ഞാന്‍ ഗാലറിയിലിരിക്കുമെന്ന് കരുതിയാല്‍ തെറ്റി ,കെ മുരളിധരന്‍

അഭിമുഖം: കെ. മുരളീധരന്‍ / എം. അബ്ദുല്‍ റഷീദ്‌ 

ഗള്‍ഫില്‍നിന്നു പോന്ന മകന്‍ പണി പഠിക്കാനിറങ്ങിയത് പെരുന്തച്ചന്മാര്‍ ഒരുപാടുള്ള കേരള രാഷ്ട്രീയത്തില്‍. രണ്ട് പതിറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനിടെ മൂന്നു പാര്‍ട്ടികള്‍, മൂവായിരം നിലപാടു മാറ്റങ്ങള്‍. പടിയിറക്കവും മടങ്ങിവരവും. എന്നിട്ടും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവുതന്നെയാണ് കെ. മുരളീധരന്‍, അന്നും ഇന്നും. തിരുവനന്തപുരം ലോകോളജ് റോഡിലെ ജനപ്രിയചാനലിന്റെ ഓഫിസ് കെട്ടിടം രാവിലെ ഒമ്പതുമണിക്കു മുമ്പേ, ഖദര്‍ധാരികളാല്‍ നിറഞ്ഞു കഴിഞ്ഞു. 'കെ. മുരളീധരന്‍, എക്‌സ് എം.പി, ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍' എന്ന ബോര്‍ഡുതൂങ്ങുന്ന മുറിയുടെ വാതില്‍ പലതവണ തുറന്നടയുന്നു. സന്ദര്‍ശകരില്‍ നേതാക്കളും എം.എല്‍.എമാരും ഉണ്ട്. ''ഹലോ, മിനിസ്റ്ററല്ലേ , കെ. മുരളീധരന് സംസാരിക്കണം'' എന്ന് ഇടക്കിടെ ഫോണില്‍ അനുയായി ഒച്ചയിടുന്നു, ഫോണ്‍ മുരളിക്ക് കൈമാറുന്നു.  നടക്കുന്നതില്‍ ഏറെയും തുടങ്ങാന്‍ പോവുന്ന ചാനലിന്റെ ചര്‍ച്ചകളല്ല, വരാനിരിക്കുന്ന രാഷ്ട്രീയ ഭൂചലനങ്ങളുടെ കളമൊരുക്കമാണെന്ന് വ്യക്തം. പാര്‍ട്ടിയില്‍ മടങ്ങിയെത്തി തെരഞ്ഞെടുപ്പു ജയിച്ച് നിയമസഭാ സാമാജികനായ കെ. മുരളീധരന്‍, ഇനി കോണ്‍ഗ്രസിലെ കളികളില്‍ വെറുമൊരു കാണിയായി ഗാലറിയിലിരിക്കും എന്നാരെങ്കിലും കരുതിയാല്‍ തെറ്റി.  അധികാരമല്ലാത്തൊരു പ്രത്യയശാസ്ത്രവും ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത കോണ്‍ഗ്രസില്‍ ഇപ്പോഴും അധികാരിതന്നെയാണ് മുരളി, നല്ലൊരുപറ്റം അനുയായികള്‍ക്കെങ്കിലും. ആ ബലത്തില്‍ അദ്ദേഹം ചുവടുറപ്പിക്കുകയാണ്. നാവുകൊണ്ട് നേടുകയും നാവുദോഷംകൊണ്ട് നഷ്ടപ്പെടുകയും ചെയ്തിട്ടുള്ള മുരളീധരന്റെ ശൈലിയില്‍ വല്ല വ്യത്യാസവും വന്നുവെന്ന് കരുതേണ്ട. ഒട്ടും കുറഞ്ഞിട്ടില്ല ആ വാക്കിന്റെ മൂര്‍ച്ച. മുരളീധരന്‍ അല്‍പംപോലും സംതൃപ്തനുമല്ല. യോഗസിദ്ധിയുള്ളവര്‍ക്കേ സംതൃപ്തമായ മനസ്സുണ്ടാവൂ എന്ന് ഭഗവാന്‍ ഗീതയില്‍ പറഞ്ഞുവെക്കുന്നുണ്ട്. കിട്ടിയ എം.എല്‍.എ പദവിയിലും കിട്ടാതെപോയ മന്ത്രിപദവിയിലും സംതൃപ്തി കണ്ടെത്താന്‍, മുരളീധരന്‍ യോഗിയൊന്നുമല്ല. കോണ്‍ഗ്രസ് രാഷ്ട്രീയം യോഗികള്‍ക്കുള്ള ഇടവുമല്ല. കുരുക്ഷേത്രയുദ്ധം ഒഴിവാക്കാന്‍ ദൂതിനിറങ്ങിയ കൃഷ്ണനോട് അത്രനാളും മൗനംപാലിച്ച പാഞ്ചാലി ചോദിച്ചു: ''ഭഗവാനേ, യുദ്ധം ഒഴിവായാല്‍ എന്റെയീ അഴിഞ്ഞ മുടിക്ക് ആര്  ഉത്തരം പറയും?'' പന്തീരാണ്ടു കാലത്തെ പാഞ്ചാലിയുടെ പകയാണ് കുരുക്ഷേത്രം സൃഷ്ടിച്ചത്. കുടിപ്പകക്ക് കുറവില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മറ്റൊരു കുരുക്ഷേത്രത്തിനു കാക്കുകയാണ് കെ. മുരളീധരനും. ചാട്ടുളിയാവുന്ന ഈ വാക്കുകള്‍തന്നെ തെളിവ്....കൂടുതല്‍ .....

നിരാശയിലാണോ?
ഞാന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടാതെ പോയത് ഉദ്ദേശിച്ചാണ് ചോദ്യമെങ്കില്‍ അക്കാര്യത്തില്‍ നിരാശയുമില്ല, സന്തോഷവുമില്ല. മന്ത്രിസ്ഥാനം നിഷേധിച്ചതിലല്ല എന്റെ വേദന, മന്ത്രിസഭാരൂപവത്കരണത്തിന്റെ ഒരു ഘട്ടത്തിലും എന്നോട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും തയാറായില്ല എന്നതിലാണ്. മന്ത്രിസ്ഥാനം തീരുമാനിക്കുമ്പോള്‍ ചിലരെ മാറ്റിനിര്‍ത്തേണ്ടി വരും. അതൊക്കെ എനിക്ക് അറിയാം. കോണ്‍ഗ്രസിനെ സംബന്ധിച്ച് മറ്റു കക്ഷികള്‍ക്ക് ഇല്ലാത്ത ചില ബാധ്യതകളുണ്ട്. സാമുദായിക സമവാക്യം പാലിക്കണം. മുസ്‌ലിംലീഗും കേരള കോണ്‍ഗ്രസും അവരുടെ മന്ത്രിസ്ഥാനങ്ങള്‍ അതത് സമുദായങ്ങള്‍ക്ക് നല്‍കും. ശേഷിച്ച മറ്റെല്ലാ ജാതി-മത വിഭാഗങ്ങളെയും ബാലന്‍സ് ചെയ്യേണ്ട ചുമതല കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസില്‍ പലപ്പോഴും മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. അതിനാല്‍ കാര്യങ്ങള്‍ എനിക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിയും. എല്ലാവരെയും എല്ലായ്‌പോഴും പരിഗണിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. ഞാനും മുമ്പ് മന്ത്രിസഭാരൂപവത്കരണത്തിലൊക്കെ പങ്കുവഹിച്ചപ്പോള്‍ ചിലരെ മാറ്റിനിര്‍ത്തേണ്ടി വന്നിട്ടുണ്ട്.  എന്നാല്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ എന്നോട് പറയാമായിരുന്നു. പറഞ്ഞാല്‍ എനിക്കൊരു പരാതിയും ഉണ്ടാകുമായിരുന്നില്ല. പക്ഷേ, ഇതൊക്കെ പത്രം വായിച്ച് അറിയേണ്ട ഗതികേട് എനിക്കുണ്ടായി. കേരളത്തിലെ രണ്ട് പ്രധാന നേതാക്കളുടെ, എന്നോടുള്ള ഈ മനോഭാവമാണ് ദുഃഖമുണ്ടാക്കുന്നത്.  
പ്രതീക്ഷിക്കപ്പെട്ടിരുന്ന മന്ത്രിസ്ഥാ നം മുരളീധരന് നിഷേധിക്കപ്പെട്ടതിനു പിന്നില്‍ ആരാണ്?
കരുണാകരനും മുരളീധരനും പുറത്തുപോയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം അവസാനിച്ചു എന്നൊക്കെയാണ്  ചില നേതാക്കള്‍ അന്നൊക്കെ ആണയിട്ടുപറഞ്ഞത്. പക്ഷേ, ഇത്തവണ സ്ഥാനാര്‍ഥിനിര്‍ണയവും മന്ത്രിമാരെ നിശ്ചയിച്ചതും തികച്ചും ഗ്രൂപ്പടിസ്ഥാനത്തില്‍ മാത്രമായിരുന്നു. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്ത എന്നെയും ജി. കാര്‍ത്തികേയനെയുംപോലുള്ളവര്‍ മാറ്റിനിര്‍ത്തപ്പെട്ടു.  ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പുള്ളതുകൊണ്ടുമാത്രം ചിലര്‍ മന്ത്രിമാരായി. ഞാന്‍ ആരുടെയും പേരു പറയുന്നില്ല. ഇങ്ങനെ സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കും രമേശ്‌ചെന്നിത്തലക്കും ആണ്. അവര്‍ രണ്ടു പേരും അവരവരുടെ ഗ്രൂപ്പിലെ വിശ്വസ്തരെയാണ് മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.  ഗ്രൂപ്പുകളില്‍ ഉള്‍പ്പെടാത്ത എന്റെയും കാര്‍ത്തികേയന്റെയുമൊന്നും പേര് നിര്‍ദേശിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തയാറായില്ല. എന്നാല്‍, കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു. എ.കെ. ആന്റണി, വയലാര്‍ രവി, പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ ദേശീയ നേതാക്കള്‍, നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചുവന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ എന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു. എന്നാല്‍, കേരളത്തിലെ രണ്ടു നേതാക്കളും അവരുടെ ക്വോട്ടയില്‍ ഒരു കുറവും വരുത്താന്‍ തയാറായില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ''മുരളീധരന്‍ വേണ്ട'' എന്നല്ല പറഞ്ഞത്. ''മുരളീധരന്‍ വരുന്നതില്‍ വിരോധമൊന്നുമില്ല, എന്നാല്‍ ഞങ്ങളുടെ ആള്‍ക്കാര്‍ ഇത്രപേര്‍തന്നെ വേണം'' എന്നു നിര്‍ബന്ധംപിടിച്ചു. ആ നിര്‍ബന്ധത്തിനു മേല്‍ പിന്നീട്  ദല്‍ഹി ഇടപെട്ടില്ല. അപ്പോള്‍ സ്വാഭാവികമായും ഞാനും ജി. കാര്‍ത്തികേയനും മാറ്റിനിര്‍ത്തപ്പെട്ടു.
അടിയറവു പറഞ്ഞ് പാര്‍ട്ടിയിലേക്ക് മടക്കം, ഇപ്പോള്‍ മന്ത്രിപദത്തിനു പുറത്ത്, അവഗണന വേറെ. കെ. മുരളീധരന്റെ രാഷ്ട്രീയ ഭാവി എന്താവും?
എന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചൊന്നും എനിക്ക് അശേഷം ഭയപ്പാടില്ല. ജനങ്ങള്‍ ഉള്ളിടത്തോളം കാലം ആര്‍ക്കും എന്നെ രാഷ്ട്രീയ രംഗത്തുനിന്ന് തുടച്ചുനീക്കാന്‍ കഴിയില്ല. അതിനാല്‍തന്നെ ആശങ്കയുമില്ല. ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് പദവികള്‍ക്കു പുറത്തുനില്‍ക്കേണ്ടി വരും. എന്റെ പിതാവിന് അങ്ങനെ പുറത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോനുമായി ഏറ്റവും ആത്മബന്ധമുള്ള ആളായിരുന്നു ലീഡര്‍. ആ പനമ്പിള്ളി മുഖ്യമന്ത്രിയായി തിരു-കൊച്ചിയില്‍ ഗവണ്‍മെന്റ് വന്നപ്പോള്‍ കെ. കരുണാകരന്‍ പുറത്തായി. പനമ്പിള്ളിക്ക് ഏറ്റവും വിശ്വാസമുണ്ടായിരുന്ന കരുണാകരനെ ഒരു പ്രത്യേക സാഹചര്യത്തില്‍ മന്ത്രിസഭക്ക് പുറത്തുനിര്‍ത്തേണ്ടി വന്നു. അന്ന്  കരുണാകരനു പകരം മന്ത്രിസഭയില്‍ എത്തിയ ആളുടെ പേരുപോലും ഇന്നാരും ഓര്‍ക്കുന്നില്ല. എന്നാല്‍, കെ. കരുണാകരന്‍ എന്ന പേര് ചരിത്രത്തിലൊരിക്കലും മാഞ്ഞുപോയില്ല. പുറത്തുനിന്നിട്ടും കരുണാകരയുഗം അവസാനിച്ചില്ല. ആ പുറത്താവലിനുശേഷമാണ് കരുണാകരയുഗം ആരംഭിച്ചത്. ഒരു മന്ത്രിസഭക്കു പുറത്തായതുകൊണ്ട് രാഷ്ട്രീയ ഭാവി അസ്തമിച്ചു എന്നു കരുതുന്ന ഒരാള്‍ രാഷ്ട്രീയത്തിനു പറ്റിയ ആളല്ല. കേരള രാഷ്ട്രീയത്തില്‍ കെ. മുരളീധരന്റെ യുഗം അവസാനിച്ചിട്ടില്ല, ഉടനൊന്നും അവസാനിക്കുകയും ഇല്ല.
മുരളീധരന്‍ കോണ്‍ഗ്രസില്‍ മറ്റൊരു പടയൊരുക്കം ആരംഭിക്കുകയാണോ?
ഇതിനെ പടയൊരുക്കമായൊന്നും കാണേണ്ട. ഒരു പടയൊരുക്കത്തിനും ഇല്ല എന്നു ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ ഇനിയൊരു പടയൊരുക്കത്തിന് പ്രസക്തിയില്ല. ഇനിയൊരു ഗ്രൂപ്പിസം കോണ്‍ഗ്രസില്‍ ഉണ്ടാവരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസോ? അതു സാധ്യമാണോ?
സാധ്യമാകണം. അങ്ങനെ മാറാന്‍ കോണ്‍ഗ്രസിന് കഴിയണം. കാരണം, ഗ്രൂപ്പ് പ്രവര്‍ത്തനംകൊണ്ട് ഒരു നേട്ടവും ഇനി ഈ പാര്‍ട്ടിക്ക് ഉണ്ടാകില്ല. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്ന ഗ്രൂപ്പ്‌വിവാദങ്ങളും തര്‍ക്കങ്ങളും നേരിയ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാറിന് ഒട്ടും ഗുണകരവുമല്ല. നാളെ ഒരു തെരഞ്ഞെടുപ്പു നടന്നാല്‍ സീറ്റു കുറയാനാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ കാരണമാവുക.
''കരുണാകരന്റെ ചിത്രം ഓടയിലെറിഞ്ഞവരും മന്ത്രിമാരായി'' എന്ന താങ്കളുടെ പ്രസ്താവന ഒരു യുദ്ധാരംഭമായി പലരും കാണുന്നുണ്ട്...?
അനാവശ്യമായ ഒരു ഏറ്റുമുട്ടലിനും ഞാനില്ല. ആ പ്രസ്താവന എന്റെ വ്യക്തിപരമായ ദുഃഖത്തില്‍നിന്നുണ്ടായതാണ്.  കെ. കരുണാകരനെപോലുള്ള ഒരു നേതാവ് പാര്‍ട്ടി വിടേണ്ട സാഹചര്യം ഉണ്ടായി. ലീഡറുടെകൂടി പിന്തുണയോടെ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചവര്‍ അപ്പോള്‍  ചെയ്ത ചില കാര്യങ്ങളില്‍, നടത്തിയ മോശം പ്രതികരണങ്ങളില്‍ എനിക്ക് ദുഃഖമുണ്ട്. ആ ദുഃഖം എപ്പോഴുമുണ്ട്. അതൊരു മകന്റെ ദുഃഖമാണ്.
കേരളത്തില്‍ ഇപ്പോഴത്തെ ഗ്രൂപ്പിസം അവസാനിക്കാന്‍ ആരു വിചാരിക്കണം?
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും. അവര്‍ കൂട്ടായൊരു ചര്‍ച്ച നടത്തി എം.എല്‍.എമാരുമായി കൂടിയാലോചിച്ച് ഈ സര്‍ക്കാറിനെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കണം.
ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും തമ്മിലുള്ള ഭിന്നത, ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം നാമമാത്രമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു എന്നതു ശരിയല്ലേ?
തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാകാതെപോയതിന് പല കാരണങ്ങളും ഉണ്ട്. അതുവരെ ഉണ്ടായിരുന്ന ട്രെന്‍ഡിന് വലിയൊരു മാറ്റം സംഭവിച്ചു. കേന്ദ്രത്തിനെതിരായ ആരോപണങ്ങള്‍ക്ക് വന്‍ പബ്ലിസിറ്റി മാധ്യമങ്ങളിലൂടെ ലഭിച്ചു. സത്യത്തില്‍ വന്‍ അഴിമതികള്‍ക്കെതിരായ നിലപാടാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസും സ്വീകരിച്ചത്. തെറ്റു ചെയ്തവരെയെല്ലാം നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. എങ്കിലും മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അത് കേരളത്തില്‍ യു.ഡി.എഫിനെ ബാധിച്ചു.  2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തമിഴ്‌നാട്ടില്‍ വലിയതോതില്‍ ബാധിച്ചു. കുറച്ചൊക്കെ കേരളത്തെയും അതു ബാധിച്ചു. യു.ഡി.എഫിന്റെ ചില നേതാക്കള്‍ക്കെതിരായ കേസുകളുടെ കാര്യത്തില്‍, അച്യുതാനന്ദന്റെ വാക്കുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഉദാഹരണത്തിന്, ഐസ്‌ക്രീം കേസ്. 15 വര്‍ഷമായിട്ടും ഈ കേസില്‍ ഒരു യു.ഡി.എഫ് നേതാവിനെതിരെയും തെളിവില്ല. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയ കാലത്തും അതു കഴിഞ്ഞില്ല. എന്നാല്‍, ചെയ്യാന്‍ കഴിയാതെപോയ കാര്യങ്ങള്‍ ഒക്കെ സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ തലയില്‍ കെട്ടിവെച്ച് താന്‍ ഇതിനുവേണ്ടിയൊക്കെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു എന്ന ഫീലിങ് ഉണ്ടാക്കാന്‍ വി.എസിന് കഴിഞ്ഞു. ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതും യു.ഡി.എഫിന്റെ സാധ്യതയെ കുറെയൊക്കെ ബാധിച്ചു.
ഈ പറഞ്ഞതൊക്കെ ഇടതുമുന്നണിയുടെ പ്രചാരണ തന്ത്രത്തെക്കുറിച്ചാണ്. തെരഞ്ഞെടുപ്പുവിജയത്തെ ബാധിച്ച ആഭ്യന്തരപ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റുകൂടിയായ താങ്കളുടെ വിലയിരുത്തല്‍?
സ്ഥാനാര്‍ഥിനിര്‍ണയത്തിലുണ്ടായ പാകപ്പിഴകള്‍ തെരഞ്ഞെടുപ്പുനേട്ടത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍േറതെന്ന പേരില്‍ ചില സ്ഥാനാര്‍ഥികള്‍ അവതരിപ്പിക്കപ്പെട്ടു. സത്യത്തില്‍ രാഹുല്‍ഗാന്ധി ഒറ്റ കാര്യമേ പറഞ്ഞിരുന്നുള്ളൂ. കഴിവുള്ള പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ആ പുതുമുഖങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വേരോട്ടം ഉള്ളവരാവണം. ഈ നിര്‍ദേശം നല്‍കിയതല്ലാതെ അദ്ദേഹം ഒരു വ്യക്തിയുടെയും പേരു പറഞ്ഞിട്ടില്ല. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ചില കേന്ദ്രനേതാക്കളുടെയൊക്കെ പേരു പറഞ്ഞ് ചില സ്ഥാനാര്‍ഥികളെ അവതരിപ്പിക്കുകയാണ് ചെയ്തത്. അത്തരം സ്ഥാനാര്‍ഥികളില്‍ കുറെ പേര്‍ക്ക് തിരിച്ചടിയുണ്ടായി. ചിലര്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഈ പിഴവുകള്‍ക്ക് ഒരു വ്യക്തിയെ മാത്രം കുറ്റം പറയാന്‍ കഴിയില്ല. ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ട്. ഉദാഹരണത്തിന്, ഈ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലടക്കം യു.ഡി.എഫിനെ ഏറെ സഹായിച്ചത് ജനശ്രീ യൂനിറ്റുകളാണ്. ഫീല്‍ഡില്‍ ഇറങ്ങിയപ്പോഴാണ് അവര്‍ എത്ര ശക്തരാണ് എന്നു മനസ്സിലായത്. സ്ത്രീകളുടെ ആ കൂട്ടായ്മ എന്റെ ഭൂരിപക്ഷത്തില്‍ നിര്‍ണായകമായി. അത്തരമൊരു കൂട്ടായ്മ സൃഷ്ടിച്ച മികച്ച സംഘാടകനായ എം.എം. ഹസന് സീറ്റു കൊടുക്കാനായില്ല. അദ്ദേഹത്തിന് സീറ്റു നല്‍കേണ്ടതായിരുന്നു. നിയമസഭയില്‍ ഹസനൊക്കെ നിര്‍ബന്ധമായും വേണ്ടവരാണ്.
കെ.പി.സി.സി പ്രസിഡന്റ് നേരിട്ട് മത്സരിക്കാന്‍ ഇറങ്ങിയതോടെ പാര്‍ട്ടി പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടായോ?
അതുണ്ടായിട്ടുണ്ട്. കാരണം, കെ.പി.സി.സി പ്രസിഡന്റിന് പകരം വെക്കാന്‍ കേരളത്തില്‍ മറ്റൊരു നേതാവില്ല. കെ.പി.സി.സി പ്രസിഡന്റ് സാധാരണ മത്സരിക്കുന്നതില്‍ തെറ്റൊന്നുമില്ല. മുമ്പും മത്സരിച്ചിട്ടുണ്ട്, സി.വി. പത്മരാജനൊക്കെ.  എന്നാല്‍, ഇത്തവണ രമേശ് ചെന്നിത്തല മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ചേരിതിരിവുണ്ടാവാന്‍ പോകുന്നു എന്ന പ്രചാരണത്തിന് മുന്‍തൂക്കം ലഭിച്ചു.  മുഖ്യമന്ത്രിസ്ഥാനത്തേക്ക് രണ്ടുപേര്‍ തമ്മില്‍ മത്സരം ഉണ്ടാവും എന്ന പ്രചാരണത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് മൊത്തത്തില്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഒരു വ്യക്തത തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ജനങ്ങള്‍ക്കു നല്‍കേണ്ടതായിരുന്നു എന്ന് ഫലം വന്നപ്പോള്‍ ബോധ്യമായി. അത്തരമൊരു വ്യക്തതകൊടുക്കാന്‍ കഴിഞ്ഞാല്‍ പത്തു സീറ്റുകള്‍വരെ യു.ഡി.എഫിന് കൂടുതല്‍ ലഭിക്കുമായിരുന്നു. ഉറച്ച ഭരണം ഉണ്ടാകുമായിരുന്നു. പ്രചാരണകാലത്ത് കോണ്‍ഗ്രസിനുള്ളില്‍ അണികള്‍ പരസ്‌പരം സംശയത്തോടെ നോക്കുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നു.
രമേശും ഉമ്മന്‍ചാണ്ടിയും തമ്മിലെ അകല്‍ച്ചയുടെ അടിസ്ഥാനം എന്താണ്?
കാരണം എന്തായാലും, അവര്‍ തമ്മില്‍ അകല്‍ച്ചയുണ്ടെന്ന ഫീലിങ് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ട്. അതു മാറണം. ഒരാള്‍ ഭരണതലത്തിലും മറ്റേയാള്‍ പാര്‍ട്ടിതലത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. പരസ്‌പരം സഹകരിക്കുകയും വേണം. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ കൂട്ടായ ചര്‍ച്ച വേണം. മന്ത്രിമാരെ നിശ്ചയിച്ചപോലെ ഗ്രൂപ്പു വീതം വെക്കല്‍ ആവരുത് ഭാവി കാര്യങ്ങള്‍.
ഈ സര്‍ക്കാറിന് കാലാവധി പൂര്‍ത്തിയാക്കാനാവുമോ?
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മില്‍ ചേര്‍ച്ച ഉണ്ടാവുകയും അവര്‍ ഇരുവരും തങ്ങളുടെ മേഖലകളില്‍ ശ്രദ്ധിക്കുകയും എം.എല്‍.എമാരെയും പാര്‍ട്ടിയെയും വിശ്വാസത്തിലെടുക്കുകയും ചെയ്താല്‍ ഈ ദുര്‍ബല ഭൂരിപക്ഷം ഒരു പ്രശ്‌നമാവില്ല. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നേരിയ ഭൂരിപക്ഷമുള്ള സര്‍ക്കാറുകള്‍ എല്ലാം കാലാവധി തികച്ചിട്ടുണ്ട് എന്ന് കാണാനാവും. 70-77ലും 82-87ലും നമ്മള്‍ ഇതു കണ്ടു. നേരിയ ഭൂരിപക്ഷം ഒരു ഭരണപ്രതിസന്ധിയുണ്ടാക്കും എന്നൊന്നും ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും കാലാവധി തികക്കാന്‍ കഴിയും.
ഈ സര്‍ക്കാറിന് എപ്പോഴെങ്കിലും ഭീഷണി ഉണ്ടായാല്‍ അത് കെ. മുരളീധരനില്‍നിന്നാവുമോ?
ഒരിക്കലുമില്ല. ഒരു കാര്യം ഉറപ്പ്, മുരളീധരന്റെ ഒരു വോട്ടിന്റെ കുറവുകൊണ്ട് ഈ സര്‍ക്കാര്‍ നിലംപതിക്കില്ല.
രമേശ് ചെന്നിത്തലക്ക് കെ. മുരളീധരനോടുള്ള പകയുടെ കാരണം എന്താണ്?
അതെന്താണെന്ന് എനിക്ക് ഇപ്പോഴും അറിഞ്ഞുകൂടാ. ഞാന്‍ അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിക്കുന്നയാളാണ്. ഞാന്‍ രണ്ടര വര്‍ഷം കെ.പി.സി.സി പ്രസിഡന്റായിരുന്നയാളാണ്. രമേശിന് ഏഴു വര്‍ഷം പാര്‍ട്ടിയെ നയിക്കാന്‍ കഴിഞ്ഞു. ഒരു പ്രതിന്ധിഘട്ടത്തിലാണ് അദ്ദേഹം പാര്‍ട്ടിയെ നയിച്ചത്. അതില്‍ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന് എന്നോടുള്ള മനോഭാവത്തിന്റെ കാരണം എനിക്ക് ഇപ്പോഴും അറിഞ്ഞുകൂടാ. ഞങ്ങള്‍ പലപ്പോഴും ഇരുന്നുസംസാരിക്കാറൊക്കെയുണ്ട്. സംസാരിക്കുമ്പോള്‍ കുഴപ്പമൊന്നുമില്ല.
കോണ്‍ഗ്രസില്‍ ആരൊക്കെയോ മുരളീധരനെ ഭയക്കുന്നു...?
ഇതില്‍ ഭയപ്പെടേണ്ട ആവശ്യമൊന്നുമില്ല. ജനപിന്തുണയുള്ള ഒരു നേതാവിനെ ജനപിന്തുണയുള്ള മറ്റൊരു നേതാവ് ഭയപ്പെടേണ്ട ഒരാവശ്യവുമില്ല. അങ്ങനെ ഭയപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം സ്വന്തം അനുയായികളെ വിശ്വാസമില്ല എന്നാണ്. ജനപിന്തുണ നിങ്ങള്‍ക്ക് പണം നല്‍കി വാങ്ങാനാവില്ല. നമ്മുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്തരായാലേ അവരുടെ സഹായം ലഭിക്കൂ. കഴിഞ്ഞ കുറെ കാലമായി രാഷ്ട്രീയത്തില്‍ ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചപ്പോഴും എനിക്കു താങ്ങായത് പ്രവര്‍ത്തകരാണ്. അത് എന്റെ ജീവിതത്തിന്റെ ഭാഗ്യമാണ്.
ഒരിടവേളക്കുശേഷം പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ മുരളീധരന് കോണ്‍ഗ്രസ് നേതാക്കളുമായുള്ള വ്യക്തിബന്ധം എങ്ങനെയാണ്? രമേശുമായും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധം എങ്ങനെ?
അവര്‍  രണ്ടു പേരോടും ഞാന്‍ ഒരേ രീതിയിലുള്ള ബന്ധംതന്നെയാണ്. പ്രത്യേക മമതയോ പ്രത്യേക വെറുപ്പോ രണ്ടു പേരോടും ഇല്ല.
ആന്റണിയുമായോ?
ആന്റണിയുമായി കുറെക്കൂടി അടുത്ത ബന്ധമുണ്ട്. കാരണം, വ്യക്തിപരമായി പല സന്ദര്‍ഭങ്ങളിലും അദ്ദേഹം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. സഹായിക്കാന്‍ കഴിയുന്ന ഘട്ടങ്ങളിലൊക്കെ സഹായിച്ചു. സഹായിക്കാന്‍ കഴിയാതെ വന്ന സന്ദര്‍ഭങ്ങളില്‍ ''വെയിറ്റ് ചെയ്യണം'' എന്നു പറഞ്ഞു. അതുകൊണ്ട് അദ്ദേഹവുമായി മാനസികമായി കൂടുതല്‍ അടുപ്പമുണ്ട്. ഞാന്‍ അദ്ദേഹത്തെ ശക്തമായി വിമര്‍ശിച്ചകാലത്തുപോലും എനിക്ക് സീറ്റുതരാനായി ആദ്യമായി ഹൈകമാന്‍ഡില്‍ പറഞ്ഞത് ആന്റണിയാണ്. ഗ്രൂപ്പിന്റെ പേരില്‍ ശത്രുതയുള്ള കാലത്തും അദ്ദേഹമാണ് എനിക്ക് സീറ്റു നേടിത്തന്നത്. കോണ്‍ഗ്രസില്‍ തിരിച്ചുവരാന്‍ തടസ്സങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞു, ''ക്ഷമയോടെ കാത്തിരിക്കുക''.
കേരള രാഷ്ട്രീയത്തിലെ തന്റെ റോള്‍ അവസാനിച്ചു എന്ന് ആന്റണി പറഞ്ഞതുകേട്ടില്ലേ?
ആന്റണിയുടെ റോള്‍ കേരളത്തിലെ രാഷ്ട്രീയത്തില്‍ അവസാനിച്ചു എന്നൊന്നും കരുതാനാവില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചവരും എതിര്‍ത്തവരും തുറന്നുസമ്മതിച്ച ഒരു കാര്യമുണ്ട്. ഇടതുപക്ഷത്തിനുവേണ്ടി വി.എസ്. അച്യുതാനന്ദന്‍ തേരോട്ടം നടത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് മുന്നിട്ടുനിന്നത് ആന്റണിയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആന്റണി നടത്തിയ പ്രചാരണപരിപാടികളാണ് ഒരു നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും യു.ഡി.എഫിനെ അധികാരത്തില്‍ എത്തിച്ചത്. ആന്റണിയുടെ റോള്‍ കേരളത്തില്‍ അവസാനിച്ചിട്ടില്ല എന്നതിന്റെ വലിയ തെളിവായിരുന്നു ഈ തെരഞ്ഞെടുപ്പ്.
എങ്കിലും കേരളമാവില്ല ഇനി ആന്റണിയുടെ കളം?
കേരളം ഇനി പ്രവര്‍ത്തനരംഗം ആക്കണമെന്ന് അദ്ദേഹം കരുതുന്നുണ്ടാവില്ല. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ അന്തിമവാക്ക് എന്ന നിലയില്‍ അദ്ദേഹം ഇപ്പോഴും ഏറെ പ്രസക്തനാണ്. ആന്റണിയെന്ന ശക്തനായ പ്രചാരകനില്ലായിരുന്നെങ്കില്‍ അഞ്ചാറു സീറ്റെങ്കിലും യു.ഡി.എഫിന് ഇനിയും കുറയുമായിരുന്നു. അധികാരത്തിലെത്താന്‍ കഴിയുമായിരുന്നില്ല.
സര്‍ക്കാറിന്റെ തുടക്കം എങ്ങനെ?
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനതുടക്കം നന്നായി. പെട്രോള്‍ നികുതി എടുത്തുകളഞ്ഞതും എന്‍ഡോസള്‍ഫാന്‍ വിഷയത്തിലുണ്ടായ തുടര്‍നടപടികളും നന്നായി.  പെട്ടെന്ന് വകുപ്പു വിഭജനവും മന്ത്രിസഭാ രൂപവത്കരണവും പൂര്‍ത്തിയാക്കാനുമായി.
എന്തൊക്കെയാണ് നന്നാവാതെ പോയത്?
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഒട്ടും നന്നല്ല. അഞ്ചു മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ലീഗ് തര്‍ക്കവും തദ്ദേശഭരണവകുപ്പു വിഭജനവിവാദവുമൊന്നും ഗുണകരമല്ല. മന്ത്രിസഭാരൂപവത്കരണത്തില്‍ പൊതുവെ ആരും തൃപ്തരല്ല.  ചെറുഭൂരിപക്ഷ സര്‍ക്കാറിന് ഗുണകരമല്ല ഇപ്പോഴത്തെ പടലപ്പിണക്കങ്ങള്‍. മന്ത്രിമാരും നേതാക്കളും പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചചെയ്‌തേ നയം വ്യക്തമാക്കാവൂ. ഓരോ മന്ത്രിമാരും ഓരോ നയം തോന്നുംപടി പ്രഖ്യാപിക്കുന്നത് ശരിയല്ല. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് തുടങ്ങി സമൂഹത്തെ ബാധിക്കുന്ന വകുപ്പുകളില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് ജനങ്ങള്‍ നോക്കുന്നു. അവിടെ മന്ത്രിമാര്‍ സ്വയം പ്രഖ്യാപനം നടത്തരുത്. പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ചര്‍ച്ചവേണം.
കോര്‍പറേറ്റുകളെ വിദ്യാഭ്യാസമേഖലയിലേക്ക് സ്വാഗതം ചെയ്ത വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന അബദ്ധമായില്ലേ?
കോര്‍പറേറ്റുകളെ വിദ്യാഭ്യാസമേഖലയിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ല. അങ്ങനെ ചെയ്യാന്‍ പാടില്ല. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുള്ള പഠനമാണ് ആവശ്യം, കോര്‍പറേറ്റുകളല്ല.
ഈ വിമര്‍ശങ്ങളൊക്കെ ബന്ധപ്പെട്ടവരോടു നേരില്‍ പറഞ്ഞോ?
പാര്‍ട്ടിയുടെ ഔദ്യോഗികവേദികളില്‍ പറയേണ്ടതുപോലെ പറയും.
മന്ത്രിസ്ഥാനം കിട്ടാതായതോടെ ഉദ്ദേശിച്ച പലതും ചെയ്യാനാവില്ല എന്ന അവസ്ഥയിലായോ?
അധികാരം ഇല്ലാത്തതുകൊണ്ട് ഒരു കാര്യവും എനിക്ക് ഇന്നോളം നടക്കാതിരുന്നിട്ടില്ല. വട്ടിയൂര്‍കാവിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ വകുപ്പൊന്നും വേണ്ട. ഇത് ഞങ്ങള്‍കൂടി ചേര്‍ന്ന് നിലനിര്‍ത്തുന്ന സര്‍ക്കാര്‍ അല്ലേ. അപ്പോള്‍ കാര്യങ്ങള്‍ നടക്കും എന്നതിന് എനിക്ക് സംശയമൊന്നും ഇല്ല. മന്ത്രിസ്ഥാനം കിട്ടിയാല്‍ ഒരു വകുപ്പല്ലേ കിട്ടൂ. വട്ടിയൂര്‍കാവ് പല വകുപ്പുകളുടെ ആവശ്യമുള്ള മണ്ഡലമാണ്. കാര്യങ്ങള്‍ നടക്കാന്‍ വലിയ അധികാരം വേണമെന്നില്ല. ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്കൊക്കെ എന്നോട് വലിയ അടുപ്പമുണ്ട്.  അധികാരം ഉള്ളപ്പോള്‍ ഞാന്‍ അവരെ വെറുപ്പിച്ചിട്ടില്ല. അവര്‍ക്കൊക്കെ പ്രൊട്ടക്ഷന്‍ കൊടുത്തു. ഇതൊക്കെയുള്ളിടത്തോളം അധികാരം ഇല്ലാത്തത് പ്രശ്‌നമല്ല.
എങ്കിലും അധികാരത്തിന്റെ ഭ്രമത്തില്‍ മുരളീധരന്‍ പലപ്പോഴും അകപ്പെട്ടിട്ടുണ്ട്...?
അങ്ങനെ പറയുന്നതില്‍ വലിയ കാര്യമില്ല. കാരണം, എല്ലാവര്‍ക്കും അധികാരത്തോട് ഭ്രമമുണ്ട്. ചിലര്‍ പൊതിഞ്ഞുകാട്ടുന്നു. ചിലര്‍ പരസ്യമായി പറയുന്നു എന്നു മാത്രം. ഒരു മന്ത്രിസ്ഥാനം വലിയ കാര്യമല്ല. പ്രധാനമന്ത്രിമാരുടെ ജീവിതംപോലും ഞാന്‍ അടുത്തുകണ്ടിട്ടുണ്ട്. അവരൊക്കെ ആ സ്ഥാനത്തിരുന്ന് അനുഭവിക്കുന്ന ടെന്‍ഷന്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഭ്രമത്തില്‍ പെടേണ്ട കാര്യമില്ല. കാരണം, അധികാരം എപ്പോഴും ടെന്‍ഷന്‍ ഉണ്ടാക്കും. എന്നുകരുതി അധികാരം കിട്ടിയാല്‍ വേണ്ടെന്നുവെക്കാന്‍ ഞങ്ങളാരും മഹാത്മാഗാന്ധിയൊന്നുമല്ല. അധികാരത്തിന്റെ പിന്നാലെപോയിട്ട് കാര്യമില്ല. അതു തേടിയെത്തേണ്ട കാലത്ത് തേടിയെത്തും.
കെ. കരുണാകരന്‍ കേരളം ഭരിച്ച കാലത്ത് മുരളീധരന്റെ വീടൊരു സമാന്തര അധികാരകേന്ദ്രമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്...?
സമാന്തര അധികാര കേന്ദ്രമൊന്നും ആയിരുന്നില്ല. ആളുകള്‍ കാണാന്‍ വരും. അവര്‍ക്ക് പല പരാതികളും പ്രശ്‌നങ്ങളും ഉണ്ടാവും. അതില്‍ ഇടപെടുന്നതിനെ ഒരു അധികാരകേന്ദ്രമായൊന്നും കാണാനാവില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ന വ്യക്തി വിചാരിച്ചാല്‍ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് ജനം വരുന്നത്. അതൊക്കെ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന്റെ ഭാഗമായി സ്വന്തം പാര്‍ട്ടിക്കാര്‍ പറഞ്ഞുപരത്തിയതാണ്. എവിടെ കെട്ടിടത്തിന് തറ കെട്ടിയാലും അതൊക്കെ മുരളീധരന്‍േറതാണെന്ന് അന്നു പ്രചരിപ്പിക്കപ്പെട്ടു. എല്ലാ കഥയിലും മുരളീധരന്‍ വില്ലനായി. അന്നു വിഷ്വല്‍ മീഡിയ ഇല്ല. ചില പത്രങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഒരാളെ മോശമാക്കാന്‍ പറ്റുമായിരുന്നു. ഇന്നതു കഴിയില്ല. ജനങ്ങള്‍ എല്ലാം നേരിട്ടു കാണുന്നുണ്ട്.
അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴുമൊക്കെ മുരളീധരന്‍ ആള്‍ക്കൂട്ടത്തിന്റെ നടുവിലാണല്ലോ?
എന്ത് ആവശ്യത്തിന് ജനങ്ങള്‍ സമീപിച്ചാലും ചെയ്തുകൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തുകൊടുക്കും. ഒരു ദിവസം ഒറ്റക്കിരുന്നാല്‍ എനിക്ക് ബോറടിക്കും. ജനങ്ങള്‍ക്കൊപ്പം വളര്‍ന്ന ഒരാളാണ് ഞാന്‍. ആള്‍ക്കൂട്ടം എന്നെ ഒരിക്കലും മടുപ്പിക്കുന്നില്ല. ഇതില്‍നിന്നെല്ലാം ഒഴിഞ്ഞ് എവിടെയെങ്കിലും ഒറ്റക്കിരിക്കണം എന്നും തോന്നിയിട്ടില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അവരില്‍നിന്ന് ഒഴിയാനാവില്ല.
ഒപ്പമുള്ള ഈ ആള്‍ക്കൂട്ടത്തിന്റെ ആവേശമാണ് താങ്കളെ പലപ്പോഴും വഴിതെറ്റിച്ചതും...?
കുറച്ചൊക്കെ നാം പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നില്‍ക്കേണ്ടിവരും. അതൊരു തെറ്റായി എനിക്ക് ഇപ്പോഴും തോന്നുന്നില്ല. പാര്‍ട്ടിവിട്ട കാര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ പാര്‍ട്ടി വിട്ടതല്ല, വിടേണ്ട സാഹചര്യം സൃഷ്ടിച്ചതാണ്. മൂന്നു റാലി നടത്തിയതുകൊണ്ടൊന്നും കോണ്‍ഗ്രസില്‍ ഒരു ഭൂകമ്പവും സംഭവിക്കാന്‍ പോകുന്നില്ല. റാലി നടത്താന്‍ തീരുമാനിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടതാണ്. പുറത്തായപ്പോള്‍ ആരാണോ പുറത്താക്കിയത് അവര്‍ക്കെതിരെ ദേഷ്യമുണ്ടാവും. ആ രീതിയില്‍ ഞാനും പ്രതികരിച്ചു എന്നു മാത്രം. കോണ്‍ഗ്രസില്‍ ഏതാണ്ട് എല്ലാവരും ഒരുഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയവരാണ്. പലരും തെറ്റുതിരുത്തി മടങ്ങിവന്നിട്ടുണ്ട്, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
പാര്‍ട്ടിവിട്ട ആ തീരുമാനമായിരുന്നു ജീവിതത്തിലെ വലിയ പിഴ...?
അന്നു ചെയ്യേണ്ടിവന്നു. കോണ്‍ഗ്രസുപോലൊരു സംഘടന വിട്ടുപോകാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് സമസ്താപരാധം പറഞ്ഞിട്ടുതന്നെയാണ് ഇപ്പോള്‍ തിരിച്ചുവന്നതും.
പാര്‍ട്ടിവിടാന്‍ മടിച്ചുനിന്ന അച്ഛനെ ഏട്ടനാണ് നിര്‍ബന്ധിച്ചതെന്ന് ഒരിക്കല്‍ പത്മജ മാധ്യമത്തോടു പറഞ്ഞിട്ടുണ്ട്...?
അതു ശരിയല്ല, ഞാന്‍ ഒരിക്കലും അച്ഛനെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. ഞാന്‍ അതിനൊപ്പം നില്‍ക്കുകമാത്രമാണ് ചെയ്തത്.
പലതുകൊണ്ടും അവസാനകാലത്ത് അച്ഛനെ മകന്‍ വേദനിപ്പിച്ചു...?
ഒരുഘട്ടത്തില്‍ കുടുംബത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബന്ധങ്ങളൊക്കെ ഉലയുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. എന്നാല്‍, വെല്ലൂരില്‍ അച്ഛന്റെ ചികിത്സ കഴിഞ്ഞുവന്നശേഷം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ കുടുംബത്തെ ബാധിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കാരണം, വെല്ലൂരില്‍നിന്ന് അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു, ''നിങ്ങളുടെ രാഷ്ട്രീയമൊന്നും എനിക്ക് അറിഞ്ഞൂടാ, എന്നാല്‍ അദ്ദേഹത്തിന് ഒരു മകന്റെ പിന്തുണ വേണം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഇനിയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടാവരുത്. മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നിങ്ങള്‍ സഹകരിക്കണം.'' അതിനുശേഷം ഞാന്‍ എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പുറത്തുകാണിച്ചിട്ടില്ല. ഒരു മകന്റെ ഉത്തരവാദിത്തങ്ങള്‍  പൂര്‍ണമായി നിര്‍വഹിച്ചിട്ടുണ്ട്. അച്ഛന്‍ ഒരുകാലത്തും എന്നെ സ്‌നേഹിക്കാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ അവസാനനാളുകളില്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും വേഗം പറഞ്ഞുപരിഹരിക്കാനായി. കോണ്‍ഗ്രസിലേക്കു  മടങ്ങാനുള്ള അച്ഛന്റെ തീരുമാനത്തിനുപോലും ഞാന്‍ എതിരായിരുന്നില്ല. ആ തീരുമാനം നടപ്പാക്കിയ രീതിയോടായിരുന്നു എന്റെ വിയോജിപ്പ്.  തലേദിവസം എന്‍.സി.പി വര്‍ക്കിങ് കമ്മിറ്റിയില്‍ പങ്കെടുത്ത് പിറ്റേന്ന് കോണ്‍ഗ്രസിലേക്കു മടങ്ങിയ രീതിയെയാണ് ഞാന്‍ എതിര്‍ത്തത്. വര്‍ക്കിങ് കമ്മിറ്റിയില്‍നിന്ന് വിട്ടുനില്‍ക്കുകയും, ''യാഥാര്‍ഥ്യബോധമില്ലാത്ത നിലപാടുകള്‍ വിട്ട് കോണ്‍ഗ്രസിലേക്കു മടങ്ങുന്ന കാര്യം എന്‍.സി.പി ആലോചിക്കണം'' എന്നു പറയുകയും ചെയ്തിരുന്നെങ്കില്‍ ഞാനും കൂടെ നില്‍ക്കുമായിരുന്നു. കാരണം, എന്‍.സി.പിയുടെ നയങ്ങള്‍ പലതും തെറ്റാണെന്ന് ആ പാര്‍ട്ടി ഇന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും എന്‍.സി.പി ഒരു മുന്നണിയില്‍നിന്ന് മറ്റൊരു മുന്നണിയിലേക്ക് നോക്കുകയാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം, കേരളത്തില്‍ സി.പി.എമ്മിനൊപ്പം, മേഘാലയയില്‍ ബി.ജെ.പിക്കൊപ്പം.  ഈ നയവൈകല്യം തുറന്നുകാണിച്ച് പുറത്തുപോകാമായിരുന്നു. ആ വിഷയത്തില്‍ എന്റെ നിലപാട് ശരിയായിരുന്നു.  അതടക്കമുള്ള ഭിന്നതകള്‍ പിന്നീട് അദ്ദേഹവുമായി പറഞ്ഞുതീര്‍ത്തു.
സഹോദരി പത്മജ രാഷ്ട്രീയത്തിലേക്കു കടന്നുവന്നതിനെ തുടക്കം മുതല്‍ താങ്കള്‍ എതിര്‍ത്തു. എന്തുകൊണ്ടാണ് മുരളീധരന്‍ സഹോദരിയെ ഭയപ്പെട്ടത്?
അച്ഛനും ഞാനും സജീവമായി രാഷ്ട്രീയത്തില്‍ ഉള്ളപ്പോള്‍ കുടുംബത്തില്‍നിന്ന് മൂന്നാമതൊരാള്‍ വന്നാല്‍ അത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന അഭിപ്രായമാണ് എനിക്ക് അന്നും ഇന്നും. എന്നാല്‍, ഇന്ന് അവര്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ അംഗമാണ്. ഇപ്പോള്‍ അവരുടെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമായി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റു പരിഗണനയില്‍ അവര്‍ ഉണ്ടായിരുന്നു. ഇനി ആ യാഥാര്‍ഥ്യം അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല. വന്ന സമയത്ത് എതിര്‍ത്തു, എതിര്‍പ്പ് ഞാന്‍ ശക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ആ എതിര്‍പ്പ് ശരിയായിരുന്നു എന്ന വിശ്വാസം എനിക്ക് ഇപ്പോഴും ഉണ്ട്. എന്നാല്‍, ഇനി  ആ എതിര്‍പ്പ് തുടരേണ്ടതില്ല. കാരണം, അവര്‍ രാഷ്ട്രീയത്തില്‍ വന്നുകഴിഞ്ഞു, പ്രവര്‍ത്തകര്‍ അത് അംഗീകരിച്ചു. ഇപ്പോള്‍ അവരുമായി അകല്‍ച്ചയൊന്നുമില്ല.
കോണ്‍ഗ്രസിന് ജയ്ഹിന്ദ് ചാനല്‍ ഉണ്ടായിരിക്കേ, എന്തിനാണ് താങ്കളുടെ നേതൃത്വത്തില്‍ പുതിയൊരു ചാനല്‍?
പല സംസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വതന്ത്ര ചാനലുകളുണ്ട്. ഇതൊരു സ്വതന്ത്ര ചാനലാവും. മുരളീധരന്റെ രാഷ്ട്രീയ പ്രചാരണത്തിനല്ല ഈ ചാനല്‍.
പല തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജയവും തോല്‍വിയും രുചിച്ചു. ജനങ്ങളുടെ രാഷ്ട്രീയ മനോഭാവത്തില്‍ എന്തു മാറ്റമാണ് കാണുന്നത്?
കോണ്‍ഗ്രസ് മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. തലമുറകള്‍ മാറുമ്പോള്‍ ബന്ധങ്ങള്‍ മാറും. മുമ്പൊക്കെ ചില സീറ്റുകളെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലം എന്നൊക്കെ പറയാറുണ്ട്.  തലമുറകള്‍ മാറിയപ്പോള്‍ അതു മാറി. രാഷ്ട്രീയത്തോടുതന്നെ ജനങ്ങള്‍ക്ക് താല്‍പര്യം കുറയുകയാണ്. തിരുവനന്തപുരം നഗരത്തിലെയൊക്കെ പോളിങ് കുറവ് അതിന്റെ ഉദാഹരണമാണ്. ആന്റണിതന്നെ ഒരിക്കല്‍ പറഞ്ഞപോലെ, ''കുറ്റിച്ചൂലുകളെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞു''. ഇനി സംഘടനാബലംകൊണ്ടും ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചും മാത്രമേ മുന്നോട്ടുപോകാനാവൂ. അത് കോണ്‍ഗ്രസിന് കഴിയും. ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തെയും സംസ്ഥാനത്തെയും നയിക്കാന്‍ കെല്‍പുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്, എന്തു പോരായ്മകള്‍ ഉണ്ടെങ്കിലും.
രാജീവ് യുഗത്തിനുശേഷം ലീഡറുടെ കുടുംബം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി വല്ലാതെ അകന്നു. അല്ലെങ്കില്‍ കെ.മുരളീധരന്റെയൊക്കെ രാഷ്ട്രീയ ഭാവി മറ്റൊന്നാവുമായിരുന്നു. എന്തായിരുന്നു ആ അകല്‍ച്ചയുടെ കാരണങ്ങള്‍?
അതൊരു ജനറേഷന്‍ ഗ്യാപ്പ് ആവാം. ഇന്ദിരയും ലീഡറും ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചവരാണ്. അതുകൊണ്ട് ഒരു മാനസിക ബന്ധം ഉണ്ടാവും. അത് കണ്ടുവളര്‍ന്നയാളാണ് രാജീവ്ഗാന്ധി. പക്ഷേ, സോണിയഗാന്ധിയില്‍ എത്തിയപ്പോള്‍ ഒരു ഗ്യാപ്പ് വന്നു. അച്ഛന്‍ അനാരോഗ്യംകാരണം പൊതുരംഗത്തുനിന്ന് അല്‍പം അകലുകയും ചെയ്തു.  ദേശീയ നേതൃത്വവുമായി അല്‍പം അകന്നു എന്നു കണ്ടപ്പോള്‍ അതു പ്രോത്സാഹിപ്പിക്കാന്‍ ചിലരുണ്ടായി.  
മുരളീധരന്റെ രാഷ്ട്രീയ പ്രവേശമാണ് സത്യത്തില്‍ ലീഡറുടെ വിശ്വസ്തരില്‍ പലരും അദ്ദേഹത്തോട് അകലാന്‍ കാരണമായത്...?
കെ. കരുണാകരന് ആരോഗ്യമുണ്ടായിരുന്ന കാലത്തൊന്നും അദ്ദേഹത്തെ തൊടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അപകടത്തിനുശേഷം അദ്ദേഹത്തിന് അനാരോഗ്യം ഉണ്ടായപ്പോഴാണ് പലരും അദ്ദേഹത്തെ വിട്ടുപോയത്. കരുണാകരന് ആരോഗ്യം ഉണ്ടായിരുന്നെങ്കില്‍ കുടുംബം ഒന്നടങ്കം രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും എല്ലാവരും കൂടെനില്‍ക്കുമായിരുന്നു. ഒരെതിര്‍പ്പും ഉയരുമായിരുന്നില്ല. കരുണാകരന്‍ ആരോഗ്യത്തില്‍ ദുര്‍ബലനായി എന്ന ബോധ്യം വന്നപ്പോഴാണ് പലരും എന്റെ പേരുപറഞ്ഞ്  അകന്നുപോയത്. ലീഡര്‍ എന്നെ ഒരിക്കലും രാഷ്ട്രീയത്തില്‍ വരാന്‍ പ്രേരിപ്പിച്ചിട്ടില്ല. വരാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍ത്തിട്ടുമില്ല. നാളെ എന്റെ മക്കളും രാഷ്ട്രീയത്തിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ ഞാന്‍ എതിര്‍ക്കില്ല, വരാന്‍ പ്രേരിപ്പിക്കുകയുമില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ വിമര്‍ശിച്ചവര്‍തന്നെ അവരുടെ മക്കളെ പിന്നീട് രാഷ്ട്രീയത്തില്‍ എത്തിച്ചു. കെ.പി. പ്രഭാകരന്റെ മകനായ കെ.പി. രാജേന്ദ്രന് സീറ്റു നല്‍കിയ കാലത്ത് ഇടതുനേതാവ് അച്യുതമേനോന്‍ തന്റെ പാര്‍ട്ടിയെ വിമര്‍ശിച്ച് ഒരു പ്രസ്താവനയിറക്കി. അന്ന് രാജേന്ദ്രന്‍ അറിയപ്പെടുന്ന നേതാവൊന്നുമല്ല.  ''കരുണാകരന്റെ മകനാണെന്ന പേരില്‍ മുരളീധരനെ  തെരഞ്ഞെടുപ്പുരംഗത്ത് വിമര്‍ശിച്ച സി.പി.ഐക്ക് ഇപ്പോള്‍ അതേ പാത പിന്തുടരേണ്ടി വന്നിരിക്കുന്നു'' എന്നാണ് അച്യുതമേനോന്‍ പറഞ്ഞത്. അതിനുശേഷവും പല നേതാക്കളും അവരുടെ മക്കളെ രാഷ്ട്രീയത്തില്‍ എത്തിച്ചു.
നാവുദോഷംകൊണ്ടുമാത്രം നിലംപതിച്ച നേതാവാണ് മുരളിയെന്ന് തോന്നുന്നു. സഹോദരിയെ മുജ്ജന്മ ശത്രുവെന്ന് വിളിച്ചു. ദേശീയ നേതാവിനെ അലുമിനിയം പട്ടേല്‍ ആക്കി...?
ചില ഘട്ടത്തില്‍ ഞാന്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ ചില പ്രസ്താവനകള്‍ അരോചകം എന്ന് മാധ്യമങ്ങള്‍ പറയാനിടവന്നത്. പക്ഷേ, എന്റെ സ്ഥാനത്ത് ആരായാലും പറഞ്ഞുപോകുന്ന കാര്യങ്ങളേ ഞാന്‍ എന്നും പറഞ്ഞിട്ടുള്ളൂ. എന്നെ മാത്രം കുറ്റപ്പെടുത്തി അതിന്റെ മറവില്‍ പലരും അവരുടെ വ്യക്തിപരമായ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ വേദന ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞാനത് മറയില്ലാതെ പ്രകടിപ്പിച്ചിട്ടുമുണ്ട്.  ഒരുമിച്ചുള്ളവര്‍ പിണങ്ങുമ്പോഴാണല്ലോ വലിയ ശത്രുതയുണ്ടാകുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലതു പറഞ്ഞു എന്നു മാത്രം. ഞാന്‍ അതിനെ വലിയ കാര്യമാക്കിയിട്ടില്ല.
ഒരു രഹസ്യം വെളിപ്പെടുത്തുമോ? ഡി.ഐ.സി(കെ)യെ മുന്നണിയില്‍ ഉള്‍പ്പെടുത്താനായി മുഖാമുഖം ചര്‍ച്ച നടത്തിയ ഇടതുനേതാക്കള്‍ ആരായിരുന്നു?
അക്കാലത്ത് സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ മുഖാമുഖംതന്നെ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, ആരുടെയും പേര് ഞാന്‍ സൂചിപ്പിക്കില്ല.  രാഷ്ട്രീയത്തില്‍ നാം പല ചര്‍ച്ചകളും നടത്തും. പല നിലപാടുകളും എടുക്കും. അതെല്ലാം തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്ന് സീറ്റ് വാഗ്ദാനം ചെയ്തവരുണ്ട്. ഇത്ര സീറ്റ് ഡി.ഐ.സിക്ക് തരാമെന്നു പറഞ്ഞവരുണ്ട്. ചിലര്‍ക്ക് പിന്നീട് സഹായിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. പിന്തിരിഞ്ഞുനോക്കുമ്പോള്‍ അതൊക്കെ നന്നായി എന്നു തോന്നുന്നു. ആ സഖ്യത്തില്‍ അന്ന് അകപ്പെട്ടിരുന്നെങ്കില്‍ കോണ്‍ഗ്രസില്‍ തിരിച്ച് എത്താന്‍ കഴിയുമായിരുന്നില്ല.
ഇടതുമുന്നണിയിലേക്കുള്ള വഴി മുടക്കിയവര്‍ ആരായിരുന്നു?
രണ്ടു പേര്‍, വി.എസ്. അച്യുതാനന്ദനും വെളിയം ഭാര്‍ഗവനും. സി.പി.എമ്മിലെ വിഭാഗീയതയില്‍ ഞങ്ങള്‍ ഒരു ഭാഗത്ത് കക്ഷിചേരുമെന്ന ചിന്ത ദൗര്‍ഭാഗ്യവശാല്‍ അച്യുതാനന്ദനുണ്ടായി. ഈയൊരു കാരണമായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പ്പിനു പിന്നില്‍.
ആ ധാരണ മാറ്റാന്‍ വി.എസുമായി ചര്‍ച്ചക്കു ശ്രമിച്ചില്ലേ?
വി.എസുമായി ഈ വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ചില സി.പി.എം നേതാക്കള്‍ക്കുതന്നെ എതിര്‍പ്പ് ഉണ്ടായിരുന്നു. അതുകൊണ്ടു മാത്രം ചര്‍ച്ച നടന്നില്ല.
സി.പി.ഐയുടെ എതിര്‍പ്പിന്റെ കാരണം എന്തായിരുന്നു?
സി.പി.ഐയുടെ എതിര്‍പ്പ് വെളിയം ഭാര്‍ഗവന്റെ പേഴ്‌സനല്‍ അജണ്ട ആയിരുന്നു. ഒരുമിച്ചായിരുന്ന  കാലത്ത് കെ. കരുണാകരനുമായുണ്ടായ ശത്രുത ഒരു കുടിപ്പകപോലെ വെളിയം  ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നു. അല്ലാതെ സി.പി.ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കരുണാകരനോട് വിദ്വേഷത്തിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കരുണാകരന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്ന മുന്നണിയുടെ ആ കാലത്തുതന്നെ വെളിയം ഭാര്‍ഗവന് പല കാര്യങ്ങളിലും കരുണാകരനുമായി എതിര്‍പ്പുണ്ടായിരുന്നു. ആ പക വര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചു. ഈ രണ്ടു കാരണങ്ങള്‍ തന്നെയായിരുന്നു ഇടതിലേക്കുള്ള ഞങ്ങളുടെ വഴിമുടക്കിയത്. സി.പി.എമ്മിലെ വലിയൊരു വിഭാഗം ഞങ്ങള്‍ മുന്നണിയില്‍ എത്തുന്നതിന് അനുകൂലമായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമായി ധാരണയിലായിരുന്നു. തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയായിതന്നെ പ്രവര്‍ത്തിച്ചു.
തുടര്‍ന്നുണ്ടായ യു.ഡി.എഫ് സഖ്യം?
അതൊരു പരാജയമായിരുന്നു, പരീക്ഷണഘട്ടമായിരുന്നു. ദീര്‍ഘകാലം യു.ഡി.എഫിനെ എതിര്‍ത്തശേഷം അവരുമായുള്ള സഖ്യം ഞങ്ങള്‍ക്കും അവര്‍ക്കും ദോഷം ചെയ്തു. ഞങ്ങളെക്കൊണ്ട് ഒരു ഗുണവും അവര്‍ക്ക് ഉണ്ടായില്ല. സഖ്യംകൊണ്ട് ഒരു നേട്ടവും ഞങ്ങള്‍ക്കും ഉണ്ടായില്ല.
മുരളീധരന്റെ രാഷ്ട്രീയജീവിതത്തിലെ മറ്റൊരു വലിയ പിഴവ്, കെ.പി.സി.സി പ്രസിഡന്റായിരിക്കെ മന്ത്രിയാവാന്‍ ഒരുങ്ങിപ്പുറപ്പെട്ടതായിരുന്നു...?
അതെന്റെ സ്വന്തം ഇഷ്ടമായിരുന്നില്ല. അതൊരു ഹൈകമാന്‍ഡ് പാക്കേജ് ആയിരുന്നു. ഇത്തവണ താന്‍ മന്ത്രിയാകാനുമില്ല, മുഖ്യമന്ത്രിയാകാനുമില്ല എന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതില്‍ എന്റെ അനുഭവം അദ്ദേഹത്തിന് വലിയൊരു പാഠമായി. അക്കാര്യം അദ്ദേഹംതന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. ''ഹൈകമാന്‍ഡ് തീരുമാനമായിരുന്നു മുരളിയുടെ മന്ത്രിസഭാ പ്രവേശം എന്നു ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ അക്കാര്യത്തില്‍ മുരളിയെ തെറ്റിദ്ധരിക്കുന്ന വലിയൊരു ജനവിഭാഗം ഇന്നുമുണ്ട്. ഞാന്‍ മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ നാളെ  ആ ദുഷ്‌പേര് എന്നെയും പിന്തുടരും'' എന്ന് രമേശ്തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്.
ഉറച്ച ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ രമേശ് മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുമായിരുന്നില്ലേ?
അങ്ങനെ അദ്ദേഹത്തെ അക്കാര്യത്തില്‍ തെറ്റിദ്ധരിക്കേണ്ടതില്ല. ഒരു ഗവണ്‍മെന്റ് മുന്നോട്ടുപോകാന്‍ സഹകരണം ആവശ്യമാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഒരിക്കലുമൊരു മത്സരം പ്രോത്സാഹിപ്പിക്കില്ലായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു തെരഞ്ഞെടുപ്പ് ഹൈകമാന്‍ഡ് ആഗ്രഹിക്കില്ല. കാരണം, അങ്ങനെ നടത്തിയ പല പരീക്ഷണങ്ങളും പരാജയപ്പെട്ടിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടിലെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്ന് എന്തു പഠിച്ചു?
രാഷ്ട്രീയത്തില്‍ പല പ്രതിസന്ധികളെയും നേരിടേണ്ടി വരും. അതിനെ ആത്മസംയമനത്തോടെ നേരിടണം എന്നാണ് പഠിച്ച പാഠം. കോണ്‍ഗ്രസ് വിട്ടൊരു പോക്ക് എന്നൊരു ചിന്ത ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന ദൃഢനിശ്ചയവും ഒപ്പമുണ്ട്. എന്തൊക്കെ അപമാനം സഹിക്കേണ്ടിവന്നാലും ഇനിയൊരു പാളിച്ച ഉണ്ടാവില്ല. പലരുടെയും പ്രവൃത്തികളും അവഗണനകളും വേദനിപ്പിക്കുന്നുണ്ട്. എന്നു കരുതി പാര്‍ട്ടി വിടാനില്ല.
മുരളിയുടെ നേതൃത്വത്തില്‍ അസംതൃപ്തരുടെ ഗ്രൂപ്പ് രൂപപ്പെടുകയാണോ...?
ഇല്ല. വേണ്ട, അതിന്റെ ആവശ്യം ഇല്ല.
മാധ്യമം 

Blogger templates

.

ജാലകം

.