ഇരുട്ടില്‍ തപ്പുന്നു, ഇടതു നേതാക്കള്‍



സെക്രട്ടേറിയറ്റിലെ ക്ലോക്ക് ടവറില്‍ പന്ത്രണ്ടുമണി. നേരം നട്ടുച്ച. തെക്കേ ഗേറ്റില്‍ തലസ്ഥാനത്തെ പ്രശസ്തമായൊരു ഡ്രൈവിങ് സ്‌കൂളിന്റെ കാര്‍ വന്നു നിന്നു. അതില്‍ നിന്നിറങ്ങിയത് ശുഭ്രവസ്ത്രധാരിയായ ഒരു നവോഢ. ഗേറ്റിലെ സെക്യൂരിറ്റിക്കാരോട് പരിചയഭാവത്തില്‍ പുഞ്ചിരിച്ച് അകത്തേക്കാണ് പോക്ക്. സെക്രട്ടേറിയറ്റിലെ ഒരു സുപ്രധാന സീറ്റ് അലങ്കരിക്കുന്നു മാന്യ വനിത.  രാവിലെ വന്ന് ഹാജര്‍ രേഖപ്പെടുത്തി പിരിഞ്ഞതാണ്, ഡ്രൈവിങ് പഠനത്തിന്. ഇനി ചെന്നിട്ടു വേണം ആഴ്ചകളായി മോചനം കാത്തുകിടക്കുന്ന ഫയലുകളെ പറ്റി ചിന്തിക്കാന്‍.
പണ്ട്, കൃത്യനിഷ്ഠയോടെ പോയിരുന്ന സെക്രട്ടേറിയറ്റില്‍ കണ്ടുവരുന്ന നിരവധി ദൃശ്യങ്ങളില്‍ ഒന്ന്. മന്ത്രിമാരുടെ മൂക്കിനുതാഴെ കഥ ഇതാണെങ്കില്‍ മറ്റ് സര്‍ക്കാര്‍ ഓഫിസുകളുടെ അവസ്ഥ ആര്‍ക്കും ഊഹിക്കാം. കാരണം തിരഞ്ഞാല്‍ വിചിത്രസത്യങ്ങള്‍ കാണാം. പണ്ടൊക്കെ ജോലിചെയ്യാന്‍ ശീലിപ്പിച്ചിരുന്ന സര്‍വീസ് യൂനിയനുകള്‍ക്ക് അംഗത്വം അനുദിനം പെരുപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചിന്ത.  ജോലിയോടുള്ള പ്രതിബദ്ധത എന്നേ ഒഴിഞ്ഞു പോയി. പണ്ടൊക്കെ സ്വന്തം സര്‍ക്കാറിനെ എത്രയും മികച്ചതാക്കാന്‍ രാപ്പകലില്ലാതെ ജോലിചെയ്യാന്‍ പ്രേരിപ്പിച്ചവരാണ് ഇടതു സര്‍വീസ്‌സംഘടനകള്‍. എന്നാല്‍, ഇപ്പോള്‍ പ്രതിബദ്ധതയൊക്കെ പഴങ്കഥയായി. നമ്മുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നമ്മുടെ ജീവനക്കാര്‍ ജോലിചെയ്യേണ്ടതില്ലെന്ന സന്ദേശമാണ് ചില യൂനിയനുകള്‍ അംഗത്വം ആകര്‍ഷിക്കാനായി ഇറക്കുന്ന തുറുപ്പുശീട്ട്. ഭരണതലത്തിലെ, ഈ അനാസ്ഥക്കു കാരണങ്ങളില്‍ ഇതും പ്രധാനമാണ്.
തദ്ദേശ തെരഞ്ഞെടുപ്പുഫലം വിലയിരുത്തുമ്പോള്‍ ഉത്തരവാദികളുടെ പട്ടികയില്‍ ഇത്തരം ജീവനക്കാരെയും അവരുടെ യൂനിയനുകളെയും ഉള്‍പ്പെടുത്താന്‍ മറന്നുപോകരുത്. സാധാരണജനങ്ങളുടെ ജീവിതത്തെയാണ് ഇക്കൂട്ടര്‍ പരിഹസിക്കുന്നത്. അവരുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്കുമേലാണ് ഇവര്‍ ഡ്രൈവിങ് പഠിക്കുന്നത്. ഇത്തരം യൂനിയനുകള്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ജനങ്ങളെ മറക്കുന്നു. ജനത്തെ മറന്ന് ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. പോയാല്‍ എന്തുസംഭവിക്കുമെന്ന് പ്രഫ. എം.എന്‍. വിജയന്‍ പതിറ്റാണ്ടു മുമ്പേ പ്രവചിച്ചു - 'പാര്‍ട്ടിയുണ്ടാകും, ജനം ഉണ്ടാകില്ല'.  പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ വന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിലും ജനം ഇടതുമുന്നണിയോടൊപ്പം ഉണ്ടായില്ല.
വെള്ളത്തിലെ മത്സ്യം പോലെയായിരിക്കണം പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മാര്‍ക്‌സിസത്തിന്റെ അപ്പോസ്തലനായ സോവിയറ്റ് നേതാവ് സാക്ഷാല്‍ വ്‌ളാദിമിര്‍ ഇല്യച്ച് ലെനിന്‍ മാര്‍ഗനിര്‍ദേശം ചെയ്തിരുന്നു. വിവിധ ജനവിഭാഗങ്ങളെ വെല്ലുവിളിക്കാനും കീടങ്ങളായി കണക്കാക്കാനും അദ്ദേഹം കമ്യൂണിസ്റ്റുകാരെ പരിശീലിപ്പിച്ചില്ല. ജനങ്ങളുമായി ബന്ധം ഉറപ്പിച്ചെടുക്കാനാണ് പാര്‍ട്ടിയെ പഠിപ്പിച്ചത്. ആ ബന്ധം കാത്തുസൂക്ഷിക്കാന്‍ ഏതു പ്രതിസന്ധിയിലും സി.പി.എം ശ്രമിച്ചിരുന്നു. ആ ജൈവ ബന്ധമാണ്, നേതൃത്വവും അവരുടെ സ്തുതിപാഠകരും കൂടി നശിപ്പിച്ചു കളഞ്ഞത്. അത് മനസ്സിലാക്കുന്നതില്‍ ഇപ്പോഴും നേതൃത്വം പരാജയപ്പെടുന്നു എന്നാണ്  സംസ്ഥാനസമിതിയുടെയും സെക്രട്ടേറിയറ്റിന്റെയും ചര്‍ച്ചകളില്‍നിന്ന് മനസ്സിലാകുന്നത്.
വിവിധ ജനവിഭാഗങ്ങള്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യാതിരുന്നതെന്ത് എന്നതിലല്ല, സാമുദായികധ്രുവീകരണമുണ്ടായോ എന്നാണ് സി.പി.എം ഇപ്പോഴും അന്വേഷിക്കുന്നത്. മറ്റൊന്നും പ്രതീക്ഷിക്കാതെ നിരുപാധികം കൂടെ നിന്ന  ന്യൂനപക്ഷ - ദലിത് വിഭാഗങ്ങളെ ആട്ടിയകറ്റുകയായിരുന്നുവല്ലോ. അവര്‍ ചെയ്ത പാതകമെന്തായിരുന്നു?  സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ച് കുത്തകകളുടെ കീശ വീര്‍പ്പിക്കുന്ന വികസനമെന്നു പറയപ്പെടുന്ന റിയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങളെ എതിര്‍ത്തതോ?
പരാജയ കാരണം പരിശോധിക്കാന്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടുപിടിച്ച ന്യായങ്ങളാണ് ഏറെ വിചിത്രം. തങ്ങള്‍ക്കെതിരായി സാമുദായികധ്രുവീകരണമുണ്ടായി എന്നാണ് ന്യായം. ഇത് സി.പി.എം ആദ്യമായല്ല, പറയുന്നത്. 2001ല്‍ നിയമസഭയിലേക്ക് തോറ്റപ്പോഴും ജാതിമത ശക്തികളുടെ ധ്രുവീകരണമെന്നു പറഞ്ഞിരുന്നു. പിന്നീട് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഇടതുമുന്നണി ശക്തമായ തിരിച്ചുവരവു നടത്തിയത്, സാമുദായികശക്തികള്‍ അവരെ സഹായിച്ചതിനാലാണോ? അതോ വിവിധ ജനവിഭാഗങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചതിനാലോ? സമൂഹത്തിലെ സാധാരണക്കാരുടെ ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ തങ്ങള്‍ക്കു കഴിഞ്ഞോ എന്ന ആത്മ പരിശോധനയാണ് സി.പി.എമ്മില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. സാമുദായികനേതാക്കളുടെയോ സഭാനേതാക്കളുടെയോ എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നല്ല. അവരും ജനത്തിന്റെ ഭാഗം തന്നെയാണല്ലോ. അതിലുപരി പൊതുവായുണ്ടായ ഭരണവിരുദ്ധ വികാരത്തെ നേതാക്കള്‍ മറന്നുപോകുന്നു. സംസ്ഥാനതലത്തിലും തദ്ദേശ തലത്തിലും കഴിഞ്ഞ അഞ്ചുവര്‍ഷം അവര്‍ എന്താണു ചെയ്തതെന്ന് കണ്ടുകൊണ്ടിരുന്നവരാണ് കേരള ജനത.
സി.പി.എമ്മിന്റെ ഭരണത്തണലിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ ഏറ്റവും മികച്ച സംഘടനാസംവിധാനമുള്ള സി.പി.എം ഈ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കണ്ടത്.  അതനുസരിച്ചുള്ള വാര്‍ഡുവിഭജനവും വോട്ടര്‍പട്ടിക തയാറാക്കലും നടന്നു. പാര്‍ട്ടി മെഷിനറി കൈമെയ് മറന്നു പ്രവര്‍ത്തിച്ചു.
മുന്‍കൂട്ടി സ്ഥാനാര്‍ഥിനിര്‍ണയം നടത്തി. വളരെ നേരത്തേ പ്രചാരണം തുടങ്ങി. നേതാക്കള്‍ കേരളമാകെ ഓടിനടന്ന് പ്രസംഗിച്ചു. എതിര്‍പക്ഷം അതിന്റെ നാലിലൊന്ന് പ്രയത്‌നിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. കോണ്‍ഗ്രസിന്റെ പ്രാദേശികപ്രശ്‌നങ്ങളും വിമതശല്യവുമൊക്കെ ഇടതുപക്ഷം പെരുപ്പിച്ചു കാട്ടുകയും ചെയ്തിരുന്നു. യു.ഡി.എഫ് ഒരു തയാറെടുപ്പും നടത്തിയില്ല. പരാജയസാധ്യത മുന്നില്‍കണ്ട് വീട്ടില്‍ നിന്നിറങ്ങാതിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പോലും വാശിയോടെ ജയിപ്പിക്കുകയായിരുന്നു എന്നുപറഞ്ഞാല്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചേക്കും. അവര്‍ തോല്‍പിക്കുകയായിരുന്നു, ഇടതുപക്ഷത്തെ. അതിനാല്‍, ഈ വിജയത്തില്‍ യു.ഡി.എഫിനും അഭിമാനിക്കാന്‍ കാര്യമായി ഒന്നുമില്ല.
തോല്‍ക്കാന്‍ സാധ്യതയുള്ളപ്പോഴെല്ലാം അത് മുന്‍കുട്ടി അറിയുന്നവരാണ്, സി.പി.എമ്മുകാര്‍. എന്നാല്‍, ഇക്കുറി അവര്‍ വന്‍ വിജയപ്രതീക്ഷയാണ് പുലര്‍ത്തിയത്.  കീഴ്ത്തട്ടിലെ സ്തുതിപാഠകര്‍ നല്‍കിയ വിവരം അതായിരുന്നു. പണ്ട് രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മന്‍പട്ടാളം തോറ്റു തുന്നംപാടിക്കൊണ്ടിരുന്നപ്പോഴും അതൊന്നും അന്വേഷിക്കാതിരുന്ന സ്തുതിപാഠകരായിരുന്ന ലഫ്റ്റനന്റുമാര്‍ ഹിറ്റ്‌ലറെ അറിയിച്ചത് യുദ്ധം ജയിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു.  അവസാനം ശത്രുക്കള്‍ ഇരച്ചുകയറിയപ്പോള്‍ അദ്ദേഹത്തിന് ആത്മഹത്യയല്ലാതെ വേറെ വഴിയില്ലായിരുന്നു. ജനങ്ങളില്‍ നിന്നകലുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും സംഭവിക്കുന്ന അപകടം അതാണ്. ജനമനസ്സറിയണമെങ്കില്‍ 'വെള്ളത്തില്‍ മീന്‍' എന്നപോലെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കണം. നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ആ വിധ പ്രവര്‍ത്തനരീതിയില്‍ നിന്ന് മാറിപ്പോകുന്നത്  കേരളത്തിന്റെ ദുര്യോഗം എന്നല്ലാതെ എന്തു പറയാന്‍!
ജനകീയാസൂത്രണം വഴി കീഴ്ത്തട്ടില്‍ വരെ അഴിമതി വികേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ ചെറിയ നേതാക്കളുടെ കൈകളില്‍ പോലും താങ്ങാനാകാത്ത സമ്പാദ്യങ്ങള്‍ വന്നുതുടങ്ങി. വലിയ നേതാക്കളും ധനസമ്പാദനത്തിനാണ് മുന്‍ഗണന നല്‍കിയത്. പാര്‍ട്ടിയുടെ പൊതു പ്രവര്‍ത്തനമെന്നത് ധന സംഘാടനമായി. ഭരണത്തണലില്‍ പാര്‍ട്ടിയും കുത്തക മുതലാളിമാരെ പോലെ സ്വത്തുകളും സ്ഥാപനങ്ങളും വാരിക്കൂട്ടി. സ്വാഭാവികമായും  ഈ സാഹചര്യത്തില്‍ പാര്‍ലമെന്ററി വ്യാമോഹം അതിതീക്ഷ്ണമായി വളരുകതന്നെ ചെയ്യും. അങ്ങനെയാണ് പാര്‍ട്ടിയുടെ ജനങ്ങളുമായുള്ള ബന്ധം മുരടിച്ചത്. നിലവില്‍ സാമ്പത്തികഭദ്രതയുള്ള പാര്‍ട്ടിയുണ്ട്. പക്ഷേ, അതോടൊപ്പം ജനം ഇല്ലാതാകുന്നു. സര്‍വീസ് സംഘടനകളും തൊഴിലാളിസംഘടനകളും മറ്റു വര്‍ഗ ബഹുജന സംഘടനകളും ഇതുപോലെ വിവിധ വര്‍ഗവിഭാഗങ്ങളെ കൈവെടിഞ്ഞു. യൂനിയനുകളുടെ വലിപ്പം നോക്കിയാല്‍ കേരളത്തില്‍ ഏറ്റവും പ്രബലമാണ് പ്രസ്ഥാനം. എന്‍.ജി.ഒ യൂനിയന്‍, ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍, പഞ്ചായത്ത് എംപ്ലോയീസ് യൂനിയന്‍, കേരള മുനിസിപ്പല്‍ എംപ്ലോയീസ് ആന്‍ഡ് സ്റ്റാഫ് യൂനിയന്‍ തുടങ്ങി സി.പി.എമ്മിന്റെ എല്ലാ യൂനിയനുകള്‍ക്കും അംഗസഖ്യ മറ്റു സംഘടനകളെ അസൂയപ്പെടുത്തുന്നതാണ്. തൊഴിലാളി യൂനിയനുകളുടെ സ്ഥിതി അതിലും മുകളിലാണ്. ഈ സംഘടനകളുടെ സമ്മേളനങ്ങളില്‍ ജനസമുദ്രങ്ങള്‍ ഉണ്ടാകുന്നു. പക്ഷേ, ഇവരുടെ വോട്ടുപോലും അരിവാള്‍ പെട്ടിയില്‍ നിന്നു ചോരുന്നുവോയെന്നു ചിന്തിപ്പിക്കുന്നതാണ്, ഈ തെരഞ്ഞെടുപ്പുഫലം.
ഈ മാധ്യമയുഗത്തില്‍ ആര്‍ക്കും അധികമൊന്നും മറച്ചുവെക്കാനാകില്ല. ജനം പലതും വായിച്ചും കേട്ടും കണ്ടും അറിഞ്ഞുകൊണ്ടിരിക്കുന്നു. നേതാക്കളുടെ ജീവിതശൈലിയിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നു. നേതാക്കളുടെ ശരീര ഭാഷയിലുണ്ടായ വ്യത്യാസങ്ങള്‍ അനുയായികളെ പോലും അലോസരപ്പെടുത്തുന്നുണ്ട്. ഭാഷയും ഏറെ മാറിപ്പോയിട്ടുണ്ട്. നേതാക്കളില്‍ ചിലര്‍ അസഭ്യത്തിന്റെയും ബുദ്ധിജീവികളെന്നു കരുതപ്പെടുന്ന മറ്റു ചിലര്‍ അഹങ്കാരത്തിന്റെയും ഭാഷ തിരഞ്ഞെടുക്കുമ്പോള്‍ അണികള്‍ക്കും ഉണ്ടാകും ഒരു മടുപ്പ്.  അവര്‍ നടത്തുന്ന പര്യടനങ്ങള്‍ക്കിടയില്‍ കുത്തകമുതലാളിമാരുടെ വീടുകളില്‍ പ്രാതലും അത്താഴവിരുന്നും ഒരുങ്ങുന്നത് ജനം കണ്ടുകൊണ്ടിരിക്കുന്നു.
അത് മനസ്സിലാക്കാതെ, ഒരു ബിഷപ്പ് കത്തെഴുതിയതുകൊണ്ടാണ് തോറ്റതെന്നു ന്യായം പറയുന്ന നേതൃത്വം, തിരുത്തലിന്റെ വഴിക്കല്ല സഞ്ചരിക്കുന്നത്. നേര്‍വഴിക്ക് നയിക്കാന്‍ കഴിയുന്ന ഒരു പോളിറ്റ് ബ്യൂറോയോ ഇ.എം.എസിനെ പോലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ വെളിച്ചം കാട്ടുന്ന ഒരു നേതാവോ ഇല്ലാത്ത ഒരു പാര്‍ട്ടിയുടെ ദിശാബോധമില്ലായ്മയാണ് തോല്‍വിയെ സംബന്ധിച്ച വിലയിരുത്തലില്‍ പ്രകടമായത്.

വയലാര്‍ ഗോപകുമാര്‍


Share

Blogger templates

.

ജാലകം

.