ബ്രിട്ടാസിന്റെ കൂടുമാറ്റം: വിവാദം ഒഴിയുന്നില്ല


പാര്‍ട്ടി ചാനല്‍ വിട്ട് മര്‍ഡോക്കിന്റെ ചാനലിലേക്കുള്ള ജോണ്‍ ബ്രിട്ടാസിന്റെ കൂറുമാറ്റം സി.പി.എമ്മിനുള്ളിലും കൈരളിയിലും തുടര്‍ വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്നു. താന്‍ കൂടി പങ്കെടുത്ത് ബ്രിട്ടാസിന് യാത്രയയപ്പ് നല്‍കിയതിനെതുടര്‍ന്നുണ്ടായ വിവാദം പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ അവസാനിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശ്രമിച്ചെങ്കിലും അവിടം കൊണ്ടവസാനിക്കില്ലെന്ന സൂചനയാണ് പാര്‍ട്ടിയിലെയും കൈരളിയിലെയും സംഭവവികാസങ്ങള്‍ നല്‍കുന്നത്.
'കൈരളിക്കൊപ്പം നിന്ന് ജോണ്‍ ബ്രിട്ടാസ് ഉയര്‍ത്തിയ നിലപാടുകളും ബഹുരാഷ്ട്ര കുത്തക സ്ഥാപനത്തിന്റെ താല്‍പര്യവും തമ്മില്‍ വൈരുധ്യം സ്വാഭാവികമാണെങ്കിലും അതിനെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കുന്നതില്‍ പ്രസക്തിയില്ലെ'ന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ഇനി പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിന് സ്ഥാനമില്ലെന്നാണ് പിണറായി വ്യക്തമാക്കിയത്. 'ബ്രിട്ടാസ് ബഹുരാഷ്ട്ര കുത്തക മാധ്യമത്തില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതുകൊണ്ട് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ വിസ്മരിക്കാനാവില്ലെന്ന്' പറഞ്ഞാണ് യാത്രയയപ്പിലെ തന്റെ സാന്നിധ്യത്തെ അദ്ദേഹം ന്യായീകരിച്ചത്.
 എന്നാല്‍, ദിനപത്രങ്ങളിലെ വിദേശ ഉടമസ്ഥത സംബന്ധിച്ച് സി.പി.എമ്മിന്റെ നയം വ്യക്തമാക്കി  മുഖപത്രമായ 'പീപ്പിള്‍സ് ഡെമോക്രസി'യുടെ 2002 ജൂലൈ ഏഴിലെ ലക്കത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിന് കടകവിരുദ്ധമാണ് പിണറായിയുടെ നിലപാടെന്ന് നേതൃത്വത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. 'കുത്തക മാധ്യമ സ്ഥാപനങ്ങളില്‍ സുപ്രധാന പദവി വഹിക്കുന്ന ഇന്ത്യക്കാര്‍, തലപ്പത്തുള്ള മേധാവികളുടെ തിട്ടൂരം വിധേയത്വത്തോടെ നടപ്പാക്കുന്നവരാണെ'ന്നാണ് കാരാട്ട് വ്യക്തമാക്കുന്നത്. ഇതാണ് പാര്‍ട്ടി നിലപാടെന്നിരിക്കെ യാത്രയയപ്പില്‍ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടറി പുകഴ്ത്തിയത് ഉയര്‍ത്തിക്കാട്ടിയാവും പാര്‍ട്ടിക്കുള്ളില്‍ വി.എസ് അനുകൂലികള്‍ അടക്കം ചര്‍ച്ചക്ക് ഇടംതേടുക.
പാര്‍ട്ടി ചാനലിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയേറ്റ ശേഷം വിളിച്ചുചേര്‍ത്ത ജീവനക്കാരുടെ ആദ്യ യോഗമാണ് വിവാദത്തിന് സാക്ഷ്യം വഹിച്ചത്. ബ്രിട്ടാസുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബ്രിട്ടാസിന് എതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. കൈരളിയില്‍ അവതരിപ്പിച്ചിരുന്ന 'അഴിച്ചുപണി' ഏറെ വിമര്‍ശിച്ചിരുന്നത് മര്‍ഡോക്കിന്റെ ചാനലിനെയായിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് പരിപാടി നിര്‍ത്തിച്ചത് ബ്രിട്ടാസ് ഇടപെട്ടായിരുന്നെന്നും മര്‍ഡോക്കിന്റെ ചാനലുമായി ഡീല്‍ ഉറപ്പിച്ചശേഷമാണ് ഇതെന്നും വിമര്‍ശമുണ്ടായി. ഇത്തരത്തിലുള്ളയാളിന് കാറ് സമ്മാനമായി  നല്‍കിയത് ശരിയായില്ലെന്നും സംസാരിച്ചവര്‍ ആക്ഷേപിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ വികാരം മനസ്സിലാക്കുന്നെന്ന വിശദീകരണത്തോടെ അധികൃതര്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു.  അതേസമയം, പാര്‍ട്ടി മുഖപത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മറ്റൊരു ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്താണ് ബ്രിട്ടാസിന്റെ കൂടുമാറ്റത്തെ പരസ്യമായി വിമര്‍ശിച്ചത്.
ബ്രിട്ടാസ് വിട്ടതിനെ തുടര്‍ന്ന് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്ററെ കണ്ടെത്താനുള്ള ശ്രമങ്ങളും പാര്‍ട്ടി നേതൃത്വത്തിന് കീറാമുട്ടിയായിരിക്കുകയാണ്. ഔദ്യോഗിക പക്ഷത്തെ മൂന്ന് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മൂന്നു പേരാണ് സ്ഥാനത്തിനായി രംഗത്തുള്ളത്. സംസ്ഥാന സെക്രട്ടറിയുമായി അടുപ്പമുള്ള കണ്ണൂരില്‍ നിന്നുള്ള ചാനല്‍പ്രവര്‍ത്തകനാണ് ഒരാളെങ്കില്‍ എം.എ. ബേബിയുടെ അടുപ്പക്കാരനായ മധ്യതിരുവിതാംകൂറുകാരനും തോമസ് ഐസക്കുമായി ബന്ധമുള്ള ആലപ്പുഴ സ്വദേശിയുമാണ് മറ്റുള്ളവര്‍. ഇവരില്‍ ആരെ നിയമിക്കണമെന്നത് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാനും പുതിയ വിവാദങ്ങള്‍ക്ക് ഇടനല്‍കാതിരിക്കാനും പുറത്തുനിന്ന് ഒരാളെ തസ്തികയിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്.

Share


Google+ Followers

Blogger templates

.

ജാലകം

.