പതിരിന്റെ വിളയാട്ടം
കവി എ.അയ്യപ്പന്റെ അബോധാവസ്ഥക്കും മരണത്തിനും ഇടക്ക് ഇടപെടാന്‍ മനുഷ്യനും മനുഷ്യത്വത്തിനും ധാരാളം സമയമുണ്ടായിരുന്നു. ഏറ്റവും ചുരുങ്ങിയത് രണ്ടു മൂന്നു മണിക്കൂറെങ്കിലും. പക്ഷേ, ഒരാള്‍പോലും ഇടപെട്ടില്ല.തലസ്ഥാന നഗരിയിലെ, തിരക്കേറിയ തമ്പാനൂരിലെ ശ്രീ വിശാഖ് തിയറ്ററിന്റെ കൗണ്ടറിനോടു ചേര്‍ന്നുള്ള റോഡരികില്‍ മൂന്നു നാലു മണിക്കൂറെങ്കിലും കവി കിടന്നു. ബോധമറ്റ് മണിക്കൂറുകളോളം അയ്യപ്പന്‍ തെരുവോരത്തു കിടന്നു എന്ന് എഴുതിയ പത്രവാര്‍ത്തകളില്‍ ഒരു വെളിപ്പെടുത്തലുണ്ട്: വലതുകൈ വെയിലേറ്റ് പൊളളിയ നിലയിലായിരുന്നു എന്ന്. സൂര്യതാപമേറ്റു ദേഹം പൊള്ളിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായും. രണ്ടര മൂന്നു മണിക്കൂറെങ്കിലും വെയിലത്തു കിടന്നാലേ നമ്മുടെ കാലാവസ്ഥയില്‍ പൊള്ളലേല്‍ക്കൂ എന്ന് ഫോറന്‍സിക്‌വിദഗ്ധര്‍ പറയുന്നു. മുഖത്തിന്റെ ഭാഗങ്ങള്‍ ആഹരിക്കാനും കണ്ണില്‍ താവളമുണ്ടാക്കാനും ഉറുമ്പിന്‍ കൂട്ടങ്ങള്‍ക്കും ചില്ലറ സമയം മതിയാകില്ല.
കവിയുടെ കാര്യമിരിക്കട്ടെ, ഏതോ ഒരാള്‍ വീണുകിടക്കുന്നു എന്നുപോലും കണ്ടവര്‍ പരിഗണിച്ചില്ല. മദ്യപിച്ച് ബോധമറ്റുകിടക്കുന്ന തെരുവിന്റെ അശ്ലീലങ്ങളിലൊന്നായി, ഒരു ജഡം തന്നെയായി, അവര്‍ അവഗണിച്ചു. മാന്യരും സംസ്‌കാരചിത്തരുമായ ജനങ്ങള്‍ തിരക്കി കടന്നു പോയി. പ്രത്യേകിച്ചും പ്രചാരണവാഹനങ്ങള്‍ ചീറിപ്പായുന്ന വോട്ടുകള്‍തേടി ഉറുമ്പിന്‍ കൂട്ടങ്ങളെപ്പോലെ വീടുകള്‍തോറും പ്രവര്‍ത്തകര്‍ നീങ്ങുന്ന തെരഞ്ഞെടുപ്പ്തിരക്കിന്റെ പാരമ്യത്തിലും ബദ്ധപ്പാടിലുമായിരുന്നു എല്ലാവരും.
പല താളുകളിലായി നിറച്ച പത്രവാര്‍ത്തകളാകെ അരിച്ചു നോക്കിയാല്‍ കവിയുടെ വീഴ്ചയുടെയും മരണത്തിലേക്കെത്തിയ ആ കിടപ്പിന്റെയും ചിത്രം ഒരു വാര്‍ത്തയില്‍ ഇങ്ങനെ കണ്ടെത്താം:
'കമിഴ്ന്നു കിടക്കുന്ന നിലയിലാണ് തമ്പാനൂര്‍ പൊലീസ് അയ്യപ്പനെ കണ്ടത്. മുഖത്തിന്റെ ഒരു ഭാഗം മണല്‍ പറ്റി മറഞ്ഞിരുന്നു. ഒരു കണ്ണില്‍ ഉറുമ്പിന്‍കൂട്ടം പറ്റിയിരുന്നിരുന്നു. ചുണ്ടില്‍ മുറിവിന്റെ പാടുകള്‍ ഉണ്ടായിരുന്നു. വലതുകൈ വെയിലേറ്റു പൊള്ളിയ നിലയിലായിരുന്നു'. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അയ്യപ്പനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ തമ്പാനൂര്‍പൊലീസിന്റെ ദൃക്‌സാക്ഷി വിവരണമാണ് പത്രം ഉദ്ധരിച്ചത്.
ചെന്നൈയില്‍ ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വെള്ളിയാഴ്ച വൈകുന്നേരം തമ്പാനൂരില്‍നിന്നുള്ള തീവണ്ടിക്ക് റിസര്‍വേഷന്‍ നടത്തിയിരുന്നു കവി. നേമത്ത് സഹോദരിയുടെ വീട്ടില്‍ തങ്ങിയായിരുന്നു ഒരുക്കം. ആ വീട് സന്ദര്‍ശിച്ച ഒരു ലേഖകന്‍ കുറിക്കുന്നു:
'അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും ലതര്‍ബാഗില്‍ മുറിയില്‍ അടുക്കിവെച്ചിരുന്നു. ഉടുത്തുപോകാന്‍ മറ്റൊന്നും തയാറാക്കി വെച്ചു. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയിട്ട് അദ്ദേഹം മടങ്ങിയെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 5.45 ഓടെ അയ്യപ്പന്‍ വീണ്ടും വീട്ടില്‍നിന്നു പോയി, ഉറങ്ങിക്കിടന്ന വീട്ടുകാരെ ഉണര്‍ത്താതെ. ഒമ്പത് മണിക്ക് എവിടെനിന്നോ അയ്യപ്പന്‍ വീട്ടിലേക്കു വിളിച്ചു. മരുമകള്‍ ഉമ ജോലിക്കുപോയോ എന്ന് ആരാഞ്ഞു. ഫോണില്‍ ആരുടെയൊക്കെയോ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. പിന്നെ വിളിച്ചതേയില്ല'.
ഇതിനുശേഷം തിരുവനന്തപുരം സ്റ്റാച്യൂവില്‍ കൂട്ടുകാരോടൊത്തു കൂടിയതായി കവിയുടെ ഉറ്റ സുഹൃത്ത് കൈമളെ മറ്റൊരു പത്രം ഉദ്ധരിക്കുന്നു. മദ്യപിച്ചിരുന്നില്ലെന്നും ആഹ്ലാദവാനായാണ് കവി അവിടെനിന്നു പോയതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സ്റ്റാച്യൂവില്‍നിന്നുള്ള യാത്രയായിരിക്കണം തമ്പാനൂര്‍ തിയറ്ററിനോടു ചേര്‍ന്നുള്ള പാതയോരത്ത് എത്തിച്ചത്. അപ്പോഴായിരിക്കണം ഷര്‍ട്ടിന്റെ കൈച്ചുരുളില്‍ സൂക്ഷിച്ച കടലാസുതുണ്ടില്‍ കുറിച്ചിട്ട അവസാന കവിതയില്‍ മുന്‍കൂട്ടിക്കണ്ട, വേടന്റെ കൈക്രിയ നടന്നത്:
അമ്പ് ഏതു നിമിഷവുംമരണത്തില്നിന്ന് ഒരിക്കല്‍ക്കൂടി രക്ഷപ്പെടാനുളള ആ ഓട്ടത്തിലായിരിക്കും കവി കമിഴ്ന്നു നെഞ്ചടിച്ചു വീണത്.
മുതുകില്‍ തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഇല്ല, ആരും ചെന്നില്ല. ഒരു കൈത്താങ്ങു കിട്ടാതെ, അയ്യപ്പന്‍ അവിടെ കിടന്നു. അറം പറ്റിയ ആ കവിതയില്‍ കുറിച്ചപോലെ: 'ഒരു മരവും മറ തന്നില്ല'. കോണ്‍ക്രീറ്റു പാതയുടെ ചൂടിലും സൂര്യതാപത്തിലും, പൊള്ളിച്ചെടുത്ത നീണ്ട കിടപ്പ്. അതിനിടയില്‍ എപ്പോഴോ,
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ച്
അവന്‍െ വായ്ക്ക് ഞാനിരയായി.
കവിയുടെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് ആ മരണത്തിന്റെ ഔദ്യോഗികരേഖയുടെ ഭാഗമായിക്കഴിഞ്ഞ ഈ കവിത ഉദ്ധരിച്ച്, ഇനി സാംസ്‌കാരിക കേരളത്തിന് ആശ്വസിക്കാം. ഒടുക്കവും തെരുവിലെന്നും അസ്തമയവും വഴിയരികിലെന്നും കാവ്യാത്മകമായി തലക്കെട്ടിടാന്‍ മാധ്യമങ്ങള്‍ക്ക് എളുപ്പമായി. ആകാശത്തിലും സമുദ്രത്തിലും ആള്‍ക്കൂട്ടമില്ലാത്തതുകൊണ്ട് തനിക്കുമാത്രം പോകുവാന്‍ തെരുവു പണിയുന്നുവെന്ന് എഴുതിയ കവി തെരുവില്‍ കിടന്നുതന്നെ മരിക്കണമെന്നാകും നമ്മുടെ ശാഠ്യം!
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ്പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ദിവസം പുലര്‍ന്നതിനു പിറകേയാണ് ജനറലാശുപത്രിയിലെ മോര്‍ച്ചറിയില്‍ പുതിയ കൂട്ടുകാര്‍ക്കൊപ്പം എ. അയ്യപ്പന്‍ ജഡമായിക്കിടക്കുന്ന വാര്‍ത്ത പരന്നത്. അയ്യപ്പന്റെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിച്ചാല്‍ മതിയെന്ന് സാംസ്‌കാരികവകുപ്പ് ഭരിക്കുന്ന രാഷ്ട്രീയനേതൃത്വം ആദ്യം പ്രഖ്യാപിച്ചു. ശനിയാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ്. ഞായറാഴ്ച വിശ്രമം. തിങ്കളാഴ്ച സാംസ്‌കാരികവകുപ്പിന്റെ ആസ്ഥാനങ്ങള്‍ പലതുള്ള തൃശൂര്‍ ജില്ലയിലടക്കം തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ചയാണെന്ന 'ശ്രദ്ധക്കുറവ്' ആരോ ശ്രദ്ധയില്‍ പെടുത്തി. ആ അസൗകര്യം പരിഗണിച്ച് ശവസംസ്‌കാരം വീണ്ടും ചൊവ്വാഴ്ചക്ക് നീട്ടി. സാംസ്‌കാരികനായകരുടെ രാഷ്ട്രീയചുമതല തീരും വരെ അയ്യപ്പന്‍ മോര്‍ച്ചറിയില്‍ കിടന്നു. തന്നെ ചുമക്കാന്‍ ശവപ്പെട്ടിയുമായി വരുന്നവരെ കാത്ത്, ഹൃദയത്തിന്റെ സ്ഥാനത്ത് സൂക്ഷിച്ച പൂവുമായി.
ഒടുവില്‍, ചൊവ്വാഴ്ച ആകാശത്തേക്കു നിറയൊഴിച്ചു നല്‍കിയ സംസ്ഥാന ബഹുമതി. അതിന് അകമ്പടിയും നേതൃത്വവും നല്‍കി,അഞ്ചു ദിവസത്തെ ഇടവേളക്കുശേഷം മരണാനന്തര യാത്രയയപ്പ് നല്‍കിയ സാംസ്‌കാരിക അധികൃതര്‍.
അതില്‍ ക്ഷുഭിതമാകുന്ന കേരള മനസ്സിനുവേണ്ടി അവസാനം പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ഒടുവിലായി ജനങ്ങളുടെ ആ കവി ഇങ്ങനെ പറഞ്ഞുവെച്ചിരിക്കുന്നു:
''സത്യസന്ധരെല്ലാം മരിച്ചുപോയി.
ഉപലബ്ധികള്‍ കാത്ത്
നമ്മളിപ്പോഴും ജീവിച്ചിരിക്കുന്നു.
വയലുകളില്‍ കൊയ്യാനുമില്ല.
അല്ലെങ്കില്‍ പതിരുമാത്രം.”
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ