്.
സബ് ജുഡീസെന്ന വേലി ഒഴിവാക്കാനാവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തുറന്ന കോടതിയും സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങും പരിമിതപ്പെടുത്താവുന്ന അവകാശം മാത്രമാണെന്ന് 1966ലെ മിറാജ്കര്‍ കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. അറിയുന്നതിനുള്ള അവകാശവും നീതിനിര്‍വഹണവും സമരസപ്പെടുത്താനുള്ള ശ്രമമാണ് അന്ന് കോടതി നടത്തിയത്. അന്ന് കണ്ടെത്താന്‍ ശ്രമിച്ച സമതുലനം ഇന്ന് പൂര്‍ണമായി നഷ്ടപ്പെടുന്നു. തല്‍പരകക്ഷികള്‍ക്ക് സ്വന്തം വ്യവഹാരവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള അവകാശമാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. രഹസ്യവും സ്വകാര്യതയും വേണ്ടിടത്തു സംരക്ഷിക്കാന്‍ ഇന്‍ കാമറ എന്ന നിലവിലുള്ള അധികാരം മതിയെന്നിരിക്കേ ഹൈകോടതിയുടെ ജോലിഭാരം വര്‍ധിപ്പിക്കുന്ന പുതിയ നിര്‍ദേശം ഒഴിവാക്കാമായിരുന്നു. രഹസ്യത്തില്‍ നടക്കുന്ന കോടതി നടപടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറയുമെന്നു മാത്രമല്ല അഴിമതിക്കുള്ള സാധ്യതയും വര്‍ധിക്കും.
പത്രങ്ങള്‍ക്ക് പ്രഥമ ഭേദഗതിയുടെ പരിരക്ഷയുള്ള അമേരിക്കയില്‍ കോടതിയലക്ഷ്യത്തിനും സബ് ജുഡീസിനും പ്രഥമ പരിഗണനയില്ല. നീതിനിര്‍വഹണപ്രക്രിയയില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ തടസ്സമായാല്‍ പുനര്‍വിചാരണ ഉള്‍പ്പെടെയുള്ള ഇതര മാര്‍ഗങ്ങളാണ് കോടതികള്‍ അന്വേഷിക്കുന്നത്. മാധ്യമങ്ങളെയല്ല, മാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതില്‍നിന്ന് ജൂറിയെയാണ് അവിടെ വിലക്കിയിട്ടുള്ളത്. ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. സബ് ജുഡീസായ വിഷയം വിലക്ക് ലംഘിച്ച് കൈകാര്യം ചെയ്ത സണ്‍ഡേ ടൈംസിന് വിജയകരമായി നിലപാട് വിശദീകരിക്കാന്‍ യൂറോപ്യന്‍ കോടതിവരെ പോകേണ്ടി വന്നു. ദ ഗാര്‍ഡിയന്‍ പത്രത്തിനെതിരെ കോടതി നല്‍കിയത് സൂപ്പര്‍ ഇന്‍ജങ്ഷനായിരുന്നു. വാര്‍ത്ത പ്രസിദ്ധപ്പെടുത്തരുതെന്ന് മാത്രമല്ല, അത്തരത്തില്‍ ഉത്തരവുള്ള കാര്യവും പ്രസിദ്ധപ്പെടുത്തരുതെന്ന ഉത്തരവാണ് സൂപ്പര്‍ ഇന്‍ജങ്ഷന്‍.
മാധ്യമങ്ങളെ നിയന്ത്രിക്കാനായില്ലെങ്കില്‍ പെരുമാറ്റച്ചട്ടത്താല്‍ ബന്ധിക്കുകയെങ്കിലും വേണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. പ്രസ് കൗണ്‍സിലിനെയാണ് ആ ചുമതല പാര്‍ലമെന്‍റ് ഏല്‍പിച്ചിരിക്കുന്നത്. അതിനപ്പുറമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ ഇന്ദിര ഗാന്ധിക്കുപോലും അത് സാധ്യമായില്ല. രാജീവ് ഗാന്ധി ശ്രമിച്ചു; പരാജയപ്പെട്ടു. അതുകൊണ്ട് പൊതുവായ മാര്‍ഗരേഖയെന്ന നിര്‍ദേശത്തില്‍നിന്ന് സുപ്രീംകോടതി പിന്മാറിയത് നന്നായി. ഇതിനര്‍ഥം മാധ്യമപ്രവര്‍ത്തനം നന്നായി നടക്കുന്നു എന്നല്ല. പൊലീസിന്‍െറയും കോടതിയുടെയും പ്രവര്‍ത്തനത്തില്‍ അസ്വീകാര്യമായ മാധ്യമ ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനം ആപത്തിനു കാരണമാകും. ആപത്തൊഴിവാകണമെങ്കില്‍ ആരുടെയും ഇടപെടലില്ലാതെ മാധ്യമങ്ങള്‍ സ്വയം നന്നാകണം.
നിയന്ത്രണം സ്വയം ഉണ്ടാക്കണമെന്നതാണ് സ്വീകാര്യമായ മാധ്യമതത്ത്വം. ലക്ഷ്മണരേഖ സീതക്കുവേണ്ടി വരയ്ക്കപ്പെട്ടതാണ്. സ്വയം വരച്ചിരുന്നുവെങ്കില്‍ രേഖ ലംഘിക്കപ്പെടുമായിരുന്നില്ല. നിയമവും മര്യാദയും ചേര്‍ന്നാണ് നിയന്ത്രണരേഖയുടെ വ്യാപ്തി നിശ്ചയിക്കേണ്ടത്. ഈ പ്രവര്‍ത്തനം നടക്കാത്തത് മാധ്യമങ്ങളുടെ കുറ്റം. ഐ.എസ്.ആര്‍.ഒ ചാരകേസില്‍ നമ്പി നാരായണന് അനുകൂലമായുണ്ടായ കോടതി വിധികള്‍ പത്രങ്ങള്‍ക്കെതിരെയുള്ള കുറ്റപത്രമാണ്. വീഴ്ചകളില്‍നിന്ന് പാഠം പഠിക്കാത്തവര്‍ക്ക് കൂടുതല്‍ വീഴ്ചകളുണ്ടാകും. നിയമത്തിന്‍െറ പരിരക്ഷയേക്കാള്‍ സമൂഹത്തിന്‍െറ സംരക്ഷണയിലാണ് മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത്. അടിയന്തരാവസ്ഥയിലെ പത്രനിയന്ത്രണം അവസാനിച്ചത് ജനങ്ങളുടെ ഇടപെടല്‍ നിമിത്തമായിരുന്നു. നിയമത്തിന്‍െറ ദുരുപയോഗത്തില്‍നിന്ന് അസീം ത്രിവേദി മോചിതനായത് പൊതുസമൂഹത്തിന്‍െറ ശക്തമായ പ്രതികരണം നിമിത്തമാണ്.
അജ്ഞതയും അഹങ്കാരവുമാണ് തെറ്റുകള്‍ക്ക് കാരണമാകുന്നത്. കോടതിയില്‍ ജഡ്ജിമാര്‍ പറയുന്നതെല്ലാം റിപ്പോര്‍ട്ട് ചെയ്യാനുള്ളതല്ല. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുക്കുമ്പോള്‍ അര്‍ഥവ്യത്യാസമുണ്ടാകും. കോടതിയിലെ സാന്ദര്‍ഭികമായ പരാമര്‍ശങ്ങള്‍ വാര്‍ത്തയായപ്പോള്‍ ജസ്റ്റിസുമാരായ മാര്‍കണ്ഡേയ കട്ജുവും ഗാംഗുലിയും അസ്വസ്ഥരാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, അതിന്‍െറ പേരില്‍ റിപ്പോര്‍ട്ടര്‍മാരെ കോടതിയില്‍നിന്ന് ഒഴിവാക്കാനാവില്ല. അവര്‍ സമൂഹത്തിന്‍െറ കണ്ണും കാതുമായി പ്രവര്‍ത്തിക്കേണ്ടവരാണ്. കോടതി പൊതുഇടമാണ്. അവിടെ നടക്കുന്നതെന്തും അറിയുന്നതിനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. കോടതി നടപടികളുടെ തത്സമയ സംപ്രേഷണം അമേരിക്കയില്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ സുപ്രീംകോടതിയും ഇവ്വിധം തീരുമാനമെടുത്തിട്ടുണ്ട്. പാര്‍ലമെന്‍റിലെപ്പോലെ കോടതിയിലെ കാര്യങ്ങള്‍ തത്സമയം കാണാന്‍ കഴിയുന്ന അവസ്ഥ ഇവിടെയും ഉണ്ടായേക്കാം. ജനലും വാതിലും എപ്പോഴും അടച്ചിടാനാവില്ല. വാക്കും പ്രവൃത്തിയും ആശാസ്യമാക്കുകയെന്നതാണ് പോംവഴി.
കോടതിയില്‍ ജഡ്ജി നിശ്ശബ്ദനായിരിക്കണം. കേള്‍ക്കുകയെന്നതാണ് അദ്ദേഹത്തിന്‍െറ ജോലി. വിധിയിലൂടെയാണ് കോടതിയുടെ മനസ്സ് സമൂഹമറിയുന്നത്. പക്ഷേ, കേള്‍വിയുടെ ഭാഗംതന്നെയാണ് സംസാരം. ന്യായാധിപന്‍െറ ആത്മഗതംപോലും മാധ്യമങ്ങള്‍ വെളിപ്പെടുത്തും. അത്തരം റിപ്പോര്‍ട്ടിങ് അനുചിതമാകാറുണ്ടെങ്കിലും നിരോധിക്കാന്‍ കഴിയില്ല. നര്‍മബോധമുള്ള ജഡ്ജിമാരുടെ സാന്ദര്‍ഭികമായ പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ നിയമഫലിതങ്ങളില്‍ ഇടം കണ്ടെത്താറുണ്ട്. പക്ഷേ, സംയമനം നിഷ്പക്ഷതയുടെ ലക്ഷണമാണ്. ജഡ്ജിമാര്‍ മാത്രമല്ല, മാധ്യമങ്ങളും ഇതറിഞ്ഞിരിക്കണം.
നമ്പി നാരായണന്‍ അപമാനിതനായത് കോടതിയിലല്ല. പൊലീസിന്‍െറ അന്വേഷണഘട്ടത്തിലായിരുന്നു ആ ശാസ്ത്രജ്ഞന്‍െറ പീഡാനുഭവം. മാധ്യമങ്ങള്‍ ജുഗുപ്സാവഹമായി അന്ന് പ്രവര്‍ത്തിച്ചു. ഈ അവസ്ഥ ആവര്‍ത്തിക്കപ്പെടുന്നു. ഇതൊഴിവാക്കാന്‍ പുതിയ സുപ്രീംകോടതി വിധി സഹായകമല്ല. കോടതിയിലെ നടപടികള്‍ സ്വകാര്യമാക്കി വെക്കാനാണ് കോടതി ശ്രമിക്കുന്നത്. കോടതി നടപടി വാര്‍ത്തയാക്കുന്നത് ഹ്രസ്വകാലത്തേക്ക് തടയാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. മാറ്റിവെക്കപ്പെടുന്നത് വാര്‍ത്തയല്ലാതാകും. കഞ്ഞി ആറിയാലും പഴങ്കഞ്ഞിയായി കുടിക്കാം. എന്നാല്‍, വാര്‍ത്തയുടെ കാര്യം അങ്ങനെയല്ല. ടാറ്റയുടെ സ്വകാര്യതയും സഹാറയുടെ രഹസ്യവുമാണ് ഇത്തരം തമസ്കരണത്തിലൂടെ സംരക്ഷിക്കപ്പെടുന്നത്. അത് പൊതുതാല്‍പര്യത്തിന് ഹാനികരമാണ്. അനുദിനം പൊലീസിന്‍െറ അവമതിക്കും മാധ്യമങ്ങളുടെ അവഹേളനക്കും പാത്രമാകുന്ന സാധാരണ മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്നതല്ല സുപ്രീംകോടതിയുടെ വിധി. നിര്‍ബന്ധപൂര്‍വമായ നിയന്ത്രണങ്ങള്‍ക്കും താല്‍ക്കാലിക നിരോധത്തിനും പകരം മാധ്യമങ്ങള്‍ക്ക് സഹായകമായ ചില തത്ത്വങ്ങള്‍ സുപ്രീംകോടതിക്ക് ആവിഷ്കരിക്കാമായിരുന്നു. മാധ്യമവിചാരണയും മാധ്യമങ്ങളുടെ അമിതാവേശവും എപ്രകാരമാണ് നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും പൗരാവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്നതെന്ന് മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത്രയും നന്ന്.
 സെബാസ്റ്റ്യന്‍ പോള്‍

Blogger templates

.

ജാലകം

.