പവ്വത്തില്‍ പറയട്ടെ, മനസ്സുള്ളവര്‍ കേള്‍ക്കട്ടെ



സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നകാര്യം വീണ്ടും ചര്‍ച്ചാവിഷയം ആയിരിക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാവുന്നത് തന്നെ. ഇപ്പോള്‍ പൊതുവേ ഏകപക്ഷീയമായി മാറുന്നു ചര്‍ച്ച എന്നതാണ് പോരായ്മ.
യേശുക്രിസ്തു സര്‍വശക്തനായ പരമേശ്വരന്റെ ഏക പൂര്‍ണാവതാരം ആണ് എന്ന് വിശ്വസിക്കുന്നവരുടെ സമൂഹമാണ് ക്രൈസ്തവസഭ. 'യഹോവാസാക്ഷികള്‍' തുടങ്ങിയവരെ ക്രൈസ്തവരായി അംഗീകരിക്കാനാവാത്തതും അതുകൊണ്ടാണ്. വിശദാംശങ്ങളില്‍ വ്യത്യാസം ഉണ്ടായാലും മൗലികമായ വിശ്വാസം ആദി മുതല്‍ ഉണ്ടായിരുന്നതും നാലാം നൂറ്റാണ്ടില്‍ ക്രോഡീകരിക്കപ്പെട്ടതുമാണ്. കത്തോലിക്കരും പൗരസ്ത്യ ഓര്‍ത്തഡോക്‌സുകാരും പിരിഞ്ഞതായാലും ബൈസന്റയിന്‍, പ്രൊട്ടസ്റ്റന്റ് വേര്‍തിരിവുകള്‍ ഉണ്ടായതായാലും വിശ്വാസത്തിന്റെ വിശദാംശങ്ങള്‍, ഘടനാപരമായ ശ്രേണീസംവിധാനം, വേദപുസ്തകവും സഭാപാരമ്പര്യവും  തുല്യ പ്രാധാന്യത്തില്‍ വീക്ഷിക്കപ്പെടണമോ എന്ന സംഗതി തുടങ്ങിയവ ആധാരമാക്കിയാണ്. കത്തോലിക്കാസഭയും  എന്‍േറതുള്‍പ്പെടെയുള്ള പല ഓര്‍ത്തഡോക്‌സ് സഭകളും ഇപ്പോള്‍ വിശ്വാസം ഒന്നാണ്, പ്രകടിപ്പിച്ച രീതിയിലും ശൈലിയിലും മാത്രമായിരുന്നു ഭിന്നത എന്നും പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ അധികാരശ്രേണി മാത്രമാണ് അഭിപ്രായൈക്യം ഇല്ലാത്ത വിഷയം. അങ്ങനെ ഐക്യത്തില്‍ വന്നിട്ടില്ലാത്ത സഭകളും ക്രിസ്തു ഏക പൂര്‍ണാവതാരം എന്ന കാര്യത്തില്‍ യോജിക്കും. അതുകൊണ്ടാണ് ആ ഏകവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സഭയെ നിര്‍വചിച്ചത്.
തുടക്കത്തില്‍ സഭ സമൂഹത്തില്‍ നിന്ന് വേര്‍തിരിഞ്ഞാണ് നിലനിന്നത്. 'വേര്‍തിരിക്കപ്പെട്ട വിശുദ്ധന്മാരുടെ കൂട്ടം' എന്ന് സഭ സ്വയം കരുതി. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്‍ൈറന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിന് അംഗീകാരം നല്‍കിയതിന് ശേഷമാണ് സഭ പൊതുസമൂഹത്തില്‍ ഇടപെടാവുന്ന അവസ്ഥയിലായത്. അതോടെ 'വിശുദ്ധന്മാരുടെ കൂട്ടം' അല്ലാതാവുകയും ചെയ്തു എന്നത് വേറെ! വൃദ്ധിക്ഷയങ്ങളിലൂെടയാണ് ഈ ബന്ധം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. അഞ്ചാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയിലെ സഭകള്‍ അധികാരത്തിന്റെ അനുഗ്രഹത്തിന് പുറത്തായി. ഇസ്‌ലാം  വന്നപ്പോള്‍ അവര്‍ തങ്ങളുടെ പച്ചക്കൊടിയുമായി മതം മാറി; ക്രൈസ്തവര്‍ ആ ഭൂപ്രദേശങ്ങളില്‍ ന്യൂനപക്ഷമായി. യൂറോപ്പില്‍ മാര്‍പാപ്പമാരും രാജാക്കന്മാരും പരസ്‌പരം ഭരിക്കാന്‍ തുടങ്ങിയ കഥയും ഹെന്‍ട്രി എട്ടാമന്റെ പെണ്‍കെട്ടുകേസില്‍ തൊട്ട് വികസിച്ച ചരിത്രവഴികളും വിസ്തരിക്കേണ്ടതില്ല. എന്നാല്‍, ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സെക്യുലറിസം എന്ന സങ്കല്‍പം യൂറോപ്പില്‍ ഉരുത്തിരിഞ്ഞത്. അത് മതനിഷേധമാണ് പലയിടത്തും. ഫ്രാന്‍സില്‍ ശിരോവസ്ത്രം മാത്രമല്ല ക്രൈസ്തവരുടേതുള്‍പ്പെടെ മതചിഹ്നങ്ങളൊക്കെ വിലക്കപ്പെട്ടു. തുര്‍ക്കിയിലും മതനിരപേക്ഷത ഒരുതരം മതനിഷേധമായി  അത്താത്തുര്‍ക്കിന്റെ കാലത്ത്.
ഇപ്പോഴത്തെ അവസ്ഥയാകട്ടെ ലോകത്തില്‍ ഒരിടത്തും തികഞ്ഞ യാഥാസ്ഥിതികരോ തീവ്രമതവാദികളോ ഒഴികെ ആരും മതത്തിന്റെ ചതുര്‍ഭുജചത്വരത്തിലൊതുങ്ങി പൊതുസമൂഹത്തിലെ ജീവിതവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്നതാണ്. അതേസമയം ദൈനംദിന ജീവിതത്തിന്റെ വിവിധ മുഖങ്ങളിലും വിവിധ തലങ്ങളിലും നിയാമകമായി വര്‍ത്തിക്കേണ്ട ധര്‍മസംഹിതകളെയും നിലപാടുതറകളെയും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് മതനേതൃത്വം മാറിനില്‍ക്കുന്നത് കര്‍ത്തവ്യവിലോപമാണ് എന്ന വസ്തുതയും അംഗീകരിക്കേണ്ടതുണ്ട്.
പവ്വത്തില്‍ മെത്രാപ്പൊലീത്തക്ക്  കത്തോലിക്കരുടെ മേലുള്ള സ്വാധീനതയും ആ സ്വാധീനാധിഷ്ഠിതാധികാരത്തില്‍നിന്ന്  ഉദ്ഭവിക്കുന്ന ചുമതലയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളുടെ കാര്യത്തില്‍ പിണറായി സഖാവിനുള്ള അധികാരവും ചുമതലയും തന്നെയാണ്. നമ്മുടെ ഗ്രന്ഥശാലാസംഘത്തിലേക്കും തൊഴിലാളി സംഘടനകളിലേക്കും സഹകരണ പ്രസ്ഥാനങ്ങളിലെ വിവിധ ഘടകങ്ങളിലേക്കും ഒക്കെ കൂടെക്കൂടെ തെരഞ്ഞെടുപ്പുകള്‍ നടക്കാറുണ്ട്. ഇതില്‍ ഗ്രന്ഥശാലയും സഹകരണ സംഘവും കൃത്യമായി പറഞ്ഞാല്‍ തൊഴിലാളിസംഘടനകളും രാഷ്ട്രീയമുക്തമായി ഭരിക്കപ്പെടേണ്ടവയും നയിക്കപ്പെടേണ്ടവയുമാണ്. എന്നുവെച്ച് മാര്‍ക്‌സിസ്റ്റ്  പാര്‍ട്ടി അതില്‍ ഇടപെടാതിരിക്കുന്നില്ല. അവരോട് വിധേയത്വം ഉള്ളവരെ സ്ഥാനാര്‍ഥികളാക്കും. ആ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് പാര്‍ട്ടിയുടെ അംഗങ്ങളോട് മാത്രമല്ല സഹയാത്രികരോടും ആജ്ഞാപിക്കും; അനുഭാവികളോട് നിര്‍ബന്ധപൂര്‍വം അഭ്യര്‍ഥിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് തെറ്റല്ലെങ്കില്‍ സ്വന്തം അനുയായികളെ പവ്വത്തില്‍ തിരുമേനി ഉപദേശിക്കുന്നത് തെറ്റാകുന്നതെങ്ങനെ?
ക്ഷേത്ര സമിതികള്‍ പാര്‍ട്ടി പിടിച്ചെടുക്കാറില്ലേ? നിയേമന  നാസ്തികരായിരിക്കാന്‍ നിര്‍ബന്ധിതരായവരെക്കൊണ്ട് ഈശ്വരവിശ്വാസം പരസ്യമായി പ്രഖ്യാപിപ്പിച്ച് ശബരിമലയടക്കമുള്ള പുണ്യസന്നിധാനങ്ങളുടെ ഭരണം ഏല്‍പ്പിക്കാറില്ലേ? ഏത് പാലവും അക്കരയും ഇക്കരയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. എനിക്ക് അക്കരക്ക് പോകാം, അക്കരക്കാരന് ഇങ്ങോട്ട് വരാന്‍ പാടില്ല എന്ന യുക്തി  യുക്തിയല്ല്‌ള.
അതുകൊണ്ട് ഈ വിവാദം അവസാനിപ്പിക്കണം. പിണറായി വിജയനെ ധിക്കരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനത്തിലോ സഹകരണ പ്രസ്ഥാനത്തിലോ വോട്ട് ചെയ്താല്‍ ചെയ്യുന്നവന്‍ പുറത്താണ്. സഭയിലും പണ്ട് പണ്ട് അങ്ങനെ ആയിരുന്നു. ഇപ്പോള്‍ സഭ ഉപദേശിക്കുന്നതേ ഉള്ളൂ. കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ എന്ന മട്ട്.
പണ്ടേപ്പോലെ ഫലിക്കാത്തതാണ് ആ ശൗര്യം തന്നെയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാം അത് കണ്ടതാണ്. യു.ഡി.എഫ് ജയിച്ച ഇടങ്ങൡ പോലും ഇടയലേഖനം വഴി കിട്ടിയ അധികവോട്ട് ഗണ്യമായിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷേ ഇടുക്കിയില്‍ ഒഴികെ. അവിടെ വൈദികരും കന്യാസ്ത്രീകളും വോട്ടുപിടിച്ചു എന്നൊക്കെ പറയുന്നു. അവിടെ ദീര്‍ഘകാലം ജീവിച്ച വ്യക്തിയാണ് ഞാന്‍. ഹൈറേഞ്ചിലെ ജനജീവിതത്തില്‍ എന്നും വൈദികര്‍ സര്‍ഗസാന്നിധ്യമായിരുന്നു. റോഡ് വെട്ടാനും പാലവും ചപ്പാത്തും പണിയാനും പള്ളിക്കൂടവും ആശുപത്രിയും തുടങ്ങാനും ഒക്കെ അവരായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ജനങ്ങള്‍ മുഴുവന്‍  കുഞ്ഞാടുകളായതിനാലല്ല അത്. ഹൈറേഞ്ചിലെ ആദ്യത്തെ കോളജ് ദേവസ്വം ബോര്‍ഡാണ് തുടങ്ങിയത്.  എസ്.എന്‍.ഡി.പി യോഗത്തിന്റെ ഏറ്റവും ശക്തമായ താലൂക്ക് യൂനിയനുകളില്‍ ഒന്നായിരുന്നു ഉടുമ്പന്‍ചോല യൂനിയന്‍. പൊതുവേ അവിദ്യാലംകൃതരായിരുന്ന ജനത്തിനിടയില്‍  പത്താംക്ലാസും എട്ടൊമ്പത് കൊല്ലം സെമിനാരിപഠനവും കഴിഞ്ഞ വൈദികരില്‍ നേതൃത്വം സ്വാഭാവികമായി വന്നണയുകയായിരുന്നു. നാല്‍പത് കൊല്ലം കൊണ്ട് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ടാവണം. എങ്കിലും സമതലങ്ങള്‍ക്കൊപ്പം ഇനിയും അവര്‍ എത്തിയിട്ടില്ല. പത്തനംതിട്ടയില്‍ ആന്‍േറാ ആന്റണിയെ ജയിപ്പിച്ചത് ഇടയലേഖനം കേള്‍ക്കാത്ത അകത്തോലിക്കരായിരുന്നു. അതറിഞ്ഞ് ഈ ഇടയലേഖന സംസ്‌കാരം തിരുമേനിമാരും സഭയും പുനഃപരിശോധിക്കണം എന്ന് ക്രൈസ്തവനായ എനിക്ക് പറയാം. അല്ലാതെ പൊതുസമൂഹവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കുപ്പായത്തിന്റെ ഊരാക്കുടുക്കില്‍ പെട്ടുപോയവര്‍  കമാന്ന് മിണ്ടരുതെന്ന് പുറത്തുള്ളവര്‍ പറയുന്നത് ശരിയല്ല. ഇവിടെ സാമുദായിക വിദ്വേഷം വളര്‍ത്താനേ അത് സഹായിക്കൂ.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ പ്രാദേശികഘടകങ്ങള്‍ ഉണ്ടാവും. അവിടെ ആ മൂന്ന് കുരങ്ങന്മാരെപോലെ ഇരുന്നുകൊള്ളണം എന്ന് പുറത്തുള്ളവര്‍ ആവര്‍ത്തിക്കുന്നത്  മതഭേദം ഉറപ്പിക്കും എന്ന കാര്യം മറക്കരുതെന്നാണ്  പറഞ്ഞുവെക്കുന്നത്. തിരുമേനിമാര്‍ പറയുന്നത് പറയട്ടെ. ജനം കേള്‍ക്കുന്നത്ര കേള്‍ക്കട്ടെ.ഇപ്പോള്‍ സഭയുടെ വക്കീലായി പ്രത്യക്ഷപ്പെടുന്ന മാണി പാലാ ബിഷപ്പിനെ വെല്ലുവിളിച്ച് സ്വന്തം സ്ഥാനം ഉറപ്പിച്ചയാളാണ്. അതുകൊണ്ട് തിരുമേനിമാരെ ഭയപ്പെടേണ്ടതില്ല. പി.സി. തോമസിന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചിരിക്കാം. അതൊക്കെ നമുക്ക് ചെയ്യാം, മറ്റുള്ളവര്‍ക്ക് പാടില്ല എന്ന് പറയാതിരിക്കണം. മാണിയെപ്പോലെ ഒരു സുഹൃത്ത് ഉണ്ടെങ്കില്‍  പിന്നെ സഭക്കെന്തിന് പിണറായി എന്നെങ്കിലും കരുതി സമാധാനിക്കരുതോ? എന്റെ കാരണവന്മാര്‍ ഉണ്ടാക്കിയ പള്ളി സര്‍ക്കാറിന്റെ പിണിയാളുകള്‍ ഭരിക്കണം എന്ന് പറയുന്നവരുണ്ട്. അവര്‍ക്ക് അവരുടെ ന്യായവും ഉണ്ട്. ആ ന്യായം പരമാവധി കത്തോലിക്ക വിഭാഗത്തിന് മാത്രം ബാധകമാവുന്നതാണ് എന്നുപോലും തിരിച്ചറിയാത്തവര്‍ അതില്‍ അഭിപ്രായം പറയുന്നില്ലേ? യാക്കോബായ- ഓര്‍ത്തഡോക്‌സ്- മാര്‍ത്തോമ- സി.എസ്.ഐ തുടങ്ങിയ  അകത്തോലിക്കാവിഭാഗത്തിലെ എപ്പിസ്‌കോപ്പല്‍ സഭകളില്‍ ഇപ്പോള്‍ തന്നെ ജനാധിപത്യമാണുള്ളത്. അവിടെ സി.പി.എം പാനല്‍ അവതരിപ്പിക്കുന്ന സ്ഥലങ്ങള്‍ പോലും വിരളമായിട്ടെങ്കിലും ഉണ്ട്. ഇതിനിടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനാണ്  രാഷ്ടീയ കക്ഷികള്‍ ശ്രമിക്കേണ്ടത്. രാഷ്ട്രീയ വീക്ഷണത്തിന്റെ പേരില്‍ പള്ളിക്കുറ്റവും ഊരുവിലക്കും ഉണ്ടാകരുത് എന്ന് എല്ലാവരും സമ്മതിക്കും. എന്നുവെച്ച് വിദ്യാസമ്പന്നനായ പവ്വത്തില്‍ തിരുമേനിക്ക് കമാല്‍കുട്ടിയുടെ പെരുമാറ്റച്ചട്ടം ബാധകമാക്കരുത്. അദ്ദേഹത്തിന് പറയാനുള്ളത് അദ്ദേഹം പറയട്ടെ.  എതിരുണ്ടെങ്കില്‍ എതിരുള്ളവര്‍ പറയട്ടെ. അനുസരിക്കുന്നവര്‍ അനുസരിക്കട്ടെ. തള്ളുന്ന കുഞ്ഞാടുകള്‍ തള്ളട്ടെ. തിരുമേനി മിണ്ടിപ്പോകരുത് എന്ന് പഴയ പ്രൈമറി വാധ്യാന്മാര്‍ 'സയലേന്‍സ്' വിളിച്ചിരുന്നതുപോലെ പറയുന്നത് ജനാധിപത്യവിരുദ്ധമാണ്.

ഡി. ബാബുപോള്‍


Share

Blogger templates

.

ജാലകം

.