പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനും നായര്‍ സമുദായാംഗവുമായ സത്യവ്രത സ്വാമികള്‍ പറയുന്നത് ഏറെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമാണ്. അതിങ്ങനെ: ''സംന്യാസികളില്‍ നായരും തിയ്യരും എന്ന വ്യത്യാസമില്ല. അതുകൊണ്ടു നിങ്ങള്‍ എന്നെ 'നായര്‍' എന്ന ദൃഷ്‌ടിവച്ചു നോക്കാതെയിരിക്കണം.... നാമെല്ലാവരും ബുദ്ധമതക്കാരായിരുന്നു എന്നുള്ളതിനും ഉത്തമലക്ഷ്യം നമ്മുടെ 'മാമൂല്‍' പ്രിയം തന്നെ. ബുദ്ധമതാചാര ഗ്രന്ഥത്തിനുള്ള പേര്‍ മാമൂല്‍ എന്നാണ്. തിരുവിതാംകൂര്‍ രാജ്യം ധര്‍മരാജ്യമാണെന്നു കേട്ടിരിക്കുന്നമല്ലോ. ''ധര്‍മാജ്യസ്‌തഥാഗതം'' എന്നുള്ള അമരവാക്യം ''ധര്‍മ്മോമല്‍ കുലദൈവം'' എന്നാണ്. (തഥാഗതന്‍ ബുദ്ധനാണ്). ധര്‍മ്മരാജാക്കന്മാരുടെ കുലദൈവമായ തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം ബുദ്ധ വിഗ്രഹമാണ്. അതുപോലുള്ള വിഗ്രഹം സിലോണിലെ ബുദ്ധവിഹാരങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നത്തെ ശാസ്‌താംകോവിലില്‍ കാണുന്നതും ബുദ്ധവിഗ്രഹമാണ്. നമ്മുടെ ഭഗവതിമാരെല്ലാം ബുദ്ധഭിക്ഷുണിമാരായിരുന്നു..... കൊടുങ്ങല്ലൂര്‍ക്കു കോഴിയും കള്ളും മരലിംഗവുമായി പോകുന്നവര്‍ ഈ സദസില്‍ കാണുമെന്നറിയാം.'' (1923 മാര്‍ച്ച് 31-നു പാലക്കാട് കുഴല്‍മന്ദത്തു നടത്തിയ പ്രസംഗം, ശിവഗിരി മാസിക പുനഃപ്രകാശനം ചെയ്‌തത്. വാല്യം 24, ലക്കം-15, മെയ് 2002).
ഒന്‍പതാം നൂറ്റാണ്ടു മുതല്‍ക്കെങ്കിലും ആള്‍വാര്‍മാര്‍ എന്ന വൈഷ്‌ണവധാര ഇവിടെ എത്തിയെന്നും ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതിയ 'മലൈനാട്ടു തിരുപ്പതികള്‍' എന്ന കവിതാ സമാഹാരത്തില്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്‌ഥാനം പിടിച്ചുവെന്നും എം.ജി.എസ്. പറയുന്നു. 925 വരെ ഭരിച്ചിരുന്ന ആയ് രാജാവായ വിക്രമാദിത്യ വരഗുണന്‍ ബുദ്ധവിഹാരങ്ങള്‍ക്കു സംഭാവന നല്‍കിയതായി രേഖയുണ്ട്. ചേരനാട്ടിലെ തിരുമൂലപാദം (ശ്രീമൂലവാസം) ബുദ്ധവിഹാരത്തിനു വന്‍തോതില്‍ ഭൂമി ഉള്‍പ്പെടെ ദാനം നല്‍കിയിട്ടുണ്ട്. കൊല്ലത്തെ തിരുമുല്ലവാരമാണു 'തിരുമൂല പാദത്തിന്റെ' കേന്ദ്രമെന്ന് ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്. ശൈവ-വൈഷ്‌ണവധാരയിലെ ആള്‍വാര്‍മാരും നയിനാര്‍മാരും ചേരനാട്ടില്‍ (കേരളത്തില്‍) ശക്‌തിപ്പെടുന്നത് 11, 12 നൂറ്റാണ്ടുകളിലാണ്. അതുവരെ ബുദ്ധമതമാണു ശക്‌തമായി നിലനിന്നിരുന്നത്, ചില പ്രദേശങ്ങളില്‍ ജൈനമതവും. അതായത് എ.ഡി. ഒന്‍പതാം നൂറ്റാണ്ടു വരെ പത്മനാഭക്ഷേത്രം ബുദ്ധവിഹാരം തന്നെയായിരുന്നു എന്നാണ് ഇവിടെ തെളിയുന്നത്. ആര്യവല്‍ക്കരണം ശക്‌തമായതും ഇക്കാലത്താണ്.
എ.ഡി. 9-ാം നൂറ്റാണ്ടു വരെയും 'പത്മനാഭന്‍' ബുദ്ധനാണെന്നാണല്ലോ ഇതു തെളിയിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും തമിഴ് ബ്രാഹ്‌മണരെ കൊണ്ടുവന്നു കുടിയിരുത്തിയതും ബുദ്ധനെ വിഷ്‌ണുവാക്കിയതിന്റെ തെളിവാണ്. ക്ഷേത്രസ്വത്തില്‍ ഒരുഭാഗം ചേര-ബുദ്ധമത കാലത്തിന്റേതു കൂടിയാണെന്നും ഇതില്‍ നിന്നു മനസിലാക്കാം. അന്നു തലയ്‌ക്കും മുലയ്‌ക്കും നികുതിയുണ്ടായിരുന്നില്ല. ഗ്രീസ്, റോം, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടം നടന്നിരുന്ന കാലമായിരുന്നു അത്. രാജ്യത്ത് സമ്പല്‍സമൃദ്ധി നിലനിന്നിരുന്നു. പില്‍ക്കാലത്ത് ഇതൊക്കെ തകര്‍ത്ത ഹിന്ദുത്വ വാദികളാണു ചേരമാന്‍ പെരുമാളിനെയും പ്രജകളെയും ഇസ്ലാംമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ചേരമാന്‍ പള്ളിയും കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ചാവക്കാട് മേഖലയിലെ മുസ്ലിം ജനസംഖ്യയും ഇതാണു തെളിയിക്കുന്നത്. നല്ലൊരു ഭാഗം ഈഴവരായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്. ബാക്കി വന്നവരെയാണ് ഇന്നു നാട്ടികയിലും മറ്റും കൂടുതലായി കാണുന്നത്. ക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുടുംബസ്വത്താണെന്ന വാദം വിഡ്‌ഢിത്തമാണ്. ഒന്‍പതാം നൂറ്റാണ്ടു വരെയും അതു ബുദ്ധവിഹാരമായിരുന്നെന്നു നാം കണ്ടുകഴിഞ്ഞു. ഇന്നത്തെ പിന്നാക്ക-ദളിത്-മതന്യൂനപക്ഷങ്ങളുടെ പൂര്‍വികരുടേതാണു പത്മനാഭസ്വാമി ക്ഷേത്രം എന്നു വേണം കരുതാന്‍. മേല്‍പ്പറഞ്ഞ വസ്‌തുതകള്‍ അതാണു തെളിയിക്കുന്നത്.
'മതിലകം രേഖകള്‍' പറയുന്നതു ബുദ്ധക്ഷേത്രത്തെ തന്ത്രപൂര്‍വം ഹിന്ദുക്ഷേത്രമാക്കിയതിനു ശേഷമുള്ള ചരിത്രമാണ്. ക്ഷേത്രം പലതവണ പുതുക്കിപ്പണിത കാര്യവും വിശദ വിവരങ്ങളുമാണ് അതിലുള്ളത്. 1733-ല്‍ മാര്‍ത്താണ്ഡവര്‍മ പുതുക്കിപ്പണിതിട്ടുണ്ട്. എന്തിനെയാണു പുതുക്കിപ്പണിതതെന്ന ചരിത്രസത്യമാണു മുമ്പു പറഞ്ഞ കാര്യങ്ങളില്‍ തെളിയുന്നത്. ക്ഷേത്രം തീപിടിച്ച കാര്യവും ഇതില്‍ കാണാം. 1688 ഫെബ്രുവരിയില്‍ തീപിടിത്തമുണ്ടായതിന്റെ വര്‍ണനയിങ്ങനെ: ''വെള്ളിയും പൊന്നും ചെമ്പും തിരാമും (വെള്ളിനാണയം) വെങ്കലവും ഇരുമ്പും മരവും കല്ലും ഒന്നുപോലെ വെന്തുപോയി. തിരുമേനി (മുമ്പ് ബുദ്ധന്‍) കിടന്നു തീയെരിയുന്നതുകണ്ട് ഒക്കെക്കൂടി ചെന്നു വെള്ളം കോരി വീത്തി''.
രാജവാഴ്‌ചക്കാലത്തു രാജാവാണു രാഷ്‌ട്രത്തിന്റെ അധിപന്‍. എല്ലാം സംരക്ഷിക്കേണ്ടയാള്‍ അദ്ദേഹം തന്നെ. ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ക്ഷേത്രം സംരക്ഷിക്കാമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ക്ഷേത്ര സ്വത്ത് ചാണ്ടി വകയാകുമെന്നല്ല. അതുപോലെയാണ് അന്നത്തെ രാജാവു സംരക്ഷിച്ച രാഷ്‌ട്രത്തിന്റെ മുതല്‍ രാജാവിന്റെ കുടുംബസ്വത്താകുന്നില്ല. നിധി കാക്കുന്ന ഭൂതം നിധിയുടെ ഉടമയാകുമോ? ഭൂതകാലത്തിലും വര്‍ത്തമാനത്തിലും അതുതന്നെയാണു ചരിത്രഗതി. ഏതു ജാതി സ്‌ത്രീയായാലും രാജവാഴ്‌ചക്കാലത്ത് അതു രാജാവിന്റെയും ശിങ്കിടികളുടെയും വകയാണെന്നു പറയുന്ന വെണ്‍മണി പ്രയോഗം പോലെയാണിത്.
തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലെ ക്ഷേത്രങ്ങളുടെ അവകാശം ഐക്യകേരള രൂപീകരണത്തോടെ ദേവസ്വം ബോര്‍ഡുകളുടേതായി. എന്നാല്‍, പത്മനാഭ സ്വാമി ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജാവിനു തന്നെ ലഭിച്ചു. 1991-ല്‍ ചിത്തിരതിരുനാള്‍ അന്തരിച്ചതോടെ ഭരണഘടനയുടെ 366(22) അനുഛേദപ്രകാരമുള്ള ഭരണാധികാരി എന്ന പദവി സര്‍ക്കാരിനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നിട്ടും ഭരണം നടത്താന്‍ മുന്‍ രാജാവിനെ അനുവദിച്ച സര്‍ക്കാര്‍ നിലപാട് നിയമപരവും ന്യായവുമാണെന്നു കരുതാനാകില്ലെന്നു കോടതി വിധിച്ചിട്ടുണ്ട്.
അവസാന രാജാവിന്റെ സഹോദരന്‍ ക്ഷേത്രസ്വത്തുക്കളുടെയും മറ്റും ചിത്രങ്ങളെടുത്തതു വിവാദമായിരുന്നു. മാത്രമല്ല 2007 സെപ്‌റ്റംബര്‍ 15-നു പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ രാജകുടുംബത്തിന്റേതാണെന്നു പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരേ ഭക്‌തരും മറ്റും നല്‍കിയ നിരവധി സിവില്‍ കേസുകളും നിലവിലുണ്ട്. തിരുവനന്തപുരം സ്വദേശി അഡ്വ. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെയാണു സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്.
നൂറ്റാണ്ടുകളായി തുറക്കാതിരിക്കുന്ന ക്ഷേത്രത്തിലെ 'ബി' എന്ന ഉരുക്കറയ്‌ക്കു പിന്നില്‍ ഒരു രഹസ്യമുണ്ടാകാനാണു സാധ്യത. ശംഖുമുഖം കടലിലേക്കും പുലയനാര്‍ കോട്ടയിലേക്കുമുള്ള പണ്ടത്തെ തുരങ്കത്തിന്റെ പ്രവേശനകവാടമാണതെന്നു കരുതേണ്ടിയിരിക്കുന്നു. അറ തുറന്നാല്‍ കടല്‍ ഇരച്ചു കയറുമെന്നും വിഷപ്പാമ്പുകള്‍ ചീറി വരുമെന്നുമുള്ള ക്ഷേത്രകഥയിലെ പരാമര്‍ശങ്ങള്‍ മംഗളം കഴിഞ്ഞദിവസം ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നല്ലോ. ഈ കഥയില്‍ ചരിത്രസത്യം മറഞ്ഞിരിക്കുന്നുണ്ട്.
ക്ഷേത്രം ബുദ്ധവിഹാരമായിരുന്ന കാലത്തു ശംഖുമുഖം കടല്‍ത്തീരത്തുനിന്നും പുലയനാര്‍ കോട്ടയില്‍ നിന്നും ക്ഷേത്രത്തിലെത്താനുള്ള തുരങ്കമുണ്ടായിരുന്നതായി ചില വിവരണങ്ങളില്‍ കാണുന്നുണ്ട്. ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന് കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത് എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്‌ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ് ഇന്നു കാണുന്ന 'പത്മനാഭന്‍' എന്ന പേരു വന്നത്. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.
പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക് ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു.
കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതുകൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം 'ബി' അറയില്‍ കാണുന്നത്. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.
കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള 'അനന്തപുരം' ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ് 'അനന്തപുരത്തു' വിഷ്‌ണുവായി ആരാധിക്കുന്നത്. അനന്തപുരത്തോട് 'തിരു' ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും.
-ഡോ.എം.എസ്.ജയപ്രകാശ് (അവസാനിച്ചു)
വളരേ വിജ്ഞാന പ്രദം, നല്ല ഒരു ചരിത്ര വായന......
This is just for creating communal disharmony - no wonder this author is a disciple of Madani.
Somebody should take initiative to log compaliant against this Madhyamam group for publishing articles intended for making communal split.
കേരളത്തിന്റെ ചരിത്രമെന്നു പറഞ്ഞു് ഒരു അവിഹിത ചരിത്രമാണു നമ്മള്‍ പഠിച്ച്തും പഠിപ്പിചൂകൊണ്ടിരിക്കുന്നതും.കേരളത്തിന്റെ ബുദ്ധമത പാരംപ ര്യത്തെക്കുറിച്ചു എന്തുകൊണ്ടു ചരിത്രകരന്‍മാര് മൗനം പാലിക്കുന്നു?