ചെന്നിത്തലയുടെ ‘‘ഭൂരിപക്ഷ’’ യോഗം


മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് രമേശ് ചെന്നിത്തല ഭംഗിയായി പിന്‍വാങ്ങി. അക്കാര്യത്തെപ്പറ്റി ഏഷ്യാനെറ്റ് ചാനലിനോട് വിശദീകരിക്കെ അദ്ദേഹം ഒരു കാര്യം പറഞ്ഞു: തന്നെ ഒരു നായര്‍ സമുദായാംഗമായി ചിത്രീകരിക്കാന്‍ ശ്രമംനടന്നു.
ആരൊക്കെയോ മാധ്യമങ്ങളിലൂടെ അതിന് ശ്രമിച്ചു എന്നായിരുന്നു ആക്ഷേപം. അതാര് എന്നദ്ദേഹം വിശദീകരിച്ചില്ല. മാതൃഭൂമി ആയിരിക്കുമോ?
സംശയിക്കാന്‍ കാരണമുണ്ട്. നായര്‍ എന്ന പേരില്‍ത്തന്നെയല്ലെങ്കിലും ''ഭൂരിപക്ഷ'' സമുദായക്കാരന്‍ എന്ന മുദ്രനല്‍കി രമേശിനെ മുഖ്യമന്ത്രി കസേരയിലിരുത്താന്‍ മാതൃഭൂമി ഒന്ന് ശ്രമിച്ചുനോക്കി.
മേയ് 14ന് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിവരങ്ങളായിരുന്നു പത്രങ്ങള്‍ നിറയെ. കേരളത്തില്‍ കോണ്‍ഗ്രസിന് നിറം മങ്ങിയ ജയമെന്ന് എല്ലാവരും എഴുതി.
മുഖ്യമന്ത്രി ആര് എന്ന ചോദ്യം മറ്റാരെങ്കിലും ഉയര്‍ത്തും മുമ്പ് മാതൃഭൂമി ഒരു മുഴും മുന്നേ എറിഞ്ഞു: ''മുഖ്യമന്ത്രിയാവാന്‍ ഉമ്മന്‍ചാണ്ടിയും രമേശും രംഗത്ത്.'' അനീഷ് ജേക്കബ്ബ് തയാറാക്കിയ ആ വിശകലനത്തിലെ ശ്രദ്ധേയമായ ഭാഗം രമേശിനെ മുഖ്യമന്ത്രിയാക്കാന്‍  ഉന്നയിച്ച ന്യായമായിരുന്നു. സാമാന്യ യുക്തിയെ സമര്‍ഥമായി തിരിച്ചിട്ടിരുന്നു അതില്‍:
''... ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിന്റെ പാളയത്തില്‍ അണിനിരന്നതാണ് ഭൂരിപക്ഷ വോട്ടുകള്‍ എതിരാക്കിയതെന്നും പ്രതീക്ഷിച്ച വിജയം തട്ടിത്തെറിപ്പിച്ചതെന്നും 'ഐ' ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു. ഈ ന്യൂനത മറികടക്കാന്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് 'ഐ' ഗ്രൂപ്പ് ആവശ്യപ്പെടുന്നു. ഭൂരിപക്ഷ വിഭാഗം അകലുന്നത് ഭാവിയിലും വലിയ തിരിച്ചടികള്‍ക്ക് കാരണമാകുമെന്നാണ് അവരുടെ പക്ഷം.''
ഇതിലെ അപകടകരമായ യുക്തികള്‍:
1. ''ക്രിസ്ത്യന്‍ - മുസ്‌ലിം ന്യൂനപക്ഷ'' വോട്ടുകള്‍ യു.ഡി.എഫില്‍ കേന്ദ്രീകരിച്ചു. അതിനാല്‍ ''ഹിന്ദു ഭൂരിപക്ഷ'' വോട്ടുകള്‍ കിട്ടിയില്ല. അതായത്, ''ന്യൂനപക്ഷ''ങ്ങള്‍ അണിനിരക്കുന്നിടം ''ഭൂരിപക്ഷ''ത്തിന് പാടില്ലാത്തതാകുന്നു.
2. ''ന്യൂനപക്ഷങ്ങള്‍'' കൂടുതല്‍ വോട്ടു ചെയ്തതിനാല്‍ മുഖ്യമന്ത്രി ന്യൂനപക്ഷക്കാരനായിക്കൂടാ. ആയാല്‍ ''ഭൂരിപക്ഷം'' പാടേ അകലും. ന്യൂനപക്ഷവോട്ടുകൊണ്ട് ഭരണം കിട്ടിയാല്‍ ഭരിക്കേണ്ടത് ഭൂരിപക്ഷം.
3. ഉമ്മന്‍ചാണ്ടി ന്യൂനപക്ഷ വിഭാഗക്കാരന്‍. രമേശ് ചെന്നിത്തല ഭൂരിപക്ഷ വിഭാഗക്കാരന്‍.
മാതൃഭൂമി ഇതിലൂടെ പറയാന്‍ ശ്രമിച്ചത് എന്തായിരുന്നു? മുഖ്യമന്ത്രിയെ തീരുമാനിക്കുന്നിടത്തും അസ്ഥാനത്ത് വര്‍ഗീയ ന്യായം കൊണ്ടുവന്നതെന്തിനാണ്?
ഡെസ്‌ക്കിലെ നകബ
''ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു: ഇസ്രയേല്‍ രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് പലസ്തീന്‍കാര്‍ നടത്തിയ മാര്‍ച്ചുകള്‍ക്കു നേരെ വെടിവയ്പ്.''
മേയ് 16ലെ ഒരു ഒന്നാം പേജ് വാര്‍ത്തയാണിത്. മറ്റുപല പത്രങ്ങളും തമസ്‌കരിച്ച ഒരു വാര്‍ത്ത മുന്‍പേജില്‍ കൊടുത്ത മലയാള മനോരമയെ പ്രശംസിക്കാതെ വയ്യ.
എന്നാല്‍, വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ പത്രങ്ങളില്‍ മിക്കതിലും വന്ന വിവരണങ്ങള്‍ ഭാഗികവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഫലസ്തീനുമായി ബന്ധപ്പെട്ട പതിവ് വാര്‍ത്തകളിലെന്നപോലെ ഇതിലും ചരിത്രവും സംഭവസന്ദര്‍ഭവും അവഗണിക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട്, മുകളില്‍ ചേര്‍ത്ത തരത്തിലുള്ള തലക്കെട്ട് കാണുന്ന വായനക്കാരന് തോന്നുക ഇതൊക്കെയാണ്:
 1. ഇസ്രായേല്‍ രൂപവത്കരിച്ചതിനോടാണ് ഫലസ്തീന്‍കാര്‍ക്ക് എതിര്‍പ്പ്്.
2. അവര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍ ഇസ്രായേല്‍സൈന്യം ന്യായമായും വെടിവെപ്പ് നടത്തി.
ഇത്തരം ധാരണകള്‍ ശക്തിപ്പെടുത്തുന്നതാണ് വാര്‍ത്തയിലെ പരാമര്‍ശങ്ങളും: '' 'മഹാവിപത്ത്' എന്നര്‍ഥം വരുന്ന 'നക്ബദിനം' ആയാണ് ഇസ്രയേല്‍ രൂപീകരണ ദിനം പലസ്തീന്‍ ജനത ആചരിക്കുന്നത്.'' അര്‍ധസത്യമാണിത്. ഇസ്രായേല്‍ രൂപവത്കരണത്തോടുള്ള എതിര്‍പ്പല്ല ഫലസ്തീന്‍കാര്‍ പ്രകടിപ്പിക്കുന്നത്. മറിച്ച്,രൂപവത്കരണവുമായി ബന്ധപ്പെട്ട് ഫലസ്തീന്‍കാരെ വ്യാപകമായി സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും കുടിയൊഴിപ്പിച്ചതാണ്. അതാണ് 'നകബ'.
ഫലസ്തീന്‍കാര്‍ക്കെതിരെ നടന്ന വംശീയ ശുദ്ധീകരണമാണ് 'നകബ'. ഇസ്രായേലിനോടുള്ള ഏതോ കുടിപ്പകയായി അതിനെ ചിത്രീകരിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണ്.
ഇസ്രായേല്‍ സ്വതന്ത്ര രാഷ്ട്രമായി സ്വയംപ്രഖ്യാപിച്ചത് 1948 മേയ് 15ന്. ഇതിനും ഒരു വര്‍ഷം മുമ്പ് യു.എന്‍ ഫലസ്തീന്‍ ഭൂമി വെട്ടിമുറിച്ചു. ഫലസ്തീന്‍ ഭൂപ്രദേശത്തിന്റെ ആറു ശതമാനത്തില്‍ കുറഞ്ഞ ഭാഗംമാത്രം സ്വന്തമായിരുന്ന ജൂതസമൂഹത്തിന് 55 ശതമാനം ഭൂമി നല്‍കി; ബാക്കി 45 ശതമാനം ഫലസ്തീന്‍കാര്‍ക്കും. നൂറ്റാണ്ടുകളായി ജീവിക്കുകയും കൃഷിചെയ്യുകയും  ചെയ്തുവന്ന ഭൂമിയില്‍നിന്ന് ഫലസ്തീന്‍കാര്‍ കൂട്ടമായി കുടിയിറക്കപ്പെട്ടു.1948 മേയ് 15 ആയപ്പോഴേക്കും 23 ശതമാനം ഫലസ്തീന്‍ ഭൂമികൂടി ഇസ്രായേല്‍ കൈയേറി. ഏകപക്ഷീയമായ കുടിയൊഴിപ്പിക്കല്‍ കല്‍പനകളിറക്കിയും കൂട്ടക്കൊലനടത്തിയും വിരട്ടിയുമൊക്കെ 400ലേറെ ഗ്രാമങ്ങളില്‍നിന്ന് ഫലസ്തീന്‍കാരെ ആട്ടിയോടിച്ചു. യു.എന്‍ കണക്കുപ്രകാരം അന്ന് അഭയാര്‍ഥികളായിത്തീര്‍ന്നത് 7,26,000 ഫലസ്തീന്‍കാരാണ്. ഇതാണ് നകബ.
പക്ഷേ, നകബയെന്ന ദുരന്തത്തെ തമസ്‌കരിക്കാനും ഫലസ്തീന്‍കാരുടെ അന്ധമായ ഇസ്രായേല്‍ വിരോധമാണ് പ്രശ്‌നമെന്ന് വരുത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. ന്യൂയോര്‍ക് ടൈംസില്‍ ഇക്കുറി എതന്‍ ബ്രോണര്‍ എഴുതിയത് ഇങ്ങനെ: ''1948 മേയ് 15ന് ഇസ്രായേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം അയല്‍പക്കത്തെ അറബ്‌നാടുകളിലെ സൈന്യങ്ങള്‍ പുതിയ രാഷ്്രടത്തെ ആക്രമിച്ചു; തുടര്‍ന്നുനടന്ന യുദ്ധത്തില്‍ ലക്ഷക്കണക്കിന് ഫലസ്തീന്‍കാര്‍ സ്വന്തം വീടുകളില്‍നിന്ന് ഓടിപ്പോവുകയോ ഇസ്രായേലി പട്ടാളക്കാരാല്‍ ആട്ടിയോടിക്കപ്പെടുകയോ ചെയ്തു. നൂറുകണക്കിന് ഫലസ്തീന്‍ ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ മര്‍മം ഈ അഭയാര്‍ഥികളും അവരുടെ പിന്മുറക്കാരുമാണ്.''
വാസ്തവമല്ലേ ഇത്. ഫലസ്തീന്‍കാരെ ഒഴിപ്പിക്കുന്ന ജോലി 1948 മേയ് 15നു മുമ്പുതന്നെ തുടങ്ങിയിരുന്നു. ഏതെങ്കിലും അറബ് രാജ്യം ഇടപെടുന്നതിനു മുമ്പാണ് ഏഴേകാല്‍ ലക്ഷം ഫലസ്തീന്‍കാരെ ഇറക്കിവിട്ടത്.
പിന്നീടും ഇത് തുടര്‍ന്നു. ഇസ്രായേല്‍ കൂടുതല്‍ ജൂതന്മാരെ ഫലസ്തീന്‍ മേഖലകളില്‍ പാര്‍പ്പിച്ചുകൊണ്ടിരുന്നു. ഫലസ്തീന്‍കാര്‍ അഭയാര്‍ഥികളായി വിവിധ സമീപസ്ഥ രാജ്യങ്ങളിലും സ്വന്തം നാട്ടില്‍തന്നെയും കഴിയുന്നു. 63 വര്‍ഷമായി ഈ ദുരന്തം തുടരുന്നു. ഏഴു ലക്ഷം പേരെയാണ് ഇങ്ങനെ കുടിയൊഴിപ്പിച്ചത്; അവരുടെ ഭൂസ്വത്തും കൃഷിയുമെല്ലാം ഇസ്രായേല്‍ സ്വന്തമാക്കി. എന്നെങ്കിലുമൊരുനാള്‍ സ്വദേശത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയില്‍ അവര്‍ ദുരന്ത വാര്‍ഷികം ആചരിക്കുന്നു.
ഫലസ്തീന്റെ ഭാഗങ്ങളായ വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലമിലുമായി അഞ്ചോ ആറോ ലക്ഷം ഇസ്രായേലികളാണ് അനധികൃതമായി കുടിയേറി താമസിച്ചുവരുന്നത്.
ഇസ്രായേല്‍ അതിന്റെ നിയമവിരുദ്ധ ചെയ്തികളെ നിലനിര്‍ത്തുന്നത് തെറ്റായ മാധ്യമ പ്രചാരണങ്ങളുടെ ബലത്തിലാണ്. ഭാഗികസത്യങ്ങള്‍ മാത്രം പറയുന്ന നമ്മുടെ പത്രങ്ങള്‍ ഇന്ന് മറ്റൊരു 'നകബ' (മഹാദുരന്തം) ആവുകയാണ്.
അന്താരാഷ്ട്ര
വാര്‍ത്തയെന്നാല്‍...

ലോകവാര്‍ത്തകള്‍ ചേര്‍ക്കുന്നിടത്ത് മലയാള പത്രങ്ങളുടെ ഡെസ്‌ക്കുകള്‍ കടുത്ത അലസതയാണ് കാട്ടുന്നത്. ഗൗരവപ്പെട്ട വിഷയങ്ങള്‍ പഠിക്കാനോ സമഗ്രവും ലളിതവുമായി അവതരിപ്പിക്കാനോ അവ മിനക്കെടുന്നില്ല.
അവരെ ഉത്തേജിപ്പിക്കുന്നത് മറ്റു ചിലതാണ്. അനേകലക്ഷങ്ങള്‍ അരനൂറ്റാണ്ടിലേറെയായി സ്വന്തം നാട്ടിലടക്കം അഭയാര്‍ഥികളായി കഴിയേണ്ടിവരുന്നത് അവരെ അലട്ടുന്നില്ല. എന്നാല്‍, ആംഗലേയ രാജകുമാരന്റെ വിവാഹം പോലുള്ള ''അന്താരാഷ്്രട വാര്‍ത്തകള്‍'' കാണുമ്പോള്‍ നമ്മുടെ ഡെസ്‌ക്കുകളുടെ ആവേശം നിയന്ത്രിക്കാനാണ് പാടുപെടേണ്ടി വരുക.
'നകബ' എന്ന ചരിത്ര യാഥാര്‍ഥ്യത്തെയും അതു സൃഷ്ടിച്ച ആഗോള പ്രതിസന്ധികളെയും കാണാത്തവര്‍ ഈയിടത്തെ ''രാജകീയ വിവാഹ''ത്തെ എങ്ങനെ ആഘോഷിച്ചു എന്ന് ഒന്നുകൂടി തിരിഞ്ഞു നോക്കുക. എത്ര സൂക്ഷ്മമായും വിശദാംശങ്ങള്‍ ചോരാതെയും വാര്‍ത്തയെഴുതാന്‍ നാം ശ്രദ്ധിക്കുന്നു!
''ലോകമൊട്ടാകെ 200 കോടി ജനങ്ങളെ കണ്‍കുളിര്‍പ്പിച്ച് ഐറിഷ് സൈന്യത്തിലെ കേണലിന്റെ ചെങ്കുപ്പായമണിഞ്ഞ്് വില്യമും ലേസില്‍ വിരിഞ്ഞ പൂക്കള്‍ ചാര്‍ത്തിയ ഐവറി നിറമുള്ള ഗൗണണിഞ്ഞ് കാതറിനും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വിവാഹത്തിനു സമ്മതം ചൊല്ലി... കൊട്ടാരത്തിലെ മട്ടുപ്പാവില്‍ ജനങ്ങള്‍ക്കു മുന്‍പാകെ പ്രത്യക്ഷപ്പെട്ട അവര്‍ വിവാഹനാളില്‍ ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയും ചെയ്തത് അനുകരിച്ചു മുത്തം വച്ചു. ചാള്‍സ് തുടങ്ങിവച്ച കീഴ്‌വഴക്കം തുടരുമോ എന്ന വിവാദം അതോടെ കെട്ടടങ്ങി. എന്നാല്‍, പുതിയൊരു കീഴ്‌വഴക്കം തുടങ്ങിവച്ചു രണ്ടാംവട്ടം അവര്‍ ഉമ്മവച്ചതോടെ ജനം ഹര്‍ഷോന്മാദത്തിലായി...''(മലയാള മനോരമ,ഏപ്രില്‍ 30.)
 ''പ്രണയക്കടലിനു മീതെ സ്വപ്നത്തേരിലേറി വന്ന യുവ മിഥുനങ്ങള്‍ ഒന്നിച്ചപ്പോള്‍ ബ്രിട്ടീഷ് ജനസമൂഹത്തിനു സ്വര്‍ഗീയാനുഭൂതി''കിട്ടിയതിന്റെ  ആവേശക്കഥയാണ് വാര്‍ത്ത. മുകളില്‍ പറഞ്ഞ ''വിവാദം'' മാത്രമല്ല കെട്ടടങ്ങിയത്:
''മാക് ക്യൂന്‍ എന്ന പ്രശസ്തമായ ഫാഷന്‍ ഹൗസിലെ സാറാ ബര്‍ട്ടന്‍ രൂപകല്‍പന ചെയ്ത ഗൗണ്‍ നേരില്‍ കണ്ടതോടെ വധുവിന്റെ വിവാഹവസ്ത്രം സംബന്ധിച്ച വാദവിവാദങ്ങള്‍ക്കും അവസാനമായി...''
ഫലസ്തീന്‍കാരുടെ 'നകബ' എവിടെ കിടക്കുന്നു? പ്രണയമോ വിവാദമോ ഇല്ലാത്ത, ഒരു കോടി പത്തുലക്ഷം ആളുകളുടെ ദുരിതകഥ ആര്‍ക്കു കേള്‍ക്കണം!
മനോരമക്ക് മാത്രമല്ല രാജകീയ വിവാഹത്തോട് ഭ്രമം. മേയ് ഒന്നിന് ചന്ദ്രികയില്‍ വന്ന ലണ്ടന്‍ വാര്‍ത്തയിലെ ഉദ്വേഗം പ്രത്യേകം ശ്രദ്ധിക്കുക:
''ദീര്‍ഘകാല പ്രണയത്തിനൊടുവില്‍ വിവാഹിതരായ വില്യം രാജകുമാരനും കേറ്റ് മിഡില്‍ട്ടണും മധുവിധു ആഘോഷിക്കാന്‍ തല്‍ക്കാലം വിദേശത്തേക്ക് പോകില്ല... കൊട്ടാരത്തില്‍നിന്ന് ഹെലികോപ്ടറില്‍ മടങ്ങിയ ഇരുവരും ബ്രിട്ടനിലെ ഏതോ കേന്ദ്രത്തിലേക്കാണ് പോയത്. വാരാന്തം ചെലവഴിക്കാന്‍ ദമ്പതികള്‍ എങ്ങോട്ടാണ് പോയതെന്നു വെളിപ്പെടുത്തിയിട്ടില്ല. സാധാരണ വസ്ത്രമണിഞ്ഞാണ് ഇരുവരും ബക്കിങ്ഹാമില്‍നിന്ന് പുറപ്പെട്ടത്...''(ആശ്വാസം!)
''യാത്രയില്‍ കൊട്ടാരത്തിന്റെ ഇടപെടലുകളുണ്ടാവില്ലെന്നും അത് ദമ്പതികളുടെ ഇഷ്ടമാണെന്നും കൊട്ടാരം അധികൃതര്‍ അറിയിച്ചു...''  മേയ് 16ന് ചന്ദ്രിക ഇതിന് തുടര്‍വാര്‍ത്തയും ചേര്‍ത്തു. ''ബ്രിട്ടീഷ് രാജകുമാരന്‍ വില്യമും പത്‌നി കേറ്റ് മിഡില്‍ട്ടനും മധുവിധു ആഘോഷിക്കാന്‍ ഒരു രാത്രി മാത്രം ചെലവിട്ടത് 45,000 പൗണ്ട്. വിവാഹത്തിനുശേഷം ഇരുവരുടെയും മധുവിധു ആഘോഷങ്ങള്‍ രഹസ്യകേന്ദ്രത്തിലായിരുന്നു. പത്തു ദിവസത്തേക്ക് നാലര ലക്ഷം പൗണ്ടാണ് അവര്‍ ചെലവഴിച്ചത്. ഒരു സ്വകാര്യ റിയല്‍ ഏജന്‍സി നടത്തുന്ന ദ്വീപിലാണ് ദമ്പതികളെന്ന് റിപ്പോര്‍ട്ടുണ്ട്. തുക മുഴുവന്‍ അവര്‍ അടക്കേണ്ടിവരുമോ എന്ന് വ്യക്തമല്ല...''
വിവാഹത്തിനുശേഷം തുടരുന്ന ഈ ശ്രദ്ധ അതിനുമുമ്പേ തുടങ്ങിയിരുന്നു. ചന്ദ്രിക രണ്ടു ദിവസങ്ങളിലായി അര പേജോളം വീതം ഇതിന് നീക്കിവെച്ചു. മാതൃഭൂമിയില്‍ (ഏപ്രില്‍ 29) നിന്ന് ഒരു ചെറു സാമ്പിള്‍:
''വിവാഹച്ചടങ്ങുകള്‍ക്കായി വില്യമിനൊപ്പം റോള്‍സ് റോയ്‌സ് കാറിലാകും വധു വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തുക. 1960-കളിലെ ഫാന്റം സിക്‌സ് കാറിലാണ് ഇരുവരും എത്തുക. കഴിഞ്ഞ ഡിസംബറില്‍ ആക്രമണത്തിനിരയായപ്പോള്‍ വില്യമിന്റെ അച്ഛന്‍ ചാള്‍സ് രാജകുമാരനും രണ്ടാം ഭാര്യ കാമില പാര്‍ക്കറും യാത്രചെയ്തിരുന്നത് ഈ കാറിലായിരുന്നെന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അന്ന് പെയിന്റിളകിപ്പോയ കാര്‍ പുത്തന്‍ തിളക്കത്തോടെയാണ് വെള്ളിയാഴ്ച നിരത്തിലിറങ്ങുക.''
ഈ സൂക്ഷ്മതയെയും ജാഗ്രതയെയും എത്ര അഭിനന്ദിച്ചാലാണ് അധികമാവുക!
സമ്മര്‍ദമേ ഇല്ല!
ശുഭമുഹൂര്‍ത്തത്തിലും കാര്‍ട്ടൂണിസ്റ്റിന് കണ്ണ് ദോഷങ്ങളിലാണ്. കാര്‍ട്ടൂണിന്റെ പ്രസക്തിതന്നെ അതാണല്ലോ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥാനമേറ്റ വാര്‍ത്തയുമായി ഇറങ്ങിയ ദിവസം (മേയ് 19) തന്നെ കേരള കൗമുദിയില്‍ സുജിതിന്റെ ശ്രദ്ധേയമായ കാര്‍ട്ടൂണ്‍.
''അതിവേഗം ബഹുദൂരം'' എന്ന സര്‍ക്കാര്‍വണ്ടി അനങ്ങിത്തുടങ്ങിയിട്ടില്ല. കാരണം, അതിന്റെ സ്റ്റിയറിങ്ങും ചക്രങ്ങളും താക്കോലും മറ്റും ഓരോരോ ഘടകകക്ഷിയുടെ കൈയിലാണ്. ''ഘടകകക്ഷികളുടെ യാതൊരു സമ്മര്‍ദ്ദവുമില്ല-ഉമ്മന്‍ചാണ്ടി'' എന്ന് പശ്ചാത്തല വാക്യം.
അബദ്ധവശാല്‍
തെഹ്‌റാന്‍ ടൈംസ് പത്രത്തിന് ഒരു അക്കിടി പറ്റി. ദ ഹിന്ദു ചീഫ് എഡിറ്ററായി നിയമിതനായ സിദ്ധാര്‍ഥ വരദരാജനുമായി നടത്തിയ ഒരു അഭിമുഖം മേയ് ഒമ്പതിന് പത്രം പ്രസിദ്ധപ്പെടുത്തി.
സത്യത്തില്‍ അങ്ങനെ ഒരഭിമുഖം അദ്ദേഹം നല്‍കിയിരുന്നില്ല. ഇത് സിദ്ധാര്‍ഥ വരദരാജന്‍ വ്യക്തമാക്കിയതോടെ മേയ് 11ന് പത്രം തിരുത്ത് കൊടുത്തു: ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ സിദ്ധാര്‍ഥ വരദരാജനുമായുള്ളതെന്ന പേരില്‍ മേയ് ഒമ്പതിന് വന്ന ഇന്റര്‍വ്യൂ വ്യാജമായിരുന്നു. ഞങ്ങളുടെ സ്റ്റാഫില്‍ പെടാത്ത ഒരാള്‍ (സൗദെ കരീമി) തന്ന അഭിമുഖം വിശ്വസിച്ച് പ്രസിദ്ധപ്പെടുത്തിപ്പോയതാണ്. ക്ഷമിക്കണം. അഭിമുഖം സ്വന്തം വെബ്‌സൈറ്റില്‍നിന്ന് പത്രം ഒഴിവാക്കുകയും ചെയ്തു.
തെറ്റ് തിരിച്ചറിഞ്ഞാല്‍ തിരുത്താനുള്ള ആര്‍ജവം എല്ലാവരും പ്രകടിപ്പിക്കാറില്ല. എങ്കിലും ഹിന്ദുവെപ്പോലെ ചില പത്രങ്ങള്‍ ഇന്ന് ഇത്തരം ഉദ്യമങ്ങള്‍ തുടങ്ങിവെച്ചിട്ടുണ്ട്. നല്ലകാര്യം. ദല്‍ഹിയിലെ മിന്റ് പത്രം ഫെബ്രുവരി ഒന്നിന് ശ്രദ്ധേയമായ ഒരു ഗ്രാഫ് പ്രസിദ്ധപ്പെടുത്തി. ''ഞങ്ങള്‍ 2010ല്‍ വരുത്തിയ അബദ്ധങ്ങള്‍'' ആണ് ഒരിനം. മൊത്തം 213. തെറ്റായ വ്യാഖ്യാനം (40 എണ്ണം), തെറ്റായ വിവരം  (37) തുടങ്ങി പലതിനേക്കാള്‍ കൂടുതല്‍ ഇതിലൊന്നും പെടാത്ത മറ്റു തെറ്റുകള്‍ (47) ആയിരുന്നു.
''തെറ്റുവരുത്തിയത് ആരൊക്കെ'' എന്ന രണ്ടാം ഇനത്തില്‍ വ്യക്തമായ കാര്യം മലയാളപത്രങ്ങള്‍ക്കും ബാധകമാകാമെന്ന് തോന്നുന്നു. ഏറ്റവും കൂടുതല്‍ തെറ്റുവരുത്തിയത് ഡെസ്‌ക് ആണ് (79 എണ്ണം). പിന്നെ റിപ്പോര്‍ട്ടര്‍മാര്‍ (72). ബാക്കി എല്ലാവരും കൂടി 62 തെറ്റുകള്‍ വരുത്തി.

മീഡിയ സ്കാന്‍

Blogger templates

.

ജാലകം

.