ഒരു പത്രം എത്രപേര്‍ വാങ്ങുന്നു (സര്‍ക്കുലേഷന്‍), ഓരോ പത്രവും ശരാശരി
എത്രപേര്‍വീതം വായിക്കുന്നു (റീഡര്‍ഷിപ്) എന്നിവ അനുസരിച്ചാണ് അതിന്
പരസ്യങ്ങളില്‍നിന്നുള്ള വരുമാനം കിട്ടുക. പരസ്യങ്ങളുടെ എണ്ണവും നിരക്കും
അതനുസരിച്ചാണ് പൊതുവെ നിര്‍ണയിക്കപ്പെടുക.
ടെലിവിഷന്‍െറ കാര്യത്തിലും ഇതുതന്നെ സ്ഥിതി - വായനക്കാര്‍ക്കുപകരം
പ്രേക്ഷകരാണ് വേണ്ടതെന്നു മാത്രം. കൂടുതല്‍ പ്രേക്ഷകരുള്ള ചാനലിന് കൂടുതല്‍
പരസ്യവരുമാനമുണ്ടാക്കാം.
പത്രങ്ങള്‍ക്ക് വരിക്കാരും വായനക്കാരുമൊക്കെ എത്രയുണ്ടെന്ന്
പരിശോധിക്കുന്നത് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എ.ബി.സി),
നാഷനല്‍ റീഡര്‍ഷിപ് സര്‍വേ (എന്‍.ആര്‍.എസ്) തുടങ്ങിയവയാണ്. ചാനലുകളുടെ
പ്രചാരവും ജനപ്രിയതയും കണക്കുകൂട്ടി ഉണ്ടാക്കുന്ന സൂചികയാണ് ടി.എ.എം
(ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്‍റ്) എന്ന ‘‘ടാം’’.
പ്രമുഖ ചാനല്‍കമ്പനിയായ എന്‍.ഡി.ടി.വി പറയുന്നു, ടാമിന്‍േറത്
കള്ളക്കണക്കാണെന്ന്. വേറെ ചില ചാനലുകള്‍ക്ക് ഉള്ളതിനെക്കാള്‍ കൂടുതല്‍
കണക്കില്‍ കാണിക്കുന്നു. തങ്ങള്‍ക്കാകട്ടെ ഉള്ളതിലും കുറച്ചാണ് ടാം
കണക്കിലുള്ളത്. വിശ്വസിക്കാന്‍ പറ്റാത്ത ഈ കണക്കുകള്‍ കാരണം തങ്ങളുടെ
വരുമാനവും സല്‍പ്പേരും കുറഞ്ഞുപോയിരിക്കുന്നു. നഷ്ടപരിഹാരം
വേണമെന്നാവശ്യപ്പെട്ട് എന്‍.ഡി.ടി.വി അമേരിക്കന്‍ കോടതിയില്‍ കേസ്
കൊടുത്തിരിക്കുന്നു.
നീല്‍സണ്‍, കന്‍റാര്‍ മീഡിയ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ ടാം മീഡിയ
റിസര്‍ച് ആണ് ടി.വി ചാനലുകളുടെ പ്രചാരക്കണക്ക് (റേറ്റിങ്) തയാറാക്കുന്നത്.
നീല്‍സണ്‍ ഗ്രൂപ്പിന്‍െറ ആസ്ഥാനം ന്യൂയോര്‍ക്കായതുകൊണ്ടാണത്രെ
അമേരിക്കയില്‍ കേസ് കൊടുക്കുന്നത്. 139 കോടി രൂപയാണ് നഷ്ടപരിഹാരം
ചോദിക്കുന്നത്.
ഇന്ത്യയിലെ 13 കോടി വീടുകളിലായി അതിന്‍െറ കുറെ മടങ്ങ് ടി.വിപ്രേക്ഷകര്‍
ഏതൊക്കെ ചാനലുകള്‍ എപ്പോഴൊക്കെ കാണുന്നു എന്ന് കണ്ടെത്തുന്നത്,
എണ്ണായിരത്തില്‍ച്ചില്വാനം വീടുകളിലെ ശീലം നോക്കിയാണ്. അവിടങ്ങളില്‍ ടി.വി
സെറ്റിനോട് ചേര്‍ത്ത് ‘പീപ്പ്ള്‍മീറ്റര്‍’ ഘടിപ്പിക്കും (ഇതുതന്നെ
പ്രത്യേക മേഖലകളില്‍ മാത്രം). അപ്പോള്‍, ഇത്രയും ടി.വി സെറ്റുകളില്‍
(അല്ലെങ്കില്‍ അവയിലെ കുറെയെണ്ണത്തില്‍) ചില പ്രത്യേക ചാനലുകള്‍ മാത്രം
സ്ഥിരമായി കാണുന്ന അവസ്ഥയുണ്ടായാല്‍ ആ ചാനലുകളുടെ റേറ്റിങ് ഉയരും.
എന്തെങ്കിലും സമ്മര്‍ദംമൂലം അവര്‍ ഈ ചാനലുകള്‍ വെറുതെ തുറന്നുവെക്കാം.
മറ്റെവിടെനിന്നെങ്കിലും അവര്‍ക്ക് ശരിക്കും താല്‍പര്യമുള്ള ചാനലുകള്‍
കാണുകയുമാവാം. അപ്പോള്‍, പ്രേക്ഷകരുടെ ശരിയായ അഭിരുചിയില്‍നിന്ന് ഭിന്നമായ
കണക്കാണ് പുറത്തുവരുക. ഏതാനും വീടുകളില്‍ സ്ഥാപിച്ച പീപ്പ്ള്‍മീറ്ററുകളിലെ
വിവരങ്ങള്‍ അനേക കോടികളുടെ പരസ്യവരുമാനമോ നഷ്ടമോ ഉണ്ടാക്കുന്നു.
അഴിമതിക്കുവേണ്ടി തുറന്നുവെച്ച വാതിലാകുന്നു ഇത്.
അതുവഴി അഴിമതി വരുന്നുമുണ്ട്. പീപ്പ്ള്‍മീറ്റര്‍ വെച്ച വീടുകളില്‍
കൂടക്കൂടെ ചെല്ലുന്ന ‘ടാം’ ജീവനക്കാര്‍ ആ വീട്ടുകാരെ അവിഹിതമായി
സ്വാധീനിക്കുന്നു. അവര്‍ പറയുന്ന ചാനലുകള്‍ മാത്രം വെക്കാമെങ്കില്‍ പണം
കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. ചാനലുകളെ സമീപിച്ച്, കോഴ തന്നാല്‍
റേറ്റിങ് ഉയര്‍ത്തിത്തരാമെന്നും പറയുന്നു.
‘ടാം ഇന്ത്യ’യിലെ ചില ജീവനക്കാര്‍ ഇത്തരം ഓഫറുമായി തങ്ങളെ സമീപിച്ചുവെന്ന്
എന്‍.ഡി.ടി.വി ആരോപിക്കുന്നു. തങ്ങള്‍ കോഴകൊടുക്കാന്‍ വിസമ്മതിച്ചു.
പിന്നെ കണ്ടത് തങ്ങളുടെ റേറ്റിങ് കുത്തനെ ഇടിയുന്നതാണ്- മറ്റ് ചിലരുടേത്
കൃത്രിമമായി കുതിച്ചുയരുന്നതും.
പത്രങ്ങളില്‍നിന്ന് ഭിന്നമായി ചാനലുകള്‍ക്ക് (പെയ്ഡ് ചാനലുകളൊഴിച്ച്)
ഒരേയൊരു വരുമാനമാര്‍ഗമേയുള്ളൂ- പരസ്യം. അപ്പോള്‍, ടാം വിചാരിച്ചാല്‍
ചാനലുകളെ രക്ഷിക്കാം, അല്ലെങ്കില്‍ കൊല്ലാം.
ടി.വി മേഖലയില്‍ അഴിമതി വ്യാപകമാണെന്നത് ഒരു സത്യമാണ്. തങ്ങള്‍ നല്‍കുന്ന
കണക്കുകള്‍ ശരിയാണെന്ന അവകാശവാദം ടാമിനുമില്ല. അവര്‍ പറയുന്നത്, ചാനലുകള്‍
മുഴുവന്‍ ഡിജിറ്റലാക്കിയാലേ അഴിമതിസാധ്യത തുടച്ചുകളയാനാവൂ എന്നാണ്. അതിന്
ശതകോടികള്‍ വേണമെന്നതിനാല്‍ ചാനലുകള്‍ തയാറാവുന്നില്ല.
അഴിമതിയില്‍ മിക്ക ചാനലുകാരും പങ്കുകാരാണ്. അവിഹിതമായി ഒന്നാം സ്ഥാനം
നേടുന്നവര്‍തന്നെ പിന്നീട്, സ്ഥാനമിടിയുമ്പോള്‍ കുറ്റംപറയുന്നു എന്ന് ടാം.
മിക്ക ചാനലുകളും കോഴ കൊടുക്കുന്നുണ്ട്. കോഴയില്‍ 60 ശതമാനംവരെ
ഡിസ്കൗണ്ടും ചിലപ്പോള്‍ കിട്ടും (ഹിന്ദു, ആഗസ്റ്റ് 1). റേറ്റിങ്സ്
ശരിപ്പെടുത്താനുള്ള കോഴക്കായി ഒരു വന്‍കിട ചാനല്‍ ഗ്രൂപ് വര്‍ഷംപ്രതി
നീക്കിവെക്കുന്നത് 300 കോടി രൂപയാണ്.
എന്‍.ഡി.ടി.വിക്കു പുറമെ, ദൂരദര്‍ശനും (പ്രസാര്‍ഭാരതി) കേസ് കൊടുക്കാന്‍
പോകുന്നു. ഗ്രാമങ്ങളിലേക്ക് ടാം കടന്നുചെല്ലുന്നില്ല; ഡി.ഡി പ്രേക്ഷകരാണ്
ഗ്രാമീണരിലേറെയും.
ഏതായാലും ഒന്നു തീര്‍ച്ച: ചാനലുകളുടെ പ്രചാരത്തെപ്പറ്റിയും പ്രത്യേക
പരിപാടികളുടെ ജനപ്രിയതയെപ്പറ്റിയുമൊക്കെ നാം കേള്‍ക്കുന്നത് അധികവും
ശരിയല്ല. കണക്കുകള്‍ കൃത്രിമമാണ്.
പത്രങ്ങളുടെ പ്രചാരക്കണക്കോ? ഇവിടെ എ.ബി.സി/എന്‍.ആര്‍.എസ് കണക്കുകളും
അന്യൂനമല്ല. ‘‘ആടുകള്‍ക്ക് തിന്നാന്‍ കൊടുക്കുന്ന പത്രങ്ങളെ’’പ്പറ്റിയും
ഓടകളില്‍ കളയുന്ന കോപ്പികളെപ്പറ്റിയും ഏജന്‍റുമാര്‍ക്ക്
മറ്റാനുകൂല്യങ്ങള്‍ കൊടുത്ത് ഇരട്ടിക്കിരട്ടി കോപ്പികള്‍ വെറുതെ
വാങ്ങിപ്പിക്കുന്നതിനെപ്പറ്റിയും നാം കേള്‍ക്കുന്നുണ്ടല്ലോ.
മരണങ്ങള്‍-വലുതും ചെറുതും
പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം നടത്തിയ
ഹര്‍ത്താലില്‍ വ്യാപകമായി അക്രമം നടന്നു. സംഘര്‍ഷത്തിനിടെ കാസര്‍കോട്ടെ
ഡി.വൈ.എഫ്.ഐ നേതാവ് ടി. മനോജ് കുഴഞ്ഞുവീണ് മരിച്ചു. മരണകാരണം എന്തെന്ന്
വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം കഴിയണമെന്ന് പൊലീസ് അറിയിച്ചു.
ആഗസ്റ്റ് നാലിലെ പത്രങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ
വിവരമുണ്ടായിരുന്നു. ഹൃദയാഘാതംമൂലമാണ് മരിച്ചത് എന്നാണ് സൂചന. എങ്കിലും
ആന്തരാവയവങ്ങള്‍കൂടി പരിശോധിച്ചശേഷമേ കൃത്യമായി പറയാനാവൂ എന്നും
കോഴിക്കോട് മെഡിക്കല്‍കോളജ് ഫോറന്‍സിക് വിഭാഗം മേധാവി പറഞ്ഞു.
മാതൃഭൂമി വാര്‍ത്തയില്‍നിന്ന്: ‘‘മരണത്തിനിടയാക്കാവുന്ന ക്ഷതങ്ങളൊന്നും
പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ കണ്ടെത്താനായിട്ടില്ല.
സംഘര്‍ഷത്തിനിടെയുണ്ടായ കടുത്ത മാനസിക സമ്മര്‍ദമാണ്
മരണത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്.’’
‘‘പ്രാഥമിക പരിശോധന’’യാണ്; സാധ്യതകളും സംശയങ്ങളുമാണ് പരിശോധകര്‍
മുന്നോട്ടുവെക്കുന്നത്. അന്തിമ തീര്‍പ്പല്ല. എങ്കിലും വീക്ഷണം
അറച്ചുനില്‍ക്കില്ല: ‘‘നുണപ്രചരണം പൊളിയുന്നു... മനോജ് മരണപ്പെട്ടത്
മര്‍ദ്ദനമേറ്റ് അല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.’’
മര്‍ദനമേറ്റല്ലെന്ന് ‘‘തെളിഞ്ഞു’’ എന്ന് വീക്ഷണം കണിശമായി പറയുമ്പോള്‍ മറുവശത്ത് ദേശാഭിമാനി എന്തുപറയും?
‘‘മനോജിന്‍െറ മരണം മര്‍ദനമേറ്റ്’’ എന്ന് ദേശാഭിമാനി തലക്കെട്ട്.
വീക്ഷണത്തെപ്പോലെ ദേശാഭിമാനിയും പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനമാണ്
പറയുന്നത്- സ്വന്തം അഭിപ്രായമല്ല. ഒരാള്‍ നോക്കിയപ്പോള്‍
പോസ്റ്റ്മോര്‍ട്ടത്തില്‍ കാണുന്നത് മര്‍ദനമേറ്റല്ല എന്ന്; മറ്റൊരാള്‍
നോക്കിയപ്പോള്‍ മര്‍ദനമേറ്റുതന്നെ എന്നും.
സി.പി.എം നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണങ്ങളുണ്ടായി. കേരള പത്രപ്രവര്‍ത്തക
യൂനിയന്‍ ഇതില്‍ പ്രതിഷേധിച്ച് കുറിപ്പിറക്കി. സി.പി.എമ്മുകാരാണ്
അക്രമികളെന്ന് യൂനിയന് തീര്‍ത്തുപറയാന്‍ പറ്റാത്തതിനാല്‍
‘‘മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു’’
എന്നാണ് പ്രസ്താവന.
വീക്ഷണത്തിന് അത് പോരാ, അവര്‍ സ്വന്തമായി ‘‘സി.പി.എമ്മുകാരെ’’
പത്രപ്രവര്‍ത്തകയൂനിയന്‍െറ വായിലിട്ടുകൊടുത്തു. പക്ഷേ, അരുതാത്തത്
ചെയ്താല്‍ അതിന്‍െറ തെളിവ് എവിടെയെങ്കിലും ബാക്കിക്കിടക്കും
എന്നുപറഞ്ഞതുപോലെ വീക്ഷണം വാചകം ഇങ്ങനെയായി: ‘‘...സംസ്ഥാനത്തിന്‍െറ വിവിധ
ഭാഗങ്ങളില്‍ സി.പി.എമ്മുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ
ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.’’
യൂനിയന്‍ എന്തും പറഞ്ഞോട്ടെ, പത്രപ്രവര്‍ത്തനമെന്നാല്‍ ഇതാണ്!
അതെന്ത് മരണം!
മരണത്തിനെന്നപോലെ മരണവാര്‍ത്തകള്‍ക്കുമുണ്ട് തരംതിരിവ്. പരസ്യമായി ഒരു
യോഗത്തില്‍ കൈയേറ്റത്തിനെന്ന് തോന്നുംവിധം ഓടിക്കയറിയയാളെ പൊലീസ്
പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലാക്കുന്നു. അവിടെവെച്ച് അയാളെ
മരിച്ചനിലയില്‍ കണ്ടെത്തുന്നു.
മരിച്ചത് ഏതെങ്കിലും ലോക്കല്‍ രാഷ്ട്രീയക്കാരനാണെങ്കില്‍ ഇത് ഒന്നാംപേജ്
ബോക്സില്‍ കയറും. പക്ഷേ, ഇയാള്‍ അത്രക്ക് വരില്ല. ഏതോ മറുനാടന്‍. അതും
വിദ്യാര്‍ഥി. അതും ബിഹാറുകാരന്‍. മാത്രമോ, ‘‘കൈയേറ്റ’’ത്തിന്
വിധേയയാവുമായിരുന്നത് ആരെങ്കിലുമല്ല- അമൃതാനന്ദമയിയാണ്.
അതുകൊണ്ട്, അകംപേജില്‍ ഒതുങ്ങിയ മരണവാര്‍ത്തക്ക് അസാമാന്യമായ ഒതുക്കവും
സന്തുലനവും. ‘‘ദര്‍ശനത്തിനിടെ മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച
പ്രതി’’ (‘‘ആക്രമിച്ച പ്രതി’’ എന്നു തലക്കെട്ട്) സത്നം സിങ്മാന്‍
‘‘ദുരൂഹസാഹചര്യത്തില്‍’’ മരിച്ചു എന്ന് മാതൃഭൂമി (ആഗസ്റ്റ് 5).
മലയാള മനോരമയില്‍ ‘‘ദുരൂഹസാഹചര്യം’’ പോലും ഇല്ല. ‘‘അമൃതാനന്ദമയിയുടെ
ദര്‍ശനവേദിയില്‍ ഓടിക്കയറിയ യുവാവ് ആശുപത്രിയില്‍ മരിച്ചു’’ -അത്രതന്നെ.
‘‘ചികില്‍സയിലിരിക്കെ മരിച്ചു’’ എന്ന് വാര്‍ത്തയില്‍. ‘‘ഭീകരാന്തരീക്ഷം
സൃഷ്ടിച്ച്’’ അമൃതാനന്ദമയീമഠത്തിലെ വേദിയിലേക്ക് യുവാവ് ഓടിക്കയറിയത്
രണ്ടാംതവണകൂടി അനുസ്മരിച്ചേ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നുള്ളൂ.
കേരളകൗമുദി ഒന്നുകൂടി മുന്നോട്ടുപോകുന്നു. ‘‘അടിയേറ്റ പാടുകളൊന്നും
ശരീരത്തില്‍ കാണാനില്ലെ’’ന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടുണ്ടത്രെ.
പക്ഷേ, പിറ്റേന്ന്, പൊലീസ് കേസെടുത്തു എന്ന വാര്‍ത്തയില്‍ അത്
മാറ്റിപ്പറയേണ്ടിവരുന്നു: ‘‘25ലേറെ ക്ഷതമേറ്റ പാടുകളു’’ള്ളതായി
‘‘പ്രാഥമികവിവരം’’ ഉണ്ടത്രെ. കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മാനസികാരോഗ്യ
കേന്ദ്രത്തിലെത്തിച്ചത്- മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നെന്ന് സൂപ്രണ്ട്
പറഞ്ഞു.
അസ്വാഭാവികമരണം നടന്നാല്‍ ഏതു ഭാഗത്തുനില്‍ക്കണമെന്ന് പത്രങ്ങള്‍ നേരത്തേ തീരുമാനിക്കുന്നുണ്ടോ ആവോ.
‘‘ആള്‍ദൈവ വ്യവസായമേഖല’’യിലെ അരുതായ്കകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു
സിറാജില്‍ രാജീവ് ശങ്കരന്‍െറ ലേഖനം (ആഗസ്റ്റ് 8). ഈ വ്യവസായത്തെ
ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകളും ദുരൂഹതകളും പുറത്തുകൊണ്ടുവരേണ്ടത്
മാധ്യമങ്ങള്‍ തന്നെയാണ്.
യാസീന്‍ അശ് റഫ്