പ്രിയ ഹരിശങ്കര്‍, മാപ്പ്!!!
ഹരിശങ്കറിനെ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ്, എനിക്ക് കുറ്റബോധം തോന്നി തുടങ്ങിയത്.ഒരു പാവം മനുഷ്യന്‍, ചെയ്‌തത് കൊലച്ചതിയാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും ഭയന്ന് എല്ലാവരില്‍ നിന്നും ഓടി മാറുന്ന ഒരു സാധാരണക്കാരന്‍. ഹരിശങ്കര്‍ ആരാണെന്ന് പറഞ്ഞില്ലല്ലോ അല്ലേ, സില്‍സിലാ ഹേ സില്‍സിലാ എന്ന ആല്‍ബത്തിന്റെ എല്ലാമെല്ലാമായ അതേ ഹരിശങ്കര്‍ തന്നെ.
ഒരു പ്രോഗ്രാം ഷൂട്ടിനു വേണ്ടി ചാനലില്‍ ചെന്നപ്പോഴാണ്, ഒപ്പം ഹരിശങ്കറും ഉണ്ടെന്ന് മനസ്സിലായത്. ആദ്യം കണ്ടപ്പോള്‍ എല്ലാവരേയും പോലെ ചിരി വന്നു, ദേണ്ടെ സില്‍സില ഇരിക്കുന്നു ആരോ കമന്റിടുകയും ചെയ്‌തത് കേട്ടു.
ആരോടും മിണ്ടാതെ ഒറ്റയ്‌ക്കിരിക്കുകയാണ്, കക്ഷി, ഇടയ്‌ക്ക് കയ്യൊക്കെ കൂട്ടിത്തിരുമ്മുന്നു, മുഖം തുടയ്‌ക്കുന്നു, ഒരു പരവേശം തോന്നിപ്പിക്കുന്ന മുഖം.ഇറ്റയ്‌ക്കാരോ സംസാരികാന്‍ ശ്രമിച്ചപ്പോള്‍ ഇപ്പോള്‍ കരയും എന്ന മട്ടില്‍ സംസാരം. എന്തോ ആ മുഖം കണ്ടപ്പോള്‍ സങ്കടം വന്നു, സംസാരിക്കണമെന്നു തോന്നി. ഇതുവരെ ഞാന്‍ മനസ്സില്‍ കണ്ട ഹരിശങ്കറല്ല അതെന്ന് എനിക്ക് മനസ്സിലായി.
ഹായ്, നമസ്‌കാരം, എന്ന് പറഞ്ഞ് പതുക്കെ സംസാരിക്കനായി ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അരികിലേയ്‌ക്ക് നീങ്ങിയിരുന്നു, അങ്ങോട്ട് കാര്യങ്ങളൊക്കെ ചോദിച്ചു തുടങ്ങും മുന്‍പേ തന്നെ ആള്‍ പറഞ്ഞു തുടങ്ങി:
ഞാന്‍ ഒരു തെറ്റും ചെയ്‌തില്ല, എന്തിനാ എല്ലാവരും എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്. ഞാനൊരു ചിത്രകാരനാണ്, ഗ്രാഫിക് ഡിസൈനറാണ്, ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ഡയറക്ഷന്‍ പഠിച്ചയാളാണ്, സില്‍സിലയ്‌ക്കു മുന്‍പ് യന്ത്രപ്പാട്ട് എന്നൊരു ആനിമേഷന്‍ ആല്‍ബം ചെയ്‌തു, ഇതൊന്നും ആരും മനസ്സിലാക്കിയില്ല, എന്നെയും ആരും മനസിലാക്കുന്നില്ല, ഒരു ആല്‍ബം ചെയ്‌തതിന്റെ പേരില്‍ ഇനിയും ഞാന്‍ എന്തൊക്കെ അനുഭവിക്കണം?- ഹരിശങ്കറിനെ നന്നായി വിറയ്‌ക്കുന്നുണ്ടായിരുന്നു.
പൊതുവേ മലയാളികള്‍ക്ക് ഒരു കുഴപ്പമുണ്ട്, നല്ലതൊന്നും അവരുടെ കണ്ണില്‍പ്പെടില്ല, ഒരുതരം സാഡിസ്‌റ്റ് മനോഭാവം ഒരുവിധം എല്ലാവരുടേയും മനസ്സിലുണ്ട്, എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ഹരിശങ്കറെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹം അതൊന്നും കേട്ടില്ലെന്ന് തോന്നി. പരിപാടിയിലെ തന്റെ അവസ്‌ഥയോര്‍ത്ത് ഹരിശങ്കര്‍ ആകെ അസ്വസ്‌ഥനായിരുന്നു. വിറയ്‌ക്കുന്ന ചുണ്ടുകളോടെ അയാള്‍ വീണ്ടും ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു,
ഞാനെന്തു തെറ്റാണ്, ചെയ്‌തത്, ഞാന്‍ തന്നെ വരികളെഴുതി, ഞാന്‍ തന്നെ സംഗീതമിട്ട് ,ഞാന്‍ പാടിയ പാട്ടാണത്,
എന്നെ വിമര്‍ശിക്കുന്ന ആര്‍ക്കെങ്കിലും ഇതൊക്കെ ഒരുമിച്ച് ചെയ്യാനാകുമോ,
സ്വന്തം തെറ്റുകള്‍ ആരും കാണുന്നില്ല,
മറ്റുള്ളവരുടെ തെറ്റുകള്‍ എല്ലാവരും കാണുകയും ചെയ്യും.... വല്ലാതെ ദേഷ്യവും സങ്കടവും വന്നിട്ടാവണം മുഖം ചുവന്നിരുന്നു.
അത്രയും നാള്‍ എന്റെ മനസ്സിലുണ്ടായിരുന്ന സില്‍സിലയോടുള്ള പരിഹാസം എന്തുകൊണ്ടോ അപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നില്ല. പരിപാടിയുടെ ഷൂട്ട് സമയത്തുപോലും തന്നോട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളോട് ഹരിശങ്കര്‍ പൂര്‍ണ്ണമായി സഹകരിച്ചിരുന്നില്ല, പിന്നീട് ആരോ പറഞ്ഞു കേട്ടു, പ്രോഗ്രാമില്‍ പങ്കെടുക്കാനായി ക്ഷണിച്ചപ്പോള്‍ ആദ്യം അയാള്‍ എതിര്‍ത്തിരുന്നു, പിന്നീട് എന്തെങ്കിലും ട്രാപ്പ് ഉണ്ടോ എന്ന് പ്രത്യേകം വിളിച്ച് അന്വേഷിക്കുകയും ചെയ്‌തു. കുഴപ്പങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പാക്കിയതിനു ശേഷമാണ്, അയാള്‍ വരാന്‍ തയ്യാറായതു തന്നെ.
ഹരിശങ്കര്‍ ആദ്യം ചെയ്‌തത് എല്ലാവരും വിചാരിക്കുന്ന പോലെ സില്‍സിലയല്ല. ഒരു യന്ത്രപ്പാട്ടായിരുന്നു. മുഴുവന്‍ ഫ്‌ളാഷില്‍ ചെയ്‌ത ഒരു ആനിമേഷന്‍ വീഡിയോ പാട്ട്. വയലില്‍ കൊയ്യാനായി യന്ത്രങ്ങളുടെ വരവും, ഒക്കെയാണ്, അതിന്‍റെ ആശയം, അതിലെ ഫ്‌ലാഷ്‌ആനിമേഷന്‍ വര്‍ക്കുകളും , സംഗീതവും വരികളും ആശയവും ഒക്കെ ഹരിശങ്കറിന്‍റെ തന്നെ. പക്ഷേ ആ ആല്‍ബം ശ്രദ്ധിക്കപ്പെട്ടില്ല.
സില്‍സില എന്ന ഗാനത്തിന്, ഈയിടെ ഒരു ചാനല്‍ പരിപാടിയില്‍ പ്രശസ്‌ത താരങ്ങള്‍ ചുവടു വയ്‌ക്കുന്നതു കണ്ടിരുന്നോ എന്ന ചോദ്യത്തിന്, ഹരിശങ്കറിന്‍റെ മറുപടി ഇതായിരുന്നു,
ഇത്രയുമൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല, വലിയ താരങ്ങളൊക്കെ എന്‍റെ പാട്ട് പാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍, ഇനി അതിനൊരു ആരോപണം വരുന്നതിനു മുന്‍പ് മരിച്ചാല്‍ മതി, അത്രയ്‌ക്ക് സന്തോഷമുണ്ട്.
സില്‍സിലയുടെ റോയല്‍റ്റിയ്‌ക്ക് ഏതാണ്ട് രണ്ട് ലക്ഷം രൂപ വിലയുണ്ടായിരുന്നു, കാരണം അത്രയേറെ ആള്‍ക്കാര്‍ ആ പാട്ട് കേള്‍ക്കുകയും കൈമാറുകയും ചെയ്‌തിട്ടുണ്ട്, ഒരുപക്ഷേ മറ്റൊരനേകം പേര്‍ അത് ഡൗണ്‍ലോഡ് ചെയ്‌ത് റിങ്ങ് ടോണ്‍ ആക്കുകയും ചെയ്‌തേക്കാം. പക്ഷേ ആ റോയല്‍റ്റി തുക അദ്ദേഹത്തിന്, ലഭിച്ചുവോ എന്ന് അറിയില്ല. ഷൂട്ടിങ്ങ് ടൈമില്‍ പോലും അസ്വസ്‌ഥനായിരുന്ന കൈകള്‍ തിരുമ്മുന്ന ഹരിശങ്കറിനെ കണ്ടപ്പോള്‍ എന്തോ കണ്ണു നിറഞ്ഞു പോയി. ഒപ്പം പശ്‌ചാത്താപവും തോന്നി.
പ്രിയ ഹരിശങ്കര്‍, താങ്കളെ കളിയാക്കാന്‍ മറ്റേതൊരു മലയാളിയേയും പോലെ ഞാനുമുണ്ടായിരുന്നു, പക്ഷേ താങ്കളെ പറ്റി അറിഞ്ഞപ്പോള്‍, താങ്കളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി ഞാനുള്‍പ്പെടെയുള്ളവര്‍ തെറ്റായിരുന്നു എന്ന്, കഴിയുമെങ്കില്‍ ഈ പാവം മലയാളികളോട് ക്ഷമിക്കുക...
ശ്രീപാര്‍വതി
മംഗളം
സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും എനിക്ക് ഇതേ അഭിപ്രായമാണുള്ളത്. ഇത്രയേറെ വെറുക്കപ്പെടാൻ സത്യത്തിൽ ഇവർ എന്ത് കുറ്റമാണ് ചെയ്തത്?