ഒരു സ്വാതന്ത്ര്യദിന ക്വിസ്

 
സ്വാതന്ത്ര്യത്തിന്റെ 64ാം വാര്‍ഷികം അഖിലലോക ഗാന്ധിയന്മാര്‍ ആചാരവെടി മുഴക്കി ആഘോഷിക്കുമ്പോള്‍ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് വകുപ്പില്‍ ഒരു ചിന്ന ക്വിസ്. ആദ്യം കഥാസാരം, പിന്നാലെ ചോദ്യം.
നാട്ടുകാരുടെ ആവശ്യത്തിലേക്കായി ഒരു ചരക്കിറക്കണമെങ്കില്‍ സാധാരണഗതിയില്‍ നമ്മുടെ സര്‍ക്കാറുകള്‍ എന്താവും ചെയ്യുക? ബന്ധപ്പെട്ട വകുപ്പ് ആയതിന്റെ ശിപാര്‍ശ തയാറാക്കി കാബിനറ്റില്‍ വെക്കും. മന്ത്രിസഭ സംഗതി ചര്‍ച്ചചെയ്ത് അംഗീകരിച്ചാലുടന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും (ജി.ഒ). ടെന്‍ഡര്‍ വിളിക്കയോ പുതിയ ശൈലി പ്രകാരം എം.ഒ.യു റൂട്ടിലോ ചരക്കിറക്കാ ന്‍ ഏര്‍പ്പാടുചെയ്യും. ധനവകുപ്പ് കാശ് കൊടുക്കും, ബന്ധപ്പെട്ട വകുപ്പ്  ചരക്കെടുത്ത് വിതരണംചെയ്യും. ഈ നാട്ടുനടപ്പായിരുന്നോ പാമോയില്‍ കേസില്‍?
നാട്ടില്‍ വെളിച്ചെണ്ണക്ഷാമമുണ്ടെന്നു പറഞ്ഞ് ടി.എച്ച്. മുസ്തഫയുടെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് വഴി പാമോയില്‍ ഒഴുക്കാന്‍ കരുണാകരന്‍ സര്‍ക്കാറിന്റെ ബുദ്ധിജീവികള്‍ തീരുമാനിക്കുന്നു.  മന്ത്രിസഭയില്‍ ചര്‍ച്ചയൊന്നുമില്ല. പകരം, കാബിനറ്റില്‍ 'ഔട്ട് ഓഫ് അജണ്ട'യായി തിരക്കിട്ടു കയറ്റുന്ന പ്രമേയം എടുപിടീന്ന്  സര്‍ക്കാറുത്തരവായിറങ്ങുന്നു. ഉത്തരവിന് മുമ്പേതന്നെ ചരക്കിറക്കേണ്ട വിദേശക്കമ്പനിയുമായി ധാരണയാവുന്നു. അതുംകഴിഞ്ഞാണ് ഫയല്‍ ധനവകുപ്പിലെത്തുന്നത്. എന്നുവെച്ചാല്‍, മുന്‍കൂട്ടി  ഉടമ്പടിയുണ്ടാക്കിയശേഷം ആയതിനുള്ള കാശെടുക്കാന്‍ വേണ്ടിമാത്രം ഖജാനവകുപ്പിന് ഫയല്‍ കൊടുക്കുന്നു. കാശുകിട്ടുന്നു, ചരക്കിറങ്ങുന്നു. കൊല്ലം രണ്ടുകഴിഞ്ഞ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കെടുപ്പില്‍ ഈ എണ്ണക്കളിയുടെ ഫലം വരുന്നു -പൊതു ഖജാനക്ക് മൊത്തം നഷ്ടം 22.4 കോടി രൂപ. കാരണം, അന്താരാഷ്ട്ര ചന്തവിലയേക്കാളും ഉയര്‍ന്ന നിരക്കിനാണ് പാമോയില്‍ കരാറുകൊടുത്തത്. നടപ്പുവിലയേക്കാള്‍ കൂടുതലായി കൊടുത്ത 2.32 കോടി പറ്റിയ കമ്പനി ആ കാശ്  ഇടപാട് തരപ്പെടുത്തിത്തന്നവര്‍ക്ക് വീതിച്ചുകാണണമല്ലോ. അഥവാ, മിനിമം ഈ 2.32 കോടിക്കുവേണ്ടിയുള്ള നാടകമാണ് നമ്മള്‍ മുകളില്‍ കണ്ടതെന്നര്‍ഥം.
കാബിനറ്റിന്റെ അജണ്ടയില്‍ വെക്കാത്ത ഒരു ഇടപാടിന്മേല്‍ അനുകൂല തീരുമാനമുണ്ടാകണമെങ്കില്‍ ഒരു മുസ്തഫ വിചാരിച്ചാല്‍ മാത്രം പറ്റില്ല. സ്വാഭാവികമായും ടിയാന്റെ 'ലീഡര്‍' അഥവാ ഡീലര്‍ തന്നെ വേണം. ഈ റാക്കറ്റിന്റെ എതിര്‍ പാളയക്കാരനാണ് ധനമന്ത്രിയെങ്കില്‍ പരിപാടിക്കു പാരവരാം. പക്ഷേ, കാശ് കിട്ടണമെങ്കില്‍ ധനവകുപ്പിനെ കട്ട്‌ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് ധാരണയാക്കിയശേഷം തിടുക്കത്തില്‍ അടിയന്തരാവശ്യമെന്ന മട്ടില്‍ നീക്കുപോക്ക് നടത്തുക. ഈ റാപിഡ് ചെസില്‍ അടിയറവു പറയാനോ ഫൗള്‍ വിളിക്കാനോ മാത്രമേ ധനമന്ത്രിക്ക് കഴിയൂ. വഴങ്ങാത്തപക്ഷം, സര്‍ക്കാറുത്തരവായിറങ്ങിക്കഴിഞ്ഞ ധാരണക്കെതിരു നിന്നയാളെ മുഖ്യമന്ത്രിക്ക് പൊക്കിമാറ്റാം. അല്ലെങ്കില്‍ സ്വയം കസേരയൊഴിയാം. രണ്ടായാലും കസേര തെറിക്കും. അനന്തരം പുറത്തിറങ്ങി സത്യം വിളിച്ചുപറയാം. അതോടെ താനുള്‍പ്പെടുന്ന കക്ഷിയുടെ ഭരണാവസരം വെള്ളത്തിലാവും. ഈ ചുറ്റുപാടില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തതെന്താണ്? ലളിതമായി പറഞ്ഞാല്‍, ഇപ്പറഞ്ഞ രണ്ടുതരം കസേര നഷ്ടങ്ങളും ഒഴിവാക്കാന്‍ മുഖ്യന്റെ റാപിഡ് ചെസ് തന്ത്രത്തിന് മൗനമായി കീഴടങ്ങിക്കൊടുത്തു. അങ്ങനെ തന്റെ കസേരയും (എ ഗ്രൂപ് കസേര എന്നു പരിത്യാഗികള്‍ക്കു വ്യാഖ്യാനിക്കാം) ഭരണമുന്നണിക്കസേരയും പരിരക്ഷിച്ചു. അതിനു പൊതുഖജാന കൊടുത്ത വിലയാണ് ടി 2.32 കോടി.
മുഖ്യമന്ത്രി തൊട്ട് മുസ്തഫ വരെ പ്രതികളായ ഈ അടിച്ചുമാറ്റല്‍ കേസില്‍ ഇപ്പറഞ്ഞ ധനമന്ത്രി എങ്ങനെയാണ് സാക്ഷിയാവുക? അവിടാണ് കളിയുടെ അടുത്ത ഗഡു. ഉമ്മന്‍ചാണ്ടി സാക്ഷിയാകണമെങ്കില്‍  ധനവകുപ്പില്‍നിന്ന് കാശെടുത്തുകൊടുത്തത് മറ്റു വല്ലവരുമായിരിക്കണം. അതിന് ധനമന്ത്രി ലീവിലായിരിക്കണം. അല്ലെങ്കില്‍ തന്റെ വിയോജനക്കുറിപ്പോടെയാവണം ടിയാന്‍ സമ്മതം മൂളിയത്. ഇവിടെ അതു രണ്ടുമുണ്ടായിട്ടില്ല. ചാണ്ടി ആ നേരത്ത് കസേരയില്‍ത്തന്നെയുണ്ട്. അണ്ടര്‍ സെക്രട്ടറിക്ക് മീതെ ഉയരമുള്ള ഒരു കുഞ്ഞും കുഞ്ഞൂഞ്ഞും വിയോജനക്കുറിപ്പ് എഴുതിയിട്ടില്ലെന്ന്  ടിയാന്‍തന്നെ പറയുന്നുമുണ്ട്. അപ്പോള്‍ ധനമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അറിയാതെയാണോ സംസ്ഥാനത്തിന്റെ പണമെടുത്തത്? എങ്കില്‍ കുറ്റം അതീവ ഗുരുതരമാകുന്നു - ഉത്തരവാദപ്പെട്ട ധനമന്ത്രി നോക്കിയിരിക്കെ ഖജാന പോക്കറ്റടിക്കപ്പെട്ടു! അപ്പോഴും ചാണ്ടിക്ക് സ്ഥാനം പ്രതിപ്പട്ടികയിലേ കൊടുക്കാനാവൂ. കാരണം, കാവല്‍പ്പണി ചെയ്തില്ല, പോക്കറ്റടിക്കപ്പെട്ട കാര്യത്തിന് ആര്‍ക്കും പരാതി നല്‍കിയതുമില്ല. എങ്ങനെ നോക്കിയാലും ചാണ്ടിക്ക് പാമോയില്‍ കേസില്‍ സാക്ഷിയാകാന്‍ ഒറ്റ വഴിയേയുള്ളൂ -മാപ്പുസാക്ഷിയാവുക.
പെറ്റി എഴുതി പരിചയമുള്ള ഏതു കോണ്‍സ്റ്റബഌനും തോന്നുന്ന ഈ ലളിത ബോധ്യം 20 കൊല്ലമായി കൊടികെട്ടിയ വിജിലന്‍സ് ഏമാന്മാര്‍ക്കും അവരുടെ മന്ത്രിപുംഗവന്മാര്‍ക്കും 'കത്തുന്നില്ല' എന്നുവരുമ്പോള്‍ സാമാന്യബുദ്ധിക്ക് മുമ്പില്‍ ചാണ്ടിയുടെ റോള്‍ കൂടുതല്‍ സംശയാസ്‌പദമാവുക മാത്രമല്ലേ? ആരാണതിനു പിന്നില്‍?
ഏതന്വേഷണത്തിനും റെഡി എന്ന് വെല്ലുവിളിക്കുന്ന ചാണ്ടി ഒരിക്കല്‍പോലും കഥാസാരം വ്യക്തമാക്കാന്‍ തയാറായിട്ടില്ലെന്നതാണ് മര്‍മം. വിജിലന്‍സ് കേസുകള്‍ അതതു കാലത്തെ ഭരണരാഷ്ട്രീയക്കാരാണ് പൊതുവേ നിയന്ത്രിക്കാറ്. ഇവിടെ, നായനാര്‍ ഭരിച്ച കാലത്തെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചാണ്ടിയുടെ റോളിനെപ്പറ്റി പരാമര്‍ശമില്ല. ഒടുവില്‍ അച്യുതാനന്ദന്‍ ഭരിച്ചപ്പോഴും (കോടിയേരി എന്നു തിരുത്തിവായിക്കാനപേക്ഷ) റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. രാഷ്ട്രീയ പ്രതിയോഗികളുടെ ഭരണകാലത്ത് തൊടാത്ത മര്‍മം സ്വന്തം ഭരണകാലത്ത് പ്രതീക്ഷിക്കുന്നതെങ്ങനെ? ആരു ഭരിച്ചാലും ചാണ്ടിക്കു പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒരു ഐക്യമുന്നണിയുണ്ടെന്നാണോ ഇതിനര്‍ഥം? എങ്കില്‍, ഇക്കുറി വിജിലന്‍സ് കോടതി നേരിട്ടാവശ്യപ്പെട്ട അന്വേഷണം പ്രഹസനമാകില്ലെന്ന് എന്താണുറപ്പ്? തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലേക്ക് വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞുകൊടുത്ത് മുഖ്യമന്ത്രിക്കസേര സംരക്ഷിക്കുന്നതുതന്നെ ആ കളിയുടെ സൂചന തരുകയാണ്. ഒന്നാമത്, മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രിയോടും രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ കുഞ്ഞൂഞ്ഞിനോടും വിധേയനാണ് രാധാകൃഷ്ണന്‍. വിജിലന്‍സ് അന്വേഷണത്തെ ഇക്കാര്യത്തില്‍ പാടേ സ്വതന്ത്രമായി വിടണമെങ്കില്‍ ടിയാന്‍ രാഷ്ട്രീയമായി ആത്മഹത്യ ചെയ്യേണ്ടിവരും. ചാണ്ടിയുടെ മേല്‍പറഞ്ഞ റോള്‍ വ്യക്തമാക്കപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരും. ഇപ്പോഴത്തെ ത്രിശങ്കു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും അത് വലിയ ആഘാതമാവും. ചെന്നിത്തല തൊട്ട് സുധീരന്‍ വരെയുള്ള പകരക്കാരെ ഘടകകക്ഷികള്‍ക്കുതന്നെ മതിപ്പില്ല.  അല്ലെങ്കില്‍പ്പിന്നെ ഘടകകക്ഷികള്‍ക്ക് (പ്രത്യേകിച്ചും കൊതിച്ചുനില്‍ക്കുന്ന ലീഗിനോ മാണിക്കോ) കസേര കൊടുക്കണം. ആ പരീക്ഷണം കോണ്‍ഗ്രസിന് ആത്മഹത്യാപരമാണ്. ഈ അലമ്പെല്ലാം പ്രതിപക്ഷം മുതലെടുക്കും -2014 ഒട്ടും ദൂരത്തുമല്ല. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ കേസിന്റെ മെറിറ്റില്‍ മാത്രം കാര്യം നടത്താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജഡ്ജിയല്ല, മന്ത്രിയാണ്. ന്യായാധിപനല്ല, രാഷ്ട്രീയക്കാരനാണ്. ചുരുക്കത്തില്‍ 'സാക്ഷി'യായി കേസിലും മുഖ്യമന്ത്രിയായി കസേരയിലും  കടിച്ചുതൂങ്ങുന്ന കുഞ്ഞൂഞ്ഞിന്റെ വണ്ടി റോങ്‌സൈഡില്‍ത്തന്നെ തുടരുന്നു. ഇനി സ്വാതന്ത്ര്യദിന ക്വിസിലേക്ക് വരാം.
ചോദ്യം നമ്പര്‍വണ്‍: എപ്പോഴാണ് ജനാധിപത്യക്രമത്തില്‍ ഒരു മന്ത്രി രാജിവെക്കേണ്ടത്?
1956ല്‍ തമിഴ്‌നാട്ടില്‍ ഒരു തീവണ്ടിയപകടമുണ്ടായപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെച്ചു. വണ്ടി ഓടിച്ചതോ, സിഗ്‌നല്‍ തെറ്റിച്ചതോ, പാളം പണിതതോ ഒന്നും ടിയാനായിരുന്നില്ല. എന്നാലും മന്ത്രിക്ക് അതിന്റെ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നു പറഞ്ഞായിരുന്നു രാജി. ആളിന്റെ പേര് ഒരു ലാല്‍ ബഹദൂര്‍ ശാസ്ത്രി. 2007ല്‍ തീവണ്ടി അപകടങ്ങളുടെ പൂരം നടക്കുമ്പോള്‍ റെയില്‍ മന്ത്രിക്കസേരയിലിരുന്ന വിദ്വാനോട് രാജിയെപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയിങ്ങനെ: 'ജനം തെരഞ്ഞെടുത്തുവിട്ടത് ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടാനല്ല'. ഇതും പറഞ്ഞ് കസേരയില്‍ അമര്‍ന്നിരുന്നയാളിന്റെ ശിഷ്ടഭരണകാലത്ത് രണ്ട് തീവണ്ടിദുരന്തങ്ങള്‍ കൂടി അരങ്ങേറി. ഉത്തരവാദിത്തത്തില്‍ അള്ളിപ്പിടിച്ചിരുന്ന മിടുക്കന്റെ പേര് ഒരു ലാലുപ്രസാദ് യാദവ്.
ശാസ്ത്രി മണ്ടനും ലാലു മിടുക്കനുമായതല്ല, കാലത്തിന്റെ പ്രയോഗമാറ്റങ്ങളിലൂടെ ഈ പ്രമേയം ആര്‍ജിച്ചെടുത്ത സംഗതമായ പരിണാമമാണിവിടെ തിരിച്ചറിയേണ്ടത്. സ്വാതന്ത്ര്യകാല രാഷ്ട്രീയത്തിന്റെ പുഷ്‌കല കാലത്ത് ടി.ടി. കൃഷ്ണമാചാരി രാജിവെച്ചത് എല്‍.ഐ.സിയുടെ ഓഹരികള്‍ ചിലര്‍ മറിച്ചുവിറ്റതായ ആരോപണമുണ്ടായപ്പോഴാണ്. ധനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനതില്‍ പങ്കില്ല. ഉള്ളത്, തന്റെ കീഴിലെ പല വകുപ്പുകളില്‍ ഒന്നിലാണല്ലോ അതു സംഭവിച്ചത് എന്ന വ്യഥയായിരുന്നു. അത് അന്ത കാലം.
ഇന്ത്യക്കാലമെടുക്കുക. അഴിമതിക്കേസുകളുടെ മഹാറാണിയായി വരും കുമാരി ജയലളിത. ഇപ്പോഴും ഒന്നാംപ്രതിയായി വിചാരണ നടക്കുന്നു. ദേ വീണ്ടും ആള്‍ മുഖ്യമന്ത്രി. ഭീകരമായി സ്വത്ത് മുക്കിയ കേസ് സുപ്രീം കോടതിയില്‍ കൊണ്ടാടുമ്പോള്‍ത്തന്നെ പ്രതി കുമാരി യു.പി മുഖ്യമന്ത്രിക്കസേരയില്‍ ദലിത് പടത്തലൈവിയായി വാഴുന്നു. അതിലൊക്കെ രസികനാണ് ഷിബു സോറന്‍. കൊലക്കേസില്‍ അറസ്റ്റിലാവുമെന്നായപ്പോള്‍ ജാമ്യമെടുക്കാന്‍ രാജിവെച്ചു. ജാമ്യംകിട്ടി ആറുമാസത്തിനകം വീണ്ടും കേന്ദ്രമന്ത്രിയായി. എന്തിനധികം നമ്മുടെ സ്വന്തം പിള്ളേച്ചനെ നോക്ക്. വിചാരണകഴിച്ച് കുറ്റവാളിയായികണ്ട് പരമോന്നത കോടതി ശിക്ഷിച്ചിട്ടും വല്ല കൂസലുണ്ടോ? താന്‍ നിരപരാധിയാണെന്ന് അകത്തുകടന്നും വിളിച്ചുപറയാന്‍ ഏത് കുറ്റവാളിക്കും അവകാശമുണ്ട്. എന്നുകരുതി, വീണ്ടും മത്സരിച്ച് മന്ത്രിയാകാന്‍ നോക്കിയാലോ?
ദീര്‍ഘിച്ചുപോകുന്ന വിചാരണ, ശിക്ഷിച്ചാല്‍ത്തന്നെ അപ്പീലിന്മേലുള്ള മെഗാസീരിയല്‍ കളി, ഇതിനിടെ സ്വാധീനംവെച്ചുള്ള കലമുടക്കല്‍... ഏതു കേസും അങ്ങനെ പുകക്കാന്‍ പറ്റും. അതിനുള്ള ശേഷിക്കുകൂടിയാണ് അധികാരസ്ഥാനങ്ങള്‍. ഈ പ്രായോഗിക ബുദ്ധിയുടെ പിന്‍ബലത്തിലാണ് 'നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ' എന്ന സ്ഥിരം പല്ലവിയിറക്കുന്നത്. നിയമത്തിന്റെ വഴി വേ, അധികാരത്തിന്‍േറതു റേ എന്നാണ് വ്യംഗ്യം. ശിക്ഷിക്കപ്പെടുവോളം ഏതു പ്രതിയും നിരപരാധി എന്നതാണ് ക്ലാസിക് നീതിന്യായതത്ത്വം. രാഷ്ട്രീയ ധാര്‍മികതക്ക് മുഖവിലയുണ്ടായിരുന്ന കാലത്തുനിന്ന് വഴിമാറിപ്പോയ സ്ഥിതിക്ക് അതേ ധാര്‍മികതയുടെ കൂടപ്പിറപ്പായ മേപ്പടി നീതിന്യായതത്ത്വത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നത് ശുദ്ധ തട്ടിപ്പല്ലേ? ഇവിടെയാണ് പൊതുപ്രവര്‍ത്തകര്‍ക്കും സാധാരണ പൗരാവലിക്കുമിടയില്‍ നീതിന്യായ സംബന്ധിയായ പുതിയൊരു അതിര്‍വരമ്പുണ്ടാകുന്നത്.
പൊതുപ്രവര്‍ത്തകന്‍ പ്രതിയായോ, എങ്കില്‍  മറിച്ചുതെളിയിക്കുന്നതുവരെ അയാള്‍ കുറ്റവാളിയാണെന്ന പുതിയ മനോഭാവം കേവലം മാധ്യമ സൃഷ്ടിയല്ല. മാധ്യമ വിചാരണ എന്നു വിളിച്ച് ആക്ഷേപിച്ചിട്ടും പരിതപിച്ചിട്ടും കാര്യമില്ല. നിയമസൂക്ഷ്മതകളല്ല, പൊതുജന ധാരണകളാണ് ആളെ വിധിക്കുന്നതെന്ന ഇക്കാലരീതി രാഷ്ട്രീയക്കാര്‍ സ്വയം ക്ഷണിച്ചുവരുത്തിയതല്ലേ? 'ധാര്‍മിക ഉത്തരവാദിത്ത' രാജികളില്‍നിന്ന് ഒന്നിന്‍േറതും ഉത്തരവാദിത്തമേ ഏല്‍ക്കാതെ കസേരകാക്കുകയും പൗരാവലിയെ കൊഞ്ഞനം കുത്തുകയും ചെയ്യുന്ന രാഷ്ട്രീയ പരിണാമത്തിനുള്ള ശിക്ഷാവിധിയല്ലേ ഈ മാറ്റം? നേരാണ്, നീതിന്യായവ്യവസ്ഥക്ക് പുറത്തുനിന്നുകൊണ്ടുള്ള ഈ വിചാരണയും പൗരധാരണാസൃഷ്ടിയും നീതിയുക്തമല്ല. ആ പോയന്റില്‍ പഴയ 'ധാര്‍മികത' തിരിച്ചെത്തുന്നു. സ്വന്തം ചെയ്തികളില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലാത്തവനോട് ഇരകളായ പൊതുജനമെന്തിന് ധാര്‍മികത പാലിക്കണം?
ഇനി ഫൈനല്‍ ചോദ്യം: ക്ലീന്‍ തട്ടിപ്പിന് കണ്ണടച്ചുകൊടുത്തിട്ട് അതേപ്പറ്റി 20 കൊല്ലമായി ഉരുട്ടിവിരട്ടുന്ന ഒരാള്‍ സ്വാതന്ത്ര്യദിനപരേഡില്‍ സംസ്ഥാനത്തിന്റെ സല്യൂട്ട് സ്വീകരിക്കുമ്പോള്‍ സ്വാതന്ത്ര്യദിനത്തിന്റെ അര്‍ഥമെന്താണ്? ഓപ്ഷന്‍ തരാം:
(എ) ഉഡായിപ്പ് (ബി) തരികിട (സി) ഊളത്തരം (ഡി) ഓള്‍ ദ എബൗ.
വിജു വി.നായര്‍

Google+ Followers

Blogger templates

.

ജാലകം

.