അരുന്ധതി റോയി, വേറിട്ട ശബ്ദത്തെ അടിച്ചൊതുക്കേണമോ?


'സ്വാതന്ത്ര്യം ഏക പോംവഴി' എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 21ന് ന്യൂദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട കശ്മീര്‍ സെമിനാറില്‍ ചെയ്ത വിവാദപരമായ പ്രസംഗത്തിന്റെ പേരില്‍ ബുക്കര്‍ പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം വ്യക്തമാക്കിയത്. സംഘ്പരിവാറിന്റെ ശക്തിയായ സമ്മര്‍ദത്തെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റത്തിന് അരുന്ധതിക്കും കശ്മീര്‍ ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്കുമെതിരെ കേസെടുക്കുമെന്ന് ചിദംബരം നേരത്തേ പ്രതികരിച്ചിരുന്നു. അതാണിപ്പോള്‍ അദ്ദേഹം തിരുത്തിപ്പറഞ്ഞത്. കേസെടുത്താല്‍ കലുഷമായ കശ്മീര്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുമെന്ന ആശങ്കയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഈയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അത്തരമൊരു നടപടി അന്താരാഷ്ട്രീയ തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുമെന്ന തിരിച്ചറിവുമാണ് കേന്ദ്ര സര്‍ക്കാറിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷക മതം. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ പ്രകാരം അക്രമത്തിന് നേരിട്ടാഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ മാത്രമേ കേസെടുക്കാനാവൂ എന്നാണ് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടിയത്. രാജ്യം സഹിഷ്ണുതയും സഹനശീലവും കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, ബി.ജെ.പിയുടെ വനിതാ വിഭാഗമായ ഭാരതീയ മഹിളാ മോര്‍ച്ച ദല്‍ഹിയിലെ അരുന്ധതിയുടെ വീടിനുനേരെ ആക്രമണം നടത്തി. വീടാക്രമണത്തെ ഇടതുപക്ഷ ബുദ്ധിജീവികളായ റൊമീല ഥാപ്പര്‍, കെ.എം. ശ്രീമാലി, ഡി.എന്‍. ഝാ, കെ.എന്‍. പണിക്കര്‍ തുടങ്ങിയവരടങ്ങിയ 'സഹ്മത്' ശക്തിയായി അപലപിക്കുകയും ചെയ്തു.
ന്യൂദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട കശ്മീര്‍ സെമിനാറില്‍ ഹുര്‍റിയത് കോണ്‍ഫറന്‍സിലെ തീവ്ര നിലപാടുകാരനായ സയ്യിദ് അലി ഷാ ഗീലാനിയും വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയും ചെയ്ത പ്രസംഗങ്ങള്‍ കടുത്ത വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്നും അത് തര്‍ക്ക പ്രദേശമാണെന്ന് ഇന്ത്യാ ഗവണ്‍മെന്റ് തന്നെ ഐക്യരാഷ്ട്ര സഭയില്‍ സമ്മതിച്ചതാണെന്നും അരുന്ധതി തുറന്നടിച്ചു. ബ്രിട്ടീഷ് കോളനിവാഴ്ചക്കാര്‍ ഒരു കാലത്ത് ഇന്ത്യക്കാര്‍ സ്വയംഭരണത്തിന് അയോഗ്യരാണെന്ന് ശഠിച്ചപോലെ ഇന്ന് കശ്മീരിന്റെ സ്വാതന്ത്ര്യ നിഷേധത്തിനുപയോഗിക്കുന്ന ന്യായവും അതുതന്നെയാണെന്നും അവര്‍ കുറ്റപ്പെടുത്തുകയുണ്ടായി; കശ്മീരികളുടെ 'ആസാദി'ക്കുവേണ്ടിയുള്ള സമരത്തെ പിന്തുണക്കുകയും ചെയ്തു. സ്വാഭാവികമായും ഇന്ത്യയിലെ സര്‍ക്കാറുകളും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ച കശ്മീര്‍ നയത്തിന് കടകവിരുദ്ധമാണ് അരുന്ധതി റോയിയുടെ നിലപാടെന്ന് തീര്‍ച്ച. അതിനാല്‍ത്തന്നെ, അവരുടെ പ്രസ്താവന മാധ്യമങ്ങളെയും പാര്‍ട്ടികളെയും ഏറെ പ്രകോപിപ്പിച്ചതില്‍ അദ്ഭുതവുമില്ല. പക്ഷേ, താന്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് സ്വന്തം നിലപാടിനെ ന്യായീകരിച്ചുകൊണ്ട് അവര്‍ ആവര്‍ത്തിച്ചു. വര്‍ഷങ്ങളായി കരയുന്ന കശ്മീരിലെ ദശലക്ഷക്കണക്കായ ജനങ്ങളുടെ വികാരങ്ങളാണ് താന്‍ പ്രതിഫലിപ്പിച്ചതെന്നും അവര്‍ അവകാശപ്പെട്ടു. തനിക്കെതിരെ കേസെടുക്കാന്‍ മുറവിളി കൂട്ടുന്നവരോട് അരുന്ധതിക്ക് ചോദിക്കാനുണ്ടായിരുന്നത് ഇതാണ്. വര്‍ഗീയ കൊലപാതകികളും കൂട്ടക്കൊലയാളികളും കൊള്ളക്കാരും ബലാത്സംഗക്കാരും പാവങ്ങളെ ദ്രോഹിക്കുന്നവരും സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ നീതിക്കായി ശബ്ദിക്കുന്നവരെ നിഷ്‌കരുണം നേരിടണമെന്നാണോ?
സാഹിത്യകാരിയും ധീര സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി എന്നും വിവാദങ്ങളോടൊപ്പമാണ് ജീവിച്ചുവന്നിട്ടുള്ളത്. ഒരുവേള, സുപ്രീംകോടതിയുടെ ശിക്ഷപോലും കോടതിയലക്ഷ്യത്തിന് അവര്‍ ഏറ്റുവാങ്ങേണ്ടിവന്നു. സാമ്രാജ്യത്വ അധിനിവേശത്തിനും ഭീകര പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വികസന പദ്ധതികള്‍ക്കും അനുസ്യൂതമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ നിരന്തരം പോരാടുന്ന ധീരരായ ആണുങ്ങളും പെണ്ണുങ്ങളും 110 കോടി ജനങ്ങളുടെ ഈ ജനാധിപത്യരാജ്യത്ത് വിരലിലെണ്ണാവുന്നവരേയുള്ളൂ. ജനാധിപത്യത്തെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുകയും ഹിമാലയന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളും ചിന്തകരും സാംസ്‌കാരിക നായകരും പരസ്‌പരം മത്സരിക്കുന്നുണ്ടെങ്കിലും ജനാധിപത്യത്തില്‍ അഭിമതമായ ഭിന്നസ്വരവും വിമര്‍ശവും കടുകിട സഹിഷ്ണുതയോടെ പൊറുപ്പിക്കാന്‍ ആരും തയാറല്ല. ദേശീയ പ്രശ്‌നങ്ങളില്‍ വേറിട്ട ശബ്ദം ഉയര്‍ന്നാല്‍ ഉടനെ പിടികൂടി തുറുങ്കിലടക്കാനും തൂക്കിലേറ്റാനുമുള്ള മുറവിളി മുഴക്കുകയായി. ദേശസ്‌നേഹം അതിവൈകാരിക ദേശീയതാ ജ്വരമായി ഒരു വിഭാഗം ആളിക്കത്തിക്കുകയും അത് നമ്മുടെ സാമാന്യബോധത്തെ കീഴടക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ മാറ്റം. വിഭജനത്തെ തുടര്‍ന്ന്, കരാര്‍ പ്രകാരം പാകിസ്താനു കൊടുത്തുവീട്ടാനുള്ള ബാധ്യത കൊടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണല്ലോ രാഷ്ട്രപിതാവിന്റെ നേരെ ഭീകര ദേശീയവാദികള്‍ നിറത്തോക്ക് ഒഴിച്ചത്. അന്ന് ഒരു വിഭാഗത്തില്‍ പരിമിതമായിരുന്ന ദേശീയതാ ഭ്രാന്ത് ഇന്ന് ഇന്ത്യയുടെ പൊതുവികാരമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് വിവിധ പ്രശ്‌നങ്ങളിലുള്ള രാജ്യത്തിന്റെ ആത്യന്തിക നയനിലപാടുകള്‍ സൂചിപ്പിക്കുന്നത്. കശ്മീര്‍ പ്രശ്‌നവും അതിലൊന്നാണ്. കശ്മീര്‍ പ്രശ്‌നമായപ്പോള്‍, പാകിസ്താന്റെ പിന്തുണയോടെ ആ നാട്ടുരാജ്യത്തിന്റെ ഒരു ഭാഗം കൈയേറ്റക്കാര്‍ പിടിച്ചെടുത്ത നേരത്ത് രാജാവുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായി ഇന്ത്യക്ക് അവിടെ സൈനികമായി ഇടപെടേണ്ടിവന്നു. പ്രശ്‌നം ഐക്യരാഷ്ട്ര സഭയിലെത്തിയപ്പോള്‍ കശ്മീരിനെ ഇന്ത്യയോട് കൂട്ടിചേര്‍ത്ത നടപടി താല്‍ക്കാലികമാണെന്നും ജനഹിത പരിശോധനയിലൂടെയാണ് അന്തിമ തീരുമാനം ഉണ്ടാവുകയെന്നുമാണ് അന്നത്തെ നെഹ്‌റു സര്‍ക്കാര്‍ ഉറപ്പു കൊടുത്തത്. ആ ഹിതപരിശോധന പക്ഷേ പല കാരണങ്ങളാല്‍ നടന്നില്ല. ഈ വസ്തുതയാണ് അരുന്ധതി റോയി വിവാദമായിത്തീര്‍ന്ന പ്രസംഗത്തില്‍ അനുസ്മരിച്ചത്. ഇനി പരിഹാരം അവരോ ഗീലാനിയോ മറ്റു കശ്മീര്‍ സംഘടനകളോ ആവശ്യപ്പെടുന്നപോലെ 'ആസാദി' ആവണമെന്നില്ല. മറ്റു സമാധാനപരമായ പോംവഴികളാരായാനാണ് സര്‍ക്കാര്‍ മധ്യസ്ഥസമിതിയെ നിയോഗിച്ചത്. ഒരു വര്‍ഷത്തിനിടക്ക് പരിഹാരമാര്‍ഗം നിര്‍ദേശിക്കാന്‍ സമിതിക്ക് കഴിഞ്ഞാന്‍ എല്ലാവര്‍ക്കും നല്ലത്. അതിനുമുമ്പ് നീതിക്കുവേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ തന്നെ യശസ്സിന് മങ്ങലേല്‍പ്പിക്കും. ചിദംബരം യാഥാര്‍ഥ്യനിഷ്ഠമായ ഒരു നിലപാട് ഇക്കാര്യത്തില്‍ സ്വീകരിച്ചത് ഏതായാലും നന്നായി.

മാധ്യമം 

Share




6 അഭിപ്രായ(ങ്ങള്‍):

  • IndianSatan.com says:
    2010, നവംബർ 4 2:17 AM

    മാധ്യമ ലോകം അരുന്ധതിക്കു വേണ്ടി വല്ലാതങ്ങ് വിയര്‍പ്പ് ഒഴുക്കുന്നുണ്ടല്ലോ....?
    ഒന്ന് വ്യക്തം ഒന്നുകില്‍ നിങ്ങള്‍ പാക്‌ അനുകൂലി സമൂഹം! അല്ല എങ്കില്‍ ചൈന അനുകൂലി സമൂഹം.....!!
    ഇന്ത്യ അനുകൂലി സമൂഹത്തേ മറിച്ചു ചിന്തിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് ഏതായാലും......

  • IndianSatan.com says:
    2010, നവംബർ 4 2:19 AM

    കാശ്മീരിനേ സ്വര്‍ഗ്ഗരാജ്യം ആക്കാന്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റണം എന്ന് ആഹ്വാനം ചെയുന്ന ഓരോ വ്യക്തിയും പാകിസ്താന്റേ കൈവശം ഉള്ള കാശ്മീരില്‍ (Pakistan Occupied Kashmir - POK) ഇപ്പോള്‍ എന്തു നടക്കുന്നു എന്ന് അറിയണം.

    POK യിലേ ഖനികളും, സകല തന്ത്രപ്രധാനം ആയ മേഖലകളും, ചൈനയ്ക്കു തീറ് എഴുതി കൊടുക്കുന്ന പാകിസ്താന്‍ നടപടിക്കു എതിരേ പോരാടുന്ന അവിടുത്തേ പാവപ്പെട്ട കാശ്മീരി യുടേ സ്വരത്തിനും എന്തങ്കിലും വില കൊടുത്തു കൂടേ....

    കാശ്മീരിന്റേ ഭാഗം ആയ 'അക്സായ്‌ ചിന്‍' പൂര്‍ണം ആയും ചൈനയ്ക്കു സമ്മാനം ആയി നല്‍കിയ പാകിസ്താന്‍ നടപടി കാശ്മീരിനോടുള്ള അവരുടേ അഗാധ പ്രേമത്തിന്റേ തെളിവാണോ.....?

  • Unknown says:
    2010, നവംബർ 4 4:55 PM

    @IndianSatan.comഈ ''അനുകുലി'' സമൂഹമാണ്‌ പ്രശ്നം,കാശ്മീര്‍ ഒരു രാഷ്ട്രീയം മാത്രം! ഇന്ത്യ -പാക്‌ സര്‍കരുകളുടെ,സൈനികരുടെ,.. കൊള്ളരുതയ്മകളുടെ,ഇടയില്‍ പിടയുന്ന പാവം ജനങളുടെ പക്ഷത്താണ് വേണ്ടത് ''നമ്മുടെ "ഇടം !

  • അജ്ഞാതന്‍ says:
    2010, നവംബർ 4 7:46 PM

    ഇന്ത്യന്‍ സാത്താന്‍ ആകാതെ, നമ്മള്‍ ''മനുഷ്യരെന്നു'' പറയൂ സാത്താനെ ! തുടരുക മാധ്യമാലോകമേ ...അഭിവാദ്യങ്ങള്‍..

  • IndianSatan says:
    2010, നവംബർ 5 5:28 PM

    @മാധ്യമലോകം കാശ്മീരിലും ആസ്സാമിലും ഒക്കേ പട്ടാളക്കാരുടേ ഇടയില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യര്‍ക്ക്‌ വേണ്ടി നമുക്ക് പോരാടാം, അത് നല്ലത്, പക്ഷേ അതിന്റേ പേരില്‍ മറ്റൊരു രാജ്യത്തിന് മുതലെടുപ്പ് നടത്താന്‍ അവസരം കൊടുക്കുന്നത് എന്തിന്!

  • Ajith says:
    2010, ഡിസംബർ 2 6:09 PM

    It will be complete if we could see what the complaintant(Sushil Pandit) who filed the case has to say .
    " He was mocking Indians and people laughed and ridiculed India." These seven people, he says, are the terrorists he could never fight against in Kashmir - they are the ones defending people like Yasin Malik and Bitta Karate, who murdered
    innocent Kashmiri Pandits but are “still roaming free”"

    From sushil Pandit :A Kashmiri Pandit born and brought up in Delhi as his parents has to flee the Kashmir valley

Blogger templates

.

ജാലകം

.