അബ്ദുറബ്ബുംസ്വന്തം വിത്തുകള്‍ക്ക് ഏതുവഴിയും ലക്ഷങ്ങള്‍ ചെലവിട്ട് വളക്കൂറുണ്ടാക്കുന്നതില്‍ യാതൊരു അസ്വാഭാവികതയോ അദ്ഭുതമോ ഇല്ല. അവര്‍ കാശുള്ള പിതാക്കന്മാരാണ്. രാഷ്ട്രീയവും അവര്‍ക്കൊരു ആദായ ബിസിനസാണ്. മുതലിന്റെ നാട്ടുനടപ്പനുസരിച്ചുള്ള നീക്കുപോക്കുകളേ അവര്‍ നടത്താറുള്ളൂ. അതിലെ ശരിതെറ്റുകള്‍ വിവേചിക്കുന്ന പ്രത്യയശാസ്ത്രമൊന്നും അവരുടെ രാഷ്ട്രീയത്തിനോ പ്രസ്ഥാനങ്ങള്‍ക്കോ ഇല്ല. വി.വി.രമേശന്റെ കാര്യമങ്ങനെയാണോ? മുതലിന്റെ നീക്കുപോക്കില്‍ പ്രത്യയശാസ്ത്ര വിവേചനവും വ്യാഖ്യാന ചടുലതയുമൊക്കെയുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശക്്തമായ യുവജന വിഭാഗം ഖജാന്‍ജിയാണ്. 50 ലക്ഷം കൊടുത്ത് മകള്‍ക്ക് എന്‍.ആര്‍.ഐ ക്വോട്ടയില്‍ മെഡിക്കല്‍ സീറ്റ് വിലക്കെടുക്കുമ്പോള്‍ രമേശനിലെ പിതാവും രാഷ്ട്രീയക്കാരനും തമ്മില്‍ സംഘര്‍ഷമൊന്നുമുണ്ടായില്ലേ?
ചോദ്യമേ തെറ്റ്. ഇപ്പറഞ്ഞ കിഴി കൈപ്പറ്റി സീറ്റു വിറ്റ മാനേജ്‌മെന്റിന്റെ തലപ്പത്തിരുന്ന് രമേശന്റെ മൂത്ത സഖാവ് എം.വി. ജയരാജന്‍ നിസ്സംഗബുദ്ധനായി പറയുന്നതു കേട്ടില്ലേ- 'പണത്തിന്റെ സ്രോതസ്സ് പിതാവ് തന്നെ പറയട്ടെ' (നമുക്ക് കാശ് കിട്ടണം, സീറ്റ് വില്‍ക്കണം.അത്രേയുള്ളൂ.). ജയരാജനില്ലാത്ത ആത്മസംഘര്‍ഷം 'യുവ'രാജനെന്തിന്?രമേശനിലെ പിതാവും അബ്ദുറബ്ബിലെ പിതാവും തമ്മില്‍ വ്യത്യാസമുണ്ടാകേണ്ട കാര്യമില്ല. പുത്ര വാത്സല്യത്തിന്റെ ജനിതക കിടപ്പുവശം അങ്ങനെയൊരു ഞരമ്പുദീന പരുവത്തിലാണ്. ജയരാജനിലെ സഖാവിനും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ മാനേജര്‍പടക്കും ഒരേ ഛായ വരുന്നതോ? അവിടെയാണ് മൂലധനത്തിന്റെ ലീല. ധനം, മൂലമാകുമ്പോള്‍ നമ്മുടെ സഖാക്കള്‍ക്കുണ്ടാകുന്ന പരിണാമത്തിന്റെ കളി. ആ കളിക്കളത്തിലെ ചെറുകരുക്കള്‍ മാത്രമാണ് രമേശന്മാര്‍.
സത്യത്തില്‍ വി.വി.രമേശന്‍ ചെയ്ത അപരാധമെന്താണ്?
നമ്മുടെ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഏതായാലും വില്‍പനക്കുള്ളതാണ്. പരിയാരത്ത് ഒരു സഹകരണ സംഘമാണ് ഇപ്പറഞ്ഞ മാനേജ്‌മെന്റ്. സംഘം രണ്ടുവട്ടമായി തുടരെ ഭരിക്കുന്നത് സഖാക്കള്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടത് എന്നൊക്കെ ഭംഗി വാക്കുരചെയ്യും. നടന്നത് അംഗങ്ങളുടെ വോട്ടര്‍ ഐ.ഡി കാര്‍ഡുവരെ കൃത്രിമമായി പടച്ചുണ്ടാക്കിയ തനി കൃത്രിമ പോളിങ് എന്നത് സുവിദിതം. അഥവാ സഖാക്കളുടെ ഒരു ഒളിഗാര്‍ക്കിയാണ് സംഘത്തിന്റെ ഭരണസമിതി. ഇത്തരം സംഘങ്ങളും പച്ചയായ കുത്തക മുതലാളി സ്ഥാപനങ്ങളും തമ്മിലെ വ്യത്യാസമൊന്നും തിരക്കരുത്. പരിയാരത്തെ ഒളിഗാര്‍ക്കി കേരളത്തിലെ നാട്ടുനടപ്പു പ്രകാരം തന്നെ കച്ചോടം നടത്തുന്നു, കാശു പിടുങ്ങുന്നു. ചെറിയൊരുദാഹരണം: മെഡിക്കല്‍ ബിരുദാനന്തര ബിരുദ സീറ്റിന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ പരിയാരം മാനേജ്‌മെന്റിന് 60 ലക്ഷം കൊടുത്തെന്നായിരുന്നല്ലോ പുകില്. എന്നാല്‍, നിങ്ങള്‍ ആരെങ്കിലും ഒരറുപതു ലക്ഷം കൊടുത്തുനോക്കൂ, പി.ജി. സീറ്റ് കിട്ടില്ല. ബാക്കി 40-50 ലക്ഷം കൂടി കൊടുക്കണം. ആയത് സഹകരണ സംഘത്തിന്റെ രേഖയില്‍ വരില്ല. ഭരണസമിതി വീതിക്കുകയോ, സീറ്റൊപ്പിച്ചുതന്ന ഭരണസമിതിയംഗം ഒറ്റക്ക് വിഴുങ്ങുകയോ ആണ് പതിവ്. അതിന്റെ വീതം പാര്‍ട്ടിക്കു ചെല്ലുമോ ഇല്ലയോ എന്നതിലും പ്രത്യേകിച്ചൊരുറപ്പ് ആര്‍ക്കുമില്ല. ഒരു കോടിക്കുമേല്‍ വിലയുള്ള സീറ്റ് 60 ലക്ഷമായി ചിത്രീകരിക്കപ്പെടും- ഈ ആദായവില്‍പനയില്‍ ഉപഭോക്താവ് സഖാവാണോ വര്‍ഗശത്രുവാണോ എന്നത് ഭരണസമിതിക്കു വിഷയമല്ല. മര്‍മ്മം, 'മുതല്‍' മാത്രം- മൂലധനം. വര്‍ഗസമരം വിജയിപ്പിക്കാനുള്ള അടവു നയത്തിന്റെ ഭാഗമാണോ ഈ കൊള്ളയടി ? പരിയാരം മെഡിക്കല്‍ കോളജ് പൊതുജനങ്ങള്‍ക്ക് വേണ്ടി വികസിപ്പിക്കുകയും അവരുടേതാക്കി മാറ്റുകയുമാണ് ലക്ഷ്യമെങ്കില്‍ ഈ കൊള്ളവിഹിതത്തിലെ 60 ലക്ഷത്തിന് ഒരു രാഷ്ട്രീയാര്‍ഥമൊക്കെ ഉണ്ടാകുമായിരുന്നു. ആയതിന് പരിയാരം മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ കോളജും സര്‍ക്കാറാശുപത്രിയുമാക്കുകയല്ലേ സ്വാഭാവികമായി വേണ്ടത്. നേരെ മറിച്ചാണു കളിയെങ്കിലോ?
മെഡിക്കല്‍ കോളജ്തല ഉന്നത ചികിത്സ മലബാര്‍ മേഖലയില്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് പരിയാരത്ത് ഈ സംരംഭം തുടങ്ങിയത്. ആറോണ്‍ സായിപ്പിന്റെ വകയായിരുന്ന 119 ഏക്കര്‍ ഭൂമി (ടി.ബി സാനറ്റോറിയം) അന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നു. അത് കെ.സി.എച്ച്.സി എന്ന സഹകരണ സംഘത്തിന് 1994 മാര്‍ച്ച് 11ന് കൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അന്ന് എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘമല്ല പക്ഷേ മെഡിക്കല്‍ കോളജുണ്ടാക്കാന്‍ പുറപ്പെട്ടത്. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നൊരു സ്വകാര്യ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പേരിലാണ് മെഡിക്കല്‍ കോളജിനായി അപേക്ഷിച്ചത്. വ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ മെഡിക്കല്‍ കോളജ് തുടങ്ങണമെങ്കില്‍ മിനിമം 25 ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം. ഇവിടെ ഭൂമി സ്വന്തമായില്ലാത്ത ചാരിറ്റബ്ള്‍ സൊസൈറ്റി മെഡിക്കല്‍ കോളജ് നടത്തുന്നു-സഹകരണ സംഘത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമി കാണിച്ച്. അവിടെ തുടങ്ങുന്നു, പരിയാരത്തെ തട്ടിപ്പിന്റെ കഥ.
സര്‍ക്കാര്‍ ഭൂമിവെച്ച് എം.വി.രാഘവനും കൂട്ടരും പകല്‍ക്കൊള്ള നടത്തുന്നു എന്ന് പറഞ്ഞ് സി.പി.എം തെരുവിലിറങ്ങി. അവരുടെ യുവജന സംഘടനകള്‍ (രമേശന്റെ ഡിഫിയടക്കം) പൊലീസുമായി നിരന്തരം ഏറ്റുമുട്ടി. സര്‍ക്കാര്‍ നടപടിക്കെതിരെ സി.പി.എം തീരുമാന പ്രകാരം ഹൈകോടതിയില്‍ കേസുപോയി. ജസ്റ്റിസ് ബാലസുബ്രഹ്മണ്യം സര്‍ക്കാരുത്തരവ് അസാധുവാക്കി. കാരണം, ആറോണ്‍ സായ്പ് സംഭാവനയായി നല്‍കിയ ഭൂമിയുടെ ട്രസ്റ്റി മാത്രമാണ് സര്‍ക്കാര്‍- ഉടമയല്ല. സായ്പിന്റെ വില്‍പന പ്രകാരം പ്രസ്തുത ഭൂമി സൗജന്യ ചികിത്സക്ക് ഉപയോഗിക്കാമെന്നല്ലാതെ കൈമാറാനോ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടുള്ളതല്ല. ഈ വിധിക്കെതിരെ രാഘവനും അന്നത്തെ യു.ഡി.എഫ് സര്‍ക്കാറും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുകൊടുത്തു. രണ്ടു ബെഞ്ചുകളില്‍ വെവ്വേറെ നടന്ന പരിശോധനക്കുശേഷം പഴയ വിധി ശരിവെക്കുകയാണുണ്ടായത്. എന്നുവെച്ചാല്‍ സഹകരണ സംഘത്തിന് കേരളസര്‍ക്കാര്‍ ഭൂമി കൊടുത്തത് ഇന്നും അസാധു. അതുകൊണ്ടു തന്നെ ഉടമസ്ഥത തങ്ങള്‍ക്കല്ലാത്ത ഭൂമി കാട്ടി മെഡിക്കല്‍ കൗണ്‍സിലിനെ പറ്റിച്ചുകൊണ്ട് സൊസൈറ്റി നടത്തിവരുന്ന മെഡിക്കല്‍ കോളജ് പ്രത്യക്ഷത്തിലേ തട്ടിപ്പാകുന്നു.
കോടതി വിധികള്‍ പ്രകാരം ഭൂമി ഇപ്പോഴും സര്‍ക്കാറിന്‍േറതാണ്. അഥവാ സര്‍ക്കാറാണ് ട്രസ്റ്റി. സ്വന്തമായി ഉടമയില്ലാത്ത സ്ഥിതി മെഡിക്കല്‍ കോളജിന്റെ അംഗീകാരം ഇല്ലാതാക്കാമെന്നു വന്നപ്പോള്‍ നായനാര്‍ സര്‍ക്കാര്‍ നിയമം വഴി മെഡിക്കല്‍ കോളജ് ഏറ്റെടുത്തു. തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീ ചിത്തിര മെഡിക്കല്‍ സെന്റര്‍ മാതൃകയിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടാക്കി അതിനെ മാറ്റി. യു.ഡി.എഫ് വീണ്ടും അധികാരമേറ്റപ്പോള്‍ രാഘവന്‍ പുതിയ നിയമവുമായി വന്ന് പരിയാരം മെഡിക്കല്‍ കോളജിനെ വീണ്ടും സ്വകാര്യ മേഖലയിലാക്കി (ട്രാന്‍സ്ഫര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ആക്ട് -2001). ചാരിറ്റബ്ള്‍ സൊസൈറ്റിക്ക് കോളജ് വീണ്ടും കൊടുത്തു. എന്നാല്‍, കോളജും ആശുപത്രിയും (കെട്ടിടങ്ങള്‍) കൊടുത്തതല്ലാതെ അവ നില്‍ക്കുന്ന ഭൂമിയുടെ അവകാശം സൊസൈറ്റികള്‍ക്ക് കൊടുക്കാന്‍ ആ നിയമത്തിനും കഴിഞ്ഞില്ല. കാരണം, സായിപ്പിന്റെ വില്‍പത്രവും കോടതിവിധികളും മൂലം സ്ഥലം ഇപ്പോഴും സര്‍ക്കാറിന്‍േറതാണ്.
പരിയാരത്തെ വീണ്ടും സ്വകാര്യവത്കരിക്കാനുള്ള ബില്ല് രാഘവന്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യമേ എതിര്‍ത്തയാള്‍ ഒരു വി.എസ്. അച്യുതാനന്ദന്‍. കിടിലന്‍ പ്രതിഷേധ ലേഖനങ്ങളിറക്കിയത് ഒരു ദേശാഭിമാനി. 200 കോടിയുടെ പകല്‍ കൊള്ളയാണ് രാഘവന്‍ നടത്തുന്നതെന്ന് പറഞ്ഞ് കേരളമാകെ സമരത്തീ ഉയര്‍ത്തിയത്, ഏതോ ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. കേസുകള്‍, അടിപിടി, അലമ്പ്... ലക്ഷണമൊത്ത ക്ലൈമാക്‌സായി കൂത്തുപറമ്പില്‍ അഞ്ച് ചെറുപ്പക്കാരുടെ രക്തസാക്ഷിത്വം- പുഷ്പന്‍ എന്ന സഖാവ് ഇന്നുമുണ്ട്, ജീവിക്കുന്ന രക്തസാക്ഷിയായി. ചോരയില്‍ മുങ്ങിയ ഈ സാഹസമെല്ലാം നടത്തിയത് പരിയാരം മെഡിക്കല്‍ കോളജിനെ സ്വകാര്യവത്കരണത്തില്‍ നിന്ന് തടഞ്ഞ് പൊതുമേഖലയിലാക്കാന്‍ വേണ്ടിയായിരുന്നു. അഥവാ അങ്ങനെയാണ് സഖാക്കള്‍ ജനങ്ങള്‍ക്കു മുന്നില്‍ നടിച്ചത്. അച്യുതാനന്ദന്‍ മന്ത്രിസഭ വന്നു. തുടര്‍ന്നുവന്ന സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സഖാക്കളുടെ 'മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി' വിജയിച്ചു. അതിനെതിരെ രാഘവന്‍ കോടതി കയറിയെങ്കിലും ഏശിയില്ല. ഭരണം സി.പി.എമ്മിന്റെ കൈയിലൊതുങ്ങി. പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നയം പരിയാരം കോളജിനെ ചാരിറ്റബ്ള്‍ സൊസൈറ്റിക്ക് പകരം സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുക എന്നതായിരുന്നു. അതിന്റെ ഭാഗമായാണല്ലോ നായനാരുടെ കാലത്ത് കോളജ് ഏറ്റെടുത്തതും ശ്രീചിത്തിര മോഡല്‍ സ്ഥാപനമാക്കിയതും. ഒടുവില്‍ തക്കം മുതലാക്കി സഹകരണ സംഘം പിടിച്ചെടുക്കുകയും ചെയ്തു. എന്നിട്ടോ?
കെ.സി.എച്ച്.സി എന്ന സഹകരണ സംഘത്തില്‍ ഒന്നര ശതമാനം ഓഹരികള്‍ മാത്രമാണ് വ്യക്തികള്‍ക്കുള്ളത്. 98.5% ഓഹരികളും പൊതുസ്വത്താണ്. സര്‍ക്കാര്‍ ഭൂമിയില്‍, സര്‍ക്കാര്‍ ഗാരണ്ടിയില്‍ കിട്ടിയ വായ്പകളുപയോഗിച്ചാണ് മെഡിക്കല്‍ കോളജ് കെട്ടിയതു തന്നെ. ഇതിനെ സ്വകാര്യ ട്രസ്റ്റാക്കി ഇന്നും നിലനിര്‍ത്തുന്നതിനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി എങ്ങനെ ന്യായീകരിക്കും? എങ്കില്‍പിന്നെ രാഘവനെ എതിര്‍ത്തതുതൊട്ട് കൂത്തുപറമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ചതുവരെ എന്തിനായിരുന്നു?
അച്യുതാനന്ദന്‍ അഞ്ചുകൊല്ലം ഭരിച്ചപ്പോഴും പാര്‍ട്ടി ഇക്കാര്യത്തില്‍ അനങ്ങിയതേയില്ല. സഹകരണ സംഘവും പാര്‍ട്ടിയുടെ ചൊല്‍പടിയില്‍, സംസ്ഥാന ഭരണവും കൈവശം. പ്രഖ്യാപിച്ചു നടന്ന നയപ്രകാരം കോളജ് സര്‍ക്കാറിന് ഏറ്റെടുക്കാമായിരുന്നില്ലേ? പലരും അങ്ങനെ പ്രതീക്ഷിച്ചു -സാധാരണ സഖാക്കളടക്കം. കാരണം, 98.5% സ്വത്തും പൊതുമുതലായിരിക്കുകയും അതിന്മേല്‍ നടത്തിയ നിര്‍മിതികളൊക്കെ സര്‍ക്കാര്‍ ജാമ്യത്തിലുള്ള വായ്പകളായിരിക്കുകയും ചെയ്‌കെ, ഈ സ്ഥാപനത്തെ ജനങ്ങളുടേതാക്കാന്‍ ഇതില്‍പരമൊരു അവസരമുണ്ടായിരുന്നില്ല. മാത്രമല്ല, കടബാധ്യത വര്‍ധിക്കുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്ന സ്ഥിതിയിലാണ് കോളജ്. ഹഡ്‌കോ വായ്പ നയാപൈസ തിരിച്ചടച്ചിട്ടില്ല- ആ കേസും കോടതിയിലാണ്. എല്ലാം കൊണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് കരണീയമെന്നിരിക്കെ സഖാക്കള്‍ എന്തേ പിന്‍വലിഞ്ഞു?
മെഡിക്കല്‍ സീറ്റു കച്ചോടത്തോളം ആദായകരവും ആയാസരഹിതവുമായ ബിസിനസ് ഇന്നും കേരളത്തില്‍ കുറവാണ്. സീറ്റുകളുടെ 'വില' കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന പല്ലവിയാണ് പരിയാരം മാനേജ്‌മെന്റ് സഖാക്കള്‍ക്ക്. അവരുടെ ചിന്തയില്‍ നിന്ന് കോളജിനെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും പൊതുതാല്‍പര്യവുമൊക്കെ പാടേ ഔട്ട്. വര്‍ഗസമര വീരന്‍ എം.വി. ജയരാജന്റെ നാവിന് പുഷ്പഗിരി പാതിരിമാരെ വെല്ലുന്ന വാണിജ്യത്തരിപ്പ്. പി.ജി സീറ്റുകളില്‍ 50 ശതമാനം മെരിറ്റ് സംവരണമെന്ന കേവല നിയമംപോലും ഗൗനിക്കാന്‍ അസഹിഷ്ണുത. അടൂര്‍ പ്രകാശനും വി.വി. രമേശനുമൊക്കെ മാനേജ്‌മെന്റിനു തുല്യര്‍-കറന്‍സിയുടെ മൂപ്പാണ് ഏതൊരു ലക്ഷണം തികഞ്ഞ മുതലാളിക്കെന്നപോലെ ഇവിടെ കാര്യം. പരമാവധി വിലക്ക് പരമാവധി സീറ്റുകള്‍ വില്‍ക്കുക-നയം അത്ര സിമ്പിളാണ്. ടിപ്പണിയായി വിപ്ലവകരമായ ഒരു വാഗ്ദാനവുമുണ്ട് -ആശുപത്രിയില്‍ ഒരു കൂട്ടര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ പറ്റാതായിരിക്കുന്നു. 3000 കോടി 'വിപണി മൂല്യം' സഖാക്കള്‍ തന്നെ കണക്കാക്കിയിരിക്കുന്ന ഈ സ്ഥാപനത്തെ നാട്ടുകാര്‍ക്ക് തീറെഴുതാന്‍ മാത്രം മണ്ടരാകണം അവരെന്ന് ഇനി ആരെങ്കിലും പറയുമോ? ഈ അതിസാമര്‍ഥ്യത്തിന് മുന്നില്‍ ആറോണ്‍ സായിപ്പിന് കുഴിമാടത്തില്‍ വെറുതേ ഞെളിപിരി കൊള്ളാം. കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് അതിനുപോലും അവസരമില്ല -ആണ്ടുതോറും തങ്ങള്‍ക്ക് രക്തസാക്ഷിദിനത്തില്‍ റീത്തുവെച്ച് മുദ്രാവാക്യം വിളിക്കുന്ന കൊമ്പന്‍ സഖാക്കള്‍ തന്നെ ഈ ആദായ കച്ചോടത്തിലെ മുതലാളിയും ഉപഭോക്താക്കളുമാകുമ്പോള്‍. 50 ലക്ഷത്തിന് എന്‍.ആര്‍.ഐ സീറ്റു വാങ്ങിയ ഡിഫി നേതാവും ആ കാശ് കൈപ്പറ്റിയിട്ട്, ആയതിന്റെ സ്രോതസ്സ് ഉപഭോക്താവിന്റെ മാത്രം പ്രശ്‌നമാണെന്ന് പറയുന്ന ജയരാജനും പയറ്റുന്നത് മൂലധനം വെച്ചുള്ള പച്ചയായ അടവുനയമല്ലേ? 'വര്‍ഗസമരം' മുന്നേറുന്ന ഈ നാടകത്തില്‍ ഒരാള്‍ സമര്‍ഥനായ ഉപഭോക്താവിന്റെ റോളെടുക്കുന്നു. മറ്റേയാള്‍ മികച്ച ഹെഡ്ജ് ഫണ്ട് മാനേജറുെടയും. ഇതാണ് അടവുനയം മജ്ജക്കുപിടിച്ചാലുള്ള ഗുണം -മാര്‍ഗം തന്നെ ലക്ഷ്യം.
ശിഷ്ടം: പുകിലായതുകൊണ്ട് രമേശന്റെ മകള്‍ സീറ്റുപേക്ഷിക്കുന്നു (വാര്‍ത്ത)- അങ്ങനെ 50 ലക്ഷത്തിന്റെ സ്രോതസ്സ് പ്രശ്‌നം തീര്‍ത്തു.
വിജു വി നായര്‍
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ